Literature
Pulitzer Prize-winning Indian-origin author Jhumpa Lahiri declines award from New York’s Noguchi Museum over new policy banning keffiyehs, Gaza attack, Israel,

ജുംപ ലാഹിരി

Literature

കഫിയ്യ ധരിച്ചതിന് ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധം; നൊഗുചി മ്യൂസിയം പുരസ്‌കാരം നിരസിച്ച് ജുംപ ലാഹിരി

Web Desk
|
26 Sep 2024 10:00 AM GMT

ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് അമേരിക്കൻ സർവകലാശാലകളിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളോട് നേരത്തെ ജുംപ ലാഹിരി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു

ന്യൂയോർക്ക്: ഫലസ്തീൻ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് അന്താരാഷ്ട്ര പുരസ്‌കാരം നിരസിച്ച് പ്രശസ്ത ഇന്ത്യൻ-ഇംഗ്ലീഷ് എഴുത്തുകാരി ജുംപ ലാഹിരി. അമേരിക്കയിലെ പ്രശസ്തമായ നൊഗുചി പുരസ്‌കാരമാണ് പുലിറ്റ്‌സർ പുരസ്‌കാര ജേതാവ് കൂടിയായ ജുംപ തിരസ്‌കരിച്ചത്. ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കഫിയ്യ ധരിച്ച് ഓഫിസിലെത്തിയ ജീവനക്കാരെ പിരിച്ചുവിട്ട നൊഗുചി മ്യൂസിയം നിലപാടിൽ പ്രതിഷേധിച്ചാണു തീരുമാനം.

പ്രശസ്ത ജാപ്പനീസ്-അമേരിക്കൻ ശിൽപിയും കലാകാരനുമായ ഇസാമു നൊഗുചിയുടെ പേരിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്. മ്യൂസിയം തന്നെയാണ് ജുംപ ലാഹിരി പുരസ്‌കാരം തിരസ്‌കരിച്ച വിവരം പ്രസ്താവനയിലൂടെ പുറത്തുവിട്ടതെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. സ്ഥാപനത്തിന്റെ പുതിയ ഡ്രെസ് കോഡിനു പ്രതികരണമായാണ് ജുംപയുടെ നടപടിയെന്നാണ് അധികൃതർ വിശദീകരിച്ചത്.

എന്നാൽ, എഴുത്തുകാരിയുടെ കാഴ്ചപ്പാടിനെ ആദരിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു. സ്ഥാപനത്തിന്റെ പുതിയ നയം എല്ലാവരുടെയും കാഴ്ചപ്പാടുമായും ഒത്തുപോകണമെന്നില്ല. വിശാല കാഴ്ചപ്പാടും തുറന്ന സമീപനവും പുലർത്തിക്കൊണ്ടുതന്നെ ഇസാമു നൊഗുചിയുടെ കലയെയും പൈതൃകത്തെയും ആദരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയെന്ന സുപ്രധാന ദൗത്യവുമായി തങ്ങൾ മുന്നോട്ടുപോകുമെന്നും മ്യൂസിയം അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.

1985ൽ ഇസാമു നൊഗുചിയാണ് ന്യൂയോർക്ക് സിറ്റിയിലെ ക്വീൻസിൽ മ്യൂസിയം സ്ഥാപിച്ചത്. ജീവിച്ചിരിക്കുന്ന ഒരു കലാകാരൻ സ്വന്തം സൃഷ്ടികൾ പ്രദർശിപ്പിക്കാനായി സ്ഥാപിച്ച യു.എസിലെ ആദ്യ മ്യൂസിയമായിരുന്നു ഇത്. കഴിഞ്ഞ ആഗസ്റ്റിലാണ് ജീവനക്കാരുടെ ഡ്രെസ് കോഡുമായി ബന്ധപ്പെട്ട് പുതിയ നയം അധികൃതർ പ്രഖ്യാപിച്ചത്. രാഷ്ട്രീയ സന്ദേശമോ പ്രമേയമോ ചിഹ്നമോ പ്രകടിപ്പിക്കുന്ന വസ്ത്രങ്ങളോ വസ്തുക്കളോ ഒന്നും ധരിക്കരുതെന്നായിരുന്നു പുതിയ നയം.

ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മ്യൂസിയം ജീവനക്കാരിൽ പലരും കഫിയ്യ ധരിച്ചായിരുന്നു ജോലിക്ക് എത്താറുണ്ടായിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്ഥാപനം പുതിയ ഡ്രെസ് കോഡ് പ്രഖ്യാപിച്ചതെന്നാണു ജീവനക്കാർ പറയുന്നത്. ഭൂരിഭാഗം ജീവനക്കാരും പുതിയ ഡ്രെസ് കോഡ് നയത്തെ എതിർത്തുകൊണ്ടുള്ള ഹരജിയിൽ ഒപ്പുവച്ചു. ഇതിനിടെ, കഫിയ്യ ധരിച്ച് മ്യൂസിയത്തിലെത്തിയ മൂന്ന് ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.

