'ലിയോ' പാൻ ഇന്ത്യൻ ചിത്രമായി ചെയ്യാൻ വിജയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല, ഒടുവിലാണ് സമ്മതിച്ചത്; തുറന്നുപറഞ്ഞ് നിർമ്മാതാവ്
|ചെന്നൈയിൽ നടന്ന കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ സി.ഐ.ഐ ദക്ഷിൺ 2023 യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ചെന്നൈ: ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ദളപതി വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. ചിത്രം എൽ.സി.യു എന്നറിയപ്പെടുന്ന ലോകേഷ് കനകരാജ് യൂണിവേഴ്സിൽ ഉൾപ്പെടുന്നതാണോ അല്ലെ എന്നതാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.
പാൻ ഇന്ത്യൻ ലെവലിൽ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലെ നിരവധി പ്രമുഖരാണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് പിന്നിലെ ഒരു രഹസ്യം തുറന്നുപറഞ്ഞിരിക്കുകയാണ് ലിയോയുടെ നിർമാതാക്കളിൽ ഒരാളായ ലളിത് കുമാർ
ചെന്നൈയിൽ നടന്ന കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ സി.ഐ.ഐ ദക്ഷിൺ 2023 യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിയോ ഒരു പാൻ -ഇന്ത്യൻ സിനിമയാക്കാൻ തുടക്കത്തിൽ ദളപതി വിജയ്ക്ക് വലിയ താൽപ്പര്യമുണ്ടായിരുന്നില്ലെന്നും പിന്നീട് താനും സംവിധായകൻ ലോകേഷ് കനകരാജുമാണ് താരത്തെ നിർബന്ധിച്ച് തീരുമാനം മാറ്റിയതെന്നും ലളിത് കുമാർ പറഞ്ഞു.
ലിയോയെ പാൻ-ഇന്ത്യൻ സിനിമയാക്കാൻ ആദ്യം വിജയ്ക്ക് താൽപ്പര്യമില്ലായിരുന്നു, തമിഴ് സിനിമ ഇഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടി മാത്രം ഒരു സിനിമ ചെയ്യാമെന്നായിരുന്നു അദ്ദേഹം ഞങ്ങളോട് പറഞ്ഞത്, എന്നാൽ പിന്നീട് അദ്ദേഹം ലിയോ ഒരു പാൻ ഇന്ത്യൻ ചിത്രമാക്കാൻ സമ്മതിക്കുകയായിരുന്നെന്നും ലളിത് കുമാർ പറഞ്ഞു.
അതേസമയം എല്ലാ ഭാഷ സിനിമകളിൽ നിന്നുമുള്ള താരങ്ങളെ അണിനിരത്തി ഒരു പാൻ-ഇന്ത്യൻ സിനിമ നിർമ്മിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 'സഞ്ജയ് ദത്ത് തിരക്കഥയ്ക്ക് അനുയോജ്യനാകുമെന്ന് ഞങ്ങൾക്കെല്ലാവർക്കും തോന്നിയതിനാലാണ് ഞങ്ങൾ അദ്ദേഹത്തെ തിരഞ്ഞെടുത്തത്. അങ്ങനെയാണ് എല്ലാം സംഭവിച്ചത്. എല്ലാം ഓർഗാനിക് ആയിരിക്കണം, എന്തിനേക്കാളും ഉപരിയായി സിനിമയുടെ ഉള്ളടക്കത്തിന് അതിരുകൾക്കപ്പുറത്തേക്ക് പ്രവർത്തിക്കാനുള്ള ശേഷി ഉണ്ടായിരിക്കണമെന്നും,' അദ്ദേഹം പറഞ്ഞു.
സിനിമ കൾക്ക് പ്രമോഷനുകൾ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് മേഖലകളിലേക്ക് സിനിമ എങ്ങനെ ശരിയായി കൊണ്ടുപോകാമെന്ന് നിർമ്മാതാക്കൾക്ക് അറിയാമെന്നും പ്രാരംഭ ഘട്ടത്തിൽ തന്നെ അത് മുഴുവൻ ഇന്ത്യൻ പ്രേക്ഷകർക്കും വേണ്ടി സ്ഥാപിക്കുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.