Lifestyle
യൗവ്വനത്തിലെ അകാലനര; ഭക്ഷണം മുതൽ മാനസിക സമ്മർദം വരെ കാരണങ്ങൾ
Lifestyle

യൗവ്വനത്തിലെ അകാലനര; ഭക്ഷണം മുതൽ മാനസിക സമ്മർദം വരെ കാരണങ്ങൾ

Web Desk
|
18 Jun 2024 6:10 AM GMT

മദ്യപാനം, പുകവലി, ലഹരി ഉപയോഗം, മാറാ രോഗങ്ങൾ, ഹോർമോൺ വ്യതിയാനം, ഭക്ഷണം എന്നിവയും അകാലനരയ്ക്ക് കാരണങ്ങളാണ്

യൗവ്വനത്തിൽ തന്നെ മുടി നരച്ചു തുടങ്ങുക, അകാലനരയെ കാര്യമായി ശ്രദ്ധിക്കാതെ ഒരു സാധാരണ വിഷയമായാണ് യുവതലമുറ കരുതുന്നത്. തലമുടി ചെറുപ്രായത്തിലേ നരയ്ക്കുന്നതിന് നമ്മുടെ ഭക്ഷണം മുതൽ സമ്മർദ്ദം വരെ കാരണമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിരവധി യുവാക്കളിൽ അകാലനര ബാധിക്കുന്നതായി ദി ക്വിന്റ് റിപ്പോർട്ട് ചെയ്തു. പ്രായമായതിന്റെ അല്ല ഈ നരയെന്നും നമ്മുടെ ശരീരത്തിന്റെ പ്രശ്‌നമാണിതെന്നുമാണ് റിപ്പോർട്ട് പറഞ്ഞുവെക്കുന്നത്. രാജ്യത്തെ സ്‌കൂൾ കുട്ടികൾക്കിടയിൽ നടത്തിയ സർവേ റിപ്പോർട്ട് 2019ൽ ഇന്ത്യൻ ജേർണൽ ഓഫ് അപ്ലൈഡ് റിസർച്ച് പുറത്തുവിട്ടിരുന്നു. ഈ സർവേ ഫലത്തിൽ 10.6 ശതമാനം കുട്ടികളുടെയും മുടി നരച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കൗമാരത്തിലും 20കളുടെ തുടക്കത്തിലും നിരവധി പേർക്ക് മുടി നരയ്ക്കുന്നത് ഇന്ന് സാധാരണ കാര്യമായി മാറിയിരിക്കയാണ്. എന്നാൽ ഇതിന്റെ പ്രധാന കാരണങ്ങൾ ജനിതകമായ വിഷയവും പോഷകാഹാരകുറവുമാണ്. 40-50 വയസിൽ മുടി നരയ്ക്കുന്ന ആളുകളുടെ മക്കൾക്ക് 20 വയസിൽ തന്നെ മുടി നരച്ചു തുടങ്ങിയേക്കുമെന്നാണ് ദി ക്വിന്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് ജനിതകപരമാണ്. എന്നാൽ വിറ്റമിൻ ഡി, വിറ്റമിൻ ബി12, അയേൺ, സിങ്ക്, കോപ്പർ, ഹീമോഗ്ലോബിൻ, തൈറോയ്ഡ് എന്നിവയിലെ വ്യതിയാനവും ശാരീരിക, വൈകാരിക സമ്മർദ്ദവും അകാലനരയ്ക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം കഴിഞ്ഞ കുറച്ച് വർഷങ്ങളായി അകാലനരയുടെ മറ്റ് ചില കാരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. പാരിസ്ഥിതിക കാരണങ്ങളായ മലിനീകരണം, സൂര്യനിൽ നിന്നുള്ള യു.വി രശ്മികൾ എന്നിവയാണത്. മദ്യപാനം, പുകവലി, ലഹരി ഉപയോഗം, മാറാ രോഗങ്ങൾ, ഹോർമോൺ വ്യതിയാനം, ഭക്ഷണം എന്നിവയും കാരണങ്ങളാണ്.

നരയുടെ കാരണം ജനിതക പ്രശ്‌നമാണോ അതോ പോഷകാഹാരകുറവ് മൂലമാണോ എന്നത് നിർണയിച്ച് ചികിത്സ നടത്താം. ഹെയർ തെറാപ്പി, ഹെയർ സെറം ഉപയോഗം, സപ്ലിമെന്റുകൾ എന്നിവ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. അതേസമയം ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത് നരച്ച മുടി മാറ്റുക എന്നല്ല. പകരം അതിന്റെ കാരണത്തെ ചികിത്സിക്കുക എന്നതാണ്. എന്നാൽ അകാലനരയ്ക്ക് വീട്ടിലെ പൊടിക്കൈകൾ പ്രയോജനം ചെയ്യില്ലെന്നും വിദഗ്ധർ പറയുന്നു.

കൃത്യമായ ഭക്ഷണക്രമം, ദിനചര്യ, വ്യായാമം, മാനസിക സമ്മർദ്ദം കുറയ്ക്കൽ, മുടിക്ക് കൃത്രിമ നിറം നൽകാതിരിക്കൽ എന്നിവയിലൂടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാം. അകാലനര ഒരു പ്രശ്‌നമല്ല എന്നാൽ അതിന്റെ കാരണം ആരോഗ്യ പ്രശ്‌നങ്ങളാണെങ്കിൽ കരുതൽ വേണമെന്നു മാത്രം.

Similar Posts