Magazine
ജമാൽ സാഹിബ്; കനിവിന്റെ ചിറകും സ്നേഹത്തിന്റെ കവചവും
Magazine

ജമാൽ സാഹിബ്; കനിവിന്റെ ചിറകും സ്നേഹത്തിന്റെ കവചവും

റഫീക്ക് തിരുവള്ളൂര്
|
21 Dec 2023 8:53 AM GMT

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി വയനാട് മുസ്‌ലിം ഓർഫനേജിന്റെ പിതൃസ്ഥാനത്ത് ജമാൽ സാഹിബുണ്ടായിരുന്നു. ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ ഉപ്പ എന്ന വിളി കേൾക്കുന്ന വേറെ ഒരാളെ നമ്മുടെ കാലത്തു കണ്ടുകിട്ടില്ല. കനിവിന്റെ ചിറകും സ്‌നേഹത്തിന്റെ കവചവും അണിഞ്ഞ ആ മനുഷ്യന്റെ ജീവിതം

താഴ്ത്തിക്കൊടുത്ത ചിറക് എന്ന ഉപമ തന്നെ ദൈവികമാണ്. നിരാലംബരായവരോടു കരുണ കൈകൊള്ളുവാൻ വിശ്വാസി സമൂഹത്തോട് അഭ്യർത്ഥന ചെയ്യുന്ന ഖുർആനിക വചനത്തിലതു വായിക്കാം. ജ്ഞാന പാരംഗതരായ ഇമാം നവവിയുടെ വിശ്രുത ഹദീസ് സമാഹാരമായ 'സച്ചരിതരുടെ ഉദ്യാനങ്ങളി'ൽ അനാഥരോടുള്ള ഉദാരത പ്രബോധനം ചെയ്യുന്ന നബി വചനങ്ങൾ ക്രോഡീകരിച്ചതിന് ആമുഖമായി ഇതേ സൂക്തം എടുത്തെഴുതിയിട്ടുമുണ്ട്. സമൂഹ ജീവിത പരിസരങ്ങളിൽ ആശ്രയമറ്റും ശ്രദ്ധ കിട്ടാതെയും പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടി കനിവിന്റെ ചിറകു താഴ്ത്തിക്കൊടുക്കുക എന്ന പരാമർശത്തിൽ തന്നെയുണ്ട് നബിദൗത്യത്തിന്റെ ലാവണ്യമത്രയും. ഈ സൗന്ദര്യത്തെ മനുഷ്യജീവിതത്തിൽ സാക്ഷാത്കരിക്കുന്നതിന് ഇസ്ലാമിക സമൂഹങ്ങൾ അതാതിടങ്ങളിൽ അതാതു കാലങ്ങളിൽ വിട്ടു വീഴ്ചയില്ലാതെ പ്രയത്നത്തിലേർപ്പെട്ടു. ഇന്നുമീ പവിത്ര ചോദനകളെ ഹൃദയത്തിലേറ്റ് നിവൃത്തിക്കുന്ന ചിലയിടങ്ങൾ നമ്മുടെ കണ്ണരികിൽ തന്നെയുണ്ട്. അവയിൽ നിസ്തുലമാണ് വയനാട്ടിലെ മുസ്ലിം ഓർഫനേജ്. അതു പിന്നിട്ട പതിറ്റാണ്ടുകൾക്ക് ചരിത്രത്തിലെ ദുരിത കാലത്തിന്റെ രൂക്ഷഗന്ധവും അതുനേടിയ സമീപകാല പുരോഗതികൾക്ക് വർത്തമാന കാലത്തെ തെല്ലെങ്കിലും സുഖകരമാക്കുന്ന സൗരഭ്യവുമുണ്ട്.

