Magazine
മാമുക്കോയ
Magazine

മാമുക്കോയ; മലയാള സിനിമയുടെ ബഷീർ

അഭിമന്യു എം
|
26 April 2023 12:11 PM GMT

"എന്തെങ്കിലും വേഷമുണ്ടെങ്കിൽ അവന് കൊട്. അവൻ നന്നായിട്ടു ചെയ്യും"

മലയാള സാഹിത്യത്തോട് വൈക്കം മുഹമ്മദ് ബഷീർ ചെയ്തത് മലയാള സിനിമയോട് മാമുക്കോയ ചെയ്തു എന്നു പറയുന്നതിൽ അതിശയോക്തിയില്ലെന്നു തോന്നുന്നു. വായിച്ചാലും വായിച്ചാലും തീരാത്ത കഥയുടെ സുൽത്താനാണ് ബഷീറെങ്കിൽ കണ്ടാലും കണ്ടാലും തീരാത്ത ഹാസ്യത്തിന്റെ സുൽത്താനാണ് മാമുക്കോയ. ഒരാള്‍ സാഹിത്യത്തിലും മറ്റൊരാള്‍ സിനിമയിലും ജീവിതഗന്ധിയായ വേഷമിട്ടു. ആഖ്യാനത്തിന്‍റെ നടപ്പുരീതികളെ ചോദ്യം ചെയ്തു. അഭ്രപാളിയുടെ മോഹസ്ഥലിയിൽ മാമുക്കോയയ്ക്ക് ഒരു സീറ്റിട്ടു കൊടുത്തത് ബഷീറായിരുന്നു എന്നത് ചരിത്രത്തിന്റെ നിയോഗമായിരിക്കാം.

അക്കഥയിങ്ങനെയാണ്, വർഷം 1982. നോവലിസ്റ്റ് പി.എ മുഹമ്മദ് കോയയുടെ സുറുമയിട്ട കണ്ണുകൾ സിനിമയാക്കാൻ കോഴിക്കോട്ടെ ചില സുഹൃത്തുക്കൾ ചേർന്ന് തീരുമാനിക്കുന്നു. വെസ്റ്റ്ഹിൽ സ്വദേശി, കൊന്നനാട്ട് എന്ന സ്വാമിക്കുട്ടി ആയിരുന്നു നിർമാണം. മലയാളത്തിലെ ആദ്യകാല കലാസംവിധായകനായിരുന്നു സ്വാമിക്കുട്ടി. ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് അണിയറ പ്രവർത്തകർ ബേപ്പൂരിലെത്തി ബഷീറിനെ കണ്ടു. ആ സമയത്ത് വൈലാലിലെ വീട്ടിൽ മാമുക്കോയയുമുണ്ടായിരുന്നു. അതേക്കുറിച്ച് മാമുക്കോയ തന്നെ പറയുന്നു.

'വന്നവരോട് ബഷീർ പറഞ്ഞു; ഇത് കോഴിക്കോട് പശ്ചാത്തലമായിട്ടുള്ള ഒരു നോവലാണ്. ഇവനാണെങ്കിൽ കോഴിക്കോട്ടെ നാടകനടനും. എന്തെങ്കിലും വേഷമുണ്ടെങ്കിൽ അവന് കൊട്. അവൻ നന്നായിട്ടു ചെയ്യും. ബഷീർ പറഞ്ഞത് തട്ടാൻ പറ്റാത്തതു കൊണ്ട് അവർ ഷൂട്ടിങ്ങിന് വിളിച്ചു. അതിന് മുമ്പ് ഹോട്ടൽ മഹാറാണിയിലെത്തി. അവിടെ വച്ച് അസോസിയേറ്റ് ഡയറക്ടർ തോമസ് പറഞ്ഞു. എല്ലാ കഥാപാത്രങ്ങളും നിർണയിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാലും ബഷീർക്ക പറഞ്ഞതു കൊണ്ട് നിങ്ങളെ ഒഴിവാക്കില്ല എന്ന്. സിനിമയിൽ കെ.പി ഉമ്മർ ഒരറബിയാണ്. അറബിക്ക് പോകാനുള്ള കുതിരവണ്ടിയുടെ ആളായിട്ട് വേഷമിട്ടത് സുഹൃത്ത് കൃഷ്ണൻ കുട്ടിയാണ്. കുതിരയ്ക്ക് പുല്ലിട്ടു കൊടുക്കാനും ഉഴിഞ്ഞു കൊടുക്കാനും ഒരു കഥാപാത്രം. അതായിരുന്നു എന്റേത്. എന്നാൽ ബഹദൂറും നെല്ലിക്കോട് ഭാസ്‌കരനും ഒരുപാട് ഡയലോഗ് ഒക്കെ കയറ്റിയതു കൊണ്ട് ഞാൻ ചില സീനുകൡലൊക്കെ വന്നും പോയും നിന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ്, വേഷം എങ്ങനെയുണ്ടായിരുന്നു, എത്ര സീനുണ്ടായിരുന്നു, ഡയലോഗുണ്ടോ എന്നൊന്നുമായിരുന്നില്ല ബഷീർ ചോദിച്ചത്. എന്ത് കാശ് കിട്ടി എന്നാണ് ബഷീർ ചോദിച്ചത്. ആയിരം രൂപ കിട്ടിയെന്ന് ഞാൻ പറയുകയും ചെയ്തു.'


