Magazine
Absent in Politics and Power, Political Exclusion of Indian Muslims,IPS officer Abdur Rahman
Magazine

രാഷ്ട്രീയത്തിൽ മുസ്‍ലിംകളെ കാണാതായതെങ്ങനെ? ഒരു കേസ് ഡയറി

PT Naser
|
25 April 2024 4:47 AM GMT

ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചകളിൽ നിന്നാണ് പുസ്തകം തുടങ്ങുന്നത്. വിഭജനാനന്തരം ഇന്ത്യയിലെ നിയമനിർമാണസഭകളിൽ മുസ്‍ലിം പങ്കാളിത്തം എങ്ങനെ വേണം എന്നതിനെക്കുറിച്ച് നടന്ന ചർച്ചകളുടെ വിശദവിവരണങ്ങൾ.പൊതുവിൽ ന്യൂനപക്ഷം മാത്രമല്ല സവിശേഷമായി മുസ്‍ലിംകളെ കുറിച്ചുതന്നെ ചർച്ചകളുണ്ടായി.

ഭരണഘടനാ നിർമ്മാണസഭയിലെ മുസ്‍ലിം പങ്കാളിത്തത്തെക്കുറിച്ചുള്ള വിവരങ്ങൾ പരതുന്നതിനിടയിലാണ് ഇന്ത്യൻ ഭരണഘടനയുടെ ജീവചരിത്രം എന്നു പറയാവുന്ന ഒരു പുസ്തകം ഉണ്ടെന്നറിഞ്ഞത്. The Indian Constitution- cornerstone of a Nation.ഗ്രാൻവില്ലേ ഓസ്റ്റിൻ എഴുതിയത്. ഓക്സ്ഫോർഡ്‌ യൂനിവാഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ചത്. അവലോകനങ്ങൾ വായിച്ചപ്പോൾ അത് വരുത്താതെ വയ്യെന്നായി.അത് വായിക്കാനെടുത്ത ദിവസമാണ് അദർ ബുക്സിൽ നിന്ന് ഡോ.ഔസാഫ് അഹ്സൻ മറ്റൊന്ന് കൊടുത്തയക്കുന്നത്: Absent in Politics and power -Political Exclusion of Indian Muslims. അബ്ദുറഹ്മാൻ എന്നാണ് കവറിൽ ഗ്രന്ഥകർത്താവിൻ്റെ പേരുകാണുന്നത്. ഡൽഹിയിലെ മനോഹർ പബ്ലിഷേഴ്സാണ് പ്രസിദ്ധീകരിച്ചത്.

പുസ്തകത്തിൻ്റെ കെട്ടുംമട്ടും എഴുത്തുകാരൻ്റെ സർവ്വസാധാരണമായ പേരും കാര്യമായ മടുപ്പുണ്ടാക്കി എന്ന സത്യം പറയാതിരുന്നുകൂട. ഈ അബ്ദുറഹ്മാൻ മഹാരാഷ്ട്രയിയിലെ ഒരു ഐ.പി.എസ് ഓഫീസറായിരുന്നു എന്നുകൂടി കണ്ടപ്പോൾ മടുപ്പു കൂടിയെന്നതും സത്യം. ഒരു പോലീസുകാരൻ രാഷട്രീയമെഴുതിയാൽ എങ്ങനെയായിരിക്കും എന്ന കൗതുകംപോലും തോന്നിയില്ല. ഒരു മുൻവിധി!

അബ്ദുറഹ്മാൻ

അബ്ദുറഹ്മാൻ

എന്നാൽ ആമുഖത്തിൻ്റെ ആദ്യഖണ്ഡിക കടന്നപ്പോൾതന്നെ മട്ടുമാറി. അവതാരിക, അവതരണം, അനുഗ്രഹലേഖനം തുടങ്ങിയ ചടങ്ങുകളൊന്നുമില്ല. ആമുഖമായി ഗ്രന്ഥകാരൻ എഴുതിയിരിക്കുന്നത്, ഉള്ളടക്കത്തിൻ്റെ വിശദീകരണമാണ്. ഒരോ അദ്ധ്യായത്തിലും എന്താണ് പറഞ്ഞിരിക്കുന്നത് എന്നതിൻ്റെ സൂചനയാണ് ഓരോ ഖണ്ഡികയും.

