എന്താണ് ആടുജീവിതത്തെ ഒരു ഇതിഹാസ കഥയാക്കുന്നത്...
|ആടുജീവിതം സമകാലിക മലയാള സാഹിത്യത്തില്‍ വലിയ മാറ്റമാണ് വരുത്തിയത്. സാഹിത്യ ലോകം ആടുജീവിതത്തിന് മുമ്പും ശേഷവും എന്ന് പറയുന്നത് അപഹാസ്യമല്ല
നജീബിന്റെയും അദ്ദേഹം അനുഭവിച്ച ആടുജീവിത്തെയും കുറിച്ച് അറിയാത്ത മലയാളികള്‍ ഉണ്ടാകില്ല. പുസ്തകത്തിന്റെ 251-ാം പതിപ്പാണ് ഇപ്പോള്‍ വായന ലോകത്ത് നിറഞ്ഞു നില്‍ക്കുന്നത്. ആടുജീവിതം സമകാലിക മലയാള സാഹിത്യത്തില്‍ വലിയ മാറ്റമാണ് വരുത്തിയത്. സാഹിത്യ ലോകം ആടുജീവിതത്തിന് മുമ്പും ശേഷവും എന്ന് പറയുന്നത് അപഹാസ്യമല്ല. സാഹിത്യ ലോകം ആടുജീവിതത്തിന് മുമ്പും ശേഷവും എന്ന് പറയുന്നതും അപഹാസ്യമല്ല. ഇപ്പോഴിതാ നോവല്‍ ദൃശ്യ വിസ്മയം തീര്‍ത്ത് തിയേറ്ററുകളില്‍ എത്താന്‍ പോവുകയാണ്.
2008 ലാണ് നോവല്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. ശേഷം നോവല്‍ വളരെയധികം പ്രസിദ്ധി നേടുകയും വായനാലോകം ഏറ്റെടുക്കുകയും ചെയ്തു. ബെന്യാമിന്‍ ആകട്ടെ പ്രസിദ്ധനായ എഴുത്തുകാരനുമായി മാറി.
സൗദി അറേബ്യയില്‍ കാണാതായ മലയാളിയായ നജീബ് മുഹമ്മദിന്റെ യഥാര്‍ത്ഥ ജീവിത കഥയില്‍ നിന്നാണ് നോവല്‍ ഉടലെടുത്തിരിക്കുന്നത്. ഗള്‍ഫിലെത്തുന്ന എല്ലാവരെയും പോലെ പണവും പ്രതീക്ഷകളും നജീബിന്റെയും സ്വപ്നങ്ങളായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി മരുഭൂമിയില്‍ ആട്ടിന്‍കൂട്ടവുമായി അടിമയെപ്പോലെ ജീവിക്കേണ്ടി വന്ന അസ്ഥിത്വത്തിന് ഉടമയായി മാറുകയായിരുന്നു നജീബ്. ക്രൂരനായ അര്‍ബാബിന്റെ മര്‍ദനങ്ങള്‍ സഹിച്ച് രണ്ട് വര്‍ഷത്തോളം നജീബ് ആ മണലാരിണ്യത്തില്‍ മൃഗത്തിന് തുല്യമായി ജീവിതം കഴിച്ചു കൂട്ടി. യാതനകള്‍ക്കൊടുവില്‍ നജീബ് സ്വയം ഒരു മനുഷ്യനായി കണക്കാക്കുന്നത് പോലും നിര്‍ത്തി. താന്‍ മേക്കുന്ന ആടുകളില്‍ ഒന്നായി സ്വയം കണക്കാക്കി. ക്രൂരമായ പെരുമാറ്റങ്ങളും അക്രമങ്ങളും സഹിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. നജീബ് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍, യാത്രയ്ക്കിടെ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും മരണത്തിനെ മുഖാംമുഖം കണ്ടതും നോവലില്‍ വിവരിച്ചിട്ടുണ്ട്. ദുഷ്‌കരമായ സമയങ്ങളില്‍ അദ്ദേഹത്തിന്റെ അചഞ്ചലമായ വിശ്വാസവും പ്രത്യാശയും അദ്ദേഹത്തെ അതിജീവിപ്പിച്ചു.
