Magazine
ഇതുപോലും ഓറഞ്ചുപടയുടെ ഏറ്റവും മികച്ച കളിയല്ല!
Magazine

ഇതുപോലും ഓറഞ്ചുപടയുടെ ഏറ്റവും മികച്ച കളിയല്ല!

മുഹമ്മദ് ഷാഫി
|
3 Dec 2022 6:35 PM GMT

മുൻ മത്സരങ്ങളിലേതു പോലെ കളി വരുതിയിലാക്കുക എന്ന ലളിതമായ കാര്യമാണ് ഇന്നും ഡച്ചുകാർ ചെയ്തത്. പ്രകടമായ വ്യത്യാസം കൂടുതൽ അറ്റാക്കിങ് ഇന്റന്റും വേഗതയിലുള്ള ഫോർവേഡ് പാസുകളുമുണ്ടായി എന്നതാണ്.

ഒന്നാം റൗണ്ടിൽ നെതർലാന്റ്‌സ് കളിച്ച തണുത്ത, ഒരു രസവും പ്രദാനം ചെയ്യാത്ത ഫുട്‌ബോളിനെപ്പറ്റി പരാതിപ്പെട്ടവരോടൊക്കെ ഞാൻ പറഞ്ഞിരുന്ന ഒരു കാര്യം, ഈ ലോകകപ്പിൽ ഏറ്റവും ആധികാരികമായി പന്തുകളിക്കുന്ന ടീം ഓറഞ്ചുപടയാണെന്നതായിരുന്നു. മൈതാനത്ത് ആധിപത്യം സ്ഥാപിക്കുന്നതിന് പ്രാധാന്യം നൽകുകയും തങ്ങളുടെ ശക്തിമേഖലയായ പ്രതിരോധത്തെ ക്രിയാത്മകമായി ഉപയോഗിക്കുകയും ആവശ്യം വരുമ്പോൾ മാത്രം ആക്രമിക്കുകയും ചെയ്ത അവർ, മറ്റു പല വൻമരങ്ങളെയും കടപുഴക്കിയ ഖത്തറിലെ കാറ്റിൽ അഭേദ്യരായി പ്രീക്വാർട്ടറിലെത്തി. ഇന്നിതാ, ലൂയിസ് വാൻഹാളിന്റെ സങ്കൽപ്പത്തിലുള്ള ആക്രമണ ഫുട്‌ബോളിന്റെ മിന്നലാട്ടങ്ങൾ അതൃപ്തരായ ആരാധകർക്കു മുന്നിൽ പ്രദർശിപ്പിച്ച് വ്യക്തമായ മാർജിനിൽ ജയിച്ച് നെതർലാന്റ്‌സ് അവസാന എട്ടിൽ സുരക്ഷിതരായി എത്തിയിരിക്കുന്നു.

രണ്ട് അസിസ്റ്റുകളും ഒരു ഗോളുമായി ഡെൻസിൽ ഡംഫ്രിയ്‌സ് നിറഞ്ഞാടിയ മത്സരം വാൻഹാളിന്റെ ടാക്ടിക്കൽ ബുദ്ധികൂർമതയുടെ നല്ലൊരു പ്രദർശനമായിരുന്നു. തങ്ങളുടെ ശൈലിയെയും കളിക്കാരെയും കളിക്കാരെയും മനസ്സിലാക്കി അദ്ദേഹം ഒരുക്കിയ തന്ത്രത്തിൽ അപകടകരമായ നിഷ്‌കളങ്കതയോടെയാണ് അമേരിക്ക ചെന്നുവീണത്. അവർക്കു കൂടി അവസരങ്ങളേറെ ലഭിച്ചെങ്കിലും ഇത് നെതർലാന്റ്‌സ് ജയിക്കേണ്ട മത്സരമായിരുന്നു; അവർ ജയിക്കുകയും ചെയ്തു.

