Magazine
ആദ്യം നിന്നെപ്പോലെ നിന്റെ ചർച്ചിലുള്ളവരെയെങ്കിലും സ്നേഹിക്കുക, എന്നിട്ടാവാം ക്രിസ്ത്യാനിയുടെ മൊത്തം ഉത്തരവാദിത്തം...
Magazine

'ആദ്യം നിന്നെപ്പോലെ നിന്റെ ചർച്ചിലുള്ളവരെയെങ്കിലും സ്നേഹിക്കുക, എന്നിട്ടാവാം ക്രിസ്ത്യാനിയുടെ മൊത്തം ഉത്തരവാദിത്തം...'

ഡോ. സാൽസൺ ലൂക്കോസ്‌
|
12 April 2023 1:50 PM GMT

'ക്രൈസ്തവർക്കെതിരെയുള്ള 95 ശതമാനം ആക്രമണങ്ങളും നേരിട്ടത് കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളല്ല, പ്രൊട്ടസ്റ്റന്റുകളുടെ പല സഭാ വിഭാഗങ്ങളിൽ ഉൾപ്പെട്ടവരാണ്'

ശ്രീമാൻ കെന്നഡി കരിമ്പിൻകാല ഒന്നറിയണം, കേരളം നേരാംവണ്ണം തുണിയുടുത്ത് തുടങ്ങിയിട്ട് പതിറ്റാണ്ടുകളുടെ പഴക്കമേ ആയിട്ടുള്ളൂ. മനപ്പൂർവം മറവിക്ക് വിടുന്നവരോട് അത് ചർച്ച ചെയ്തു ബോധ്യപ്പെടുത്താൻ ആവില്ല. സോപ്പ്, സൂപ്പ്, സാൽവേഷൻ എന്ന് താങ്കൾ കേട്ടിട്ടുണ്ടാകുമല്ലോ. അച്ചടിയന്ത്രം മുതൽ സകല മേഖലയിലും മിഷനറിമാർ ഉണ്ടാക്കിയ പരിവർത്തനങ്ങൾ ഇന്നു കാണുന്ന നമ്പർവൺ കേരളത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്. പള്ളിക്കൂടം എന്ന ആശയം തന്നെ മിഷണറിമാരുടേതാണ്.

ഇതേ പരിവർത്തനങ്ങൾ തന്നെയാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും മിഷണറിമാർ വ്യാപിപ്പിച്ചത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ വിശേഷിച്ചും ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ അവസ്ഥ താങ്കൾക്ക് അറിവുള്ളതാണല്ലോ. അൽപ്പമെങ്കിലും വെളിച്ചമുള്ള ഗ്രാമങ്ങൾ മിഷനറിമാർ ചെന്ന് സ്ഥാപിച്ച സ്‌കൂളുകൾ ഉള്ളിടങ്ങളാണ്. ഇനി ആരാണ് യഥാർത്ഥ മിഷനറിമാർ എന്നുകൂടി ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്. ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏറ്റവും വ്യാപൃതരായവർ ദക്ഷിണേന്ത്യയിലുള്ളവരാണ്. അതിലേറെയും കേരളത്തിൽ നിന്നുള്ളവർ.

അങ്ങനെ നോക്കുമ്പോൾ കേരളമാണ് ഇന്ത്യയുടെ വെളിച്ചം എന്നു പറയാം. എന്നാൽ ആ വെളിച്ചത്തിൽ കത്തോലിക്ക അടങ്ങുന്ന മുഖ്യധാര ക്രിസ്ത്യാനികൾ എന്നറിയപ്പെടുന്നവരുടെ സംഭാവന എന്തെന്നുകൂടി പറയുമ്പോഴാണ് യഥാർത്ഥ മിഷണറിമാർ ആര് എന്ന് ജനത്തിന് ബോധ്യമാകൂ. ബിസിനസും സർവീസും തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെടുന്നത് യഥാർത്ഥ വസ്തുത അറിയുമ്പോളാണ്. നോർത്ത് ഇന്ത്യയിലെ ക്രൈസ്തവർക്കെതിരെയുള്ള 95 ശതമാനം ആക്രമണങ്ങളും നേരിട്ടത് കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളല്ല. പ്രൊട്ടസ്റ്റന്റുകളുടെ പല സഭാ വിഭാഗങ്ങളിൽ ഉൾപ്പെട്ടവരാണ്.

