Magazine
ജന ഗണ മന ഒരു തീ...വിദ്യയെ പ്രേക്ഷകർ അറിയണമെന്ന് കഥ കേട്ടപ്പോഴേ തോന്നി...
Magazine

"ജന ഗണ മന ഒരു തീ...വിദ്യയെ പ്രേക്ഷകർ അറിയണമെന്ന് കഥ കേട്ടപ്പോഴേ തോന്നി..."

ഹരിഷ്മ വടക്കിനകത്ത്
|
2 May 2022 12:34 PM GMT

പുതുചിത്രങ്ങളുടെ വിശേഷങ്ങളും സിനിമാ ജീവിതവും പങ്കുവെച്ച് യുവനടി ധന്യ അനന്യ

ലാല്‍ ജോസ് ചിത്രമായ നാല്‍പ്പത്തിയൊന്നിലെ സുമ, അയ്യപ്പനും കോശിയിലും പൃഥ്വിരാജിനെ വിറപ്പിച്ച ജെസ്സിയെന്ന പൊലീസുകാരി, ഓപ്പറേഷന്‍ ജാവയിലെ ജാനകി, ഭീഷ്മ പര്‍വത്തില്‍ എല്‍സ...ശക്തമായ കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്‍റേതായ ഇടം അടയാളപ്പെടുത്തിയ നടിയാണ് ധന്യ അനന്യ. നാടക വേദികളില്‍ നിന്ന് അഭിനയത്തിന്‍റെ പാഠവങ്ങള്‍ ഉള്‍ക്കൊണ്ടാണ് ധന്യ സിനിമയിലേക്കെത്തുന്നത്. ഇക്കാലയളവിനുള്ളില്‍ ഈ യുവതാരം കൈവെച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷക ഹൃദയങ്ങളില്‍ ആഴത്തിലിറങ്ങിയവയാണ്. പൃഥ്വിരാജ് ചിത്രം ജന ഗണ മനയിലെ പ്രകടനത്തിനാണ് ധന്യയിപ്പോള്‍ കയ്യടി നേടുന്നത്. നിലവില്‍ മലയാള സിനിമാ മേഖലയില്‍ പുകയുന്ന പ്രശ്നങ്ങളിലും തൊഴിലിടങ്ങളിലെ അവകാശങ്ങള്‍ സംബന്ധിച്ചും വ്യക്തമായ കാഴ്ചപ്പാടുമുണ്ട് ഈ കൊട്ടാരക്കരക്കാരിക്ക്. പുതുചിത്രങ്ങളുടെ വിശേഷങ്ങളും സിനിമാ ജീവിതവും പങ്കുവെച്ച് ധന്യ അനന്യ മീഡിയവണ്‍ ഓണ്‍ലൈനിനൊപ്പം ചേരുന്നു....