എന്നാല്‍ എന്തുകൊണ്ടാണ് ഒരു അതിജീവന കഥ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും കാലാതീതമായ സാഹിത്യമായി നിലകൊള്ളുന്നത്? യഥാര്‍ത്ഥ ജീവിത കഥയും നജീബിന്റെ സഹിഷ്ണുതയും അതിജീവനവും മലയാളി വായനക്കാരില്‍ പ്രതിധ്വനിച്ചു. വായനക്കാരന് ഒരിറ്റ് കണ്ണീരെങ്കിലും വീഴ്ത്താതെ, നജീബിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയോടു കൂടിയല്ലാതെ നോവല്‍ മുഴുവിക്കാനാവില്ല. അത്തരത്തില്‍ ഓരോ വായനക്കാരേയും വൈകാരികമായി സ്പര്‍ശിക്കാന്‍ നോവലിന് സാധിച്ചിട്ടുണ്ടെന്നതാണ് യാഥാര്‍ത്യം. നോവലിന്റെ വിവരണത്തില്‍ പ്രക്ഷകരെ ആകര്‍ഷിക്കാനുള്ള ജാലവിദ്യ ബെന്യാമിന്‍ ഒരുക്കിവെച്ചിട്ടുണ്ട്. അതിലൂടെ വായനക്കാരനോട് അടുപ്പമുള്ള ഒരാള്‍ തന്റെ ദുരന്ത കഥകള്‍ വിവരിക്കുന്നതായും ബുദ്ധിമുട്ടുകള്‍ പങ്കിടുന്നതായും തോന്നുന്നു.
ആടുജീവിതത്തില്‍ അടുത്തതെന്ത് എന്ന് വായനക്കാരില്‍ ആകാംശയുണ്ടാക്കുന്നു. അതേസമയം വായനക്കാര്‍ നജീബിന്റെ പ്രയാസങ്ങളിലും ജീവിത യാതനകളിലും സഹതപിക്കുകയും അദ്ദേഹത്തിന്റെ അതിജീവനം എല്ലാവരുടെയും ആഗ്രഹവുമായി മാറുകയും ചെയ്യുന്നു. പുസ്തകത്തിന്റെ പ്രകാശനത്തിനു ശേഷം ലോകം ഒരുപാട് മാറിയിട്ടുണ്ടെങ്കിലും, പ്രായഭേദമന്യേ, വ്യത്യസ്ത കാലഘട്ടങ്ങളിലെ വായനക്കാര്‍ നജീബിലൂടെ സഞ്ചരിക്കുന്നു, അദ്ദേഹത്തിന് വേണ്ടി കരഞ്ഞു, നജീബിന് വേണ്ടി പ്രത്യാശിക്കുകയും ചെയ്യുന്നു. മാത്രമല്ല, അതിജീവനത്തിന്റെയും ശക്തിയുടെയും വിശ്വാസത്തിന്റെയും ഒരു കഥ പ്രേക്ഷകരില്‍ തങ്ങി നില്‍ക്കുന്നു. കാരണം അത് ജീവിതമാണ്, യാഥാര്‍ത്യമാണ്, പച്ചയായ സത്യമാണ്. നജീബിന്റെ കഥ പ്രക്ഷകരിലേക്ക് എത്തിക്കുന്നതിലൂടെ ആടുജീവിതം അതിന്റെ കര്‍ത്തവ്യം നിറവേറ്റിയിരിക്കുകയാണ്.
ബെന്യാമിന്‍ അതിന്റെ ആഖ്യാന സാധ്യതയെയും ഉത്തരവാദിത്തത്തെയും ഏറ്റവും മികച്ച രീതിയില്‍ ന്യായീകരിച്ചുകൊണ്ട് എഴുതി. ആടുജീവിതം അദ്ദേഹത്തിന്റെ ആദ്യ കൃതിയാണെന്ന് ചിന്തിക്കാന്‍ പ്രയാസമാണ്. കാരണം തന്റെ ആദ്യ ഫിക്ഷനില്‍ തന്നെ അദ്ദേഹം തന്റെ രചനാ വൈദഗ്ദ്ധ്യം പരിചയസമ്പന്നനായ ഒരു എഴുത്തുകാരനെ പോലെ തുറന്ന് കാണിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച പുസ്തകം ഇംഗ്ലീഷിലേക്കും നിരവധി ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അടുജീവിതം കാലാതീതമായ കലാസൃഷ്ടിയായി തുടരുന്നു.