വിങ് ബാക്കായ ഡെൻസിൽ ഡംഫ്രിയ്‌സ് ഒരു മിഡ്ഫീൽഡറെയോ വിങ്ങറെയോ പോലെ കയറിക്കളിക്കുമെന്നതിനാൽ ആ ഭാഗത്ത് വിടവുണ്ടാകുമെന്ന കണക്കുകൂട്ടലിൽ കളി മെനഞ്ഞാണ് അമേരിക്ക തുടങ്ങിയത്. കളിയുടെ രാശി തെളിയുംമുമ്പ് അവർക്ക് സുവർണാവസരം ലഭിച്ചെങ്കിലും ഗോൾകീപ്പർ നെപ്പോർട്ടിന്റെ ധൈര്യപൂർവമുള്ള സേവ് തുടക്കത്തിൽ ഒരു ലീഡ് വഴങ്ങുന്നതിൽ നിന്ന് ഡച്ചുകാരെ രക്ഷിച്ചു.

വിങ് ബാക്കായ ഡെൻസിൽ ഡംഫ്രിയ്‌സ് ഒരു മിഡ്ഫീൽഡറെയോ വിങ്ങറെയോ പോലെ കയറിക്കളിക്കുമെന്നതിനാൽ ആ ഭാഗത്ത് വിടവുണ്ടാകുമെന്ന കണക്കുകൂട്ടലിൽ കളി മെനഞ്ഞാണ് അമേരിക്ക തുടങ്ങിയത്. വലതുഭാഗത്ത് ഡ്രിബ്ലിങ് മികവുള്ള സെർജിനോ ഡസ്റ്റ് തന്റേതായ രീതിയിൽ തുറസ്സുകളുണ്ടാക്കുമെന്നതിനാൽ പുലിസിച്ചും മക്കന്നിയും ജീസസ് ഫെരേരയും ഇടതുഭാഗത്ത് കളി കേന്ദ്രീകരിച്ചപ്പോൾ ആദ്യ മിനുട്ടുകളിൽ അമേരിക്കയ്ക്ക് മുൻതൂക്കമുണ്ടാകുന്നു എന്ന തോന്നലുണ്ടായി. വാൻഡൈക്ക് നയിക്കുന്ന മൂന്നംഗ ഡിഫൻസ് ക്ഷമയോടെയും ശ്രദ്ധയോടെയും യാങ്കികളുടെ കടന്നുകയറ്റങ്ങളെ ചെറുക്കുന്നതിനിടയിൽ പത്താം മിനുട്ടിൽ നെതർലാന്റ്‌സ് തങ്ങളുടെ ക്ലാസ് തെളിയിച്ചു കൊണ്ടുള്ള ഗോളടിച്ച് കളിയുടെ നിയന്ത്രണം പിടിച്ചെടുത്തു.

വിളിച്ചുവരുത്തി വകവരുത്തുന്ന കൊലയാളിയെയാണ് ആ ഗോളിൽ ഹോളണ്ട് ഓർമിപ്പിച്ചത്. തങ്ങളുടെ ഡിഫൻസ് തേഡിൽ എതിരാളികൾക്ക് പന്ത് കളിക്കാൻ വിട്ടുകൊടുത്ത്, അവരുടെ കളിക്കാരെ മുന്നോട്ടാകർഷിച്ചയിരുന്നു അതിന്റെ ആസൂത്രണം. അമേരിക്കൻ താരങ്ങളെല്ലാം മുന്നോട്ടുകയറി നിന്ന ഏറ്റവും ഉചിതമായ ഘട്ടത്തിൽ കടലാസിൽ വരച്ചതു പോലുള്ള പാസുകളോടെ അവർ കളിയിലെ ആദ്യത്തെ യഥാർത്ഥ ആക്രമണം നടത്തി.

