ഡീപ്ഫേക്ക് അംബാനിയും നാരായണ മൂർത്തിയും പറ്റിച്ചു; വയോധികർക്ക് നഷ്ടമായത് കാൽ കോടി
|ഫേസ്ബുക്ക് വഴി നടക്കുന്ന തട്ടിപ്പിൽ വീഴുന്നവരിലധികവും വയോധികരാണ്
ബെംഗളൂരു: എഐ സാങ്കേതികവിദ്യയുടെ വരവോടെ തട്ടിപ്പുകളുടെ പുതിയ വാർത്തകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രണ്ട് ബെംഗളൂരു സ്വദേശികൾക്ക് ഡീപ് ഫേക്ക് തട്ടിപ്പ് വഴി 25.7 ലക്ഷം രൂപ നഷ്ടമായ വാർത്തയാണ് ഇതിലേറ്റവും പുതിയത്.
52കാരിയായ ബെംഗളൂരു ബനാശങ്കരി സ്വദേശിനി അപ്രതീക്ഷിതമായാണ് ഫേസ്ബുക്കിൽ ഇൻഫോസിസിസ് സഹസ്ഥാപകനായ എൻ.ആർ നാരായണ മൂർത്തിയുടെ ഒരു വീഡിയോയിൽ എത്തിപ്പെടുന്നത്.
'എഫ്.എക്സ് റോഡ്' എന്ന ഓഹരി നിക്ഷേപങ്ങളുടെ പ്ലാറ്റ്ഫോമിനെക്കുറിച്ചും ഇതിൽ പണം നിക്ഷിപിച്ചാൽ ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചുമായിരുന്നു ഡീപ്ഫേക്ക് നാരായണമൂർത്തി വീഡിയോയിൽ പറഞ്ഞത്.
വീഡിയോ യഥാർഥമാണെന്ന് കരുതിയ സ്ത്രീ വീഡിയോ നൽകിയ മെയിൽ അഡ്രസിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് വന്ന മറുപടിയിൽ ഇവർക്ക് തുക നിക്ഷേപത്തെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും വിവരങ്ങൾ ലഭിച്ചു.
തന്റെ ക്രെഡിറ്റ് കാർഡ് വഴി 1.4 ലക്ഷം രൂപ സ്ത്രീ ഇവർക്ക് അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന ദിവസങ്ങൾക്കുള്ളിൽ 8,363 രൂപ അധികമായി തുക തിരികെ ലഭിച്ചു. തനിക്ക് കിട്ടിയ ലാഭം കണ്ട ഇവർ 6.7 ലക്ഷം രൂപ കൂടി പ്ലാറ്റ്ഫോമിലേക്ക് നിക്ഷേപിക്കുകയായിരുന്നു. എന്നാൽ പിന്നീട് മറുപടി ഒന്നും ലഭിക്കാതിരുന്നതോടെയാണ് താൻ തട്ടിപ്പിനിരയായെന്ന് ഇവർക്ക് മനസിലായത്.
ബെംഗളൂരുവിൽ തന്നെയുള്ള 63കാരനാണ് അംബാനിയെ ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് തട്ടിപ്പിന് ഇരയായത്. എഫ്.എക്സ് റോഡ് എന്ന അതേ പ്ലാറ്റ്ഫോമിന്റെ പരസ്യം തന്നെയാണ് ഇയാളെയും തട്ടിപ്പിനിരയാക്കിയത്. നാരായണ മൂർത്തിയുടെ വീഡിയോക്ക് പിന്നാലെ റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയും പ്ലാറ്റ്ഫോമിൽ പണം നിക്ഷേപിക്കുന്നതിന്റെ ഗുണഗണങ്ങളെക്കുറിച്ച് പറയുന്ന വീഡിയോ ഇയാൾ കണ്ടിരുന്നു. വീഡിയോ കെട്ടിച്ചമച്ചതാണെന്ന മനസിലാകാതെ ഒന്നിലധികം തവണയായി 19 ലക്ഷം രൂപയാണ് ഇയാൾ പ്ലാറ്റ്ഫോമിൽ നിക്ഷേപിച്ചത്. തുടർന്ന് ഇയാൾക്കും മറുപടി ലഭിക്കാതിരുന്നതോടെ തട്ടിപ്പിനെക്കുറിച്ച് മനസിലാവുകയായിരുന്നു.
രാജ്യത്ത് ഡീപ് ഫേക്ക് എഐ വീഡിയോകൾ വഴിയുള്ള തട്ടിപ്പുകൾ വർധിച്ചുവരികയാണ്, ആളുകൾ കൂടുതലും ജാഗ്രതയോടെ സമൂഹമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളെയും വീഡിയോകളെയും സമീപിക്കണമെന്നാണ് സംഭവത്തിൽ പൊലീസിന്റെ പ്രതികരണം. കേസിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.