വയനാടിന് അറുപതുകളിൽ നിസ്സഹായതയുടെ മുഖമായിരുന്നു. ദാരിദ്ര്യത്തിന്റെ വേദനയും അജ്ഞതയുടെ അനിശ്ചിതത്വവും ജീവിതത്തിന്റെ മുഖത്ത് കരിനിഴൽ വീഴ്ത്തിയ കാലമെന്നതിനെ ചുരുക്കിയെഴുതാം. ആ കാലത്തിൽ നന്മയുടെ വിത്തു വിതക്കുന്നതിൽ അഭിനിവേശമുണ്ടായിരുന്ന ഒരു കൂട്ടം മനുഷ്യസ്നേഹികളാണ് ഡബ്ല്യൂ.എം.ഒ ആദ്യം മനസ്സിലും പിന്നെ ഫലത്തിലും യാഥാർത്ഥ്യമാക്കിയത്. അവർക്കതിന്റെ ചുവടിലും പടവിലും ഒരു വിശിഷ്ടസാന്നിധ്യത്തിന്റെ അനുഗ്രഹാശിസ്സുകളും കിട്ടി. അത് മർഹൂം സയ്യിദ് അബ്ദുറഹ്‌മാൻ ബാഫഖി തങ്ങളായിരുന്നു. മാറ്റം, പുരോഗതി എന്നിവയോട് സന്ദേഹഭരിതമായ ഒരു സമീപനം സ്വീകരിച്ചു വന്നവരാണ് കേരള മുസ്ലിംകൾ. തനിമയെ കൈവിടാത്ത ജനതയുടെ സർവ്വസ്വവുമായ നായകനായിരിക്കെ തന്നെ, ബാഫഖി തങ്ങൾ അവരെ പുരോയാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നതിൽ ഉൽസുകരായിരുന്നു. ബാഫഖി തങ്ങളാണ് സ്വാതന്ത്ര്യാനന്തരം സാധ്യമായ രാഷ്ട്രീയവും ആവശ്യമായ നവോത്ഥാനവും അവരെ ധരിപ്പിച്ചത്. മറ്റൊരാൾ പറഞ്ഞിരുന്നെങ്കിൽ അവ അസ്വീകാര്യങ്ങളായി തന്നെ തുടർന്നേനെ.

സ്വാതന്ത്ര്യാനന്തരം രണ്ടു പതിറ്റാണ്ടു കഴിഞ്ഞാണ് ഡബ്ല്യൂ.എം.ഒ വരുന്നത്. കലാപകലുഷിതമായിരുന്ന സ്വാതന്ത്ര്യസമര കാലത്തിന്റെ നഷ്ടബാക്കിയായി അനാഥത്വം അനന്തരമായി കിട്ടിയ മാപ്പിള കുടുംബത്തിലെ യത്തീമുകളുടെ സംരക്ഷണാർത്ഥമാണ് നാട്ടിൽ അനാഥാലയങ്ങൾ രൂപപ്പെട്ടു തുടങ്ങിയത്. പ്രയാസകാലത്തിന്റെ ഏറ്റവും വലിയ ഒരാവശ്യത്തെ നിറവേറാനുള്ള ശ്രമമായി അങ്ങനെ ഏറെ അനാഥാലയങ്ങൾ കേരളത്തിലുണ്ടായി, ഏറെക്കുറെ അവയെല്ലാം ഒരേ ചിട്ടയും സ്വഭാവവുമുള്ളവ. പൊതുകാര്യതൽപരരായ സമുദായത്തിലെ ഉദാരമതികളും നാട്ടുമുഖ്യൻമാരുമൊക്കെ തങ്ങളാലാവുന്ന സത്കർമ്മമായി അനാഥാലയ നിർമ്മാണത്തെ പരിഗണിച്ച് ആ വഴിക്കും ഏറെ സ്ഥാപനങ്ങൾ നിലവിൽ വന്നു. അനാഥത്വത്തിന്റെ ദുഖത്തെ ഇല്ലാതാക്കുക എന്ന പവിത്രമായ സാധ്യതയെ വിട്ട് അനാഥരെ കൂട്ടത്തോടെ അനാഥരായി വളർത്തുന്ന കൂടുകളായി അവയങ്ങനെ തുടരുകയും ചെയ്തു. യത്തീം എന്ന വിളി കേട്ടു കേട്ട് അവിടങ്ങളിലെ അന്തേവാസികൾ പലരും അപകർഷബോധത്തോടെ വളർന്നു. നേർച്ചകൾ നേർന്നും നിത്യച്ചെലവിനുള്ള വീട്ടിലെ അരിയിൽ നിന്നൊരു നുള്ള് എടുത്തു വച്ചും യത്തീം ഖാനകളെ വളർത്തിയ ജനങ്ങളുടെ കണ്ണിലാണെങ്കിൽ അനാഥാലയങ്ങൾ ധനാഗമന സംരംഭങ്ങളായി തരം താഴുകയും ചെയ്തു.