എതിരാളികളിൽ നിന്നു പന്ത് തിരിച്ചെടുത്ത നെതർലാന്റ്‌സ് സ്വന്തം ഹാഫിൽ തട്ടിക്കളിച്ച അസംഖ്യം പാസുകൾക്കൊടുവിലാണ് പൊടുന്നനെയൊരു ഗോൾ നീക്കമുണ്ടാവുന്നത്. നിർജീവമെന്നു തോന്നിച്ച ക്ഷമാപൂർവമുള്ള പാസുകൾക്കൊടുവിൽ, രണ്ടോ മൂന്നോ കളിക്കാരിലൂടെ ക്ഷണവേഗത്തിൽ പന്ത് എതിർഹാഫിലേക്കു കയറി. അമേരിക്കയുടെ ഹാഫിലുള്ള കോഡി ഗാക്‌പോയുടെ കാലിൽ അതു കിട്ടുമ്പോൾ തന്നെ ഡംഫ്രിയ്‌സ് വലതുവിങ്ങിലൂടെ ഓടിക്കയറിയിരുന്നു. ഒരു മിഡഫീൽഡർ തന്നെ വളഞ്ഞുനിൽക്കെ, നാലു ടച്ചുകളെടുത്താണ് ഗാക്‌പോ പന്തിനെ ഗോൾ ഏരിയയിലേക്കു നയിക്കുന്നത്. പന്തിന്റെയും ഡച്ച് കളിക്കാരുടെയും സഞ്ചാരദിശയ്‌ക്കെതിരായി അപ്പോൾ സ്വതന്ത്രനായി മെംഫിസ് ഡിപേ ഓടിക്കയറുന്നുണ്ടായിരുന്നു. അഞ്ചാമത്തെ ടച്ചിൽ ഗാക്‌പോ തന്നേക്കാൾ അഡ്വാൻസ്ഡായി ഓടിക്കയറുന്ന ഡംഫ്രിയ്‌സിന് പന്ത് കൈമാറുന്നു. ബോക്‌സിന്റെ വശത്തുവെച്ച് പന്ത് കണക്ട് ചെയ്ത ഡംഫ്രിയ്‌സ് ആദ്യ ടച്ചിൽ തന്നെ ഗോൾ ഏരിയയിലേക്ക്, അളവും തൂക്കവും കൃത്യമായ ഒരു പാസ് തൊടുക്കുന്നു. മാർക്ക് ചെയ്യപ്പെടാതെ കയറിവന്ന മെംഫിസിന് ഒരുങ്ങാനും ഷോട്ടെടുക്കാനും ഇഷ്ടംപോലെ സമയവും സ്ഥലവുമുണ്ടായിരുന്നു. ഡച്ചുകാരുടെ നീക്കങ്ങളുടെ പൊരുൾ അമേരിക്കക്കാർക്ക് മനസ്സിലാകും മുമ്പേ, അളന്നുമുറിച്ച മെംഫിസിന്റെ ഷോട്ട് വലയിലെത്തി.

ആ ഗോൾ കാര്യങ്ങൾ കീഴ്‌മേൽ മറിച്ചു. നെതർലാന്റ്‌സ് കളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് പിന്നെ കണ്ടത്. ആക്രമണനീക്കങ്ങളിൽ താൽപര്യം കാണിച്ച അവർ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. ഡംഫ്രിയ്‌സ് പിന്നെയും ബോക്‌സിൽ പന്തെത്തിച്ചു കൊണ്ടിരുന്നു. കോഡി ഗാക്‌പോയും മെംഫിസും അവസരങ്ങൾ നഷ്ടപ്പെടുത്തി. ഓറഞ്ചുകാരുടെ പാസുമാലകൾക്കിടയിൽ അമേരിക്കയുടെ ചില നീക്കങ്ങളും കണ്ടു.

