"ഇന്ത്യൻ മാധ്യമപ്രവർത്തനം ഇപ്പോൾ ഏറ്റവും മോശമായ അവസ്ഥയിൽ"
|"വലിയ പാരമ്പര്യമുള്ള മാധ്യമസ്ഥാപനങ്ങൾ ജനാധിപത്യവിരുദ്ധമായ കാര്യങ്ങളെ അംഗീകരിക്കുന്നതും, പുകഴ്ത്തുന്നതും, അവ സംഭവിക്കുമ്പോൾ ആർപ്പുവിളിക്കുന്നതും ഇതിന് മുമ്പ് കേട്ടുകേൾവിപോലുമില്ലാത്തതാണ്."
ഇന്ത്യൻ മാധ്യമങ്ങളെ പ്രത്യേകിച്ച് ദേശീയ മാധ്യമങ്ങളെ ശക്തമായും ക്രിയാത്മകമായും വിമർശിക്കുന്നവരുടെ നിരയിൽ ഏറ്റവും മുൻപന്തിയിലാണ് ന്യൂസ് ലോൺഡ്രിയുടെ സ്ഥാനം. മുമ്പ് കാണാത്തവിധം വിമർശകരെ തിരിച്ച് വേട്ടയാടുകയാണ് പല ദേശീയ മാധ്യമങ്ങളും. എന്നാൽ ഇതിലൊന്നും പതറാതെ വിമർശനങ്ങൾ തുടരുമെന്ന നിലപാടിലാണ് മാധ്യമ പ്രവർത്തകനും ന്യൂസ് ലോൺഡ്രി സി. ഇ. ഒയുമായ അഭിനന്ദൻ സെഖ്രി. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ആഗോള മാധ്യമോത്സവത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നിലവിലെ പ്രതിസന്ധി, സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ പ്രാധാന്യം തുടങ്ങിയവയെ കുറിച്ച് അഭിനന്ദൻ സെഖ്രി, ലെനിൻ സുഭാഷുമായി സംസാരിക്കുന്നു.
ലെനിൻ സുഭാഷ്: ന്യൂസ് ലോൺഡ്രിയുടെ സ്ഥാപകരിൽ ഒരാൾ എന്ന നിലയിൽ രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് താങ്കൾ എന്ത് ചിന്തിക്കുന്നു?
അഭിനന്ദൻ സെഖ്രി: മുമ്പ് പല തവണ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ മാധ്യമരംഗത്തിന് ഒരു സുവർണ കാലഘട്ടം എന്റെ ജീവിത കാലയളവിൽ ഉണ്ടായിട്ടില്ലെങ്കിലും എനിക്ക് തോന്നുന്നു അത് അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മാധ്യമസ്വാതന്ത്ര്യം പരിമിതപ്പെടുത്താൻ ചരിത്രത്തിൽ പലതവണ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിച്ചിട്ടുണ്ട് . എന്നാൽ ഇപ്പോഴത്തെ കേന്ദ്രസർക്കാർ അതും കടന്നുള്ള നടപടികളാണ് എടുത്തുകൊണ്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളിലൂടെ മാത്രമല്ല മറ്റു മാധ്യമങ്ങളെ ഉപയോഗിച്ച് വിരോധമുള്ള മാധ്യമങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമമൊക്കെ മുമ്പൊരിക്കലും ഉണ്ടാകാത്തതാണ്. വലിയ പാരമ്പര്യമുള്ള മാധ്യമസ്ഥാപനങ്ങൾ ജനാധിപത്യവിരുദ്ധമായ കാര്യങ്ങളെ അംഗീകരിക്കുന്നതും, പുകഴ്ത്തുന്നതും, അവ സംഭവിക്കുമ്പോൾ ആർപ്പുവിളിക്കുന്നതും ഇതിന് മുമ്പ് കേട്ടുകേൾവിപോലുമില്ലാത്തതാണ്. മറ്റ് മാധ്യമപ്രവർത്തകർക്കെതിരെ നീക്കമുണ്ടാകുമ്പോൾ അത് ശരിവയ്ക്കുന്നതും, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലിബറൽ മൂല്യങ്ങളെ കാറ്റിൽ പറത്തി നടക്കുന്ന അറസ്റ്റുകൾ അംഗീകരിക്കുന്നതും പണ്ട് ഒരിക്കലും സംഭവിച്ചിട്ടില്ല. ഇതെല്ലാം അങ്ങേയറ്റം വേവലാതിപ്പെടുത്തുന്നതാണ്. യഥാർത്ഥത്തിൽ ഇത് എല്ലാവർക്കും ദോഷമാണ്, ഇത്തരം കാര്യങ്ങളെ പ്രത്സാഹിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടിക്കടക്കം പക്ഷേ എല്ലാവരും മുന്നിൽ കാണുന്നത് ഏറ്റവും സമീപഭാവി മാത്രമാണല്ലോ.
