ഷൂട്ടൗട്ടും കളിയുടെ ഭാഗമാണ്; ജപ്പാന്റെ ഭാഗ്യക്കേട്...
|പെനാൽട്ടി കിക്കെടുക്കുന്നതിൽ ജാപ്പനീസ് കളിക്കാരുടെ പരിചയക്കുറവും പരിഭ്രമവും പ്രകടകമായിരുന്നു. ലിവാക്കോവിച്ച് എതിരാളികളുടെ മനസ്സുവായിച്ച് അവരെക്കൊണ്ട് താൻ ഉദ്ദേശിക്കുന്ന ഇടത്തേക്ക് പന്തടിപ്പിക്കുകയാണ് എന്നുപോലും തോന്നിപ്പോയി.
ഷൂട്ടൗട്ട് ഫുട്‌ബോളിന്റെ ഭാഗമാണ്. മൂർച്ചയുള്ള കണ്ണുകളും കല്ലുപോലുള്ള ഹൃദയവും ഇടറാത്ത കാലുകളുമുള്ളവർക്കു പറഞ്ഞിട്ടുള്ളതാണത്. എങ്കിലും ജപ്പാൻ കളിച്ച ധീരമായ ഫുട്‌ബോളിനെ പരിചയം കൊണ്ടും കരുത്തുകൊണ്ടും തടഞ്ഞുനിർത്തുകയും, ഒരു ഗോളിനു പിന്നിലായിട്ടു കൂടി ഗോളടിച്ച് കളി തിരിച്ചുപിടിക്കുകയും ചെയ്ത ക്രൊയേഷ്യ ഈ 'ഭാഗ്യം' അർഹിച്ചിരുന്നോ?
കരുതിയതിനു വിപരീതമായി മധ്യനിരയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയും ധീരതയോടെ ആക്രമിക്കുകയും ക്രൊയേഷ്യയുടെ പൂമുഖത്ത് ആശങ്കാനിമിഷങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ജപ്പാൻ ആദ്യപകുതിയിൽ അർഹിച്ച ഗോളാണ് നേടിയത്. മോഡ്രിച്ചിന്റെ ഭരണമേഖലയാകുമെന്നു പ്രചവിക്കപ്പെട്ട മൈതാനമധ്യത്തിൽ കുറിയ പാസുകൾ കൊണ്ടു തീർത്ത, വശങ്ങളിലേക്കു വികസിക്കുകയും ഗോൾ ഏരിയയിലേക്ക് സങ്കോചിക്കുകയും ചെയ്ത അവരുടെ കേളീശൈലി ഓപ്പൺ ഗെയിമിലൂടെ ഒരു ഗോൾ അർഹിച്ചിരുന്നു. തീവ്രത കൂടിയ ഒന്നിനുപിറകെ ഒന്നായുള്ള മുന്നേറ്റങ്ങൾക്കൊടുവിൽ യൂറോപ്യൻ പ്രതിരോധത്തെ ചിതറിച്ച ഗോൾ വന്നത് സെറ്റ്പീസിൽ നിന്നാണ്.
ഷോർട്ട് കോർണറിൽ നിന്ന് പന്ത് സ്വീകരിച്ച് ഡോൺ ബോക്‌സിലേക്ക് എയ്തുവിട്ട മനോഹരമായൊരു ഇടങ്കാലൻ കർളർ കൈകാര്യം ചെയ്യുന്നതിൽ പെറ്റ്‌കോവിച്ചിനു പിഴച്ചപ്പോൾ യോഷിഡ പന്ത് ഗോളിനു കുറുകെ അയക്കുന്നു. രണ്ട് പ്രതിരോധക്കാരുടെ ആശയക്കുഴപ്പത്തിനിടയിൽ അവസരം പാത്തുനിന്ന മായിഡയുടെ ഫിനിഷ്! അനായാസമെന്നു തോന്നാം. പക്ഷേ, ബോക്‌സിലേക്കു വരുന്ന സെറ്റ്പീസുകളിൽ ഒരു സെൻട്രൽ സ്‌ട്രൈക്കർ എവിടെയാണോ ഉണ്ടാവേണ്ടത്, അവിടെയുണ്ടായിരുന്നു അയാൾ. ഉയരക്കാർ തിങ്ങിനിറഞ്ഞ ബോക്‌സിൽ ജപ്പാൻ അങ്ങനെയൊരു ഗോൾ സൃഷ്ടിച്ചെടുത്തപ്പോൾ കളി അവർ ജയിച്ചേക്കുമെന്നു തന്നെ തോന്നി.