പ്രൊട്ടസ്റ്റന്റുകൾ വലിയ ബിസിനസ് നിക്ഷേപങ്ങൾ നടത്തിയവരല്ല. ചെറിയ കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കുകയും വളരെ ചെറിയ ഫീസിൽ ചിലയിടങ്ങളിൽ ഫീസ് പോലും ഇല്ലാതെ ബുദ്ധിമുട്ടി വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ്. ഇങ്ങനെ ഉള്ളവരാണ് ഭൂരിഭാഗം സുവിശേഷകരും. കർമം ദൈവവേലയായി കണ്ട് ഗ്രാമങ്ങളിൽ ഉള്ളവരോട് തങ്ങൾ വിശ്വസിക്കുന്ന വിശ്വാസപ്രമാണങ്ങൾ പറയുകയും ബോധ്യപ്പെടുത്തുകയും അതോടൊപ്പം ശാന്തമായി പ്രവർത്തനം നടത്തുകയും ചെയ്യുകയാണ് അവരുടെ രീതി.

അവരുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുമ്പോഴാണ് അതിന്റെ പവിത്രത എന്ത് എന്ന് ബോധ്യപ്പെടുക. കേരളത്തിൽ ഉയർന്നുവന്ന പ്രസ്തുത സോപ്പ് സോപ്പ് സാൽവേഷൻ പോലെ ആ ചേരികളിൽ കടന്നുചെന്ന് അവരുടെ കൂടെ ഇരിക്കുകയും കുഞ്ഞുങ്ങൾക്ക് നല്ല വിദ്യാഭ്യാസവും വസ്ത്രവും നൽകി അവരെ പരിഗണിക്കുകയും, ചാണകത്തിൽ കിടക്കാൻ അനുവദിക്കാതെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും ആണ് അവിടെ ചെയ്യുന്നത്.

അതുകൊണ്ടുതന്നെയാണ് ഏറ്റവും കൂടുതൽ സംഘപരിവാർ ആക്രമണങ്ങൾ ഇത്തരം സുവിശേഷകർക്കെതിരെ നടന്നിട്ടുള്ളത്. 95 ശതമാനത്തോളം ആക്രമണങ്ങൾ നടന്നതും ഇത്തരം ആളുകൾക്കെതിരെ ആണ്. എന്നാൽ ഈ മിഷനറിമാരുടെ നിഴല് പറ്റി കത്തോലിക്ക അടങ്ങുന്ന മുന്തിയ ഇനം ക്രിസ്ത്യാനികൾ എന്നറിയപ്പെടുന്നവരുടെ സംഭാവന എന്താണ്? രണ്ടു മേഖലകളിലാണ് അവരുടെ ഇൻവെസ്റ്റ്‌മെന്റ് ഉള്ളത് വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും. വമ്പൻ സ്‌കൂളുകൾ വലിയ മുതൽമുടക്കി നിർമ്മിക്കുകയും തലവരിപ്പണം, കോഴപ്പണം, അഡ്മിഷൻ പണം, യൂണിഫോം, ബുക്ക് എന്നിങ്ങനെ വലിയ തോതിൽ ചൂഷണം നടത്തുകയും ചെയ്യുന്നു. ഈ പ്രവർത്തനങ്ങൾ ദരിദ്രരെ കൂടുതൽ അരികുവൽക്കുകയാണ് ചെയ്യുന്നത്.

ആരോഗ്യ മേഖലയാണെങ്കിൽ പറയുകയും വേണ്ട. മിഷൻ എന്ന ഓമന പേരിൽ അറിയപ്പെടുന്ന എത്ര ആശുപത്രികളിൽ സൗജന്യ ചികിത്സ ഉണ്ട്? ഇല്ലെന്നു മാത്രമല്ല ഭീമമായ തുക അനാവശ്യമായി പിടുങ്ങുവാൻ ഈ മിഷൻ ആശുപത്രികളെ ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിന് എത്രയോ തെളിവുകൾ നമ്മുടെ മുമ്പിൽ ഉണ്ട്. എന്നാൽ മദർ തെരേസയെ പോലെയുള്ള ഇതിഹാസങ്ങളെ വളരെ ബഹുമാനത്തോടെയും ആദരവോടെയും കാണുന്നു. പണം എറിഞ്ഞ് പണം വാരി വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ അപ്പർ ക്ലാസ് എന്ന സാമൂഹിക ജാഡ ഉണ്ടാക്കിയെടുത്ത് അതിൽ അഭിരമിച്ച് കൊണ്ടിരുന്നതിനിടയിലാണ് ഇ.ഡിയുടെ വരവ്. പെട്ടെന്ന് ക്രൈസ്തവ സ്‌നേഹം പൊട്ടിപ്പുറപ്പെട്ടു.