ജന ഗണ മന ഒരു തീയാണ് പ്രേക്ഷക പ്രതികരണങ്ങളും അങ്ങനെ തന്നെ

ജനഗണമനയെന്ന് പറയുമ്പോള്‍ തന്നെ എന്‍റെ മനസിലേക്ക് വരുന്നത് ഒരു 'ഫയര്‍' ആണ്. ആ തീ പ്രേക്ഷകരും സ്വീകരിച്ചു. പടം റിലീസായപ്പോള്‍ കിട്ടുന്ന പ്രതികരണങ്ങളിലും അതേ തീയുണ്ട്. തീയറ്ററില്‍ വന്നപ്പോഴാണ് മുഴുവന്‍ സിനിമ ഞാന്‍ ആദ്യമായി കാണുന്നത്. എനിക്ക് വിദ്യ എന്ന കഥാപാത്രത്തെ മാത്രമായിരുന്നു ഡിജോ ചേട്ടന്‍ (സംവിധായകന്‍ ഡിജോ ജോസ് ആന്‍റണി) പരിചയപ്പെടുത്തിയത്. ചിത്രത്തില്‍ ഒരു വഴിത്തിരിവ് തന്നെയാണ് വിദ്യ. അവള്‍ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങള്‍ തന്നെയാണ് എന്നെ ആ റോള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചതും. അങ്ങനെയൊരു കഥാപാത്രം ആളുകള്‍ക്ക് മുന്നിലെത്തണമെന്നെനിക്ക് തോന്നി. വളരെ കണക്ടിങ്ങ് ആയിട്ടുള്ള കഥാപാത്രമാണ് വിദ്യ. ജീവിതത്തില്‍ ഏത് പ്രതികൂല സാഹചര്യത്തെയും പൊരുതി മുന്നേറണമെന്ന് വിശ്വസിക്കുന്നയാളാണ് ‍ഞാന്‍. പക്ഷെ, അതിന് സാധിക്കാത്ത ഒരുപാട് നിസ്സഹായരുണ്ട് നമുക്ക് ചുറ്റും. വിദ്യയെ അവതരിപ്പിക്കുമ്പോള്‍ ആ ഒരു തിരിച്ചറിവാണ് എന്നിലുണ്ടായത്. വിദ്യയെ ഞാന്‍ മനസിലാക്കിയതിനേക്കാള്‍ കൂടുതല്‍ പ്രേക്ഷകര്‍ മനസിലാക്കിയിട്ടുണ്ടെന്നാണ് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.


ജന ഗണ മന എന്ന ചിത്രത്തില്‍ നിന്ന്

ജേര്‍ണലിസം, നാടകം, സിനിമ....

സ്കൂളില്‍ പഠിക്കുമ്പോഴൊന്നും അഭിനയത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല. പിന്നെ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം കോഴ്സ് ചെയ്തപ്പോഴാണ് എല്ലാം മാറിയത്. അക്കാലത്ത് ഒന്നിച്ച് പഠിക്കുന്നവരുടെ പ്രൊജക്ട് വര്‍ക്കുകളില്‍ അഭിനയിക്കുകയും മറ്റും ചെയ്തു. നാടകങ്ങള്‍ കാണാന്‍ പോകുമായിരുന്നു അപ്പോഴൊക്കെ. നാടകം ഇഷ്ടപ്പെട്ടതോടെയാണ് അഭിനയത്തോട് എനിക്ക് ഇഷ്ടം തോന്നുന്നത്. സ്റ്റേജില്‍ ഒരു കഥാപാത്രത്തെക്കാണുമ്പോള്‍ മറ്റൊന്നും എന്‍റെ മനസില്‍ വരുമായിരുന്നില്ല. അഭിനയം പഠിക്കണമെന്നും കൂടുതല്‍ അറിയണമെന്നും തോന്നി. പക്ഷെ ഇക്കാര്യം വീട്ടില്‍ പറ‍ഞ്ഞപ്പോള്‍ ആദ്യം എതിര്‍പ്പൊക്കെയുണ്ടായി. ജോര്‍ണലിസം പഠിക്കാന്‍ പോയിട്ട് നാടകത്തില്‍ അഭിനയിക്കാനോ..? എന്നായിരുന്നു എല്ലാവരുടെയും പ്രതികരണം.


