Lifestyle
Achu Oommen returns to content creation job, shares new image in social media, Achu Oommen controversy, Oommen Chandy daughter, Puthuppally by election contrversy

പുതിയ ലുക്കില്‍ അച്ചു ഉമ്മന്‍

Lifestyle

ഡാഷ് ആൻഡ് ഡോട്ട് പാന്റ് സ്യൂട്ടില്‍ ഗുച്ചിയുടെ ബാഗുമായി അച്ചു ഉമ്മന്‍; വീണ്ടും കണ്ടന്റ് ക്രിയേഷൻ ലോകത്ത്

Web Desk
|
17 Sep 2023 10:53 AM GMT

ക്ഷമാപണമില്ലാത്ത ആത്മപ്രകാശനത്തിന്റെ അടയാളമാണിതെന്ന അടിക്കുറിപ്പോടെയാണ് അച്ചു ചിത്രം പങ്കുവച്ചത്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തിരക്കുകൾക്കുശേഷം കണ്ടന്റ് ക്രിയേഷൻ ജോലിയിലേക്കു മടങ്ങി അച്ചു ഉമ്മൻ. കണ്ടന്റ് ക്രിയേഷൻ കലയെ ആലിംഗനം ചെയ്യാൻ താനിതാ തിരിച്ചെത്തിയിരിക്കുന്നുവെന്ന അടിക്കുറിപ്പുമായി അച്ചു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഡാഷ് ആൻഡ് ഡോട്ടിന്റെ സ്ലീവ്‌ലെസ് പാന്റ് സ്യൂട്ടിൽ ഗുച്ചിയുടെ ബാഗ് പിടിച്ചുനിൽക്കുന്ന ചിത്രം അച്ചു പോസ്റ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞു ജോലിയിൽ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ ചിത്രമാണ് അച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ക്ഷമാപണമില്ലാത്ത ആത്മപ്രകാശനത്തിന്റെ അടയാളവും ഈ ജോലിയോടുള്ള എന്റെ സ്‌നേഹസാക്ഷ്യവുമാണിതെന്നാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് അടിക്കുറിപ്പായി ചേർത്തിരിക്കുന്നത്. ഇതോടൊപ്പമാണ് ഉടുത്തിരിക്കുന്ന വസ്ത്രത്തിന്റെയും കൈയിലുള്ള ബാഗിന്റെയും ബ്രാൻഡ് നാമങ്ങളടക്കം അവർ പങ്കുവച്ചത്. ജോലി ചെയ്യുന്ന ദുബൈ ആണ് ലൊക്കേഷനായി ചേര്‍ത്തിരിക്കുന്നത്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അച്ചു ഉമ്മന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ച് വൻ പൊങ്കാലയാണ് സോഷ്യൽ മീഡിയയിൽ നടന്നിരുന്നത്. അച്ചു സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ എടുത്തിട്ടായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും പുതുപ്പള്ളിയില്‍ പകരക്കാരനായി എത്തിയ ചാണ്ടി ഉമ്മനെയും ലക്ഷ്യമിട്ട് ഇടത് സൈബർ പോരാളികളുടെ ആക്രമണം. ലക്ഷങ്ങൾ വിലമതിക്കുന്ന വസ്ത്രങ്ങളും ആഡംബര വസ്തുക്കളുമാണ് അച്ചു ഉപയോഗിക്കുന്നതെന്നായിരുന്നു പ്രചാരണം. വിദേശരാജ്യങ്ങളിൽ കറങ്ങിനടക്കുകയാണെന്നും ആക്ഷേപമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കു മറുപടിയായായിരുന്നു അച്ചുവിനെ തെരഞ്ഞെടുപ്പ് ചർച്ചകളിലേക്കു വലിച്ചിഴച്ചത്.