പല മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളും ന്യൂസ് ലോൺഡ്രിക്കെതിരെ അപകീർത്തി കേസ് കൊടുത്തിട്ടുണ്ട്. വാർത്തകളേയും വാർത്താ അവതരണ രീതിയേയും വാർത്താ അവതാരകരേയും വിമർശിക്കരുതെന്ന ആവശ്യംവരെ കോടതിയിൽ ചില സ്ഥാപനങ്ങൾ ഉയർത്തിയിരുന്നു. ഈ കേസുകൾ ഭയപ്പെടുത്തുന്നുണ്ടോ?
വാസ്തവത്തിൽ, ലോകത്തിലെ, ആത്മാഭിമാനമുള്ള ഏതൊരു മാധ്യമ സ്ഥാപനവും മേൽ പറഞ്ഞ സ്ഥാപനങ്ങളെ പ്രതി അവർക്കുണ്ടായ നിരാശയും, മടുപ്പും പ്രകടിപ്പിച്ചുകൊണ്ട് ഒരു പ്രസ്താവനയിറക്കണം. സത്യത്തിൽ ഇത് തെളിയിക്കുന്നതെന്തെന്നാൽ, മാധ്യമപ്രവർത്തനത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മൂല്യത്തിലുമൊന്നും ഇവർക്ക് യാതൊരു താല്പര്യവുമില്ല. ഇക്കൂട്ടർ അടിസ്ഥാനപരമായി താല്പര്യപ്പെടുന്നത് സ്വയം ചോദ്യം ചെയ്യപ്പെടാത്ത വാർത്താപ്രസ്താനങ്ങൾ ഇവിടെയിങ്ങനെ നടത്തിക്കൊണ്ടുപോകുക എന്നത് മാത്രമാണ്. ഇതാണ് അവരുടെ ജോലിയെന്നാണ് അവർ നിനച്ചുവെച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഞങ്ങൾ അവർക്ക് എതിരാകുന്നത്. നിസ്സംശയം തെളിയിക്കാവുന്ന നിരവധി തെറ്റായ കാര്യങ്ങൾ ഇവരുടെയെല്ലാം ചാനലുകളിൽ വരുന്നുണ്ട്. അതെല്ലാം വിമർശിക്കപ്പെടണം. എനിക്ക് ഒട്ടും ആകുലതയില്ല, ഇത്തരക്കാരെ ഇനിയും വിമർശിക്കും. ഞങ്ങൾ മാത്രമല്ല നിങ്ങൾ ഓരോരുത്തരും ഈ രീതികളെ വിമർശിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.
വാർത്തകളുടെ പേരിൽ മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടുന്ന അല്ലെങ്കിൽ ടാർഗറ്റ് ചെയ്യപ്പെടുന്ന അവസ്ഥ ഇന്ത്യയിൽ അധികരിച്ച് വരുന്നുണ്ട്, ഇതിനെ എങ്ങനെ അഭിമുഖീകരിക്കാം?മാധ്യമപ്രവർത്തകുടെ സുരക്ഷാകാര്യത്തിൽ ഒരുറപ്പും ഇല്ലല്ലോ?
