Literature
ഓണക്കവിതകൾ വരുന്ന പാഠപുസ്തകങ്ങളിൽ എന്ത് കൊണ്ട് റംസാൻ കവിതകളില്ല: പി രാമൻ
Literature

ഓണക്കവിതകൾ വരുന്ന പാഠപുസ്തകങ്ങളിൽ എന്ത് കൊണ്ട് റംസാൻ കവിതകളില്ല: പി രാമൻ

Web Desk
|
2 Dec 2023 3:55 PM GMT

'അറബിമലയാളത്തിന് സമ്പന്നമായ ഒരു ഗാന ചരിത്രമുണ്ട് .മുഖ്യധാര സാഹിത്യ ചർച്ചകളിൽ അതിനെ അപരവൽക്കരിക്കുന്നത് അപരാധമാണ്'

മലയാള സാഹിത്യത്തിന്റെ തുടക്കകാലം സവർണ്ണവും ഹൈന്ദവും മതപരവുമായിരുന്നുവെന്ന് പ്രമുഖ കവി പി.രാമൻ. മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ "വികേന്ദ്രീകൃതമാകുന്ന മലയാള കവിത" എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള സാഹിത്യത്തിന്റെ ആരംഭകാലം സവർണമായത് കൊണ്ടുതന്നെ മുസ്‌ലിം ജീവിതം മലയാള കവിതകളിൽ പ്രത്യക്ഷപ്പെടാൻ 1960കൾ വരെ കാത്തിരിക്കേണ്ടിവന്നു. പുറമണ്ണൂർ ടി മുഹമ്മദിനെ പോലുള്ള കവികൾ വിസ്മൃതിയിൽ മാഞ്ഞത് രാഷ്ട്രീയവും ചരിത്രപരവുമായ മറവികളുടെ ഭാ​ഗമായിട്ടാണ് - അദ്ദേഹം പറഞ്ഞു.

'പാട്ടുപ്രസ്ഥാനത്തിലെ ഏറെ പ്രാചീനമായ രാമചരിതത്തിന്റെ തുടർച്ച എഴുത്തച്ഛനിലല്ല, മാപ്പിളമാർക്കിടയിലായിരുന്നു. അറബി-മലയാളത്തിന് സമ്പന്നമായ ഒരു ഗാന ചരിത്രമുണ്ട് .മുഖ്യധാര സാഹിത്യ ചർച്ചകളിൽ അതിനെ അപരവൽക്കരിക്കുന്നത് അപരാധമാണ്', കവി പറഞ്ഞു.

പൊൻകുന്നം സയ്യിദ് മുഹമ്മദ്, ടി.ഉബൈദ് , എസ്.വി ഉസ്മാൻ, പി.ടി അബ്ദു റഹ്മാൻ തുടങ്ങിയ കവികളുടെ പേര് പറയാതെ ഒരു കവിതാ ചർച്ചയും പൂർണ്ണമാവുകയില്ലെന്നും, എംഎൽഎഫ് അതിനുള്ള ഒരു സുവർണ്ണ വേദിയാണെന്നും പി.രാമൻ പറഞ്ഞു. ഓണക്കവിതകൾ വരുന്ന പാഠപുസ്തകങ്ങളിൽ എന്ത് കൊണ്ട് റംസാൻ കവിതകൾ പ്രസിദ്ധീകരിയ്ക്കുന്നില്ല എന്ന കാലിക പ്രസക്തിയുള്ള ചോദ്യമുന്നയിച്ചു കൊണ്ടാണ് കവി പ്രസംഗം അവസാനിപ്പിച്ചത്.

കോഴിക്കോട് കടപ്പുറത്ത് ബുക്ക് പ്ലസ് പബ്ലിഷേഴ്സ് സംഘടിപ്പിക്കുന്ന പരിപാടിയിൽ എൺപതോളം സെഷനുകളിലായി മുന്നൂറോളം പേർ സംവദിക്കുന്നുണ്ട്.

Similar Posts