പക്ഷെ ഞാന്‍ കാലടിയിലെത്തി തിയറ്ററില്‍ ചേര്‍ന്നു. അക്കാലത്ത് കൊച്ചി ബിനാലെയില്‍ ഞാന്‍ 'ആര്‍ട്ട് ബൈ ചില്‍ഡ്രണ്‍' എന്ന ഒരു സെക്ഷനില്‍ വര്‍ക്ക് ചെയ്തിരുന്നു. എനിക്ക് ഭയങ്കര ഇഷ്ടമാണ് കുട്ടികള്‍ക്കൊപ്പം സമയം ചെലവിടാന്‍. പിന്നീട് ലഖ്നൗവില്‍ പോയി ചില്‍ഡ്രണ്‍സ് തിയേറ്റര്‍ എന്ന ഗ്രൂപ്പില്‍ ജോയിന്‍ ചെയ്തു. തിരിച്ചെത്തിയപ്പോള്‍ എനിക്ക് മറ്റൊന്നും ചെയ്യാന്‍ തോന്നിയില്ല. അഭിനയത്തോട് എത്രത്തോളം ഇഷ്ടമുണ്ടെന്ന് തിരിച്ചറിയുന്നത് ഈ കാലയളവിലാണ്. വേറെ ജോലികള്‍ ചെയ്യാനോ കണ്ടെത്താനോ ഞാന്‍ പിന്നീട് ശ്രമിച്ചിട്ടില്ല. സ്റ്റേജില്‍ പെര്‍ഫോം ചെയ്യുമ്പോഴൊക്കെ വളരെ സന്തോഷമായിരുന്നു. ഇഷ്ടമുള്ളതെന്തോ അത് ചെയ്യുന്നതല്ലേ നല്ലത്. നാടകം തന്നെ കേന്ദ്രീകരിച്ച് അഭിനയത്തിന്‍റെ സാധ്യതകള്‍ പഠിക്കണമെന്ന് തന്നെയാണ് എന്‍റെ ആഗ്രഹം. ഒട്ടും പ്രതീക്ഷിക്കാതെ ഗോപന്‍ ചിദംബരം മാഷിന്‍റെ തുറമുഖം എന്ന നാടകത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത് ജീവിതത്തില്‍ വഴിത്തിരിവായി.

അതിരനിലെ ആ കുഞ്ഞുസീന്‍ ഇന്നും നല്ല ഓര്‍മയുണ്ട്

ഫഹദ് ഫാസില്‍ നായകനായ 'അതിരന്‍' ആണ് എന്‍റെ ആദ്യത്തെ കൊമേഴ്ഷ്യല്‍ പടം. ഒരു ചെറിയ സീനായിരുന്നു അത്. പെര്‍ഫോം ചെയ്യാനുള്ള സാധ്യതകളൊന്നുമില്ല, പക്ഷെ എന്‍റെ സാന്നിധ്യമുണ്ടാകും എന്നായിരുന്നു വിളിച്ചപ്പോള്‍ തന്നെ പറഞ്ഞത്. എന്നാല്‍ സിനിമയില്‍ എന്താണ് നടക്കുന്നത്, എങ്ങനെയാണ് രീതികള്‍ എന്നൊക്കെ അറിയണമെന്നുണ്ടായിരുന്നു. അതുകൊണ്ടാണ് ആ അവസരം സ്വീകരിച്ചത്.

എന്ത് ചെയ്യണമെങ്കിലും എനിക്കൊന്ന് പ്രാക്ടീസ് ചെയ്യണമായിരുന്നു. അത് നാടകത്തില്‍ നിന്ന് കിട്ടിയ നല്ല ഗുണമായിട്ടാണ് ഞാന്‍ കാണുന്നത്. പക്ഷെ അതിരന്‍റെ സെറ്റിലെത്തിയപ്പോള്‍ എല്ലാം എനിക്ക് പുതിയ അനുഭവമായിരുന്നു. എന്‍റെ ആദ്യ ഷോട്ട് തന്നെ ഫഹദ് ഫാസിലിനും അതുല്‍ കുല്‍ക്കര്‍ണിക്കുമൊപ്പമായിരുന്നു. അന്ന് ആദ്യ ടേക്കില്‍ തന്നെ എന്‍റെ ഭാഗം ഓക്കെയായി. റോള്‍ ചെറുതോ വലുതോ എന്നതല്ല, ഇപ്പോഴും ഞാന്‍ അത് കൃത്യമായി ഓര്‍ക്കുന്നുണ്ട്. പിന്നീട് നാല്‍പ്പത്തൊന്ന് എന്ന സിനിമയിലേക്ക് വിളിക്കുന്നതും രണ്ടുവര്‍ഷം മുമ്പെടുത്ത ഒരു ഫോട്ടോ കണ്ടിട്ടാണ്. നമ്മള്‍ ചെയ്യുന്ന ഏതൊരു കാര്യത്തിനും വളരെ പ്രധാന്യമുണ്ടെന്ന് മനസിലാക്കിയ നിമിഷങ്ങളായിരുന്നു അതൊക്കെ. ഒന്നും വെറുതെയാകില്ല...


