പിറന്നാളാഘോഷിച്ചിട്ട് വർഷങ്ങൾ, 64കാരന് സഹപ്രവർത്തകരുടെ സർപ്രൈസ്; കണ്ണുനനയിക്കും ഈ വീഡിയോ
|അപ്രതീക്ഷിതമായി തനിക്ക് മുന്നിൽ കേക്കുമായെത്തിയ സഹപ്രവർത്തകരെ കണ്ട് ലിയോയുടെ കണ്ണ് നിറഞ്ഞപ്പോൾ കൂടെയുണ്ടായിരുന്നവർക്കും കരച്ചിലടക്കാനായില്ല
സന്തോഷം നിറയുന്ന അവസരങ്ങളാണ് പിറന്നാളാഘോഷങ്ങൾ. പ്രിയപ്പെട്ടവർ ഒത്തുകൂടി ആശംസകളറിയിക്കുന്നതും മധുരം പങ്കിടുന്നതുമൊക്കെ എന്നും ഓർമയിൽ സൂക്ഷിക്കാവുന്ന മനോഹരനിമിഷങ്ങളാണ്.
വർഷങ്ങളായി പിറന്നാളാഘോഷമില്ലാതിരുന്ന 64കാരന് സഹപ്രവർത്തകർ നൽകിയ സർപ്രൈസ് ആണിപ്പോൾ നെറ്റിസൺസിന്റെ കണ്ണു നനയിക്കുന്നത്. ലിയോ എന്ന റസ്റ്ററന്റ് ജീവനക്കാരന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും നൽകിയ മധുരസമ്മാനമായിരുന്നു ഈ പിറന്നാളാഘോഷം.
അപ്രതീക്ഷിതമായി തനിക്ക് മുന്നിൽ കേക്കുമായെത്തിയ സഹപ്രവർത്തകരെ കണ്ട് ലിയോയുടെ കണ്ണ് നിറഞ്ഞപ്പോൾ കൂടെയുണ്ടായിരുന്നവർക്കും കരച്ചിലടക്കാനായില്ല. ലിയോയ്ക്ക് വേണ്ടി പ്രത്യേകം കേക്ക് നിർമിച്ചാണ് സഹപ്രവർത്തകർ പിറന്നാൾ ആഘോഷമാക്കിയത്. വർഷങ്ങളായി പിറന്നാളാഘോഷമില്ലാതിരുന്നതിൽ ലിയോയ്ക്ക് സർപ്രൈസ് നൽകാൻ തീരുമാനിക്കുകയായിരുന്നെന്നും തങ്ങളുടെയെല്ലാം പ്രിയപ്പെട്ടയാളാണ് ലിയോയെന്നും സഹപ്രവർത്തകർ പറയുന്നു.
സഹാനുഭൂതിക്ക് ജീവിതത്തിൽ വലിയ വിലയുണ്ട് എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നുന്നത്. മറ്റുള്ളവർക്ക് സന്തോഷം നൽകുന്ന എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും വലിയ പുണ്യം എന്നും ചിലപ്പോൾ ചെറിയ കാര്യങ്ങൾക്ക് പോലും വലിയ സ്വാധീനം ചെലുത്താനാവും എ്ന്നുമൊക്കെയാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.