എനിക്ക് തോന്നുന്നു കോടതികളുടെ ഇടപെടൽ മാത്രമാണ് ഇതിന് ഒരു പരിഹാരം. നീതിന്യായ വ്യവസ്ഥ ഇതിൽ ഇടപെടണം. എനിക്ക് നിർദ്ദേശിക്കാനുള്ളത് ന്യൂസ് ലോൺഡ്രി ചെയ്തപോലെ അന്യായമായി ടാർഗറ്റ് ചെയ്യപ്പെട്ടാൽ ഓരോ മാധ്യമപ്രവർത്തകനും കോടതിയെ സമീപിക്കണമെന്നാണ്. നമ്മൾ മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി കോടതിയിൽ പോരാടണം. ഉടനടി നീതി കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. ഞങ്ങളെ ടാർഗറ്റ് ചെയ്ത് നിരവധി കേസുകളാണ് വിവിധ മാധ്യമസ്ഥാപനങ്ങളടക്കമുള്ളവർ കൊടുത്തിട്ടുള്ളത്. അതിനെതിരെയെല്ലാം ഞങ്ങൾ കോടതികളിൽ പോരാടുകയാണ്. ഇതിങ്ങനെയേ പ്രതിരോധിക്കാനാകൂ.
പ്രമുഖ മുഖ്യധാരാ മാധ്യമങ്ങളിൽ പ്രവർത്തിച്ച ആളാണല്ലോ താങ്കൾ, ന്യൂസ് ലോൺഡ്രി തുടങ്ങാൻ എന്താണ് താങ്കളടക്കമുള്ളവരെ പ്രേരിപ്പിച്ചത്?
ന്യൂസ് ലോൺഡ്രി തുടങ്ങുമ്പോൾ ഒരു ഷോ ചെയ്യുക എന്ന് മാത്രമായിരുന്നു മനസ്സിൽ. അത് വെബിന് വേണ്ടിയായിരുന്നില്ല. ചാനലിൽ സംപ്രേഷണം ചെയ്യാനായിരുന്നു. മധു ട്രെഹാൻ(മുതിർന്ന മാധ്യമപ്രവർത്തകയും ന്യൂസ് ലോൺഡ്രി സഹസ്ഥാപകയും) ഇന്ത്യ ടുഡേയിൽ എന്റെ മേധാവിയായിരുന്നു. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളാണ് മധു. ഞങ്ങൾ ഈ സംരംഭത്തെക്കുറിച്ച് ആലോചിക്കുമ്പോൾ വാർത്തകൾ ഇന്നുകാണുന്ന തരത്തിൽ അത്ര മോശമായിട്ടില്ലായിരുന്നു. മോശമാകുന്നതിലേക്കുള്ള പാതയിൽ പതുക്കെ പോകുകയായിരുന്നു. അപ്പോൾ ഞങ്ങൾ തീരുമാനിച്ചു വാർത്തകളെ വിമർശിക്കുന്ന ഒരു പരിപാടി നമുക്ക് വേണം. വാർത്തകൾ എല്ലാവരേയും വിമർശിക്കുന്നു. ഉദ്യോഗസ്ഥരേയും, രാഷ്ട്രീയക്കാരേയും, വ്യവസായികളേയും, സിനിമാക്കാരേയും വിമർശിക്കുന്നു. നിയമവ്യവസ്ഥയെപ്പോലും വാർത്തകൾ വിമർശിക്കുന്നു. പക്ഷേ ആരും വാർത്തകളെ കാര്യമായി വിമർശിക്കുന്നില്ല. അങ്ങനെയാണ് ഈ ഒരാശയത്തിലേക്ക് എത്തിയത്. ഒരു പരിപാടി തുടങ്ങാം എന്ന് കരുതി. പക്ഷേ ഒരു ചാനലും അത് സ്വീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്തില്ല. കാരണം ഇവിടെ ഒരു എഴുതപ്പെടാത്ത നിയമമുണ്ട് അത് മാധ്യമസ്ഥാപനങ്ങൾ പരസ്പരം വിമർശിക്കരുത് എന്നാണ്. നമുക്ക് മറ്റുള്ളവരെ വിമർശിക്കാം. എല്ലാത്തിനും മുകളിൽ നമ്മളാണ് എന്ന ധാരണയാണ്. മാധ്യമ വിമർശനമായിരുന്നു ന്യൂസ് ലോൺഡ്രിയുടെ ആശയം. അത് വിജയിച്ചു. ആളുകൾ ഞങ്ങളെ ശ്രദ്ധിച്ചു. ഇപ്പോൾ ഞങ്ങൾക്ക് റിപ്പോർട്ടർമാർ ഉണ്ട്, ഗ്രൗണ്ട് റിപ്പോർട്ടിംഗ് ചെയ്യുന്നുണ്ട്. പക്ഷേ ന്യൂസ് ലോൺഡ്രിയുടെ ഏറ്റവും പ്രധാന ജോലികളിൽ ഒന്നായി മാധ്യമ വിമർശനം തുടരുന്നുണ്ട്. ഭാവിയിലും തുടരും.
