കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും പൈപ്പ് കമ്പി ഊർന്നു വീണു; വഴിയാത്രികൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്
|വണ്ടി തട്ടി യുവാവ് റോഡരികിലേക്ക് തെറിച്ചുവീഴുകയും ചെയ്തു.
കണ്ണൂർ: ചെറുകുന്നിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും പൈപ്പ് കമ്പി ഊർന്നു വീണു. ഇതുവഴി കടന്നുപോയ വഴിയാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ചെറുകുന്നം കെ.എസ്.ഇ.ബി റോഡിൽ പള്ളിച്ചൽ എന്ന സ്ഥലത്തായിരുന്നു അപകടം. സീബ്ര ലൈനിലൂടെ വളരെ ശ്രദ്ധിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്നു ഒരു യുവാവ്. ഈ സമയം പയ്യന്നൂർ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ പെട്ടി ഓട്ടോ യുവാവിന്റെ നേർക്ക് വരികയും വാഹനത്തിന് മുകളിൽ കെട്ടിവച്ചിരുന്ന ഇരുമ്പുകമ്പികൾ മുന്നിലേക്ക് വീഴുകയുമായിരുന്നു.
വണ്ടി തട്ടി യുവാവ് റോഡരികിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. തലനാരിഴയ്ക്കാണ് യുവാവ് വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ടത്. ഈ സമയം മറ്റ് വാഹനങ്ങളൊന്നും എതിർ ദിശയിൽ വരാത്തതും ദുരന്തം ഒഴിവാക്കി. കമ്പികൾ മുറുക്കിക്കെട്ടാത്തതും അമിതവേഗത്തിലെത്തിയ വാഹനം സഡൻ ബ്രേക്കിട്ടതുമാണ് അവ അപകടകരമാംവിധം താഴേക്ക് പതിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.