പുതിയ ഡ്രെസ് കോഡും ജീവനക്കാരെ പിരിച്ചുവിട്ട നടപടിയും വലിയ വിവാദമായി. സാമൂഹിക പ്രവർത്തകരുടെയും കലാകാരന്മാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും നേതൃത്വത്തിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിന് ക്വീൻസിലെ മ്യൂസിയത്തിനു മുന്നിൽ പ്രതിഷേധവും നടന്നു. മ്യൂസിയം ഡയരക്ടർ ആമി ഹാവുവിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവം വലിയ വിവാദമാകുകയും പ്രതിഷേധമുയരുകയും ചെയ്തതോടെ ന്യായീകരണവുമായി നൊഗുചി മ്യൂസിയം രംഗത്തെത്തി. ഇത്തരം ആവിഷ്‌കാരങ്ങൾ സന്ദർശകരിലെ വൈവിധ്യത്തെ ഇല്ലാതാക്കുമെന്നും പല വിഭാഗങ്ങളിൽനിന്നുള്ളവരെയും മ്യൂസിയത്തിൽനിന്ന് അകറ്റിനിർത്തുമെന്നുമായിരുന്നു വിശദീകരണം.

ഇതിനിടയിലാണ് വർഷങ്ങളായി നൽകിവരുന്ന നൊഗുചി പുരസ്‌കാരത്തിന്റെ 2024ലെ ജേതാക്കളെ പ്രഖ്യാപിച്ചത്. ജുംപയ്‌ക്കൊപ്പം കൊറിയൻ മിനിമലിസ്റ്റ് ചിത്രകാരനായ ലീ ഉഫാനും പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വിവാദങ്ങളോട് ഇദ്ദേഹം പ്രതികരിച്ചിട്ടില്ല. ഒക്ടോബറിൽ നടക്കാനിരിക്കുന്ന മ്യൂസിയം ധനസമാഹാരണ പരിപാടിയിൽ പുരസ്‌കാരം വിതരണം ചെയ്യാനിരിക്കെയാണ് ജുംപ അവാർഡ് സ്വീകരിക്കാൻ താൽപര്യമില്ലെന്നു വ്യക്തമാക്കിയത്.

പശ്ചിമ ബംഗാളിൽനിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളായ ജുംപ ലാഹിരി അന്താരാഷ്ട്രതലത്തിൽ പ്രശസ്തയായ ഇംഗ്ലീഷ് എഴുത്തുകാരിയാണ്. നോവലുകളും ചെറുകഥകളും ഉൾപ്പെടെ നിരവധി കൃതികൾ പുറത്തിറങ്ങിയിട്ടുണ്ട്. 'ഇന്റർപ്രറ്റർ ഓഫ് മാലഡീസ്' എന്ന ജുംപയുടെ കന്നി ചെറുകഥാ സമാഹാരത്തിന് 2000ത്തിൽ സാഹിത്യകൃതിക്കുള്ള പുലിറ്റ്‌സർ പുരസ്‌കാരം ലഭിച്ചു. ഇതേ കൃതിക്ക് 1999ൽ പെൻ-ഹെമിങ്‌വേ, ഒ. ഹെൺറി അവാർഡുകളും ലഭിച്ചു. ഏറ്റവും മികച്ച അമേരിക്കൻ ചെറുകഥകളിലൊന്നായും 'ദി ന്യൂയോർക്കറി'ന്റെ 'ബെസ്റ്റ് ഡെബ്യൂ ഓഫ് ദ ഇയർ' ആയും ഇതു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ദി നെയിംസേക്ക്, ദി ലോലാൻഡ് എന്നിവയാണ് പ്രധാന നോവലുകൾ. ഇന്റർപ്രറ്റർ ഓഫ് മാലഡീസിനു പുറമെ എ ടെംപററി മാറ്റർ, വെൻ മിസ്റ്റർ പീർസാദ കെയിം ടു ഡൈൻ, സെക്‌സി, ദിസ് ബ്ലെസ്ഡ് ഹൗസ്, ദി ട്രീറ്റ്‌മെന്റ് ഓഫ് ബീബി ഹൽദാർ, ദി തേഡ് ആൻഡ് ഫൈനൽ കോണ്ടിനെന്റ്, അണക്കസ്റ്റംഡ് എർത്ത്, ഹെൽ-ഹെവൻ തുടങ്ങി നിരവധി ചെറുകഥാ സമാഹാരങ്ങളുമുണ്ട്. ഗദ്യവും കവിതയും വിവർത്തനവുമായി വേറെയും നിരവധി കൃതികൾ ജുംപയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.

ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് അമേരിക്കൻ സർവകലാശാലകളിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളോട് നേരത്തെ ജുംപ ലാഹിരി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഗസ്സയിൽ നടക്കുന്നത് വിവരിക്കാനാകാത്ത നശീകരണമാണെന്നായിരുന്നു അവർ ഇസ്രായേൽ ആക്രമണത്തെ വിശേഷിപ്പിച്ചത്. വിദ്യാർഥികൾക്കെതിരെ സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് എഴുത്തുകാരും അക്കാദമീഷ്യന്മാരും ചേർന്നു തയാറാക്കിയ കത്തിലും ജുംപ ഒപ്പുവച്ചിരുന്നു.

Summary: Pulitzer Prize-winning Indian-origin author Jhumpa Lahiri declines award from New York’s Noguchi Museum over new policy banning keffiyehs

Similar Posts