എന്നാൽ, പരസ്യമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്നു വിട്ടുനിന്ന അച്ചുവിനെ കൂടുതൽ സജീവമാക്കാൻ മാത്രമാണ് ഇതു സഹായിച്ചത്. സ്വന്തം ജോലിയെക്കുറിച്ച് വ്യക്തമായ വിശദീകരണവുമായി അച്ചു മാധ്യമങ്ങൾക്കു മുന്നിലെത്തി. കണ്ടന്റ് ക്രിയേഷനാണു തന്റെ ജോലിയെന്നും അതിന്റെ ഭാഗമായാണ് സോഷ്യൽ മീഡിയയിലെ പോസ്റ്റുകളെന്നും അവർ വിശദീകരിച്ചു. എല്ലാം സോഷ്യൽ മീഡിയയിൽ തന്നെയുള്ളതാണെന്നും ഒന്നും മറച്ചുവയ്ക്കാനില്ലെന്നും പറഞ്ഞു. പാഷനും സ്വപ്‌നങ്ങളുമെല്ലാമായി സ്വന്തം കഴിവുകൊണ്ട് നേടിയെടുത്ത തൊഴിലാണെന്നും അച്ഛന്റെ പേരിന്റെ മറവിൽ ഒന്നും നേടിയിട്ടില്ലെന്നും അച്ചു വ്യക്തമാക്കി. ഇതെല്ലാം അച്ചുവിന് കൂടുതൽ ആരാധകരെ നേടിക്കൊടുക്കുക മാത്രമാണു ചെയ്തത്.

മാധ്യമങ്ങൾക്കുമുന്നിലെ പ്രകടനം കണ്ട് ഒരുവേള അച്ചുവായിരുന്നു സ്ഥാനാർത്ഥിയാകാൻ ഏറ്റവും യോഗ്യയെന്ന തരത്തിലേക്കു വരെ ചർച്ചകൾ നീണ്ടു. എന്നാൽ, കുടുംബത്തിലെ രാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മനാണെന്നു പറഞ്ഞ് അവിടെയും വേറിട്ടുനിന്നു അച്ചു. വിവാദങ്ങൾക്കു പിന്നാലെ അച്ചുവിന്റെ ഇൻസ്റ്റഗ്രാം പേജും ഹിറ്റായി. ഏതാനും ആഴ്ചകൾകൊണ്ട് ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 2.32 ലക്ഷമായി കുതിച്ചുയരുകയായിരുന്നു. കോളജ് പഠന കാലത്ത് കെ.എസ്.യുവിന്‍റെ തീപ്പൊരി നേതാവായിരുന്നു അച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലൂടെ ശക്തയായ ഒരു വനിതാ നേതാവിനെ കൂടിയാണ് കോണ്‍ഗ്രസിനു വീണുകിട്ടിയതെന്ന തരത്തില്‍ വിലയിരുത്തലുമുണ്ടായിട്ടുണ്ട്.

അതേസമയം, സൈബർ ആക്രമണങ്ങള്‍ക്കെതിരെ അച്ചുവിനു പിന്നാലെ സഹോദരി മറിയ ഉമ്മനും ഡി.ജി.പിക്കു പരാതി നല്‍കി. പുതുപ്പള്ളി ഫലം വന്നതിനു പിന്നാലെ തനിക്കെതിരെ വ്യാപകമായി സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ സി.പി.എം സൈബർ സംഘങ്ങളാണെന്നും മറിയ പരാതിയില്‍ ആരോപിച്ചു. സൈബർ ആക്രമണങ്ങളുടെ സ്ക്രീൻഷോട്ടടക്കം ചേര്‍ത്താണു പരാതി നൽകിയത്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പിനിടെ സൈബർ ആക്രമണങ്ങള്‍ക്കെതിരെ അച്ചു ഉമ്മനും ഡി.ജി.പിക്കു പരാതി നൽകിയിരുന്നു. പരാതിയിൽ ഇടത് സംഘടനാ പ്രവർത്തകനും സെക്രട്ടേറിയറ്റിലെ മുൻ അഡിഷനൽ സെക്രട്ടറിയുമായ നന്ദകുമാറിനെ പൂജപ്പുര പൊലീസ് കേസെടുത്ത് ചോദ്യംചെയ്തിരുന്നു

Summary: Achu Oommen returns to content creation job, shares new photo in social media

Similar Posts