മൊബൈൽ ഫോൺ ഉപയോഗം കാൻസർ രോഗത്തിന് കാരണമോ?
|ഫെബ്രുവരി നാല് ലോക കാൻസർ ദിനം
സമീപകാലത്ത് വളരെയധികം പഠനങ്ങൾക്ക് വിധേയമായിട്ടുള്ള വിഷയമാണ് കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗവും കാൻസർ സാധ്യതയും്. ആശുപത്രിയിൽ എന്നെ സന്ദർശിക്കുന്ന പല മാതാപിതാക്കളും ഈ ഒരു സംശയം എന്നോട് ചോദിക്കാറുമുണ്ട്. കോവിഡിന്റെ വരവോടുകൂടിയാണ് കുട്ടികളുടെ മൊബൈൽ ഉപയോഗം അനുവദനീയമായ നിലയിൽ എത്തിച്ചേർന്നത്. എന്നാൽ ആ സാഹചര്യം മാറി സ്‌കൂളുകളിലേക്ക് പോകാൻ തുടങ്ങിയെങ്കിലും സ്‌കൂളുകൾ കഴിഞ്ഞ് വരുന്ന കുട്ടികൾ ആദ്യം ഓടിയെത്തുന്നത് മൊബൈൽ ഫോണിന്റെ അടുത്തേക്കാണ്. ചെറിയ കുട്ടികളുടെ കാര്യം എടുത്താലോ അവർക്ക് ഭക്ഷണം നൽകാനും അടക്കിയിരുത്താനും ഉറങ്ങുന്നതിന് പോലും മാതാപിതാക്കൾ ആശ്രയിക്കുന്നത് മൊബൈൽ ഫോണിനെ തന്നെ. കുട്ടികൾ മാത്രമല്ല മുതിർന്നവരും ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഡിജിറ്റൽ ഉപകരണങ്ങളിലൂടെ സമയം ചെലവഴിക്കുന്നവരാണ്.
മൊബൈൽ ഫോൺ റേഡിയേഷൻ മൂലം കുട്ടികളിൽ കാൻസർ വരാനുള്ള സാധ്യതയെ കുറിച്ച് പതിറ്റാണ്ടുകളായി നടന്നുവരുന്ന ശാസ്ത്രീയ ഗവേഷണത്തിനും ഇതുവരെയും കൃത്യമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ IARC നടത്തിയ പഠനത്തിൽ സ്മാർട്‌ഫോൺ ഉപയോഗം കാൻസറിനോ ട്യൂമറിനോ കാരണമാകുമെന്നതിന് തെളിവുകളില്ല എന്നാണ്. മൊബൈൽ ഫോണുകൾ പുറന്തള്ളുന്ന നോൺ അയോണിങ് റേഡിയേഷനിൽ ഡി.എൻ.എ കേടുപാടുകൾക്ക് ആവശ്യമായ ഊർജം ഇല്ല എന്നാണ് പഠനമെങ്കിലും, ഇവയിൽ നിന്ന് പ്രവഹിക്കുന്ന റേഡിയോ തരംഗങ്ങൾ തലച്ചോറിനെയും കോശങ്ങളെയും നാഡി - ഞരമ്പുകളുടെ പ്രവർത്തനത്തെയും ദോഷകരമായി ബാധിക്കും.
14 വയസ്സിൽ താഴെയുള്ള കുട്ടികളിൽ ഉണ്ടായേക്കാവുന്ന ചില ദോഷവശങ്ങൾ സംബന്ധിച്ച ചില പഠനങ്ങൾ ഈയിടെ പുറത്തുവന്നിട്ടുണ്ട്. പഠനങ്ങൾ തെളിയിക്കുന്നവ ഗുണമായാലും ദോഷമായാലും കുട്ടികളെ സംബന്ധിച്ച ചില കാര്യങ്ങൾ പറയുവാൻ ആഗ്രഹിക്കുന്നു. കുട്ടികളുടെ ത്വക്ക് മുതൽ എല്ലാ അവയവങ്ങളും വളർച്ചയുടെ ഘട്ടത്തിൽ ആയതിനാൽ മൊബൈലിൽ നിന്നുണ്ടാകുന്ന വൈദ്യുത കാന്തിക തരംഗങ്ങൾ മുതിർന്നവരെക്കാൾ വേഗത്തിൽ കുട്ടികളെ ഗുരുതരമായി ബാധിക്കുന്നു. വീഡിയോ കാണുന്നതിനും ഗെയിമിനും മറ്റുമുള്ള മൊബൈൽ ഉപയോഗം പതിവാകുന്നതോടെ കാഴ്ചശക്തി കുറയുക, വിഷാദം, വാശിയും ദേഷ്യവും വർധിക്കുക പഠനത്തിൽ ശ്രദ്ധകുറയുക തുടങ്ങി ആത്മഹത്യാ പ്രവണത വരെ ഇത് മൂലമുണ്ടാകുന്നു.