നാല്‍പ്പത്തിയൊന്ന് എന്ന ചിത്രത്തില്‍ നിന്ന്

വഴിത്തിരിവായത് നാല്‍പ്പത്തൊന്നിലെ സുമ

ലാല്‍ ജോസിന്‍റെ നാല്‍പ്പത്തിയൊന്ന് എന്ന സിനിമയില്‍ അഭിനയിച്ചതു വഴിയാണ് ഞാന്‍ അയ്യപ്പനും കോശിയിലുമെത്തുന്നത്. എന്‍റെ പെര്‍ഫോമന്‍സ് ഒന്നും കാണാതെ, ഫോട്ടോ കണ്ടാണ് സുമ എന്ന കഥാപാത്രത്തിന് യോജിച്ചതാണെന്ന് ലാലു ഏട്ടന്‍ (ലാല്‍ ജോസ്) തീരുമാനിക്കുന്നത്. അത് എന്നെ സംബന്ധിച്ച് വലിയ സന്തോഷമുള്ള കാര്യമായിരുന്നു. പക്ഷെ, അയ്യപ്പനും കോശിയിലും അഭിനയിക്കുന്നതിന് മുമ്പ് എനിക്ക് ഓഡിഷന്‍ ഉണ്ടായിരുന്നു. സിനിമയില്‍ ചെയ്ത എല്ലാ ഭാഗങ്ങളും ഓഡീഷനിലും ചെയ്തിരുന്നു. അപ്പോള്‍ തന്നെ സ്ക്രിപ്റ്റ് സംബന്ധിച്ച് എനിക്ക് വ്യക്തമായ ധാരണയുമുണ്ടായിരുന്നു.

സച്ചിയേട്ടന്‍ ഒരു 'റിയല്‍ ഹ്യൂമന്‍'

അനുഭവ സമ്പന്നനായ ഒരു സംവിധായകനും തിരക്കഥാകൃത്തുമാണ് സച്ചിയേട്ടന്‍. പോരാത്തതിന് പൃഥ്വിരാജ്, ബിജുമേനോന്‍, അനില്‍ നെടുമങ്ങാട് തുടങ്ങിയ അഭിനേതാക്കളും. നല്ല ടീമായിരുന്നു അത്. എല്ലാ സെറ്റില്‍ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകും. എങ്ങനെയാണ് ഓരോരാളും അഭിനയിക്കുന്നത്, വ്യത്യസ്ത സാഹചര്യങ്ങളില്‍ പെരുമാറുന്നത് എന്നൊക്കെ. അത്തരത്തിലൊരു പഠനം അയ്യപ്പനും കോശിയും ചെയ്യുമ്പോള്‍ കൃത്യമായി നടന്നിരുന്നു.


അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ധന്യ അനന്യ

സച്ചിയേട്ടന്‍ ഒട്ടും 'ഫേക്ക്' അല്ലാത്ത ഒരു റിയല്‍ ഹ്യൂമനാണ്. എന്താണോ കഥാപാത്രത്തിന് ആവശ്യം അതൊക്കെ ഷോട്ടെടുക്കുന്നതിന് മുമ്പ് തന്നെ സച്ചിയേട്ടന്‍ വ്യക്തമായി പറഞ്ഞുതരും. കരയുന്ന ഒരു സീനുണ്ട് സിനിമയില്‍. അതിനു മുമ്പ് സച്ചിയേട്ടന്‍ എന്നോട് പറഞ്ഞത് ആദ്യ ഷോട്ട് തന്നെ നന്നാവാന്‍ പരമാവധി ശ്രമിക്കണമെന്നായിരുന്നു. ഒരുപാട് കരഞ്ഞാല്‍ ആ ഇമോഷന്‍റെ വാല്യു കുറച്ചുകുറച്ചായി നഷ്ടപ്പെടുമെന്നും പറഞ്ഞു. എന്തെങ്കിലും കാരണത്താല്‍ നമ്മള്‍ അസ്വസ്ഥരാവുകയോ ടേക്ക് നമ്പര്‍ കൂടിപ്പോവുകയോ ചെയ്താല്‍, ആശ്വസിപ്പിക്കാനും സച്ചിയേട്ടന്‍ ശ്രദ്ധിക്കാറുണ്ട്. പിന്നെ, അന്ന് ആ സെറ്റിലുണ്ടായിരുന്ന രാജുവേട്ടനായാലും(പൃഥ്വിരാജ്) ബിജു ചേട്ടനായാലും(ബിജു മേനോന്‍) മറ്റാരായാലും ചെയ്യുന്ന ജോലിയെ വളരെ സ്നേഹിക്കുന്നവരും ആത്മാര്‍ത്ഥതയോടെ സമീപിക്കുന്നവരുമായിരുന്നു. തിയറ്ററിലെത്തുമ്പോള്‍ നമ്മള്‍ കാണുന്നത് ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുള്ള, കളറിങ്ങ് കഴിഞ്ഞ, മറ്റ് ഇഫക്ടുകള്‍ എല്ലാം ചെയ്ത വേര്‍ഷനാണ്. പക്ഷെ ഇതൊന്നുമില്ലാതെ, ഓരോരുത്തരുടെയും പെര്‍ഫോമന്‍സ് കാണുമ്പോള്‍ എത്രത്തോളം പാഷനേറ്റാണെന്ന് മനസിലാകും.

