ഉറുമ്പുകൾ കാരണം നാടുവിടേണ്ടി വന്ന ജനത
|ഉറുമ്പുകൾ മൂലം ജീവിതം ദുരിതത്തിലായവരാണ് തമിഴ്‌നാട് ഡിണ്ടിഗലിലെ വേലായുധംപെട്ടി ഗ്രാമവാസികൾ
തമിഴ്നാട് ഡിണ്ടിഗലിലെ വേലായുധംപട്ടി ഗ്രാമത്തിൽനിന്ന് ക്രാന്ത മലയിലേക്ക് പോകുവാൻ ചെറിയൊരു വഴിയുണ്ട്. വളരെ മനോഹരമായ ആ വഴിയുടെ ഇരുവശത്തും കൂറ്റൻ മാവും, പുളിമരവും, തെങ്ങുമെല്ലാം വളർന്നു പന്തലിച്ചു നിൽക്കുന്ന തോട്ടം കാണാം. വളരെ ശാന്ത സുന്ദരമായ പ്രദേശം, അതിനു ചുറ്റും ചെറിയ ചെറിയ കുടിലുകളുമുണ്ട്. കന്നുകാലികളെ വളർത്തിയും കൃഷി ചെയ്തും കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന ഒരു കൂട്ടം സാധാരണ ജനതയും. മിക്ക വീടിന്റെയും മുന്നിൽ പുളി വെയിലത്ത് ഉണങ്ങാൻ ഇട്ടത് കാണാം. ഉണങ്ങിയ പുളി എടുത്തു നന്നാക്കാനിരിക്കുന്ന കുറച്ച് ആളുകളും. അവരുടെയെല്ലാം കാലിന്റെ അടി നിറയെ ഉറുമ്പുകൾ ഉണ്ടാക്കിയ വ്രണങ്ങളുടെ പാട് വരണ്ട മണ്ണുപോലെ വിണ്ടുകീറിയിരിക്കുകയാണ്. ഉറുമ്പിന്റെ സ്രവം വീണ ശരീരഭാഗത്ത് ചൊറിച്ചിലും അസ്വസ്ഥകളും പതിവാണ്. അവിടെയുള്ള ചില ആളുകൾക്ക് കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടിരിക്കുന്നു. പുറത്തുനിന്ന് നോക്കുന്നവർക്ക് പച്ചപ്പ് നിറഞ്ഞ സുന്ദര ഗ്രാമം എന്നാൽ, വേലായുധംപട്ടിയിലെ ഉൾഗ്രാമത്തിൽ എത്തിയാൽ മാത്രമേ പുറത്തുള്ളതും അകത്തുള്ളതുമായ കാഴ്ചകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാവുകയുള്ളൂ. മലമുകളിലേക്ക് ചെല്ലുംതോറും എവിടെ നിന്നില്ലാതെ ഉറുമ്പുകൾ അങ്ങോട്ടുമിങ്ങോട്ടും ഓടിയടുക്കുന്നത് കാണാം. അവിടെയുള്ള ഉറുമ്പുകൾ കടിക്കില്ല പക്ഷേ അരിച്ചു കയറുമ്പോൾ തട്ടി താഴെ ഇടാൻ നോക്കിയാൽ അതിന്റെ സ്രവം ശരീരത്തിൽ പറ്റിപ്പിടിക്കുകയും തുടർന്ന് മുറിവ് വരികയും വ്രണമുണ്ടാവുകയും ചെയ്യും. ചെറിയ കുഞ്ഞുങ്ങളെ എവിടെയെങ്കിലും ഉറക്കിക്കിടത്താൻ പോലും ഭയമാണ്. കണ്ണൊന്നു തെറ്റിയാൽ ഉറുമ്പുകൾ പൊതിഞ്ഞ് ജീവൻ തന്നെ നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയാണ്.
കന്നുകാലികളുടെയും നായകളുടെയും ശരീരത്ത് ഉറുമ്പ് കടിച്ച മുറിവുകൾ വ്രണമായിത്തീർന്നത് കാണാം. കാഴ്ചശക്തിയും പൂർണമായി നശിച്ചു. ഡിണ്ടിഗൽ ജില്ലയിലെ വേലായുധംപട്ടി, തനം, ഗോപാൽപെട്ടി തുടങ്ങിയ ഗ്രാമങ്ങൾ മലയുടെ താഴെയാണ്. ഉറുമ്പുകൾ മലയുടെ മുകളിൽ നിന്നും താഴെയുള്ള ഗ്രാമങ്ങളിലേക്ക് കാലങ്ങളായി ഇറങ്ങിവരുന്നത് പതിവ് കാഴ്ചയാണ്. മരത്തിന്റെ ചില്ലയിൽ മുട്ടയിടുന്ന പക്ഷികൾക്കും രക്ഷയില്ല. മുട്ടയും കുഞ്ഞുങ്ങളും എല്ലാം ഉറുമ്പിനു ഭക്ഷണമാകും. മനുഷ്യരും മൃഗങ്ങളും മാത്രമല്ല നിരന്നു നിൽക്കുന്ന പുളിമരവും, കൂറ്റൻമാവുകളും , തെങ്ങും വാഴയുമെല്ലാം ഉറുമ്പിന്റെ ഇരകളാണ്. പുളിമരത്തിലുണ്ടാകുന്ന കായ്കളൊന്നും ഗ്രാമീണർക്ക് ലഭിക്കാറില്ല. കൃഷി കന്നുകാലി വളർത്തൽ ഇവയൊക്കെയാണ് ഇവരുടെ ജോലി പക്ഷേ കഴിഞ്ഞ എട്ടു വർഷത്തോളമായി അവർ ദുരിതത്തിലാണ്. ഉറുമ്പിന്റെ കൂട്ടത്തോടെയുള്ള വരവിന്റെ കാരണമെന്താണെന്നും പരിഹാരമെന്താണെന്നും ഇതുവരെ ആർക്കും മനസ്സിലായിട്ടില്ല.