ആദ്യപകുതിയുടെ അവസാന നിമിഷത്തിൽ കളിയുടെ ചരമക്കുറിപ്പെന്നോണം, ആദ്യഗോളിനെ ഓർമിപ്പിക്കുന്ന ഫൈനൽ തേഡ് നീക്കങ്ങളോടെ നെതർലാന്റ്‌സിന്റെ രണ്ടാം ഗോളും പിറന്നു. ഇത്തവണയും ബോക്‌സിലേക്കുള്ള കില്ലർ പാസ് എയ്തത് വലതുഭാഗത്തു നിന്ന് ഡംഫ്രിയ്‌സ് തന്നെ. വൺടച്ച് പാസുകൾക്കൊടുവിൽ സമർത്ഥമായ ഒരു ഫോർവേഡ് പാസിലൂടെ ക്ലാസൻ ഡംഫ്രിയ്‌സിനെ ബോക്‌സിലേക്ക് റിലീസ് ചെയ്യുന്നു. തന്റെ മുന്നിൽ നിന്ന ഡിഫന്ററെ രണ്ട് ടച്ചുകൾ കൊണ്ട് ആശയക്കുഴപ്പത്തിലാക്കിയ ശേഷം ഡംഫ്രിയ്‌സ്, അര മണിക്കൂർ മുമ്പത്തെ അസിസ്റ്റിന്റെ ആവർത്തനം പോലെ ബോക്‌സിന്റെ മധ്യത്തിലേക്ക് പന്ത് കൊടുത്തു. ഇത്തവണ മെംഫിസല്ല, ഓടിക്കയറി പന്തിനെ പോസ്റ്റിലേക്കയച്ചത് ഡാലി ബ്ലിൻഡാണെന്ന ഒരു വ്യത്യാസം മാത്രം.

മുന്നോട്ടുകളിക്കുന്ന ഡേവി ക്ലാസനെ മാറ്റി ഡിഫൻസീവായി ചിന്തിക്കുന്ന കൂപ്പ്മിനേഴ്‌സിനെയും മാർട്ടിൻ ഡിറൂണിനു പകരം സ്റ്റീവൻ ബെർഗ്‌വെയ്‌നെയും ഇറക്കിയാണ് ഹോളണ്ട് രണ്ടാം പകുതി ആരംഭിച്ചത്. ഡംഫ്രിയ്‌സിന്റെ ഒരു ക്രോസിലുള്ള അമേരിക്കൻ താരത്തിന്റെ ബ്ലോക്ക് കീപ്പർ പണിപ്പെട്ട് ഗോളാകാതെ നോക്കിയതായിരുന്നു ആദ്യഘട്ടങ്ങളിലുണ്ടായ ശ്രദ്ധേയമായൊരു സംഭവം. പന്ത് കിട്ടുമ്പോഴൊക്കെ തിരിച്ചാക്രമണം നടത്താൻ അമേരിക്ക ശ്രമിച്ചെങ്കിലും തുറന്ന അവസരങ്ങളുണ്ടാക്കാൻ കഴിഞ്ഞില്ല. ലീഡ്‌സിനു കളിക്കുന്ന ബ്രണ്ടൻ ആരോൺസൺ കളത്തിലെത്തിയപ്പോൾ അമേരിക്കൻ നീക്കങ്ങൾക്ക് ചടുലത കൈവരാൻ തുടങ്ങി. സെർജിനോ ഡെസ്റ്റിനു പകരമിറങ്ങിയ ഡിആന്ദ്രേ യെദ്‌ലിൻ വന്ന ഉടനെ തന്നെ ഇംപാക്ടുണ്ടാക്കി. അയാൾ ഡച്ച് ബോക്‌സിലേക്ക് നൽകിയ പന്തിൽ നിന്നാണ് അമേരിക്കയുടെ ഗോൾവന്നത്. പുലിസിച്ചിന്റെ കട്ട്ബാക്ക് മറ്റൊരു സബ്സ്റ്റിറ്റിയൂട്ടായ ഹാജി റൈറ്റിന്റെ കാലിൽ തട്ടി പോസ്റ്റിലേക്ക് താണിറങ്ങി. പന്ത് പുറത്തേക്കടിക്കാൻ ഗോൾലൈനിൽ നിന്ന് ഡംഫ്രിയ്‌സ് ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. അമേരിക്കയുടെ ആക്രമണ മികവിനേക്കാൾ ഡച്ചുകാരുടെ പ്രതിരോധപ്പിഴവിൽ വീണ ഗോളായേ അതെനിക്കു തോന്നിയുള്ളൂ.

