'പ്രായമായവര്‍ക്കൊരു കമ്പനി കൊടുക്കാമോ? ആകര്‍ഷകമായ ശമ്പളമുണ്ട്': സ്റ്റാര്‍ട്ടപ്പിന് പിന്തുണ നല്‍കി രത്തന്‍ ടാറ്റ
|ഒരു നടത്തമോ സിനിമ കാണലോ, സൗഹൃദസംഭാഷണങ്ങളോ ഒക്കെയും ഇവരുടെ കടമകളാണ്
പ്രായമാവരും യുവാക്കളും തമ്മിലുള്ള സൗഹൃദം പ്രോത്സാഹിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പിന് സാമ്പത്തിക പിന്തുണ നല്‍കി വ്യവസായി രത്തന്‍ ടാറ്റ. വിവിധ തലമുറകളില്‍പ്പെട്ടവരെ പരസ്പരം ബന്ധിപ്പിക്കുകയും ഇതുവഴി ഒറ്റപ്പെടലനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് പിന്തുണ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് 'ഗുഡ്‌ഫെല്ലോസ്' എന്ന സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം.
ഒറ്റയ്ക്കാവുന്നതിന്റെ ബുദ്ധിമുട്ട് പറഞ്ഞാല്‍ മനസ്സിലാവില്ലെന്നായിരുന്നു സ്റ്റാര്‍ട്ടപ് അവതരിപ്പിച്ച് കൊണ്ട് രത്തന്‍ ടാറ്റ പറഞ്ഞത്. "വയസ്സാകുന്നതും ആ ഘട്ടത്തിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നതും വരെ പ്രായമാകുന്നത് നിങ്ങള്‍ വകവയ്ക്കില്ല. എന്നാല്‍ ഒറ്റയ്ക്കാവുകയും ഒരു കൂട്ട് വേണമെന്ന ആഗ്രഹം തീവ്രമാവുകയും ചെയ്യുമ്പോള്‍ ഏകാന്തത നിങ്ങളെ വേട്ടയാടിത്തുടങ്ങും". അദ്ദേഹം അറിയിച്ചു.
രത്തന്‍ ടാറ്റയുടെ ഓഫീസ് മാനേജരും ടാറ്റ ട്രസ്റ്റ്‌സിന്റെ ചെയര്‍മാനുമായ ശന്തനു നായിഡു ആണ് ഗുഡ്‌ഫെല്ലോസിന്റെ സ്ഥാപകന്‍. രത്തന്‍ ടാറ്റയുമായുള്ള ബന്ധമാണ് തന്നെ ഇത്തരമൊരു സംരംഭത്തിലേക്ക് നയിച്ചതെന്നാണ് ശന്തനു സ്റ്റാര്‍ട്ടപ്പിന്റെ ഉദ്ഘാടന വേളയില്‍ പറഞ്ഞത്. ഏകദേശം അമ്പത് വയസ്സിലധികം പ്രായവ്യത്യാസമുള്ള ടാറ്റയുമായി വലിയ ആത്മബന്ധമാണ് തനിയ്ക്കുള്ളതെന്നും പ്രായം ചെന്നവരില്‍ പുതിയ കാഴ്ചപ്പാടുകള്‍ ഉണ്ടാക്കാനും അവരുടെ ജീവിതത്തിന് പുതിയ തലങ്ങള്‍ നല്‍കാനും ഇത്തരം സംരംഭങ്ങള്‍ക്ക് സാധിക്കുമെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.
ഏകദേശം അമ്പതോളം മുതിര്‍ന്ന പൗരന്മാരെയാണ് സ്റ്റാര്‍ട്ടപ്പ് ആദ്യ ഘട്ടത്തില്‍ യുവാക്കളുമായി കണക്ട് ചെയ്യുക. വിവിധ ഘട്ടങ്ങളിലുള്ള ഇന്റര്‍വ്യൂവിനും സൈക്കോമെട്രിക് ടെസ്റ്റുകള്‍ക്കും ശേഷം തിരഞ്ഞെടുക്കുന്ന പ്രസരിപ്പുള്ള ജീവനക്കാരെ സൗഹൃദം ആഗ്രഹിക്കുന്നവര്‍ക്ക് അടുത്തേക്ക് അയയ്ക്കും. തിരഞ്ഞെടുക്കപ്പെടുന്ന യുവതീ യുവാക്കള്‍ക്ക് ആകര്‍ഷകമായ ശമ്പളവുമുണ്ട്. ഒരു നടത്തമോ സിനിമ കാണലോ, സൗഹൃദസംഭാഷണങ്ങളോ ഒക്കെയും ഇവരുടെ കടമകളാണ്. നിലവില്‍ മുംബൈയില്‍ മാത്രമാണ് ഗുഡ്‌ഫെല്ലോസിന്റെ സേവനം ലഭ്യമാവുക. ഏറെ വൈകാതെ ബെംഗളൂരുവിലും സ്റ്റാര്‍ട്ടപ്പ് സേവനമാരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.