ഇതൊക്കെ നടപ്പുശീലങ്ങളായി മാറിക്കൊണ്ടിരിക്കെ തന്നെയാണ് ഡബ്ല്യൂ.എം.ഒ അതിന്റെ രീതികളും രഥ്യകളും കൊണ്ട് വേറിട്ടൊരു തണലിടമായി പന്തലിക്കുന്നത്. അനാഥൻ സ്വതന്ത്ര പ്രകൃതിയിലേക്ക് വികസിച്ചു വരുന്നതിന്റെ തത്വവും പ്രയോഗവും അൽപമെങ്കിലും സാധിക്കുന്നതിനു ഡബ്ല്യൂ.എം.ഒ വെമ്പൽ കൊണ്ടു. യത്തീംഖാനകൾ അവയുടെ പ്രകൃതം കൊണ്ട് പരിമിതമാക്കി വച്ച പൊതു ഇടങ്ങളെ വീണ്ടെടുത്ത ഡബ്ല്യൂ.എം.ഒയുടെ ഉന്നമനകാംക്ഷകൾ അനാഥാലയങ്ങളെ കുറിച്ചുള്ള കാഴ്പ്പാട് മാറ്റിയെടുക്കാൻ തന്നെ സഹായകമായി. സ്വയം പുതുക്കിയും തിരുത്തിയുമുള്ള തുടർയാത്രയിലാണ് ഇപ്പോഴുമത്. അനാഥ സംരക്ഷണം എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ കവിഞ്ഞ സാമൂഹിക പരതയെ പങ്കു വെക്കുന്ന സമാനഹൃദയരുടെ വലിയൊരു പ്ലാറ്റ്ഫോമായതു മാറിക്കഴിഞ്ഞിട്ടുണ്ട്. പറക്കമുറ്റാത്ത അനാഥക്കുഞ്ഞുങ്ങൾക്കായി താഴ്ത്തിക്കൊടുത്ത ഈ കനിവിന്റെ ചിറകുകൾക്കുള്ളിൽ നാമാഗ്രഹിച്ചു പോകുന്ന കുറച്ചധികം ഊഷ്മളതകളുണ്ട്.

അതിലൊന്നാണ് കഴിഞ്ഞ കാൽ നൂറ്റാണ്ടായി വയനാട് മുസ്ലിം ഓർഫനേജിന്റെ പിതൃസ്ഥാനത്തുള്ള ഡബ്ല്യൂ.എം.ഒയിലെ കുട്ടികൾ ഉപ്പ എന്നു വിളിക്കുന്ന ജമാൽ സാഹിബ്.

ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ ഉപ്പ എന്ന വിളി കേൾക്കുന്ന വേറെ ഒരാളെ നമ്മുടെ കാലത്തു കണ്ടു കിട്ടില്ല. ഏറ്റവും അടുത്തായതിനാൽ നമ്മൾ തിരിച്ചറിയാതെ പോകുന്ന എന്തോ ഒന്ന് ജമാൽ സാഹിബിലുണ്ട്. അരികിലായതിനാൽ അപ്രത്യക്ഷമാകുന്ന ഒരു മഹിമ. ഒരാചാര്യന്റെ സ്ഥാനത്തോ, ഗുരുവിന്റെ പദവിയിലോ ഇരുന്നല്ല, നമ്മുടെ തന്നെ കൂടെ, തോളു ചേർന്നു നിന്നാണ് ഈ മനുഷ്യൻ വിനീതമായ ജീവിതവും നിതാന്തമായ കർമക്ഷമതയും കൊണ്ടു നമ്മെ കണ്ണു തുറപ്പിക്കുന്നത്.