ഒരു ഗോൾ മടക്കാനായത് അമേരിക്കക്കാർക്ക് ആവേശം പകർന്നപ്പോൾ ഡച്ച് ഏരിയയിൽ സമ്മർദനിമിഷങ്ങളുണ്ടായി. ബോക്‌സിൽ ഹാജി റൈറ്റിന്റെ ഫസ്റ്റ് ടച്ചിന് കനം കൂടിയതുകൊണ്ടുമാത്രം വലിയൊരു അപകടത്തിൽ നിന്ന് അവർ രക്ഷപ്പെട്ടു. അമേരിക്ക കൈമെയ് മറന്ന് അധ്വാനിക്കാൻ ഒരുമ്പെട്ടപ്പോൾ കളി ആവേശകരമായെങ്കിലും കൃത്യസമയത്ത് നെതർലാന്റ്‌സിന്റെ രണ്ട് വിങ്ബാക്കുകൾ ചേർന്നു കണ്ടെത്തിയ ഗോൾ കളിയുടെ വിധിയെഴുതി. ഇടതുഭാഗത്തു നിന്ന് ബ്ലിൻഡ് ഉയർത്തി ബോക്‌സിനു കുറുകെ നൽകിയ പന്തിൽ കാൽവെക്കാൻ ഡംഫ്രിയ്‌സ് ഓടിവരുമ്പോൾ തടയാൻ ആരുമുണ്ടായിരുന്നില്ല. ക്ലോസ്‌റേഞ്ചിൽ നിന്ന് ഇടങ്കാലുകൊണ്ട് ഡച്ച് താരം നിലത്തേക്കു കുത്തിയിട്ട പന്ത് വലകുലുക്കുമ്പോൾ അമേരിക്കൻ കീപ്പർക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല.

മുൻ മത്സരങ്ങളിലേതു പോലെ കളി വരുതിയിലാക്കുക എന്ന ലളിതമായ കാര്യമാണ് ഇന്നും ഡച്ചുകാർ ചെയ്തത്. പ്രകടമായ വ്യത്യാസം കൂടുതൽ അറ്റാക്കിങ് ഇന്റന്റും വേഗതയിലുള്ള ഫോർവേഡ് പാസുകളുമുണ്ടായി എന്നതാണ്. ഫൈനൽ തേഡിൽ നെതർലാന്റ്‌സ് എങ്ങനെയാവും കളിക്കുക എന്നതിനെപ്പറ്റി അമേരിക്കക്കാർക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. ഡംഫ്രിയ്‌സാണ് ഇന്നത്തെ ഷോമാനെങ്കിലും മെംഫിസ് ഡിപേ, ഫ്രെങ്കി ഡിയോങ്, വാൻഡൈക്ക് എന്നിവരുടെ പ്രകടനം പ്രത്യേകം പരാമർശിക്കേണ്ടതുണ്ടെന്നു തോന്നുന്നു. അറ്റാക്കിങ് ഏരിയയിലെ ഡംഫ്രിയ്സിന്റെ ഗ്ലാമർ പ്രകടനത്തിനു പിന്നിൽ ഇവരുടെ കഠിനാധ്വാനമുണ്ട്.

എന്റെ അഭിപ്രായത്തിൽ നെതർലാന്റ്‌സ് അവരുടെ മികവ് ഈ ടൂർണമെന്റിൽ ഇതുവരെ, നന്നായി കളിച്ചു ജയിച്ച ഇന്നുപോലും പൂർണമായി പുറത്തെടുത്തിട്ടില്ല. ഓസ്‌ട്രേലിയയെ തോൽപ്പിച്ച് അർജന്റീന വന്നാൽ ക്വാർട്ടറിൽ ഒരു മരണക്കളി തന്നെ നമുക്കു കാണാം.

Similar Posts