ഫ്രഞ്ച് എഴുത്തുകാരി ആനി എർണോയ്ക്ക് സാഹിത്യ നൊബേൽ
|നൊബേൽ പുരസ്കാരം ലഭിക്കുന്ന 16-ാമത്തെ ഫ്രഞ്ച് എഴുത്തുകാരിയാണ് ആനി എർണോ
ഓസ്ലോ: ഫ്രഞ്ച് എഴുത്തുകാരി ആനി ഏണോയ്ക്ക് (Annie Ernaux) 2022ലെ സാഹിത്യ നൊബേൽ. എഴുത്തിൽ 'വ്യക്തിഗത ഓർമകളുടെ വേരുകളും അകൽച്ചകളും പൊതുനിയന്ത്രണങ്ങളും അനാച്ഛാദനം ചെയ്ത ധൈര്യത്തിനും സൂക്ഷ്മതയ്ക്കുമാണ്' പുരസ്കാരമെന്ന് നൊബേൽ കമ്മിറ്റി അറിയിച്ചു.
നൊബേൽ പുരസ്കാര വിവരം ഫോണിലൂടെ ആനിയെ അറിയിക്കാനായില്ലെന്നും ഇവരുമായി ഉടൻ സംസാരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും നൊബേൽ കമ്മിറ്റിയെ ഉദ്ധരിച്ച് ദ ഗാർഡിയൻ റിപ്പോർട്ടു ചെയ്തു. നൊബേൽ പുരസ്കാരം ലഭിക്കുന്ന 16-ാമത്തെ ഫ്രഞ്ച് എഴുത്തുകാരിയാണ് ആനി എർണോ.
നോർമാൻഡിയിലെ ചെറുനഗരമായ യെടോടിൽ 1940 ജനിച്ച ആനി റൂവൻ യൂണിവേഴ്സിറ്റിയിലാണ് പഠിച്ചത്. 1974ൽ പ്രസിദ്ധീകരിച്ച ലെസ് ആർമറീസ് വിഡെസ് (ക്ലീന്‍ഡ് ഔട്ട്) ആദ്യ പുസ്തകം. 1988ൽ പുറത്തിറങ്ങിയ നാലാമത്തെ പുസ്തകം ലാ പ്ലേസ് (എ മാൻസ് പ്ലേസ്) ആണ് സാഹിത്യജീവിതത്തിൽ വഴിത്തിരിവായത്.
സമകാലിക ഫ്രഞ്ചിലെ ക്ലാസിക് കൃതി ആയാണ് ഇതറിയപ്പെടുന്നത്. ഇവരുടെ ആത്മകഥ ദ ഇയേഴ്സ് 2019ലെ മാൻ ബുക്കർ അന്താരാഷ്ട്ര പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു. ആലിസൺ എൽ സ്ട്രേയറാണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.