1940 ജനുവരിയിലാണു സുൽത്താൻ ബത്തേരിയിലെ മാനിക്കുനിയിൽ ജമാൽ മുഹമ്മദിന്റെ ജനനം. മൈസൂർകാരനായ അബ്ദുറഹീം അധികാരിയും ഭാര്യ മാഹിക്കാരി കദീജ ഹജ്ജുമ്മയുമാണ് മാതാപിതാക്കൾ. മൈസൂർ പ്രീ പ്രൈമറി സ്‌കൂൾ, സുൽത്താൻ ബത്തേരിയിലെ ഗവൺമെന്റ് സ്‌കൂൾ, സുൽത്താൻ ബത്തേരിയിലെ തന്നെ സർവ്വജന സ്‌കൂൾ, കോഴിക്കോട്ടെ ഗുരുവായൂരപ്പൻ കോളജ് എന്നിവിടങ്ങളിലായി വിദ്യഭ്യാസം. ബി.എസ്.സി കെമിസ്ട്രിയിലാണദ്ദേഹത്തിന്റെ ബിരുദം. രസതന്ത്ര പഠനത്തിന്റെ ക്ലാസുമുറിയിൽ നിന്ന് അനേകം ജീവിതങ്ങളുടെ വൃതിവ്യാപനങ്ങളുടെ കർമ്മവേഥിയിലേക്കു വന്നു അദ്ദേഹത്തിന്റെ ജീവിതമെന്നതു പിൽക്കാല നിയോഗം. ഭാര്യ പുനത്തിൽ നഫീസ, മക്കൾ അഷ്റഫും ജംഹറും ഫൗസിയയും ആയിശയും. ഇത്രയുമായാൽ ജമാൽ സാഹിബിന്റെ ജീവിത രേഖയായി. ഇതല്ല പക്ഷേ അദ്ദേഹത്തിന്റെ ജീവിതം. അതെഴുതി അവതരിപ്പിക്കാവുന്നതിനപ്പുറം, എല്ലാ മഹിത ജീവിതങ്ങളേയും പോലെ പല കൈവഴികളിലൂടെ, അടരുകളിലൂടെ വളർന്നും പൂവിട്ടും കായ്ച്ചും സഫലമായതാണ്. ഊട്ടിയിലെ ഗുഡ്ഷെപ്പേഡ് സ്‌കൂളിലെ കുറച്ചുകാലത്തെ പഠനം മുതൽ, ഖാഇദേ മില്ലത്തിനൊപ്പമുള്ള സഹവാസ കാലം വരേയുണ്ട് അതിനുള്ളിൽ.