ഏതാനും വർഷങ്ങൾക്കു മുമ്പ് പച്ചക്കറികളും വാഴകളും നിറഞ്ഞിരുന്ന പറമ്പിൽ ഇന്ന് കരിഞ്ഞുണങ്ങിയ ചെടികൾ മാത്രമാണ് അവശേഷിക്കുന്നത്. പ്രകൃതിയെയും ഉറുമ്പുകൾ കാർന്നു തിന്നുകയാണ്. ഡിണ്ടിഗൽ നഗരത്തിൽ നിന്നും കുറച്ചു മാറിയാണ് വേലായുധംപട്ടി. കാട്ടുപന്നിയും, മയിലും, കുരങ്ങും, പാമ്പും, നിറഞ്ഞിരുന്ന ഒരു ചെറിയ വനമായിരുന്നു ക്രാന്തമല എന്നാൽ, ഇന്നിവിടെ ഉറുമ്പുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഉദ്യോഗസ്ഥരും ഗവേഷകരും വന്നു പോവുകയല്ലാതെ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. പെട്ടെന്നുണ്ടായ ഈ പ്രതിഭാസത്തിന്റെ കാരണം പരിഹരിക്കാൻ ആർക്കും കഴിഞ്ഞില്ല എന്നതാണ് വാസ്തവം.
മാവും, പ്ലാവും ആണ് ഇപ്പോൾ കൃഷി ചെയ്യുന്നത് അമിതമായ കീടനാശിനി ഉപയോഗിച്ചാണ് മരങ്ങളിൽ നിന്നും ഉറുമ്പിനെ അകറ്റുന്നത്. ഉപജീവനം മാർഗം നഷ്ടപ്പെട്ടതോടുകൂടി നാടും വീടും വിട്ട് കുടിയേറി പോവുകയാണ് പലരും. ജീവിച്ചിരിക്കുന്ന മനുഷ്യരുടെ സർവ പ്രതീക്ഷയുമാണ് ഉറുമ്പിന്റെ ഈ അധിനിവേശം തകർത്തെറിഞ്ഞത്.
ലോകത്തെ ഏറ്റവും വിനാശകാരിയാണ് മഞ്ഞ നിറത്തിലുള്ള ചെറിയ ഉറുമ്പുകളെന്ന് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പറയുന്നു. ഇവ കടിക്കുകയോ വിഷം കുത്തിവയ്ക്കുകയോ ചെയ്യില്ല, പക്ഷേ ഫോമിക് ആസിഡ് പുറപ്പെടുവിക്കും. ഈ ഫോമിക് ആസിഡാണ് കൃഷിക്കും കന്നുകാലികൾക്കും ഭീഷണിയാകുന്നത്. അറിയാതെ എങ്ങാനും ചവിട്ടിയാൽ ശരീരത്തിലേക്ക് ഇരച്ചുകയറും. അങ്ങനെ ഈ ചോണനുറുമ്പുകളെ കൊണ്ട് അനങ്ങാൻ പറ്റാത്ത അവസ്ഥയാവും. ആനോപ്ലോപിസ് ഗ്രാസിലിപ്‌സ് എന്നാണ് ഈ മഞ്ഞ ഉറുമ്പുകളുടെ ശാസ്ത്രീയ നാമം. കടിക്കില്ലെങ്കിലും ഇവ ഒരു നിമിഷം നിൽക്കാതെ ഓടി നടക്കും. പ്രത്യേകിച്ച് ഒരു ഭക്ഷണ ശൈലി ഇവയ്ക്കില്ല. എന്തിനേയും ഏതിനേയും കഴിക്കും. സ്വർണനിറമുള്ള ഈ ഉറുമ്പുകൾ വെയിൽ കനക്കുമ്പോൾ മാത്രമാണ് ഒന്നടങ്ങുന്നത്. ആ സമയത്ത് മണ്ണിനടിയിലെ തണുപ്പുള്ള ഭാഗത്ത് ഇവ മറഞ്ഞിരിക്കും. വെയിലിന്റെ ചൂട് മാറുന്ന വൈകുന്നേരങ്ങളിൽ മണ്ണിനടിയിലെ മാളങ്ങളിൽ നിന്നു പതുക്കെ പുറത്തേക്കു വരികയും ചുറ്റും കാണുന്ന എല്ലാത്തിനെയും നശിപ്പിക്കുകയും ചെയ്യും . താരതമ്യേനെ ഈ ഉറുമ്പുകൾക്ക് വിശപ്പും കൂടുതലാണ്. ചൂട് കൂടിയതോടെ ഉറുമ്പുകളുടെ മെറ്റബോളിക് റേറ്റ് വർധിക്കുകയും ഇത് അവയെ കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.
മനുഷ്യജീവിതം ദുരിതമാക്കാൻ കാട്ടനയോ, പ്രളയമോ, മണ്ണിടിച്ചിലോ, മഹാമാരിയോ ഒന്നും വേണമെന്നില്ല നിസ്സാരനായി തള്ളിക്കളയുന്ന ചെറിയ ഉറുമ്പുകൾ തന്നെ ധാരാളം.