Magazine
തിയറ്ററുകളില്‍ കൊടുങ്കാറ്റായി കെജിഎഫ്; ഇതാ മലയാളികളുടെ റോക്കി ഭായ്
Magazine

തിയറ്ററുകളില്‍ കൊടുങ്കാറ്റായി കെജിഎഫ്; ഇതാ മലയാളികളുടെ റോക്കി ഭായ്

ജെയ്സി തോമസ്
|
22 April 2022 5:07 AM GMT

കെജിഎഫ് 2വിനു വേണ്ടി എടുത്ത എഫര്‍ട്ട് വളരെ വലുതാണ്. നമുക്ക് വളരെ കുറച്ച് സമയം കൊണ്ടു ചെയ്തുതീര്‍ക്കേണ്ട ജോലിയായിരുന്നു

''എനിക്കാരുടെയും മിത്രമാവണ്ട, എന്‍റെ ശത്രുതയാര്‍ക്കും താങ്ങാന്‍ പറ്റുകയുമില്ല'' പ്രപഞ്ചം മുഴങ്ങുന്ന ശബ്ദത്തില്‍ റോക്കി ഭായ് തിയറ്ററുകളില്‍ ആവേശത്തിരയുണര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അതും തട്ടും തടവുമില്ലാത്ത നല്ല പച്ചമലയാളത്തില്‍...മൊഴിമാറ്റ ചിത്രങ്ങളിലെ മലയാളം കേട്ടു നെറ്റി ചുളിച്ച മലയാളി റോക്കിയുടെ തകര്‍പ്പന്‍ മലയാളം ഡയലോഗുകള്‍ കേട്ട് കയ്യടിച്ചു...കോരിത്തരിച്ചു..പറഞ്ഞു നടന്നു. തിയറ്ററില്‍ നമ്മള്‍ കൊടുത്ത കയ്യടി ഒരാള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്.. എറണാകുളം സ്വദേശിയായ സി.എം അരുണിന്. മുന്‍‌നിര ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ അരുണാണ് റോക്കിയുടെ മലയാള ശബ്ദമായി എത്തിയത്. ബ്രഹ്മാണ്ഡ ചിത്രമായ കെജിഎഫ് 2വിനെക്കുറിച്ചും ഡബ്ബിംഗിനെക്കുറിച്ചും അരുണ്‍ മീഡിയവണ്‍ ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

കെ.ജി.എഫ് ആദ്യഭാഗത്തെക്കാള്‍ രണ്ടാം ഭാഗത്തിലെ മലയാളം ഡബ്ബിംഗ് മികച്ചതായി എന്നാണ് പൊതുവെയുള്ള അഭിപ്രായം. അങ്ങനെയൊരു മാറ്റം ഉണ്ടായിട്ടുണ്ടോ?

കെജിഎഫ് 2വിനു വേണ്ടി എടുത്ത എഫര്‍ട്ട് വളരെ വലുതാണ്. നമുക്ക് വളരെ കുറച്ച് സമയം കൊണ്ടു ചെയ്തുതീര്‍ക്കേണ്ട ജോലിയായിരുന്നു. രണ്ടാഴ്ച കൊണ്ടാണ് ചിത്രത്തിന്‍റെ ഡബ്ബിംഗ് ജോലി മൊത്തം തീര്‍ക്കേണ്ടതായി വന്നത്. രണ്ടാം ഭാഗത്തിലേക്ക് വന്നപ്പോള്‍ സിനിമയുടെ റീച്ച് വളരെ വലുതായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍ അത് ഏറ്റെടുക്കുകയും ശങ്കര്‍ രാമകൃഷ്ണന്‍ എന്ന വലിയൊരു എഴുത്തുകാരന്‍ അതിന്‍റെ ഭാഗമാവുകയും ചെയ്തു. ഡബ്ബിംഗ് മികച്ചതായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. മലയാളത്തിലെ പ്രഗത്ഭരായ നടീനടന്‍മാരെയാണ് ഡബ്ബിംഗിനായി ഉപയോഗിച്ചത്. വോയിസ് കാസ്റ്റിംഗ് എന്ന പ്രക്രിയ തന്നെ വളരെ വലുതായിരുന്നു. എന്നെ മാത്രമാണ് ആദ്യം അതില്‍ കാസ്റ്റ് ചെയ്തത്. ആദ്യ ദിവസം ഡബ്ബിംഗ് തുടങ്ങുന്നത് ഞാനാണ്. പിന്നീട് ഓരോ ദിവസവും പറ്റുന്ന നടീനടന്‍മാരെ വിളിച്ചുവരുത്തി വോയിസ് ടെസ്റ്റ് നടത്തുകയും അനുയോജ്യമായ ശബ്ദം കണ്ടെത്തുകയും ചെയ്ത ശേഷമാണ് ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്. കോവിഡ് കാലത്ത് ഇവരൊക്കെ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ എന്നയാളുടെ നിര്‍ബന്ധം കൊണ്ടാണ് ഇത്ര വൃത്തിയുള്ള കൃത്യമായ ഒരു ഔട്ട്പുട്ട് ഉണ്ടായത്.

