Magazine
south africa israel
Magazine

ഇസ്രായേലിനെ കോടതി കയറ്റുന്ന ദക്ഷിണാഫ്രിക്ക

അനസ് അസീന്‍
|
14 Jan 2024 2:01 PM GMT

ഒരു ജനതയുടെ എല്ലാ മൗലികാവകാശങ്ങളും ഇസ്രായേൽ കവർന്നെടുക്കുമ്പോഴും രാഷ്ട്രീയമായും സാമ്പത്തികമായും പിന്തുണ നൽകിയ ലോക രാജ്യങ്ങളെ ദക്ഷിണാഫ്രിക്കയുടെ ഉറച്ച ശബ്​ദം അലോസരപ്പെടുത്തിയത്​ ചില്ലറയല്ല

വംശഹത്യക്ക് തുനിഞ്ഞിറങ്ങി ഗസ്സയുടെ മണ്ണിൽ നൂറ് ദിവസമായി തുടരുന്ന യുദ്ധവെറിയിൽ ഇസ്രായേലി​ന് ഏറ്റവും വലിയ തിരിച്ചടി കിട്ടിയത് ദക്ഷിണാ​ഫ്രിക്കയിൽ നിന്നാണ്. ഗസ്സയെ കൊന്നൊടുക്കുന്ന ഇസ്രായേലിനെതിരെ ലോകരാജ്യങ്ങളിൽ ഉറക്കെ ശബ്​ദിച്ചത്​ ദക്ഷിണാഫ്രിക്കയായിരുന്നു. കുട്ടികളും സ്​ത്രീകളും കൊല്ലപ്പെട്ടിട്ടും വെള്ളം, ഭക്ഷണം, മരുന്ന്, ഇന്ധനം, പാർപ്പിടം തുടങ്ങി ഒരു ജനതയുടെ എല്ലാ മൗലികാവകാശങ്ങളും ഇസ്രായേൽ കവർന്നെടുക്കുമ്പോഴും മൗനം പാലിക്കുക മാത്രമല്ല​ രാഷ്ട്രീയമായും സാമ്പത്തികമായും പിന്തുണ നൽകുകയും ചെയ്ത ലോക രാജ്യങ്ങളെ ദക്ഷിണാഫ്രിക്കയുടെ ഉറച്ച ശബ്​ദം അലോസരപ്പെടുത്തിയത്​ ചില്ലറയല്ല.

എന്നാൽ ഫലസ്തീന്​ വേണ്ടി നിലകൊള്ളുന്നതിൽ നിന്ന്​ ദക്ഷിണാഫ്രിക്കയെ പിന്തിരിപ്പിക്കാനുള്ള കരുത്തൊന്നും ലോകരാജ്യങ്ങളുടെ മുറുമുറുപ്പുകൾക്ക്​ ഉണ്ടായിരുന്നില്ലെന്ന്​ തെളിയിച്ചത്​ 2023 ഡിസംബർ 29 നായിരുന്നു. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന സൈനിക നടപടി വംശഹത്യയുടെ പരിധിയിൽ വരുമെന്ന്​ ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക ​അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐസിജെ) സമീപിച്ചു. വംശഹത്യക്കെതിര ​നിലകൊള്ളാൻ ആഹ്വാനം ചെയ്യുന്ന 1948 ലെ വംശഹത്യ കൺവെൻഷനിൽ (Genocide Convention) ഒപ്പുവെച്ച ഇസ്രായേൽ അത്​ ലംഘിച്ചുവെന്നും നിയമ നടപടിസ്വീകരിക്കണമെന്നുമായിരുന്നു ഹരജിയിലെ ദക്ഷിണാഫ്രിക്കയുടെ പ്രധാന ആവശ്യം.