മാധ്യമങ്ങൾ വിമർശനാതീതരല്ല
വാർത്തകൾ എല്ലാവരേയും വിമർശിക്കുന്നു. ഉദ്യോഗസ്ഥരേയും, രാഷ്ട്രീയക്കാരേയും, വ്യവസായികളേയും, സിനിമാക്കാരേയും വിമർശിക്കുന്നു. നിയമവ്യവസ്ഥയെപ്പോലും വാർത്തകൾ വിമർശിക്കുന്നു. പക്ഷേ ആരും വാർത്തകളെ കാര്യമായി വിമർശിക്കുന്നില്ല. അങ്ങനെയാണ് ഈ ഒരാശയത്തിലേക്ക് എത്തിയത്. ഒരു പരിപാടി തുടങ്ങാം എന്ന് കരുതി. പക്ഷേ ഒരു ചാനലും അത് സ്വീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്തില്ല. കാരണം ഇവിടെ ഒരു എഴുതപ്പെടാത്ത നിയമമുണ്ട് അത് മാധ്യമസ്ഥാപനങ്ങൾ പരസ്പരം വിമർശിക്കരുത് എന്നാണ്.
ചിലരെങ്കിലും ന്യൂസ് ലോൺഡ്രിയേയും സ്കൂപ് വൂപ്പിനേയും വിമർശിക്കുന്നത് നിങ്ങൾ വാർത്തയെ തമാശയാക്കുന്നു എന്നാണ്. വാർത്ത ഗൗരവം ചോരാതെ കൈകാര്യം ചെയ്യണം എന്നും വാദിക്കുന്നവരുണ്ട്. എന്താണ് താങ്കളുടെ നിരീക്ഷണം?
നോക്കൂ, ഇവിടെ ചെയ്യാം, ചെയ്യാൻ പാടില്ല എന്നൊന്നുമില്ല. ടിവി ന്യൂസ്സാൻസ്, ടിപ്പണി തുടങ്ങിയ ആക്ഷേപഹാസ്യ പരിപാടികൾ ഞങ്ങളുടെ മൊത്തം പരിപാടികളുടെ 15 ശതമാനം മാത്രമാണ്. ഞങ്ങൾ 85 ശതമാനം ചെയ്യുന്നത് ഗ്രൗണ്ട് റിപ്പോർട്ടിംഗാണ്. ഗ്രൗണ്ട് റിപ്പോർട്ടിംഗ് പലവിധത്തിൽ ചെയ്യാം. അതിൽ തമാശയ്ക്ക് സാധ്യതയുണ്ടെങ്കിൽ അങ്ങനെത്തന്നെ ചെയ്യാം, ഇനി ഇല്ലെങ്കിൽ വിരോധവുമില്ല. ഞങ്ങളുടെ വളരെക്കുറച്ച് റിപ്പോർട്ടുകളിൽ മാത്രമാണ് തമാശ കലർന്നിട്ടുള്ളത്. തമാശ ഒരു ക്രാഫ്റ്റാണ്. വാർത്തയെ അധികരിച്ചുള്ള ആക്ഷേപഹാസ്യം ലോകം മുഴുവൻ സ്വീകരിക്കപ്പെട്ട ഫലപ്രദമായ ഒരു ആയുധമാണ്. ഇന്ത്യയിൽ ഈയടുത്താണ് ശ്രദ്ധകിട്ടിയതെങ്കിലും, യൂറോപ്പിലും, പാശ്ചാത്യരാജ്യങ്ങളിലും എന്തിനേറെ പാകിസ്താനിൽ പോലും ആക്ഷേപഹാസ്യ പരിപാടികൾ വ്യാപകമായി ഉണ്ട്. തൊണ്ണൂറുകളുടെ അവസാനം ഞാൻ എൻ ഡി ടി വിയിൽ ഗുസ്താക്കി മാഫ് എന്ന പേരിൽ ഒരു ആക്ഷേപഹാസ്യപരിപാടി അവതരിപ്പിച്ചിരുന്നു. ടെലിവിഷന് മുന്നെ കാർട്ടൂണുകളിലൂടെ ആക്ഷേപഹാസ്യം നിലനിന്നിരുന്നു. ആക്ഷേപഹാസ്യം വിമർശനത്തിന്റെ പ്രധാനഭാഗമാണ്. ഏറ്റവും ഫലപ്രദമായ വിമർശനം ആക്ഷേപഹാസ്യമാണ്. ലോകത്തിലെവിടെയും, ഏത് നാഗരികതയിലും അത് അങ്ങനെയാണ്. അത് ചരിത്രം പരിശോധിച്ചാൽ മനസിലാകും.
സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് ജനാധിപത്യത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്നാണ് താങ്കൾ കരുതുന്നത്? ഏതൊക്കെ തലത്തിലാണ് അത് മുഖ്യധാരാ മാധ്യമപ്രവർത്തനവുമായി വിയോജിക്കുന്നത്?
സങ്കീർണതയുള്ള, വിശദീകരണം ആവശ്യമായ ഉത്തരമാണിത്. ചുരുക്കി പറയാൻ ശ്രമിക്കാം. ഏറ്റവും പ്രധാന കാര്യം മുഖ്യധാരാ മാധ്യമങ്ങൾ പ്രവർത്തിക്കുന്നത് പരസ്യങ്ങളാലാണ്. ജനാധിപത്യത്തിന്റെ ഇപ്പോഴത്തെ ക്രമീകരണമനുസരിച്ച് സർക്കാരുകളും വൻകിട വ്യവസായികളും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. പ്രത്യേകിച്ച് ഇന്ത്യ പോലുള്ളൊരു രാജ്യത്ത്. സർക്കാരിന്റെ പരിലാളനം കിട്ടുകയും നയങ്ങൾ അനുകൂലമാകുകയും ചെയ്യുന്നതിനെ ആശ്രയിച്ചാണ് ഒരു വ്യവസായിയുടെ വിജയം പോലും. പത്രങ്ങളിലും , മാഗസിനുകളിലും, ചാനലുകളിലുമെല്ലാം നിങ്ങൾക്ക് കാണാൻ സാധിക്കും മുഖ്യമന്ത്രിമാരുടേയും പ്രധാനമന്ത്രിയുടേയുമെല്ലാം പരസ്യചിത്രങ്ങൾ, മുഖ്യധാരാമാധ്യമങ്ങളുടെ പരസ്യ വരുമാനത്തിന്റെ സിംഹഭാഗം നൽകുന്നതാകട്ടെ അംബാനി, അദാനി പോലുള്ള വ്യവസായ ഭീമൻമാരും. ഈ പരിതസ്ഥിതിയിൽ നിങ്ങളുടെ സ്ഥാപനം ഈ വ്യവസായ ഭീമൻമാരോ, സർക്കാരോ നൽകുന്ന പരസ്യംകൊണ്ടാണ് പ്രവർത്തിക്കുന്നതെങ്കിൽ, സമൂഹത്തിനോടുള്ള നിങ്ങളുടെ പ്രതിബദ്ധതയുടെ കാര്യത്തിൽ എന്ത് പ്രതീക്ഷയാണ് ഉള്ളത്?മാധ്യമപ്രവർത്തനം സമൂഹത്തോടുള്ള പ്രതിബദ്ധതയാണ്, അധികാര കേന്ദ്രങ്ങളോട് സത്യം വിളിച്ച് പറയുന്നതാണ് അതിന്റെ ധർമ്മം എന്നൊക്കെയാണ് മാധ്യമപ്രവർത്തനത്തിനെക്കുറിച്ച് നമുക്കറിയാവുന്ന ക്ലീഷേകൾ. പക്ഷേ നിങ്ങളുടെ ചെലവുകൾ നോക്കുന്ന ആളോട് നിങ്ങൾക്ക് സത്യം വിളിച്ച് പറയാൻ കഴിയുമോ?അടിസ്ഥാനപരമായി ഇന്ത്യയിലെ മാധ്യമവ്യവസായത്തിന്റെ ഘടന രൂപപ്പെട്ടിരിക്കുന്നതും, വ്യവസായങ്ങളും അവയുടെ വിജയഫോർമുലയും രൂപപ്പെട്ടിരിക്കുന്നതും പരിഗണിച്ചാൽ മുഖ്യധാരാ മാധ്യമങ്ങൾക്ക് ഇവിടെ യഥാർത്ഥ മാധ്യമപ്രവർത്തനം നടത്താൻ വലിയ പ്രയാസമാണ്. കാരണം ഇവിടത്തെ പ്രവർത്തനരീതി വാർത്തയെ പരിപോഷിപ്പിക്കുന്നതല്ല അത് വരുമാനത്തെ ഉദ്ദേശിച്ചിട്ടുള്ളതാണ്.