റോക്കി ഭായിയുടെ മലയാളത്തിനായി പ്രത്യേക തയ്യാറെടുപ്പുകള്‍ എന്തെങ്കിലും നടത്തിയിരുന്നോ?

ഒരു മൊഴിമാറ്റ ചിത്രത്തിന്‍റെ ഡബ്ബിംഗിനായി പോകുമ്പോള്‍ ഒരു വോയിസ് ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം പ്രത്യേക തയ്യാറെടുപ്പുകളോടെയൊന്നും പോകാന്‍ പറ്റില്ല. റെഗുലര്‍ പ്രാക്ടീസിലൂടെ നമുക്ക് ലഭിച്ച അനുഭവസമ്പത്ത് കൈമുതലാക്കി അവിടെ ചെന്ന് ആ വിഷ്വല്‍സ് കാണുകയും ഡബ്ബിംഗ് ഡയറക്ടര്‍ പറഞ്ഞു തരുന്ന ഡയലോഗുകള്‍ വിഷ്വലിലേക്ക് കൂട്ടിച്ചേര്‍ക്കാനെ നമുക്ക് സാധിക്കുകയുള്ളൂ.


ജൂനിയര്‍ എന്‍.ടി.ആര്‍,പ്രഭാസ്, യാഷ്..ഇവരെല്ലാം മലയാളം സംസാരിച്ചത് അരുണിന്‍റെ ശബ്ദത്തിലായിരുന്നു. ഈ നടന്‍മാരില്‍ ആര്‍ക്ക് ഡബ്ബ് ചെയ്യാനാണ് പ്രയാസം?

ഓരോ അഭിനേതാവും അവരുടേതായ അഭിനയരീതിയില്‍ മികച്ചവരാണ്. ഇതൊന്നും ചെയ്തത് ഞാനല്ല എന്നുള്ളതുകൊണ്ടും വേറൊരു ഭാഷയില്‍ നിന്നും നമ്മുടെ ഭാഷയിലേക്ക് മാറ്റം വരുത്തുന്ന പരിപാടിയായതുകൊണ്ടും ബുദ്ധിമുട്ട് നിറഞ്ഞ ഒരു പ്രക്രിയ തന്നെയാണ്. അതുകൊണ്ട് പ്രത്യേകിച്ച് ഒരാളെ എടുത്തുപറയാന്‍ സാധിക്കില്ല. എല്ലാ കഥാപാത്രങ്ങളെയും ആ സിനിമ ആവശ്യപ്പെടുന്ന തീവ്രതയില്‍ ആ അഭിനേതാക്കള്‍ അഭിനയിച്ചിട്ടുണ്ട്. ആ തീവ്രത ഒട്ടും ചോരാതെ അതു മലയാളത്തിലേക്ക് മാറ്റുമ്പോള്‍ അതേ തനിമയോടെ ചെയ്യുക എന്നത് തീര്‍ച്ചയായും ഒരു വെല്ലുവിളി തന്നെയാണ്. അതു ചെറിയ സിനിമയാകട്ടെ, വലിയ സിനിമയാകട്ടെ നമ്മളെടുക്കുന്ന എഫര്‍ട്ടില്‍ വലിയ വ്യത്യാസമൊന്നുമില്ല. തിയറ്റര്‍ റിലീസാണോ ഒടിടിയാണോ എന്നൊന്നും നോക്കാറില്ല. നമ്മള്‍ ഈ ചിത്രം അവതരിപ്പിക്കുന്നത് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളുടെയും മാധ്യമങ്ങളുടെയും മുന്നിലേക്കാണ്. അല്ലെങ്കില്‍ ഇതിനു വേണ്ടി സമയം ചെലവഴിക്കുന്ന പ്രേക്ഷകന്‍റെ മുന്നിലേക്കാണ്. പ്രേക്ഷകന് 100 ശതമാനം തൃപ്തി നല്‍കുകയും അവരെ മാനിച്ചുകൊണ്ടു വേണം ഒരു ഡബ്ബിംഗ് ചിത്രം പൂര്‍ത്തിയാക്കാന്‍.

