കളിക്ക് മുമ്പ് ധോണിയുടെ തമിഴ്, പിന്നാലെ ശപഥവും
|ആ ആവേശത്തില്‍ ഒരു ചോദ്യം കൂടി തമിഴില്‍ ചോദിച്ചതോടെ ധോണി ഉള്ളകാര്യം ഇംഗ്ലീഷില്‍ തുറന്നു പറഞ്ഞു.
മധുരൈ പാന്തേഴ്‌സും കോവൈ കിംങ്‌സും തമ്മില്‍ നടന്ന ടിഎന്‍പിഎല്‍(തമിഴ്‌നാട് പ്രീമിയര്‍ ലീഗ്) ശ്രദ്ധേയമായത് ധോണിയുടെ സാന്നിധ്യം കൊണ്ടായിരുന്നു. മത്സരത്തില്‍ ടോസിനായി നാണയം എറിയാനെത്തിയ ധോണി തമിഴില്‍ രണ്ട് വാക്ക് പറയാനും തയ്യാറായി. ചെന്നൈ സൂപ്പര്‍കിംങ്‌സിന്റെ 'തല' തമിഴിനെ ചൊല്ലി ഒരു ശപഥമെടുക്കുന്നതിനും മത്സരം വേദിയായി.
ഇരുടീമുകളുടേയും ക്യാപ്റ്റന്‍മാര്‍ക്കൊപ്പം ധോണിയെ സ്വാഗതം ചെയ്തത് കമന്റേറ്റര്‍ എല്‍ ശിവരാമകൃഷ്ണനായിരുന്നു. എപ്പടി ഇരുക്കീങ്കെ എന്ന ശിവരാമകൃഷ്ണന്റെ ചോദ്യത്തിന് നല്ലാ ഇരുക്കീങ്കെ എന്ന് ശുദ്ധമായ തമിഴില്‍ തന്നെ ധോണി മറുപടി നല്‍കി. ആ ആവേശത്തില്‍ ഒരു ചോദ്യം കൂടി തമിഴില്‍ ചോദിച്ചതോടെ ധോണി ഉള്ളകാര്യം ഇംഗ്ലീഷില്‍ തുറന്നു പറഞ്ഞു. ഐപിഎല്‍ കാലത്ത് തമിഴ് പഠിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ വലിയ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ അടുത്ത ഐപിഎല്ലിന് മുമ്പ് കൂടുതല്‍ തമിഴുമായി വരുമെന്ന ഉറപ്പ് നല്‍കിയാണ് സിഎസ്‌കെയുടെ 'തല' ധോണി അവസാനിപ്പിച്ചത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മൂന്നാം ഐപിഎല്‍ കിരീടം കഴിഞ്ഞ സീസണില്‍ ധോണിയും കൂട്ടരും സ്വന്തമാക്കിയിരുന്നു. ഇന്ത്യ സിമന്റ്‌സിന്റെ നാടായതുകൊണ്ട് കളി നടക്കുന്ന തിരുനല്‍വെലി തനിക്ക് സ്‌പെഷലാണെന്നും ധോണി കൂട്ടിച്ചേര്‍ത്തു. എല്ലാ കൊല്ലവും ടിഎന്‍പിഎല്ലില്‍ ചില കളികള്‍ കാണാറുണ്ടെന്നും ഈ വര്‍ഷം ഇതാണ് കാണുന്ന ആദ്യ കളിയെന്നും ധോണി പറഞ്ഞു. ധോണി അംഗമായ ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിനോട് 1-2ന് ഏകദിന പരമ്പര തോറ്റിരുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര നടക്കുകയാണ്.