സാങ്കേതികവിദ്യ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. മാധ്യമമേഖലയെത്തന്നെ ഈ സാങ്കേതികവിദ്യ സ്വാധീനിച്ച് കഴിഞ്ഞു. മാധ്യമപ്രവർത്തനത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ സാങ്കേതികവിദ്യയുടെ പ്രഭാവം എന്ത് മാറ്റമാണ് ഉണ്ടാക്കാൻ പോകുന്നത്?പ്രത്യേകിച്ച് വസ്തുനിഷ്ഠതയുടേയും കൃത്യതയുടേയും കാര്യത്തിൽ.
ന്യൂസ് ലോൺഡ്രി, ന്യൂസ് മിനുറ്റ്... ഇതൊക്കെ സാധ്യമായത് ഈ ഡിജിറ്റൽ സാങ്കേതികവിദ്യ കാരണമാണ്. റിപ്പോർട്ടിംഗ് എല്ലാം ചെലവ് ചുരുക്കാനായി. ഞാനൊക്കെ മാധ്യമപ്രവർത്തനം തുടങ്ങുന്ന കാലത്ത് ലക്ഷങ്ങൾ വിലവരുന്ന ബീറ്റ ക്യാമറകളായിരുന്നു രംഗത്ത്. ഇപ്പോൾ ഇരുപതിനായിരം രൂപ മുടക്കിയാൽ നല്ല ക്വാളിറ്റി ക്യാമറയുള്ള മൊബൈൽ ഫോൺ കിട്ടും. നിങ്ങൾ ഇപ്പോൾ ഈ ഇന്റർവ്യൂ റെക്കോർഡ് ചെയ്യുന്നതും ഇതേ സാങ്കേതികവിദ്യയുടെ സഹായത്താലാണ്. ഞാൻ തൊണ്ണൂറുകളിൽ ന്യൂസ്ട്രാക്കിൽ ചേരുമ്പോൾ ഇങ്ങനെ ശബ്ദം റെക്കോർഡ് ചെയ്യണമെങ്കിൽ വലിയ വിലവരുന്ന മൈക്കുകൾ വേണമായിരുന്നു. സാങ്കേതികവിദ്യ വാർത്താശേഖരണത്തിന്റെ ചെലവ് ചുരുക്കുകയാണ് ചെയ്തത്. കുറേ കാര്യങ്ങൾ ഇത് പ്രാപ്യമാക്കി. അതേസയം വ്യാജ വാർത്തകളുടേയും, ഡീപ് ഫെയ്ക്കിന്റേയും വ്യാപനമൊക്കെ സാധ്യമാക്കിയതും ഇതേ സാങ്കേതികവിദ്യ തന്നെയാണ്. ഇതിന് ഗുണവും ദോഷവുമുണ്ട്. വരുന്ന കുറച്ച് വർഷങ്ങൾ തീരുമാനിക്കും സമൂഹമെന്ന നിലയിൽ എങ്ങനെ സാങ്കേതികവിദ്യയെ നമ്മൾ നല്ലരീതിയിൽ ഉപയോഗിക്കുമെന്ന്.
ചാറ്റ് ജിപിറ്റിയെക്കുറിച്ച് എന്തു പറയുന്നു?
നോക്കാം, ചാറ്റ് ജിപിറ്റി പൊതുവിൽ കുറച്ച് അമിതാവേശം ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പ്രായോഗികതയെക്കുറിച്ച് പഠിച്ചുവരുന്നതല്ലേയുള്ളൂ. ഇപ്പോൾ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് അനുചിതമാകും.