Lifestyle
ഒരു കൈ തന്നെ ധാരാളം, ഹാഫിസിന് സൈക്കിളില്‍ ലഡാക്കിലെത്താന്‍
Lifestyle

ഒരു കൈ തന്നെ ധാരാളം, ഹാഫിസിന് സൈക്കിളില്‍ ലഡാക്കിലെത്താന്‍

Web Desk
|
5 July 2021 4:58 AM GMT

ഒറ്റകൈയിലുള്ള സൈക്കിള്‍ യാത്ര ഈ പന്ത്രണ്ടാം ക്ലാസുകാരന് പുത്തരിയേയല്ല.

മലപ്പുറം തിരൂരങ്ങാടിക്കാരന്‍ ഹാഫിസ് റഹ്മാന് ജനിച്ചപ്പോള്‍ തന്നെ ഇടത് കൈ, മുട്ടിന് താഴോട്ട് ഇല്ലായിരുന്നു. പക്ഷേ ഇപ്പോള്‍ ഒറ്റ കൈയുമായി ഒരു യാത്രയിലാണ് ഹാഫിസ്. സൈക്കിളിലാണ് യാത്ര. ഒറ്റ കൈയ്യില്‍ സൈക്കിള്‍ നിയന്ത്രിച്ച് ലഡാക്കിലേക്കാണ് ഹാഫിസിന്‍റെ പോക്ക്. സൈക്കിളിന് പിറകില്‍ ടെന്‍റും, ബെഡ്ഡും, സൈക്കിള്‍ പമ്പുമൊക്കെ കെട്ടിവെച്ചാണ് അവന്‍റെ യാത്ര. കൂടെ കേരള റ്റു കശ്മീര്‍ എന്ന കറുപ്പില്‍ മഞ്ഞയില്‍ എഴുതിയ ബോര്‍ഡും ഉണ്ട്. സൈക്കിളിന്‍റെ ബാലന്‍സ് മുഴുവന്‍ ഹാഫിസിന്‍റെ ഒറ്റകയ്യിലാണ്.

നേരെ കാസര്‍ഗോഡ്, അവിടുന്ന് തലപ്പാടി ചെക്ക് പോസ്റ്റ് കടന്ന് മംഗളൂരു പിടിക്കും. പിന്നെയങ്ങനെ പോയി പോയി ലഡാക്കിലെത്തണം അതാണ് ഹാഫിസിന്‍റെ ലക്ഷ്യം. യാത്രയില്‍ താമസത്തിന് ടെന്‍റാണ് ഉപയോഗിക്കുക.. ഏതെങ്കിലും പെട്രോള്‍ പമ്പ് കണ്ടാല്‍ അവിടെയാണ് ടെന്‍റ് അടിക്കുക.. അവിടുത്തെ ബാത്ത്റൂമാണ് ഉപയോഗിക്കുക.. ദിവസം 80 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടാനാണ് ഇപ്പോള്‍ ഹാഫിസ് തീരുമാനിച്ചിരിക്കുന്നത്. 50 ദിവസം കൊണ്ട് ലഡാക്ക് എത്തുകയാണ് ലക്ഷ്യം.

നമ്മള്‍ അന്തം വിട്ട് ഹാഫിസിനെ നോക്കുമെങ്കിലും ഒറ്റകൈയിലുള്ള സൈക്കിള്‍ യാത്ര ഈ പന്ത്രണ്ടാം ക്ലാസുകാരന് പുത്തരിയേയല്ല. കഴിഞ്ഞ വര്‍ഷം കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെ സൈക്കിള്‍ ചവുട്ടിയിട്ടുണ്ട് കക്ഷി. 2019-ല്‍ 340 കിലോമീറ്റര്‍ ചവുട്ടികയറി ഊട്ടിയിലെത്തി. കൂട്ടിന് സുഹൃത്ത് ജില്‍ഷാദ് പാറക്കടവും ഹാഫിസിനൊപ്പമുണ്ട്.


Similar Posts