ഒരേ തലയിണ രണ്ട് വർഷത്തിലേറെയായി ഉപയോഗിക്കുന്നുണ്ടോ? വൈറോളജിസ്റ്റിന്റെ മുന്നറിയിപ്പ് ഇങ്ങനെ
|ഒരിക്കൽ തലയിണ വാങ്ങിയാൽ അത് മാറ്റുന്ന കാര്യം പലരും ആലോചിക്കാറ് പോലുമില്ല
തലയിണ ഇല്ലാതെ ഉറങ്ങുന്ന കാര്യം പലർക്കും ആലോചിക്കാനേ സാധിക്കില്ല. ഉറക്കം ശരിയാകണമെങ്കിൽ തലയിണ പലർക്കും കൂടിയേ തീരൂ. ബെഡ്ഷീറ്റുകളും തലയിണ കവറുകളും മിക്കവരും ആഴ്ചയിൽ ഒരിക്കലെങ്കിലും കഴുകിയിടാറുണ്ട്. ഇവ പഴകിയാൽ നാം അവയ്ക്ക് പകരം പുതിയത് വാങ്ങുകയും ചെയ്യും.
എന്നാൽ നിങ്ങളുടെ തലയിണ വാങ്ങിയിട്ട് എത്രകാലമായി? എത്രകാലം കൂടുമ്പോഴാണ് അത് നിങ്ങൾ മാറ്റാറുള്ളത്? ഈ ചോദ്യങ്ങൾക്ക് പലർക്കും ഉത്തരമുണ്ടാകില്ല. കാരണം മറ്റൊന്നുമല്ല. ഒരിക്കൽ തലയിണ വാങ്ങിയാൽ പിന്നെ അത് മാറ്റുന്ന കാര്യം നാം ആലോചിക്കാറ് പോലുമില്ല. പഴയ തലയിണകൾ ബാഹ്യമായി നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും അവ ഉണ്ടാക്കുന്ന ദോഷം വളരെ വലുതാണ്.
രണ്ടുവർഷത്തിൽ കൂടുതൽ ഒരു തലയിണ ഉപയോഗിക്കുന്നത് എത്രത്തോളം ദോഷകരമാണെന്ന് കാണിച്ച് പ്രമുഖ വൈറോളജിസ്റ്റ് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. ഡോ. ലിൻഡ്സെ ബ്രോഡ്ബെന്റ് ട്വിറ്ററിൽ നൽകിയ മറുപടിയാണ് ഏറെ ചർച്ചക്ക് വഴിവെച്ചിരിക്കുന്നത്.
'നിങ്ങളുടെ വീട്ടിലെ തലയിണക്ക് രണ്ട് വയസ് പ്രായമുണ്ടെങ്കിൽ അതിന്റെ ഭാരത്തിന്റെ 10 ശതമാനവും വീട്ടിലെ പൊടിപടലങ്ങളായിരിക്കും' എന്നാണ് വൈറോളജിസ്റ്റ് മറുപടി നൽകിയിരിക്കുന്നത്. 'നിങ്ങളുടെ കിടപ്പുമുറിയിൽ എത്ര തവണ തലയിണ മാറ്റണം എന്നതിനെ കുറിച്ച് റേഡിയോയിൽ സംസാരിക്കാൻ വരുമോ എന്ന ജേർണലിസ്റ്റിന്റെ അഭ്യർഥനയ്ക്കാണ് വൈറോളജിസ്റ്റ് മറുപടി നൽകിയിരിക്കുന്നത്.
തലയിണയുടെ ശുചിത്വത്തെ കുറിച്ച് ധാരണയുണ്ടെങ്കിലും വൈറോളജിസ്റ്റിന്റെ മറുപടി പലരെയും ആശങ്കപ്പെടുത്തി. ഇക്കാര്യം അറിയില്ലായിരുന്നെന്നും ഇനി മുതൽ ശ്രദ്ധിക്കുമെന്നും പലരും ഈ ട്വിറ്ററിൽ കുറിച്ചു. വർഷങ്ങൾ പഴക്കമുള്ള തലയിണയിൽ പൊടിപടലങ്ങൾക്ക് പുറമെ ബാക്ടീരിയ, മറ്റ് രോഗാണുക്കളും നിറഞ്ഞിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വർഷത്തിൽ കുറഞ്ഞത് രണ്ടുതവണയെങ്കിലും തലയിണ കഴുകി വൃത്തിയാക്കി ഉണക്കുന്നതും നല്ലതാണ്.