വൈക്കം മുഹമ്മദ് ബഷീര്‍
വൈക്കം മുഹമ്മദ് ബഷീര്‍


നാടകത്തിന്റെ സ്വാഭാവികമായ തുടർച്ചയായിരുന്നു മാമുക്കോയയ്ക്ക് സിനിമ. സ്‌കൂൾ കാലം തൊട്ടേ തലയിൽ കയറിയിരുന്നു നാടകം. ആദ്യമായി നാട്ടിന് പുറത്തുപോയി കണ്ട നാടകം ടി. മുഹമ്മദ് യൂസുഫിന്റെ കണ്ടം ബച്ച കോട്ട്. നെല്ലിക്കോട് ഭാസ്‌കരന്റെയും ബാലൻ കെ നായരുടെയുമെല്ലാം അഭിനയം കണ്ട് അന്തിച്ചുനിന്ന കാലമായിരുന്നു അത്. അന്ന് കോഴിക്കോട് ടൗൺഹാളിലായിരുന്നു നാടകങ്ങളുടെ പ്രധാന അരങ്ങ്.

നാടകം കോഴിക്കോട്ടെ സൗഹൃദങ്ങളിലേക്കുള്ള കിളിവാതിലായിരുന്നു. എസ് കെ പൊറ്റക്കാട്, ഉറൂബ്, കോഴിക്കോട് അബ്ദുൽ ഖാദർ, കെ.എ കൊടുങ്ങല്ലൂർ, പി ഭാസ്‌കരൻ, കെ രാഘവൻ മാഷ്... അങ്ങനെ നിരവധി പേർ. അതിനിടെ സിനിമയുടെ മായികലോകം മോഹിപ്പിച്ചു. തടിയെടുത്തും മുരിങ്ങിയില വിറ്റും കിട്ടുന്ന കാശു കൊണ്ട് കോറണേഷനിലും രാധയിലും സിനിമയ്ക്ക കയറി. അന്ന് നാലണയാണ് ഒരു ഷോയ്ക്ക്. തിക്കുറിശ്ശിയുടെ ജീവിതനൗകയാണ് തിയേറ്ററിൽ കണ്ട ആദ്യ മലയാള സിനിമ.

അന്യരുടെ ഭൂമിയെന്ന ബ്ലാക് ആന്റ് വൈറ്റ് ചിത്രത്തിലൂടെയാണ് മാമുക്കോയ സിനിമയിൽ അരങ്ങേറുന്നത്. അതിനു പിന്നിലും ഒരു കഥയുണ്ട്. അതിങ്ങനെ; കെജി ജോർജ് സംവിധാനം ചെയ്യുന്ന മണ്ണ് എന്ന സിനിമയുടെ ഷൂട്ടിങ് കോഴിക്കോട് നടക്കുന്ന വേള. രണ്ട് നിർമാതാക്കളായിരുന്നു ആ സിനിമയ്ക്ക്. എന്നാൽ ചിത്രീകരണ സമയത്ത് നിർമാതാക്കൾ തെറ്റി. നിർമാതാക്കളിൽ ഒരാൾ പി.വി മാധവനായിരുന്നു. കല്ലായിയിൽ ഒരു സിനിമയെടുക്കാൻ കുറച്ചു സുഹൃത്തുക്കൾ ആലോചിക്കുന്നതായി പി.വി മാധവനെ ചെന്നു കണ്ടു പറഞ്ഞു നിലമ്പൂർ ബാലൻ. മാധവനെയും കൂട്ടി നിലമ്പൂർ ബാലൻ കല്ലായിയിലെത്തി. ബാലൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിലമ്പൂർ ആയിഷ, സീനത്ത് തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ. നിർമാണം കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനശക്തി ഫിലിംസ്. എന്നാൽ ബ്ലാക് വൈറ്റ് പടം ഉച്ചപ്പടം മാത്രമായി അവശേഷിച്ചു.

