ആദ്യ വിവര്‍ത്തനത്തിന് ജെ.സി.ബി സാഹിത്യ പുരസ്കാരം; ഷഹനാസ് ഹബീബിന്റെ വിശേഷങ്ങള്‍
|കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് സാഹിത്യ വിവര്‍ത്തക ഷഹനാസ് ഹബീബ്. ഷഹനാസ് ആദ്യമായി വിവര്‍ത്തനം ചെയ്ത ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ 25 ലക്ഷം രൂപയുടെ ജെ.സി.ബി സാഹിത്യ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതത്തിന് ശേഷം അതിന്റെ തുടര്‍ച്ചയായി ബെന്യാമിന് രചിച്ച അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറിയുടെയും വിവര്‍ത്തകയായ ഷഹനക്കാണ് പുരസ്കാര തുകയില്‍ നിന്നുള്ള അഞ്ചു ലക്ഷം രൂപ.
2012ല്‍ ആടുജീവിതത്തിലൂടെ പ്രശസ്തനായ ബെന്യാമിനെ പോലൊരു സാഹിത്യകാരന്റെ നോവലുകള്‍ വിവര്‍ത്തനം ചെയ്തതിന്റെ അനുഭവവും ഇപ്പോഴും പുരുഷാധിപത്യം നിലനില്‍ക്കുന്ന സാഹിത്യ മേഖലയില്‍ താന്‍ സൃഷ്ടിച്ചെടുത്ത പെണ്ണിടത്തെ കുറിച്ചുമൊക്കെ പങ്ക് വെക്കുകയാണ് സ്ക്രോള്‍ ഡോട്ട് ഇന്നിന് നല്കിയ അഭിമുഖത്തില്‍ ഷഹനാസ് ഹബീബ്. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:
ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന നോവലിന് നിങ്ങള്‍ ചെയ്ത ഇംഗ്ലീഷ് വിവര്‍ത്തനം ജെ.സി.ബി പുരസ്കാരത്തിന് അര്‍ഹമായതിനെ കുറിച്ച് എന്ത് തോന്നുന്നു?
ശരിക്കും പറഞ്ഞാല്‍ ഞാന്‍ വളരെയധികം ആഹ്ലാദവതിയാണ്. ബെന്യാമിന് അദ്ദേഹം അര്‍ഹിച്ച അംഗീകാരം ലഭിച്ചതിലും എനിക്ക് സന്തോഷമൂണ്ട്. താന്‍ ഒരു പുസ്തകം എഴുതൂകയാണ് എന്ന് സ്വയം തിരിച്ചറിയാതെ പുസ്തകരചന നടത്തുന്ന ഒരു സ്ത്രീയുടെ കഥയാണ് മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന നോവലിന്റെ ഇതിവൃത്തം. താന്‍ എഴുതുന്ന വാക്കുകള്‍ തന്റെ ചുറ്റും ജീവിക്കുന്നവരുടെ ജീവിത്തെ എത്രമാത്രം പ്രതിധ്വനിപ്പിക്കുന്നുണ്ടെന്ന് തിരിച്ചറിപ്പോഴായിരിക്കും താന്‍ പുസ്തകരചനയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് അവര്‍ മനസ്സിലാക്കുന്നത്. എന്തായാലും, മുഴുവന്‍ സാഹിത്യ വിവര്‍ത്തകര്‍ക്കും ലഭിച്ചിരിക്കുന്ന ഒരു പുരസ്കാരമാണിത്. വിവര്‍ത്തകയെന്ന നിലക്കും വിവര്‍ത്തനങ്ങള്‍ വായിക്കുന്ന ഒരാളെന്ന നിലക്കും എനിക്ക് അഭിമാനവും പ്രതീക്ഷയുമുണ്ട്.
വിവര്‍ത്തനങ്ങളെയും മറ്റു രചനാ ശൈലികളെയും പരിഗണിക്കാത്ത സാഹിത്യ പുരസ്കാരങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത്?
പുരസ്കാരങ്ങള്‍ നല്ലതാണ്, പക്ഷെ എല്ലാ രീതിയിലുള്ള എഴുത്തിനെയും വിവര്ത്തനങ്ങളെയുമൊക്കെ പ്രോല്‍സാഹിപ്പിക്കുന്നതിനായി നമുക്ക് കൂടുതല്‍ സാമ്പത്തിക പിന്തുണ ആവശ്യമുണ്ട് എന്നാണ് എന്റെ അഭിപ്രായം. അങ്ങനെയാകുമ്പോള്‍ എഴുത്തുകാര്‍ക്ക് പുസ്തകരചനക്ക് കൂടുതല്‍ സമയം നീക്കിവെക്കാനാകും. എഴുത്തിന് കൂടുതല്‍ സമയവും ഊര്‍ജ്ജവും ആവശ്യമാണ്. അതിനാല്‍, സാമ്പത്തിക പിന്തുണ ലഭിക്കുന്നത് ഒരു എഴുത്തുകാരന് കൂടുതല്‍ സാഹസികമായ പ്രൊജക്ടുകള്‍ സ്വീകരിക്കാന്‍ പ്രാപ്തനാക്കും.
മുല്ലപ്പൂ നിറമുള്ള പകലുകള്‍ വിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകം എന്താണ്?