അവയിലെടുത്തു പറയേണ്ടതാണ് അദ്ദേഹത്തിന്റെ വായനാജീവിതം. രാവിലെ ഹിന്ദു ദിനപത്രം കിട്ടിയില്ലെങ്കിൽ അസ്വസ്ഥനാകുന്ന ചിട്ടപ്പടി വായനക്കാരനായിരുന്നു ജമാൽ സാഹിബ്. ജി.സി.സിയിലെ നഗരങ്ങളിലായിരിക്കുമ്പോൾ ഹിന്ദു ദിനപത്രം തിരക്കിപ്പോകുന്ന അദ്ദേഹത്തിലെ ജ്ഞാനകുതുകി നമ്മെ കൗതുകപ്പെടുത്തും. ഒരുപക്ഷേ, അബുദാബി നഗരത്തിൽ ദ ഹിന്ദു കിട്ടുന്ന കടയേതെന്നറിയുന്ന രണ്ടാമത്തെ മലയാളി അദ്ദേഹമായിരിക്കും, ഒന്നാമത്തേത് ആ കടയുടമയും. വായിക്കുന്ന ഗ്രന്ഥങ്ങൾക്ക് ഒരാളെ നിർമ്മിക്കാനും, മനസ്സിനെ പുതുക്കിപ്പണിയാനും ആകുമെന്നതിന്റെ തെളിവാണദ്ദേഹം. നന്നായി തുറന്ന കണ്ണുകളിലൂടെ അദ്ദേഹം ലോകത്തെ കാണുന്നു. ഹൃദയത്തെ സ്പർശിച്ചു കൊണ്ട് ഉച്ചരിക്കുന്ന വാക്കുകളിലൂടെ അദ്ദേഹം നമ്മെ മഹിതാശയങ്ങൾ സരളമായി തെര്യപ്പെടുത്തുന്നു. അർത്ഥപ്രദിപാദന ശേഷിയുള്ള സംഭാഷണങ്ങളിലൂടെ അദ്ദേഹം നമ്മെ ബോധവൽക്കരിക്കുന്നു. കൂടെ കൂടിയവർക്ക് നന്നായറിയാവുന്ന ജമാൽ സാഹിബ് അതൊക്കെയാണ്. നിറഫലങ്ങൾ ഭൂമിയെ നമിച്ചു നിൽക്കുന്നു എന്ന കവി വചനത്തിലെ പോലെ തല താഴ്ത്തി വിനയത്തിൽ നിറഞ്ഞു നിൽക്കുന്നൂ അദ്ദേഹത്തിന്റെ സാന്നിധ്യം. സ്വാഗതഭാഷണങ്ങളിലെ പുകഴ്ത്തുകൾ പോലും എനിക്കു ഭയമാണ്, അവരു പറയുന്ന പോലൊരു മഹത്വമെന്നിലുണ്ട് എന്നു തോന്നിയാൽ അതോടെ പാഴായില്ലേ എന്റെ ജീവിതമെന്ന് സ്വകാര്യത്തിലദ്ദേഹം വിലപിച്ചു കേട്ടിട്ടുണ്ട്. തന്നെ ഉപ്പാപ്പ എന്നു വിളിക്കുന്ന മക്കളുടെ മക്കളോട് തോന്നുന്ന സ്നേഹം തന്നെ ഉപ്പ എന്നു വിളിക്കുന്ന ഡബ്ല്യൂ.എം.ഒയിലെ മക്കളോട് പ്രകടിപ്പിക്കാതെ പോകല്ലേ എന്ന് സ്വന്തം മനസ്സിനെ ശാസിക്കാറുണ്ടദ്ദേഹമെന്ന് ഒരിക്കൽ കണ്ണീരിൽ കുതിർന്ന് ദുഖിക്കുകയുണ്ടായി. പക്ഷേ, അരങ്ങു വാഴുന്ന കെട്ടുവേഷങ്ങൾക്കിടയിൽ ഈ വെൺമയെ തുറന്നു കാട്ടാൻ ഇതല്ലാതെ വേറെ വഴിയില്ല.

1967-ലാണ് അനാഥ അഗതി സംരംക്ഷണാർത്ഥം വയനാട്ടിൽ ഡബ്ല്യൂ.എം.ഒ സ്ഥാപിതമാകുന്നത്. മുക്കത്തെ പ്രസിദ്ധമായ അനാഥാലയത്തിന്റെ ശാഖയായാണതിന്റെ തുടക്കം. പത്തു വർഷം കഴിഞ്ഞ് മുന്നോട്ടുള്ള ഡബ്ല്യൂ.എം.ഒയുടെ യാത്ര അവതാളത്തിലായ ഒരു സന്ദർഭത്തിലാണ് ജമാൽ മുഹമ്മദ് എന്ന ചെറുപ്പക്കാരനെ അന്നത്തെ വയനാട്ടിലെ മുസ്ലിം നേതൃത്വം തങ്ങളുടെ കൂടെ കൂട്ടുന്നത്. പഠിപ്പും അൽപ്പം സാമൂഹിക പ്രവർത്തന പരിചയവുമുള്ള ആ യുവാവിന് തന്റെ കുടുംബ പാരമ്പര്യം വലിയ പിന്തുണയായുണ്ടായിരുന്നു. ടിപ്പുവിന്റെ പടയോട്ട കാലത്ത് മൈസൂർ സൈന്യത്തിനൊപ്പം വയനാട്ടിലെത്തി സുൽത്താൻ ബത്തേരിയിലെ അധികാരിയായി വാഴ്ത്തപ്പെട്ടവരായിരുന്നു അദ്ദേഹത്തിന്റെ പ്രപിതാമഹൻ. സമ്പത്തിനോ സാമൂഹിക പദവിക്കോ അതിനാലൊരു കുറവുണ്ടായിരുന്നില്ല. 1976-ലാണ് ജമാൽ സാഹിബ് ഡബ്ല്യൂ.എം.ഒ-യുടെ ജോയന്റ് സെക്രട്ടറിയായി നിയോഗിക്കപ്പെടുന്നത്. 1988-ൽ അദ്ദേഹം ജനറൽ സെക്രട്ടറി പദത്തിലുമെത്തി. 1963 ൽ മുസ്ലിം ലീഗിലൂടെ പൊതു പ്രവർത്തനരംഗത്തേക്ക് പ്രവേശിച്ചു.