ആര്‍.ആര്‍.ആറിലാണെങ്കില്‍ എന്‍ടിആര്‍ സാറിന്‍റെത് കുറച്ചു ഇമോഷണലായ പെര്‍ഫോര്‍മന്‍സായിരുന്നു. ബാഹുബലിയിലും രാധേ ശ്യാമിലും പ്രഭാസ് റൊമാന്‍റികായിരുന്നു. കെജിഎഫിലെ റോക്കി ഭായ് റഫ് ആയിട്ടുള്ള ആളും. കഥാപാത്രങ്ങളും അഭിനേതാക്കളും വച്ചു നോക്കുമ്പോള്‍ എല്ലാം വ്യത്യസ്തമാണ്.

റോക്കി ഭായിയെ നേരില്‍ കണ്ടപ്പോള്‍?

അദ്ദേഹം വളരെ സന്തോഷത്തോടു കൂടിയാണ് സ്വാഗതം ചെയ്തത്. ഡബ്ബിംഗ് കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോള്‍ അദ്ദേഹം അവിടെ ലോഞ്ചിലിരിക്കുന്നതാണ് കണ്ടത്. ഒന്നാം ഭാഗം നന്നായിട്ടുണ്ടെന്നും രണ്ടാം ഭാഗവും മികച്ചതാക്കണമെന്ന രീതിയിലാണ് അദ്ദേഹം നമ്മളോട് സംസാരിച്ചത്. അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്നുള്ള എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. വാഗ്ദാനം മാത്രമായിരുന്നില്ല, അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തിരുന്നു.


മൊഴിമാറ്റ ചിത്രങ്ങളിലെ ഡബ്ബിംഗ് പൊതുവെ വിമര്‍ശനങ്ങള്‍ക്ക് ഇരയാകാറുണ്ട്. എന്നാല്‍ ബാഹുബലി പോലുള്ള ചിത്രങ്ങള്‍ ഇതിനു ഒരപവാദമാണ്? ബാഹുബലിക്ക് ശേഷം കരിയറിലുണ്ടായ മാറ്റം?

ബാഹുബലിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം ലെജന്‍ഡ്സ് ആയിരുന്നു. ഗാനരചയിതാവും വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമുള്ള മങ്കൊമ്പ് ഗോപാലകൃഷ്ണനായിരുന്നു ബാഹുബലിയുടെ മലയാളം ഡയലോഗുകള്‍ എഴുതിയത്. വളരെയധികം ഭാഷാപാണ്ഡിത്യമുള്ളയാള്‍. കെജിഎഫിന്‍റെ കാര്യമെടുത്താല്‍ തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണനായിരുന്നു സംഭാഷണം. പ്രേക്ഷകന്‍റെ പള്‍സ് അറിഞ്ഞു എഴുതാന്‍ സാധിക്കുന്നു എന്നതാണ് ഇവരുടെ വിജയം. ഇതിനെ തൊഴിലോ ബിസിനസോ ആയി സമീപിക്കുമ്പോഴാണ് പല മൊഴിമാറ്റ ചിത്രങ്ങളും മലയാളത്തിലാക്കുമ്പോള്‍ അരോചകമായി തോന്നുന്നത്.

കഴിഞ്ഞ 16 വര്‍ഷമായി ഡബ്ബിംഗ് രംഗത്തുള്ള ആളാണ് ഞാന്‍. 11 വര്‍ഷത്തോളം എന്‍റെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രമാണ് ഞാന്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ബാഹുബലിക്ക് ശേഷം കുറച്ചു കൂടി കേരളത്തിലെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി എന്നതാണ് എനിക്ക് തോന്നിയ വ്യത്യാസം. പിന്നെ കുറച്ചു കൂടി ഉത്തരവാദിത്തങ്ങള്‍ കൂടി. അതിനു മുന്‍പ് കമ്മിറ്റ്മെന്‍റ്സ് ഉണ്ടായിരുന്നില്ല എന്നല്ല.

ഒന്നര വര്‍ഷമാണ് കെജിഎഫ് 2വിനു വേണ്ടി പ്രവര്‍ത്തിച്ചതെന്നു കേട്ടു. ഇത്രയും സമയമെടുത്തതിനു കാരണം?

വോയിസ് കാസ്റ്റിംഗ് തന്നെയാണ് ഇത്രയും സമയമെടുക്കാന്‍ കാരണം. വളരെ ചെറിയ രീതിയില്‍ വേണമെങ്കില്‍ ഡബ്ബ് ചെയ്ത് ഇറക്കാമായിരുന്നു. പതിനഞ്ചോ ഇരുപതോ ദിവസം കൊണ്ടും ചെയ്തു തീര്‍ക്കാമായിരുന്നു. എന്നാല്‍ നാലു വര്‍ഷമെടുത്ത് അവര്‍ പൂര്‍ത്തീകരിച്ച ഒരു ചിത്രത്തോട് നീതി പുലര്‍ത്തിക്കൊണ്ടു വേണം കെജിഎഫ് പുറത്തിറക്കാനെന്ന ശങ്കര്‍ രാമകൃഷ്ണന്‍റെ ദൃഢനിശ്ചയമാണ് ഇത്രയും സമയമെടുക്കാന്‍ കാരണം. പിന്നെ കോവിഡ് പോലുള്ള പ്രതിസന്ധികളും ചിത്രം നീണ്ടുപോകാന്‍ കാരണമായി.