അതുകഴിഞ്ഞ്, ആദ്യ അദ്ധ്യായത്തിലേക്ക് കടന്നപ്പോഴാണ് അന്തംവിട്ടത്. മാധ്യമ പ്രവർത്തകരുടേയും, ചരിത്രകാരന്മാരുടേയും ഭാഷയുടെ താളമില്ല. അക്കാദമിക് രചനകളുടെ മട്ടാണ്. ആദ്യത്തെ രണ്ടുമൂന്ന് അധ്യായം കഴിഞ്ഞാൽ കണക്കാണ്. സ്ഥിതിവിവരക്കണക്കിൻ്റെ ആധിക്യമുണ്ട് എന്ന് പറയാം. എന്നാലും മടുക്കില്ല. ബാക്കി കണക്ക് നോക്കാനാണ് തോന്നിക്കുക. ആധികാരികതയാണ് ആകർഷണം.

ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചകളിൽ നിന്നാണ് തുടങ്ങുന്നത്. വിഭജനാനന്തരം ഇന്ത്യയിലെ നിയമനിർമാണസഭകളിൽ മുസ്ലിംപങ്കാളിത്തം എങ്ങനെ വേണം എന്നതിനെക്കുറിച്ച് നടന്ന ചർച്ചകളുടെ വിശദവിവരണങ്ങൾ. പൊതുവിൽ ന്യൂനപക്ഷം മാത്രമല്ല സവിശേഷമായി മുസ്‍ലിംകളെ കുറിച്ചുതന്നെ ചർച്ചകളുണ്ടായി.

ആനുപാതിക പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള വഴികൾ ആരാഞ്ഞു. സംവരണത്തിൻ്റെ സാധ്യതകളന്വേഷിച്ചു. അതിനെക്കുറിച്ചൊക്കെയും കീറിമുറിച്ചു ചർച്ചചെയ്തു. എന്നിട്ടൊടുവിൽ തീരുമാനം വന്നത് മുസ്ലിംകൾ പൊതുമണ്ഡലത്തിൽ മത്സരിച്ചു കയറിയാൽ മതിയെന്നാണ്. സംവരണം പട്ടികജാതി/ വർഗ മണ്ഡലങ്ങളിലൊതുങ്ങി. സാമൂഹ്യ സാഹചര്യങ്ങൾ സമാനമാണെങ്കിലും മുസ്ലിംകൾ സംവരണം അർഹിക്കുന്നില്ലെന്നായി അന്തിമകരട് !

ചർച്ചകളെ അവിടെക്കൊണ്ട് കെട്ടിക്കാൻ സർദാർ വല്ലഭ്ഭായി പട്ടേൽ കാട്ടിയ ചാതുര്യം ഭയങ്കരംതന്നെയെന്ന് ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു. അക്കാര്യം ഭരണഘടനയുടെ ജീവചരിത്രത്തിൽ ഗ്രാൻവില്ലേ ഓസ്റ്റിനും എടുത്തു പറയുന്നുണ്ട്.

പട്ടേലിൻ്റെ പിന്നാലെ നെഹ്റുവിൻ്റെ ഊഴമായിരുന്നു. പാർട്ടിയിലും പാർലമെൻ്റിലും നെഹ്റു ചൊരിഞ്ഞ വാഗ്ദാനങ്ങൾ. തെരഞ്ഞെടുപ്പു കാലത്തും അല്ലാത്തപ്പോഴും നടത്തിയ പ്രസംഗങ്ങൾ. മുസ്ലിംകളടെ പ്രാതിനിധ്യം ഉറപ്പുവരുത്തുകയെന്നത് കോൺഗ്രസിൻ്റെ കടമയാണെന്ന ആണയിടൽ. പിന്നീട് കോൺഗ്രസ് പിന്നാക്കം പോയത്.

സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പരമ്പരയിലെ മുസ്ലിം പ്രാതിനിധ്യം, അവിടെവന്ന ഏറ്റക്കുറച്ചിലുകൾ, പ്രാദേശിക പാർട്ടികളുടെ പരിഗണന, അതൊക്കെയും വിശദീകരിച്ച്, കണക്കുസഹിതം സമർത്ഥിച്ച് ഓരോ അദ്ധ്യായവും അവസാനിപ്പിക്കുമ്പോൾ ഗ്രന്ഥകാരൻ്റെ നിഗമനങ്ങളുണ്ട്.

പാർലമെൻ്റിലേയും മുഴുവൻ സംസ്ഥാനങ്ങളിലേയും സ്ഥിതിവിവരമുണ്ട്. 1952 ലെ ഒന്നാം തെരഞ്ഞെടുപ്പമുതൽ ഇതുവരെയുള്ള കണക്കുകളുണ്ട്. ഹിന്ദുത്വരാഷ്ട്രീയം എന്ന് വിളിക്കപ്പെട്ടുന്ന വലതുപക്ഷ രാഷ്ട്രീയം തിടംവെച്ചു വരുന്ന മുറയ്ക്ക് മുസ്ലിംകൾ അരികിലേക്ക് തട്ടിമാറ്റപ്പെടുന്നത് എങ്ങനെയെന്ന് കാണിച്ചു തരുന്നുണ്ട്. ഏറ്റവും കൂടുതൽ മുസ്ലികളുള്ള സംസ്ഥാനങ്ങളിൽപോലും മുസ്ലിം ജനപ്രതിനിധികൾ ഇല്ലാതാവുന്ന അവസ്ഥ. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ മുസ്ലിം സ്ഥാനാർത്ഥികൾ പരസ്പരം മത്സരിച്ച് തോൽവിയടയുന്ന സ്ഥിതി !

ഒരു നല്ല കുറ്റാന്വേഷകന് മാത്രം കഴിയുന്ന സൂക്ഷ്മതയോടെ അബ്ദുറഹ്മാൻ തൻ്റെ കേസ് ഡയറി മുസ്ലിംകളുടെ മുമ്പാകെ സമർപ്പിച്ചിരിക്കുന്നു. ഇനി ചെയ്യാനുള്ളത് മുസ്ലിം രാഷ്ട്രീയക്കാരും സമുദായ സംഘടനകളുമാണ്. അവരിലെ കാര്യ വിവരമുള്ളവർ അടിയന്തിരമായി ഇത് വായിക്കണമെന്ന് മാത്രം ശിപാർശ ചെയ്യുന്നു....

കാൺപൂർ ഐ ഐ ടി യിൽ നിന്ന് ബിടെക് ബിരുദമെടുത്തശേഷം ഐ.പി.എസിലേക്ക് തിരിഞ്ഞ അബ്ദുറഹ്മാൻ രാഷ്ട്രീയവും തെരഞ്ഞെടുപ്പു പങ്കാളിത്തവുമാണ് ഇപ്പോൾ വേണ്ടത് എന്ന അഭിപ്രായക്കാരനാണ്. അതിനാൽ ഐ.പി.എസ്റ്റിൽ നിന്ന് വളണ്ടറി റിട്ടയർമെൻ്റിന് അപേക്ഷ നൽകി. പ്രകാശ് അംബേദ്ക്കറിൻ്റെ വഞ്ചിത് ബഹുജൻ അഗാഡി അബ്ദുർഹ്മാനെ ധൂലെ മണ്ഡലത്തിൽ മത്സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാൽ വളണ്ടറി റിട്ടയർമെൻ്റിനുള്ള അപേക്ഷ കേന്ദ്രസർക്കാർ തടഞ്ഞതിനാൽ പോരാട്ടം ആരംഭിച്ചത് ഹൈക്കോടതിയിൽ നിന്നാണ്.

Related Tags :
Similar Posts