എഴുപതുകളിൽ അനാഥാലയങ്ങളുടെ നടത്തിപ്പു സംബന്ധിച്ച് ബ്രിട്ടീഷ് ഗവൺമെന്റിനു കീഴിലുള്ള സന്നദ്ധ സംഘടനകളിലൊന്ന് ഒരു ഒറിയന്റേഷൻ കാമ്പ് സംഘടിപ്പിച്ചതും അതിലേക്ക് ക്ഷണിക്കപ്പെട്ട കേരളത്തിലെ മുസ്ലിം അനാഥാലയങ്ങളുടെ പ്രതിനിധികളാരും പങ്കെടുക്കാതിരുന്നതും അതിൽ പങ്കെടുത്തതു കൊണ്ടു മാത്രം തനിക്കു സിദ്ധിച്ച ഉൾക്കാഴ്ചകളും ജമാൽ സാഹിബ് ഓർമ്മിക്കാറുണ്ട്. ദൂരക്കാഴ്ചയുള്ള ചിന്തകളും സാമൂഹ്യ പരിഷ്‌കരണത്വരയും സഹൃദയത്വവും ഒക്കെ ഉള്ളടക്കമായ ഒരു വ്യക്തിത്വമായിരിക്കേ, മികച്ചൊരു സംരംഭകൻ കൂടിയാണു ജമാൽ സാഹിബ്. വയനാട്ടിൽ ആദ്യമായി ഓട്ടോമാറ്റിക് സോമിൽ, ചിക്കറി ഫാക്ടറി, കോഫി വർക്സ് തുടങ്ങിയവ സ്ഥാപിച്ചത് ജമാൽ സാഹിബിലെ നൂതനാശയ പ്രണയിയാണ്. ഡബ്ല്യൂ.എം.ഒ തന്നെയും ഇപ്പോഴത്തെ വിശാല തലങ്ങളിലേക്കു വളർന്നത് ജമാൽസാഹിബിന്റെ കാഴ്ചപ്പാടുകളുടെ ബലത്തിലാണ്. നമ്മുടെ അനാഥാലയങ്ങളുടെ പതിവു രീതികളിൽ നിന്നും വേറിട്ട്, സമൂഹത്തിന്റെ വേദനകളെ തിരിച്ചറിയുകയും പ്രശ്നമേഖലകളെ കണ്ടത്തി പരിഹാരമന്വേഷിക്കുകയും ചെയ്യുന്ന ഒരു ബോധധാരയിലേക്കാണ് ഇപ്പൊൾ ഡബ്ല്യു.എം.ഒ അതിന്റെ സഹായികളേയും സഹയാത്രികരേയും ആകർഷിക്കുന്നത്. ദൈവാനുഗ്രഹവും സദുദ്യമങ്ങൾക്കെല്ലാം പിന്തുണ നൽകുന്ന സുമനസ്സുകളുടെ സഹായവും കൈമുതലാക്കി പ്രയാസങ്ങളുടെ നീണ്ട നാളുകളെ അതിജീവിച്ച യത്തീംഖാന ഇപ്പോൾ ഒട്ടേറെ കൂട്ടായ്മകളെ ഏകീകരിക്കുന്നൊരു പ്രസ്ഥാനമായി വളർന്നിരിക്കുന്നു. തത്വവും പ്രയോഗവും നടപ്പുള്ള ഇത്തരം മുൻകയ്യുകളാണ് കേരള ഇസ്ലാമിനും ജനത്തിനും ഇപ്പോഴാവശ്യം. ചുരുക്കത്തിൽ ജമാൽ സാഹിബിന്റെ ജീവചരിത്രം വയനാട് മുസ്ലിം ഓർഫനേജിന്റെ ചരിത്രത്തിൽ നിന്നും കണ്ടെടുക്കാനാകും. മുപ്പതോളം സ്ഥാപനങ്ങളും, ആയിരത്തിമുന്നൂറിലേറെ അനാഥരും നിരന്തരം വളരുന്ന ഒരു ജൈവഘടനയാണിന്ന് ഡബ്ല്യു.എം.ഒ. വയനാടിന്റെ ആവാസ വ്യവസ്ഥയിലെ ജീവന്റെ ഒരിതൾ. നന്മയുടെ ഒരുദ്യാനമാണിന്നത്. ഉദ്യാനപാലകനായി ജമാൽസാഹിബും.