നോവലിന്റെ വശ്യമായ കഥ പറച്ചില് രീതി എന്നെ വല്ലാതെ ആകര്‍ഷിച്ചു. പുരുഷന്മാര്ക്ക് മേധാവിത്വമുള്ള ഒരു വീട്ടില്‍ സ്വന്തം നിലക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന തമാശക്കാരിയും ഊര്‍ജ്ജസ്വലയുമായ ആ സ്ത്രീയും കഥ നടക്കുന്ന പശ്ചിമേഷ്യയിലെ ആ നഗരവുമെല്ലാം എന്നെ നോവലിലേക്ക് ആകര്‍ഷിച്ച് ഘടകങ്ങളാണ്. എല്ലാ മലയാളികളെയും പോലെ തന്നെ എന്റെ കുടുംബവും ഗള്‍ഫ് നാടുകളിലുണ്ട്. കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറിയവരുടെ ജീവിതവും അവര്‍ അവിടങ്ങളില്‍ കണ്ടുമുട്ടുന്ന വ്യത്യസ്ത ആളുകളും അവരുടെ ജീവിതവുമൊക്കെ എല്ലാ കാലത്തും എന്നില്‍ ജിജ്ഞാസ വളര്‍ത്തിയിട്ടുണ്ട്. അമേരിക്കയിലെ കുടിയേറ്റ ജീവിതത്തെ കുറിച്ച് പറയുന്ന ധാരാളം പുസ്തകങ്ങള്‍ ഉണ്ടെങ്കിലും ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റങ്ങളുടെ കഥ പറയുന്ന പുസ്തകങ്ങള്‍ വളരെ വിരളമാണ്.
ഒരു പുസ്തകം വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ ആദ്യമായി ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്?
നിശ്ചിത സമയത്തിനുള്ളില്‍ പുസ്തകം വായിച്ച് തീര്‍ക്കും. എനിക്ക് ശരിക്ക് മനസ്സിലാകാത്ത വരികളും വാക്കുകളുമൊക്കെ കുറിച്ച്വെക്കും. വിവര്‍ത്തനം ചെയ്യുന്ന സമയത്ത് പുസ്തകത്തിന്റെ പ്രിന്റ് ചെയ്ത കോപ്പി വായിക്കാനാണ് എനിക്ക് കൂടുതല്‍ താല്പര്യം. എന്നാലും, ഡിജിറ്റല്‍ കോപ്പിയും കൂടെ കരുതാറുണ്ട്. പുസ്തകവും ലാപ് ടോപ്പും മാറി മാറി ഉപയോഗിക്കുന്ന ബുദ്ധിമുട്ട് ഡിജിറ്റല്‍ കോപ്പി ഉപയോഗിക്കുമ്പോള്‍ ഉണ്ടാവില്ല.
ഒരു വിവര്‍ത്തകയെന്ന നിലക്ക് മുല്ലപ്പൂ നിറമുള്ള പകലുകളിലെ സാംസ്കാരിക വൈവിധ്യത്തെ എങ്ങനെയാണ് നിങ്ങള്‍ സമീപിക്കുന്നത്. സുന്നി-ഷിയാ സ്വത്വങ്ങള്‍, ലിംഗം, ഗള്‍ഫില്‍ ഒരു പ്രവാസിയായിരിക്കുക എന്ന വസ്തുത, ഇത്തരം കാര്യങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്തത്. ഇംഗ്ലീഷില്‍ ഒരു പ്രത്യേക പദമോ വാക്യമോ സംഭാഷണമോ തിരഞ്ഞെടുക്കുന്ന സമയത്ത് നിങ്ങളെ സുഹൃത്തുക്കളുടെയും മറ്റുള്ളവരുടെയും ജീവിത കഥകളാണോ നിങ്ങള്‍ അവലംഭിച്ചിരുന്നത്?
നോവലിലെ സാംസ്കാരിക വൈവിധ്യങ്ങളൊന്നും എന്നെ ഒരു നിലക്കും ബാധിച്ചിട്ടില്ല. കാരണം, ബെന്യാമിന്റെ മൂലകൃതി വിവര്‍ത്തനം ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തത്. അദ്ദേഹം എഴുതിയ കഥയെ ഒരു നിലക്കും ഞാന്‍ പുനരാഖ്യാനം ചെയ്തിട്ടില്ല. വാക്കുകള്‍ തിരഞ്ഞെടുക്കുന്ന സമയത്ത് എന്നെ സഹായിച്ചത് എനിക്കറിയാവുന്ന ചെറുപ്പക്കാരികളായ സ്ത്രീകളുടെ ജീവിതമാണ്. ചുറ്റും തങ്ങളെ അവമതിക്കാന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ പൊരുതി നിന്ന് തങ്ങളുടെ അസ്ഥിത്വത്തെ നിലനിര്‍ത്തുന്ന പെണ്ണുങ്ങളുടെ ജീവിതം.
ജാസ്മിന് ഡേയ്സ് നിങ്ങളുടെ ആദ്യത്തെ വിവര്‍ത്തനമാണ്. പുസ്തകത്തെ വായനക്കാര്‍ എങ്ങനെ സ്വീകരിക്കും എന്നതിനെ കുറിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നോ?
തീര്‍ച്ചയായിട്ടും ഉണ്ടായിരുന്നു. പക്ഷെ, എനിക്ക് പൂര്‍ണ്ണ പിന്തുണ നല്കിയ എഡിറ്റര്‍മാര്‍ ഉണ്ടായിരുന്നു. എന്നാലും ഞാന്‍ കേരളത്തിലേക്ക് ചെല്ലുമ്പോള്‍ എനിക്ക് കാണിച്ച് തരാനായി പുസ്തകത്തിലെ തെറ്റുകള്‍ കണ്ടുപിടിച്ചിരിക്കുന്ന മലയാളികള്‍ ഉണ്ടാകും. അവരെ കുറിച്ച് എനിക്ക് അറിയാവുന്നത് കൊണ്ടാണ് അങ്ങനെ പറയുന്നത്.