ബീസ്റ്റിനൊപ്പം കെജിഎഫ് എത്തുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നോ?

നമ്മള്‍ ചെയ്ത ജോലിയില്‍ ആത്മവിശ്വാസമുള്ളതുകൊണ്ട് അങ്ങനെയൊരു ടെന്‍ഷന്‍റെ കാര്യമുണ്ടായിരുന്നില്ല. വിജയ് സാറിന്‍റെ സിനിമകളും ഞാന്‍ തിയറ്ററില്‍ പോയി കാണുന്ന ആളാണ്. ബീസ്റ്റിനെയും കെജിഎഫിനെയും ആളുകള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.


ഡബ്ബിംഗ് രംഗത്തേക്ക് വന്നിട്ട് എത്ര നാളായി, ഈ പ്രൊഫഷന്‍ തെരഞ്ഞെടുക്കാന്‍ കാരണം?

എനിക്ക് ഒരുപാട് താല്‍പര്യമുള്ള പ്രൊഫഷനായിരുന്നു ഡബ്ബിംഗ്. മിമിക്രി ആര്‍ട്ടിസ്റ്റായിരുന്നു. തിയറ്ററര്‍ ആര്‍ട്സില്‍ ബിരുദാനന്തര ബിരുദമുണ്ട്. അതില്‍ തന്നെയാണ് എംഫില്‍ ചെയ്തത്. അഭിനയത്തോടുള്ള അതേ താല്‍പര്യം തന്നെയായിരുന്നു വോയിസ് ആക്ടിംഗിനോടും. പിന്നീട് കൂടുതല്‍ അവസരങ്ങള്‍ കിട്ടിയത് ഡബ്ബിംഗിലായതുകൊണ്ട് ഈ പ്രൊഫഷനില്‍ തന്നെ തുടര്‍ന്നു. 2006 മുതല്‍ ഡബ്ബിംഗ് രംഗത്തുണ്ട്.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാറുണ്ടോ?

അങ്ങനെയൊരു തോന്നലില്ല. നിങ്ങള്‍ എന്നെ അഭിമുഖത്തിനായി വിളിച്ചതു തന്നെ ഒരു അംഗീകാരമല്ലേ. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് സര്‍ക്കാര്‍ പുരസ്കാരങ്ങള്‍ കൊടുക്കുന്നുണ്ട്. ഇപ്പോള്‍ മൊഴിമാറ്റ ചിത്രങ്ങളുടെ കാര്യമെടുത്താല്‍ മലയാളികളായ വോയിസ് ആക്ടേഴ്സ് തന്നെയാണ് ശബ്ദം കൊടുക്കുന്നത്. അത്തരം ചിത്രങ്ങള്‍ കൂടി അവാര്‍ഡിനായി പരിഗണിക്കണമെന്നാണ് എന്‍റെ അഭിപ്രായം. കാരണം ആ ചിത്രങ്ങള്‍ പോപ്പുലര്‍ സിനിമകളുടെ ഭാഗമാണ്, കൊമേഴ്സ്യല്‍ വിജയം നേടാറുമുണ്ട്.

16 വര്‍ഷത്തെ ഡബ്ബിംഗ് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം?

ചിത്രങ്ങള്‍ കണ്ടിട്ട് ഒരുപാട് വിളിക്കാറുണ്ട്. അതു തന്നെയാണ് ഏറ്റവും വലിയ സന്തോഷം. എന്‍റെ ശബ്ദത്തിലൂടെ മാത്രം പരിചയമുള്ള കാഴ്ചയില്ലാത്ത ഒരു സുഹൃത്തുണ്ട്. പല സിനിമകളിലും എന്‍റെ ശബ്ദം തിരിച്ചറിയുകയും എന്നെ വിളിക്കുകയും ചെയ്യാറുണ്ട്. പിന്നെ സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ കൂടുതല്‍ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി. അതു ഉത്തരവാദിത്തം കൂട്ടിയെന്നു പറയാം.

വിക്രാന്ത് റോണയാണ് പുതിയ പ്രോജക്ട്. അതിന്‍റെ ഡബ്ബിംഗ് ഡയറക്ടറാണ് ഞാന്‍. പക്ഷെ ഞാനതില്‍ ഡബ്ബ് ചെയ്യുന്നില്ല. ജൂലൈയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.



Similar Posts