രണ്ടാം പകുതിയിൽ, ആദ്യത്തേതിനേക്കാൾ മുന്നോട്ടുകയറി പ്രെസ്സ് ചെയ്ത ജപ്പാൻ രണ്ടാം ഗോളും നേടാനാണ് ശ്രമം നടത്തിയത്. ബോക്‌സിലേക്ക് പന്തെത്തിക്കുക, ബാക്കിയെല്ലാം അവിടെ വെച്ചു കാണുക എന്നതായിരുന്നു തരുമാനം. ആയുധം പുറത്തെടുക്കാൻ സമ്മതിക്കാതെ എതിരാളിയെ അങ്ങോട്ടുകയറി അക്രമിക്കുക എന്നത് നല്ല തന്ത്രമായിരുന്നു; അതൊരു രണ്ടാം ഗോളിൽ കലാശിച്ചിരുന്നെങ്കിൽ. പക്ഷേ, കുഷ്യൻ ഗോളുകൾക്കു വേണ്ടി ആക്രമിക്കുമ്പോൾ സംഭവിക്കുന്ന പ്രശ്‌നമാണ് ഇവിടെയുമുണ്ടായത്. ക്രോസുകളുടെയും കട്ട്ബാക്ക് പാസുകളുടെയും തുടർച്ചകളോടെ ജപ്പാൻ സമ്മർദം ശക്തമാക്കുമ്പോൾ പെരിസിച്ച് തന്റെ പരിചയസമ്പത്ത് മുഴുവൻ പ്രതിഫലിപ്പിച്ച ഹെഡ്ഡർ ഗോൾ കണ്ടെത്തി.
വലതുഭാഗത്തുനിന്ന് ലോവ്‌റൻ നൽകിയ അളന്നുതൂക്കിയുള്ള ക്രോസ് ഗോൾമുഖത്തക്കു വരുമ്പോൾ അതിന്റെ വേഗതയും വളവും ഗണിച്ചെടുത്ത് പ്രതിരോധനിരയേക്കാൾ ഒരടി പിറകോട്ടു വലിഞ്ഞുനിന്നാണ് പെരിസിച്ച് ആ ബുള്ളറ്റ് തൊടുക്കുന്നത്. പൂർണാർത്ഥത്തിലുള്ള ഒരു പോച്ചറുടെ ഗോൾ!... അത്തരം ഗോളുകൾ നേടാനുള്ള കളിക്കാർ ഇല്ല എന്നത് ജപ്പാന്റെ മാത്രമല്ല, ഏഷ്യൻ ടീമുകളുടെ ആകെ പ്രശ്‌നമാണെന്നു തോന്നുന്നു.
വറ്റാറു എൻഡോയുടെ പോസ്റ്റിലേക്ക് തൂങ്ങിയിറങ്ങിയ ഷോട്ട് പോസ്റ്റിനു മുകളിലൂടെ മറിച്ചിട്ടതടക്കം ജപ്പാന്റെ അവസരങ്ങൾ വിഫലമാക്കിയ ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവാക്കൊവിച്ച് വരാനിരിക്കുന്ന ഷൂട്ടൗട്ട് പ്രകടനത്തിന്റെ മുന്നറിയിപ്പാണ് നൽകിക്കൊണ്ടിരിക്കുന്നത് എന്ന് അപ്പോഴറിഞ്ഞില്ല. വല്ലപ്പോഴുമുള്ള മിന്നലാട്ടങ്ങളും ജപ്പാൻ കീപ്പർ പണിപ്പെട്ടു തടഞ്ഞ ഒരു ലോബുമൊഴിച്ചാൽ ലൂക്കാ മോഡ്രിച്ച് ശരിക്കുമുള്ള അദ്ദേഹത്തിന്റെ നിഴൽ മാത്രമായിരുന്നു. എങ്കിൽപോലും, അദ്ദേഹത്തെ സബ് ചെയ്യാനുള്ള തീരുമാനം 2006-ൽ റിക്വൽമിയെ പിൻവലിച്ച ഹോസെ പെക്കർമാർ എടുത്തതു പോലെ വിഡ്ഢിത്തത്തിൽ കലാശിക്കാനും ഉറച്ച സാധ്യതയുണ്ടായിരുന്നു.
പെനാൽട്ടി കിക്കെടുക്കുന്നതിൽ ജാപ്പനീസ് കളിക്കാരുടെ പരിചയക്കുറവും പരിഭ്രമവും പ്രകടകമായിരുന്നു. ലിവാക്കോവിച്ച് എതിരാളികളുടെ മനസ്സുവായിച്ച് അവരെക്കൊണ്ട് താൻ ഉദ്ദേശിക്കുന്ന ഇടത്തേക്ക് പന്തടിപ്പിക്കുകയാണ് എന്നുപോലും തോന്നിപ്പോയി.
ഏതായാലും, മികച്ചൊരു പോരാട്ടം കാഴ്ചവെച്ച്, കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളെ മുൾമുനയിൽ നിർത്തി, ഷൂട്ടൗട്ടിലാണ് പുറത്തായത് എന്നാശ്വസിക്കാം ജപ്പാന്; ഗോളടിച്ച ശേഷം അത് പ്രതിരോധിക്കാൻ കഴിഞ്ഞില്ല എന്ന കുറ്റബോധം കാലങ്ങളോളം അവരെ വേട്ടയാടിയേക്കാമെങ്കിലും.