മൊബൈൽ കമ്പ്യൂട്ടർ സുലഭമല്ലാതിരുന്ന ഒരു കാലത്ത് കുട്ടികൾക്ക് അവരുടെ ബാല്യകാലം സമൃദ്ധമായിരുന്നു സോഷ്യൽ മീഡിയയുടെ വളർച്ചയും കാലഘട്ടത്തിന്റെ മുന്നേറ്റവും നമ്മുടെ ജീവിതശൈലി ഉണ്ടാക്കിയ മാറ്റം അവരുടെ ബാല്യത്തിനെയും ബാധിച്ചിരിക്കുന്നു. ചുറ്റുപാടുകളെ അറിഞ്ഞ് കളിച്ചു വളരേണ്ട പ്രായത്തിൽ മൊബൈൽ ഫോണിന്റെ ചെറിയ സ്‌ക്രീനിൽ അവരുടെ ബാല്യം ഒതുങ്ങാൻ പാടില്ല. മൊബൈൽ വേണമെന്ന് വാശിപിടിക്കുന്ന കുട്ടികളെ രക്ഷിതാക്കൾ അതിന്റെ ദൂഷ്യവശം പറഞ്ഞു മനസ്സിലാക്കി നിശ്ചിത സമയത്തേക്ക് അത്യാവശ്യമെങ്കിൽ മാത്രം അനുവദിക്കുക. മുഖത്തോടു ചേർത്തുപിടിച്ചു കാണുന്നതിനും, തലയിണയുടെ അടിയിൽവച്ച് ഉറങ്ങുന്നതും ഒരുകാരണവശാലും അനുവദിക്കരുത്. മാതാപിതാക്കൾ എന്നതിലുപരി കുട്ടികളുമായി സൗഹൃദം പുലർത്തുക അവരുടെ ബാല്യകാലം അവർ പൂർണമായും ആസ്വദിച്ചു വളരട്ടെ. ഇങ്ങനെ ചെയ്യുന്നതോടൊപ്പം തന്നെ കാൻസറിന്റെ ലക്ഷണങ്ങളും നമ്മൾ മനസിലാക്കിയിരിക്കണം. രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വിട്ടു മാറാത്ത പനി, ക്ഷീണം, വിളർച്ച, അമിതമായ രക്തസ്രാവം, തൊലിപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന പുള്ളികൾ എന്നിവ കുട്ടികളിൽ രക്താർബുദത്തിന്റെ ലക്ഷണങ്ങളാകാം. എല്ലുകളിൽ ഉൾപ്പെടെയുള്ള കടുത്ത ശരീരവേദന, സന്ധികളിൽ പ്രത്യക്ഷപ്പെടുന്ന വീക്കം എന്നിവയും ശ്രദ്ധിക്കണം. കഴുത്ത്, ഇടുപ്പ്, കക്ഷം എന്നിവിടങ്ങളിൽ കഴലകൾ വീങ്ങിയിരിക്കുന്നത് ലിംഫോമയുടെയോ രക്താർബുദത്തിന്റെയോ ലക്ഷണമാകാം. കഴലകൾ കണ്ടാൽ പരിശോധിച്ച് അത് കാൻസർ അല്ലെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. കാരണമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുക, രാത്രി അസാധാരണമായി വിയർക്കുക എന്നിവയും കാൻസറിന്റെ ലക്ഷണമാകാം. ഇതെക്കുറിച്ച് എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ 9633620660 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
(കോഴിക്കോട് ആസ്റ്റർ മിംസിലെ കുട്ടികളുടെ കാൻസർ വിഭാഗം കൺസൽട്ടൻ്റും ബോൺമാരോ ട്രാൻസ്ഫ്യൂഷൻ സ്പഷലിസ്റ്റുമായ ഡോ. കേശവൻ ആണ് വിവരങ്ങൾ നൽകിയത്)