ചെറുത്, വലുത് എന്നില്ല...എന്നെ സ്വാധീനിക്കുന്ന കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്യും

കഥാപാത്രത്തിന്‍റെ സാധ്യതകള്‍ നോക്കിയിട്ടാണ് ഞാനൊരു റോള്‍ ഏറ്റെടുക്കുന്നത്. ആ കഥാപാത്രം ഞാനുമായി ആശയവിനിമയം നടത്തുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പ്രേക്ഷകരുമായി അത് ആശയവിനിമയം നടത്തണം. ഈ പ്രോസസ്സിൽ എന്റെ ടീമുമായി ചേര്‍ന്ന് പ്രൊജക്ടിനെപ്പറ്റി വ്യക്തമായ ധാരണയുണ്ടാക്കിയതിന് ശേഷമാണ് ഞാനത് ഏറ്റെടുക്കുന്നത്. സീരിയസായാലും കോമഡിയായാലും ആ റോള്‍ എന്നെ സ്വാധീനിക്കുകയാണെങ്കില്‍ എനിക്കത് ചെയ്യണമെന്ന് തോന്നും. അതില്‍ ചെറുതെന്നോ വലുതെന്നോ വേര്‍തിരിവില്ല. ഭീഷ്മമ പര്‍വത്തിലെ എല്‍സ എന്ന കഥാപാത്രമൊക്കെ വളരെ പ്രാധാന്യമുള്ളത് തന്നെയാണ്. കെവിന്‍- നീനു വിഷയം കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. അതുകൊണ്ടു എല്‍സയും സാമൂഹ്യ പ്രസക്തമാണ്. പ്രധാന കഥാപാത്രങ്ങളെ മാത്രമല്ല, ഓരോ കഥാപാത്രങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന പ്രേക്ഷകരാണ് നമ്മുടേത്.


വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ അഭിനേതാക്കള്‍ മാത്രം വിചാരിച്ചാല്‍ പോര...

ഒരു അഭിനേതാവിന്‍റെ വ്യത്യസ്തമായ കഴിവുകള്‍ പ്രേക്ഷകരിലെത്തിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തുമൊക്കെ ശ്രദ്ധിക്കണം. അവരും ആ വെല്ലുവിളി ഏറ്റെടുക്കണം, അഭിനേതാക്കള്‍ മാത്രം ഏറ്റെടുത്താല്‍ പോര. ആ പതിവ് ബ്രേക്ക് ചെയ്യാതെ പോകുമ്പോഴാണ് ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങള്‍ വരുന്നതും അക്കാരണംകൊണ്ട് ചിലത് ഒഴിവാക്കേണ്ടി വരുന്നതും. പുതിയ പുതിയ കഥാപാത്രങ്ങള്‍ ചെയ്യാന്‍ തന്നെയാണ് എനിക്കിഷ്ടം. അവസരം കൊടുക്കുക, ഒന്ന് പരീക്ഷിക്കുക, ഓക്കെ അല്ലെങ്കില്‍ മാറ്റുക... അതല്ലേ നല്ലത്. പിന്നെ, നമ്മള്‍ ഒരു കാര്യം ബെസ്റ്റ് ആയിട്ട് ചെയ്യുകയാണെങ്കില്‍ അത് സേഫാണെന്ന് എല്ലാര്‍ക്കും തോന്നും. ഉദാഹരണത്തിന് സ്കൂളില്‍ സ്മാര്‍ട്ട് ആയിട്ടുള്ള ഒരു കുട്ടിയെ ടീച്ചര്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുന്നത് അതവര്‍ ചെയ്യുമെന്ന വിശ്വാസത്തിലാണ്.

