പാര്‍ക്കിന്‍സണ്‍സിനെ അറിയാം, അതിജീവിക്കാം
|വിറയല്‍ തന്നെയാണ് പാര്‍ക്കിന്‍സണ്‍സിന്റെ പ്രധാന ബുദ്ധിമുട്ടും ലക്ഷണവുമായി അനുഭവപ്പെടുന്നത്
ഇന്ന് ലോക പാര്‍ക്കിന്‍സണ്‍സ് ദിനമാണ്. ദൈനംദിന ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്ന രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ പാര്‍ക്കിന്‍സണ്‍സ് എന്ന് ഉത്തരം പറയാന്‍ പലപ്പോഴും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ല. ഒരു കൊതുക് വന്നിരുന്ന് കടിച്ചാല്‍ പോലും വേദന സഹിച്ചിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ സാധിക്കാത്ത ദുസ്സഹമായ അവസ്ഥയെക്കുറിച്ചൊന്ന് ആലോചിച്ച് നോക്കൂ. സമീപകാലം വരെ വലിയ ചികിത്സയൊന്നും ഇല്ലാതിരുന്ന രോഗം കൂടിയായിരുന്നു പാര്‍ക്കിന്‍സണ്‍സ്. എന്നാല്‍ ഡി ബി എസ് പോലുള്ള ചികിത്സാ രീതികളുടെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥ പാടേ മാറിയിരിക്കുന്നു.
എന്താണ് പാര്‍ക്കിന്‍സണ്‍സ്
ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് മസ്തിഷ്‌കത്തിന്‍റെ ചില ഭാഗങ്ങളിലെ നാഡികള്‍ക്ക് ക്ഷയം സംഭവിക്കുന്നത് കൊണ്ടാണ് പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടാകുന്നത്. നൈഗ്രോ സ്ട്രയേറ്റല്‍ പാത്ത്വേ എന മസ്തിഷ്‌ക നാഡീ പാതയിലെ കോശ സന്ധികളില്‍ ഡോപ്പമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്ററിന്‍റെ സാന്നിധ്യം ഇല്ലാതാവുകയോ കുറയുകയോ ചെയ്യുന്നത് മൂലമാണ് പ്രധാനമായും പാര്‍ക്കിന്‍സണ്‍സ് ഉണ്ടാകുന്നത്. കൃത്യമായി ഏതെങ്കിലും ഒരു കാരണം മാത്രമായി ചൂണ്ടിക്കാണിക്കുവാന്‍ ശാസ്ത്രലോകത്തിന് ഇന്നും സാധിച്ചിട്ടില്ല എന്നതും പാര്‍ക്കിന്‍സണ്‍സിനെ സംബന്ധിച്ചുള്ള വസ്തുതയാണ്. 35 വയസ്സ് മുതല്‍ മുകളിലേക്ക് പ്രായമുള്ളവരില്‍ ഈ രോഗാവസ്ഥ കാണപ്പെടാറുണ്ടെങ്കിലും പ്രധാനമായും രോഗനിര്‍ണ്ണയം നടക്കാറുള്ളത് 50കളിലാണ്. അപൂര്‍വമായി കുഞ്ഞുങ്ങളിലും (ജുവൈനല്‍ പാര്‍ക്കിന്‍സണ്‍സ്) കാണപ്പെടാറുണ്ട്.
വിറയല്‍ തന്നെയാണ് പാര്‍ക്കിന്‍സണ്‍സിന്റെ പ്രധാന ബുദ്ധിമുട്ടും ലക്ഷണവുമായി അനുഭവപ്പെടുന്നത്. എന്നാല്‍ ഇതോടൊപ്പം തന്നെ ഉറക്കം നഷ്ടപ്പെടുക, വിഷാദരോഗത്തിനടിമപ്പെടുക, അമിതമായ ഉത്കണ്ഠ കാണപ്പെടുക, ആഹാരം ഇറക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, പേശികളുടെ അയവ് നഷ്ടപ്പെടുകയും തന്മൂലം ശരീരഭാഗങ്ങള്‍ ദൃഢമായി മാറുകയും ചെയ്യുക, ചലനശേഷി കുറയുക തുടങ്ങിയ പ്രശ്‌നങ്ങളും കാണപ്പെടാറുണ്ട്.
ചികിത്സ
ഡോപ്പമിന്‍റെ അഭാവമാണ് രോഗകാരണമെന്നതിനാല്‍ മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയുടെ പ്രധാന ലക്ഷ്യം ഡോപ്പമിനെ ശരിയായ നിലയില്‍ എത്തിക്കുക എന്നതാണ്. ഡോപ്പമിന്‍ നശിപ്പിക്കപ്പെടാതിരിക്കാനുള്ള മരുന്നുകളും ഡോപ്പമിന്‍ ഉത്തേജിപ്പിക്കാനുള്ള മരുന്നുകളും നല്‍കാറുണ്ട്. മസ്തിഷ്‌കത്തെ ഉത്തേജിപ്പാനുള്ള ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ എന്ന രീതി കൂടുതല്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തലച്ചോറിനകത്ത് ശസ്ത്രക്രിയ വഴി ഇലക്ട്രോഡുകള്‍ സ്ഥാപിച്ച് രോഗബാധിതമായ മേഖലയെ ഉത്തേജിപ്പിക്കുകയാണ് ഡി ബി എസിലൂടെ ചെയ്യുന്നത്.
ഏറ്റവും പ്രധാനം ബന്ധുക്കളുടേയും കൂട്ടിരിപ്പുകാരുടേയും ക്ഷമയും സ്‌നേഹത്തോടെയുള്ള മനോഭാവവുമാണ്. ദൈനംദിന ജീവിതത്തെ പാടെ ദുരിതത്തിലാക്കുന്ന രോഗാവസ്ഥ എന്ന നിലയില്‍ രോഗിയുടെ മനോനിലയില്‍ വളരെ പെട്ടെന്ന് തന്നെ വലിയ മാറ്റങ്ങളുണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിരാശ, മാനസിക സംഘര്‍ഷം തുടങ്ങിയവ രോഗി അഭിമുഖീകരിക്കേണ്ടി വരും. സ്വാഭാവികമായും ബന്ധുക്കളുടെ സ്‌നേഹത്തോടെയും അനുകമ്പയോടെയുമുള്ള പരിചരണം രോഗിയുടെ തുടര്‍ജീവിതത്തെ വലിയ രീതിയില്‍ സ്വാധീനിക്കും എന്ന് ഓര്‍മ്മിക്കുക.