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം, 1986ലായിരുന്നു മാമുക്കോയയുടെ മൂന്നാമത്തെ ചിത്രം. സിനിമാ ജീവിതത്തിലെ വഴിത്തിരിവും. അരോമ മണിക്കു വേണ്ടി ശ്രീനിവാസനും സിബി മലയിലും ചേർന്നൊരുക്കിയ ചിത്രം ദൂരെ ദൂരെ ഒരു കൂടു കൂട്ടാം. ആ ചിത്രത്തിൽ അറബിക് മുൻഷിയുടെ വേഷമായിരുന്നു മാമുക്കോയയ്ക്ക്. അഞ്ചു മാസത്തിനു ശേഷം സത്യൻ അന്തിക്കാടിന്റെ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്.

അതേക്കുറിച്ച് സത്യൻ അന്തിക്കാട് എഴുതിയതിങ്ങനെയാണ്. 'ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിൽ മോഹൻലാലിന്റെ ചങ്ങാതിയായിട്ടാണ് മാമുക്കോയ വരുന്നത്. ആദ്യം മാമുവിന് ഡയലോഗ് കൊടുത്തിരുന്നില്ല. മുഴുത്ത പല്ലുകളിൽനിന്നുള്ള ഉച്ചാരണം എങ്ങനെയാണ് എന്നു പറയാൻ കഴിയില്ലല്ലോ. ഷൂട്ടിങ് തുടങ്ങി. മാമു തൊണ്ടിക്കോട് എന്ന ആ നാടകനടൻ, മരംമില്ലിലെ അളവുകാരൻ, യാതൊരു കൂസലുമില്ലാതെ ക്യാമറയെ അഭിമുഖീകരി ക്കുന്നു. മ്മള് എത്ര വലിയ മരങ്ങൾ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ എന്നൊരു ഭാവത്തോടെ, തുടക്കക്കാരന്റേതായ യാതൊരു ഇടർച്ചയുമില്ലാതെ, അയാൾ അഭിനയിച്ചു. കൊള്ളാമല്ലോ ശ്രീനിയുടെ കൂട്ടുകാരൻ എന്നായി ഞാൻ മനസ്സിൽ. മാമുവിന്റെ അഭിനയം കണ്ട് വലിയ അഭിമാനബോധത്തോടെ ശ്രീനിവാസൻ അവിടെ ഇരിക്കുന്നുണ്ട്. പരീക്ഷണത്തിന് ആ കഥാപാത്രത്തെ ഒന്നുരണ്ടു ഡയലോഗു കൾകൂടി സ്‌ക്രിപ്റ്റിൽ അപ്പോൾത്തന്നെ എഴുതിച്ചേർത്ത് ഞാനൊന്നു പൊലിപ്പിച്ചു. പ്രോംപ്‌റ്റെർ പറയുന്നതോടൊപ്പം മാമു അത് അനായാസം പറയുകകൂടി ചെയ്തപ്പോൾ വലിയൊരു ആശ്വാസമായി....ഒരു അഭിനേതാവിന്റെ സ്വാഭാവികമായ കടന്നുവരവായിരുന്നു അത്.'

ആ സിനിമയ്ക്ക് ശേഷം സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സിനിമ. തൊട്ടുപിന്നാലെ മമ്മൂട്ടി സിനിമ രാരീരം. പിന്നീട് മാമുക്കോയയുടെ ഭാഷയിൽ പറഞ്ഞാൽ 'പിന്നെ ഇതുവരെ ഞാൻ ജോലിക്കും പോയിട്ടില്ല, നാടകത്തിനും പോയിട്ടില്ല. മുഴുവൻ സിനിമാക്കാരനായി മാറി.'




Similar Posts