ഒറ്റവാക്കിൽ പറഞ്ഞാൽ സോപ്പ് സൂപ്പ് സാൽവേഷൻ എന്ന മാതൃകാപരമായ സേവനത്തിന്റെ തണലിൽ അല്ലെങ്കിൽ യേശുവിന്റെ പേരിൽ ആട് തേക്ക് മാഞ്ചിയം എന്ന തരത്തിലേക്ക് മാറ്റിയാണ് ഈ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്നത്. ഒരുതരത്തിലും അനുകരണീയമല്ലാത്ത പ്രവർത്തനങ്ങൾ പോലും നടക്കുന്നുണ്ട്. വന്നു വന്നു ഗവൺമെന്റിനെ പോലും സ്വാധീനിക്കാവുന്ന അളവിലേക്ക് ആ സംഘം വളർന്ന് കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ ആ ഉണ്ടാക്കി വച്ചതെല്ലാം സംരക്ഷിക്കുക എന്ന ഒരു ദുഷ്ടലാക്ക് മാത്രമേ സഭാ നേതൃത്വത്തിന്റെ ഈ മനം മാറ്റത്തിന് പിന്നിലുള്ളൂ. ക്രിസ്തീയ സമൂഹത്തോടുള്ള സ്‌നേഹമാണ് നിങ്ങളിലുള്ളതെങ്കിൽ നിങ്ങളുടെ സ്ഥാപനങ്ങളിലെ തൊഴിൽ അനുപാതം ഒന്ന് ക്രമീകരിക്കാൻ ശ്രദ്ധിക്കുക മാത്രം മതി.

2011ലെ കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം ഒരുകോടി 90 ലക്ഷം കത്തോലിക്കരാണ് ഇന്ത്യയിൽ ആകെയുള്ളത്. അതിൽ തന്നെ ഒരുകോടി 20 ലക്ഷം ആളുകളും ദലിത് പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവരാണ്. അപ്പോൾ 60 ശതമാനത്തിലേറെ തൊഴിൽ പരിഗണന കൊടുക്കേണ്ട സാഹചര്യത്തിൽ കേവലം അഞ്ച് ശതമാനത്തിൽ താഴെയാണ് പ്രാതിനിധ്യം തൊഴിൽപരമായി കൊടുത്തിട്ടുള്ളത്. അതുതന്നെ സ്വീപ്പർ, കാന്റീൻ,ഹോം ഗാർഡ് മേഖലകളിൽ.

ആദ്യം നിന്നെപ്പോലെ നിന്റെ ചർച്ചിൽ ഉള്ളവരെ എങ്കിലും ഒന്ന് സ്‌നേഹിക്കുക. എന്നിട്ടാണ് ക്രിസ്ത്യാനിയുടെ മൊത്തം ഉത്തരവാദിത്തവുമായി ക്യാമറയ്ക്ക് മുമ്പിൽ വരേണ്ടത്. മാത്രമല്ല ഭൂമി കുംഭകോണം, റോബിൻ വടക്കുംഞ്ചേരിയുടെ പോക്‌സോ കേസ്, ഫ്രാങ്കോ മുളയ്ക്കൽ കേസ്, ജോസ് സെഫി എന്നിവർ അടങ്ങുന്ന അഭയ കൊലക്കേസ് എന്നീ വിഷയങ്ങളിൽ സാമാന്യ മര്യാദ പോലും നോക്കാതെ സംസാരിച്ചവരാണ് പ്രൊട്ടസ്റ്റന്റുകൾ ചെയ്യുന്ന സേവനത്തിന് മാർക്കിടാൻ വരുന്നത്.

Similar Posts