ജലന്ധര്‍ ബിഷപ്പിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു
|ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകിയാല്‍ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരായ പരാതിയിലും നടപടികള്‍ ഇഴഞ്ഞ് നീങ്ങുന്നതായി പ്രതിഷേധമുണ്ട്.
കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം വത്തിക്കാനും കര്‍ദ്ദിനാളിനും പരാതി നല്‍കി.
ബിഷപ്പിനെ അനുകൂലിച്ച് നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി. ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രി പരാതി നല്കി ഒരുമാസം പിന്നിട്ടിട്ടും ബിഷപ്പിനെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാന്‍ കേരള കാത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനോടൊപ്പം ബിഷപ്പിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാനും കര്‍ദ്ദിനാളിനും പരാതിയും നല്‍കിയിട്ടുണ്ട്. ബിഷപ്പിനെ പിന്തുണക്കുന്ന പരിപാടികളിലൊന്നും പങ്കെടുക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ നടപടി വൈകിപ്പിക്കുന്നതിനെയും ഇവര്‍ വിമര്‍ശിക്കുന്നുണ്ട്. ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകിയാല്‍ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരായ പരാതിയിലും നടപടികള്‍ ഇഴഞ്ഞ് നീങ്ങുന്നതായി ഇവര്‍ പ്രതിഷേധം അറിയിച്ചു.