സ്നേഹത്തെ, സൗന്ദര്യത്തെ ഒക്കെ നാഥൻ ഓഹരികളാക്കി വീതിച്ചു നൽകിയതായൊരു പ്രമാണമുണ്ട് നമ്മുടെ വിശ്വാസ സംഹിതകളിൽ. ദൈവകൃപ ഹൃദയത്തിലുള്ള മനുഷ്യരൊക്കെ ഈ ഓഹരിയിൽ നിന്നൽപ്പം കൈവന്നവരാണ്. പെരുമാറ്റവും സൗഹൃദഭാവവും കുട്ടികളോടുള്ള വാൽസല്യപൂർണ്ണമായ സഹവാസവും കാണുമ്പോൾ റബ്ബിന്റെ കൃപാവരം കുറച്ചധികം ലഭിച്ചിട്ടുണ്ടല്ലോ ഈ മനുഷ്യനെന്ന് തോന്നിയിട്ടുണ്ട്. കുഞ്ഞുങ്ങളെ വ്യക്തികളായി പരിഗണിച്ചു വേണം വളർത്തുന്നത്(ഞലുെലര േവേല രവശഹറ മ െമ ുലൃീിെ) എന്ന ഡബ്ല്യു.എം.ഒയുടെ ഹൃദയ മുദ്രിതമായ വചനം ജമാൽ സാഹിബിന്റെ ജീവിത സാക്ഷ്യം തന്നെയാണ്. ആകെക്കൂടി ഒരു സൗമ്യത ജമാൽ സാഹിബിന്റെ സാന്നിധ്യത്തിനു തന്നെ പകരാനാകുന്നത് മതത്തിന്റെ ദാർശനികവും യൗഗികവുമായ ആഴത്തെ അദ്ദേഹത്തിന്റെ ഹൃദയം സമീപിച്ചതിനാലാണ്. ക്ഷമ, സഹനം തുടങ്ങിയ മൂല്യങ്ങളൊക്കെ അദ്ദേഹത്തിൽ നിന്നു പഠിക്കണം എന്നു തോന്നിപ്പോകും. പ്രായത്തിന്റെ സാക്ഷ്യങ്ങളായ അവശതകൾ പ്രകടമായ ശരീരവുമായി അദ്ദേഹം ഇപ്പോഴും നിരന്തരം യാത്ര ചെയ്യുന്നു. വീടു വിട്ടിറങ്ങിയവർ ലോകത്തെ വരിക്കുന്നു എന്നത് അദ്ദേഹത്തിന്റെ കാര്യത്തിൽ അക്ഷരംപ്രതി പുലർന്നിരിക്കുന്നു. യാത്രകൾ നൽകുന്ന ഉണർവ്വാകണം പുതിയ ഉദ്യമങ്ങളിലേക്ക് അദ്ദേഹത്തെ ഉൽസുകനാക്കുന്നത്. ഒരിടത്തും കെട്ടി നിൽക്കാതെ ഒഴുകിക്കൊണ്ടേയിരിക്കുന്ന ഒരു ജീവിതത്തിന് അതിന്റേതായ തെളിവും നിറവും കാണും.