ഓപ്പറേഷന്‍ ജാവ ടീമിനൊപ്പം വീണ്ടും...

ഓപ്പറേഷന്‍ ജാവയുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ രണ്ടാമത്തെ ചിത്രം സൗദി വെള്ളക്കയാണ് ഇനി പുറത്തിറങ്ങാനുള്ളത്. മെയ് 20ന് ചിത്രം റിലീസനെത്തും. നിലവില്‍ നാടകങ്ങള്‍ ചെയ്യുന്നില്ല. എന്നുകരുതി ഒഴിവാക്കിയിട്ടില്ല. ഏറ്റെടുത്ത ചില പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്.


പ്രശ്നങ്ങളുണ്ടായാല്‍ തുറന്നു പറയാന്‍ സാധിക്കണം, ഇരയ്‌ക്കൊപ്പം നില്‍ക്കണം

സ്ത്രീകളാണെങ്കിലും പുരുഷന്മാരാണെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ആരോടെങ്കിലും പറയാന്‍ പറ്റണം. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് സത്യസന്ധമാണോ എന്നന്വേഷിച്ച് എല്ലാവരും കൂടെ നില്‍ക്കണം. അതില്‍ പ്രതികരണങ്ങളുണ്ടാകണം. ഏത് ഭാഗത്താണ് സത്യം ആ പക്ഷത്തായിരിക്കും ഞാന്‍. അങ്ങനെ എല്ലാവരും ചെയ്യണം.

സൗദി വെള്ളക്കയുടെ പ്രമോഷന്‍ വീഡിയോകള്‍ ഇതിനോടകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. കുറച്ച് അമ്മമാരും അപ്പച്ചന്‍മാരും അതില്‍ സംസാരിക്കുന്നുണ്ട്. ആ കൂട്ടത്തില്‍ ഒരപ്പച്ചന്‍ പറയുന്നതിങ്ങനെയാണ് "ഞാന്‍ പല സെറ്റിലും പോയിട്ടുണ്ട്, ആള്‍ക്കാര്‍ മാറി നില്‍ക്കാന്‍ പറ‍ഞ്ഞ് തട്ടിക്കളയും..." അതായത് തനിക്കിഷ്ടമുള്ള ജോലി ചെയ്യാന്‍ രാവിലെ മുതല്‍ സെറ്റില്‍ വന്നുനിന്നിട്ട് അവര്‍ക്ക് കിട്ടുന്നത് ഇതൊക്കെയാണ്. സൗദി വെള്ളക്കയില്‍ അതല്ല അനുഭവമെന്നാണ് ആ അപ്പച്ചന്‍ പറ‍ഞ്ഞത്. ഒരാള്‍ക്ക് കൊടുക്കേണ്ട ബഹുമാനവും മര്യാദയും നമ്മള്‍ കൊടുക്കണം. അവര്‍ ആരായാലും. സിനിമാ സെറ്റുകളില്‍ വിവേചനമുണ്ടാകാന്‍ പാടില്ല. തുല്യതയും സമാധാനവും വേണം ജോലി സ്ഥലത്ത്. എല്ലാം മാറും..അതിനുവേണ്ടി നമുക്ക് വര്‍ക്ക് ചെയ്യാം...

Similar Posts