ആദ്ധ്യാത്മികമായ അർത്ഥത്തിൽ ഉന്നത ചൈതന്യമുള്ള വാക്കുകൾ സഹചരിലേക്കു പകരുന്ന അറിവ് അദ്ദേഹത്തിനു കൈവരുന്നതും കണ്ടും കേട്ടും വായിച്ചുമുള്ള ഈ ലോക പരിചയത്തിന്റെ അനുസ്യൂതിയിൽ നിന്നാവാനേ തരമുള്ളൂ. മനസ്സാക്ഷിയുടെ ശബ്ദവും മതേതരമായ ഹൃദയവുമായി ആരുടെ മുന്നിലും നമ്മുടെ ജമാൽ സാഹിബ് നമ്മുടെ മാപ്പിള മലയാളത്തെ പ്രതിനിധീകരിക്കുന്നു. ഇത്ര വിശുദ്ധരായവർ നമുക്കധികം പേരില്ല. പൊതുപ്രവർത്തകന്റെ ജീവിതം മിക്കപ്പോഴും രണ്ടു വിപത്തുകൾക്കിടയിലാണ്. ആത്മാർത്ഥതയും ഊർജ്ജസ്വലതയുമുള്ള തുടക്കകാലം. അന്നേരം പ്രതീക്ഷിച്ച പോലെ സഹകരിക്കില്ല ബാക്കി ലോകം. പ്രയത്നങ്ങളുടേയും യാതനകളുടേയും കാലം കഴിഞ്ഞ് പരുവപ്പെടലിന്റേയും വിശ്രമത്തിന്റേയും പിൽക്കാലമാണു രണ്ടാമത്തെ വിപത്ത്. ഉയർത്തിപ്പിടിച്ച മൂല്യങ്ങളൊക്കെ ശോഷിച്ച് പ്രലോഭനങ്ങളിലുള്ള ലജ്ജാകരമായ വഴിപ്പെടലുകളിലൂടെ ആത്മനാശം വരുന്ന പതനകാലം. പൊതുപ്രവർത്തനത്തിൽ ഈ രണ്ടാം ഘട്ടം ഇല്ലാത്തവർ പുണ്യം ചെയ്തവരാണ്. ശിരസ്സ് ഉയർത്തിപ്പിടിച്ച് ലോകത്തിനു മുന്നിൽ നിൽക്കാൻ അവർക്കേ കഴിയൂ. ജമാൽ സാഹിബിന്റേത് ഇങ്ങനെ ഉയർന്നു നിൽക്കുന്ന യശസ്സുള്ള ശിരസ്സാണ്. അതങ്ങനെ ആയത് സൂക്ഷ്മതയും സത്യസന്ധതയും അദ്ദേഹത്തിന്റെ സ്വഭാവഗുണമായതിനാലാണ്. നബി എണ്ണിയ ലക്ഷണങ്ങൾ തികഞ്ഞ ഒരു മനുഷ്യനെ ചൂണ്ടിക്കാട്ടേണ്ടി വന്നാൽ നമുക്കിദ്ദേഹത്തിലേക്കു വിരൽചൂണ്ടാം. വിശ്വാസത്തിലെടുത്തവരോട് എതിരു ചെയ്യില്ല, പറയുന്നതു സത്യമായിരിക്കും, വാക്കു പാലിച്ചിരിക്കും. ഇത്രയും മതി ഒരു നബിയനുയായി ആയിത്തീരുന്നതിന്. ജീവിക്കുന്ന ലോകത്ത് ദുഷ്‌കരമതാണെന്നു മാത്രം.

ഇരുൾ വീണ നമ്മുടെ കാലാവസ്ഥയിൽ ജമാൽ സാഹിബ് തൂവുന്ന ശരറാന്തൽ വെളിച്ചം ഇങ്ങനെ ഒരു നബിയനുയായി ആകുന്നതിന്റെ സൗന്ദര്യമാണ്. ടിപ്പുവിന്റെ കേരളനാട്ടിലേക്കുള്ള പുറപ്പാടിൽ കൂടെപ്പോന്ന ഒരു സുഗന്ധവ്യാപാരിയാണ് ജമാൽ സാഹിബിന്റെ പ്രപിതാമഹൻ എന്നൊരു കുടുംബ പുരാവൃത്തം കേട്ടിട്ടുണ്ട്. അറിയുന്നവരുടെ ഹൃദയത്തിൽ അത്തറിന്റെ പരിമളം പരത്തുന്ന ഒരു ജീവിതമാണ് ജമാൽ സാഹിബിന്റേതും. പ്രാർത്ഥനകൾ.

Similar Posts