ലോകരാജ്യങ്ങളിലേറെയും മൗനം പാലിക്കുന്നത്​ തുടർന്നപ്പോഴാണ്​​ രാജ്യത്തെ അന്താരാഷ്ട്ര നിയമവിദഗ്ദ്ധരെയും അഭിഭാഷകരെയും ഉൾപ്പെടുത്തി ഒരു നിയമസംഘത്തെ ദക്ഷിണാഫ്രിക്ക രൂപീകരിച്ചത്​. ആ സംഘമാണ്​ ഇസ്രായേലിന്റെ വംശഹത്യക്കെതി​രെ ​ലോകകോടതിയിൽ സമർപ്പിക്കാനുള്ള 84 പേജുള്ള ഹരജി തയാറാക്കിയത്. വർണവിവേചനം,ആട്ടിപ്പുറത്താക്കൽ,വംശീയ ഉന്മൂലനം,അധിനിവേശം,വിവേചനം,ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിന്റെ നിരന്തരമായ നിഷേധം എന്നിവയുടെ പശ്ചാത്തലത്തിൽ വംശഹത്യ തടയുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടുവെന്നായിരുന്നു ഹരജിയിലെ കുറ്റപ്പെടുത്തൽ. തെളിവുകളും നിയമങ്ങളും നിരത്തിയുള്ള ആ റിപ്പോർട്ടിൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ നിർത്തിവെക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

ചരിത്രപരവും രാഷ്ട്രീയപരവുമായ കാരണങ്ങൾ​ തന്നെയാണ്​ ദക്ഷിണാഫ്രിക്ക ഇത്തരമൊരു നിലപാട്​ എടുത്തത്​. വർണവിവേചനത്തിനും നീതിനിഷേധത്തിനുമിരെ നടത്തിയ പോരാട്ടത്തിനൊപ്പമാണ്​ ഫലസ്തീൻ ജനതയുടെ പോരാട്ടത്തെ ദക്ഷിണാഫ്രിക്കൻജനത ചേർത്തുവെക്കുന്നത്​.മതപരവും സാമ്പത്തികപരവും വംശീയവുമായ കാരണങ്ങളാണ്​ ലക്ഷക്കണക്കിനാളുകൾ കൂട്ടക്കൊലക്കിരയായ യഹൂദ വിരുദ്ധതക്ക്​ പിന്നിൽ. ഒരു കാലത്ത്​ വംശഹത്യക്കിരയായ ജൂതരാണ്​ ഇന്ന് ഫലസ്തീനികളുടെ​ വംശഹത്യ​ക്ക്​ ഇറങ്ങി​പുറപ്പെട്ടിരിക്കുന്നത്​.​ അതിനെതിരെ ഉറക്കെ ശബ്​ദിക്കുന്നതിലൂടെ ഒരു കാലത്ത്​ ഇരകളായിരുന്നവർ വേട്ടക്കാരായതിനെ ദക്ഷിണാഫ്രിക്ക ചോദ്യം ചെയ്യുക കൂടിയാണ്​​.അതിനവർക്ക്​ കരുത്തേകുന്നത്​ വർണവിവേചന വിരുദ്ധ പോരാട്ട നായകനായ നെൽസൺ മണ്ടേല തന്നെയാണ്​.‘ഫലസ്തീനികളുടെ സ്വാതന്ത്ര്യമില്ലാതെ ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യം അപൂർണ്ണമാണ്​’ എന്ന്​ അസന്നിഗ്​ദ്ധമായി പ്രഖ്യാപിച്ചിട്ടാണ്​ അദ്ദേഹം കടന്നുപോയത്​.

നെതർലൻഡ്​സിലെ ഹേഗിലെ ഐ.സി.ജെ കോടതിമുറിയിൽ ജനുവരി 12 ന്​ ദക്ഷിണാഫ്രിക്കയുടെയും 13 ന്​ഇസ്രായേലിന്‍റെയും വാദമാണ്​ നടന്നത്. ഗസ്സയിൽ ഇസ്രായേൽ വംശഹത്യനടത്തുകയാണെന്ന്​ തെളിവുകളുടെ അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്ക വാദിച്ചു​. ആ ജനതയെ പൂർണമായും കൊന്നൊടുക്കാൻ ശേഷിയുള്ള​ മാരകായുധങ്ങളാണ്​ ഇസ്രായേൽ പ്രയോഗിക്കുന്നത്​. ഫലസ്തീനി​നെ കൊന്നാടുക്കാൻ 2023 ഒക്ടോബർ ഏഴിനല്ല ഇസ്രായേൽ തുടങ്ങിയതെന്നും കഴിഞ്ഞ 76 വർഷമായി ആ ജനത വേട്ടയാടപ്പെടുകയാണെന്നുമായിരുന്നു പ്രധാന വാദം. കഴിഞ്ഞ 20 വർഷത്തിലെ ഗസ്സയുടെ ജലസ്രോതസുകളും വൈദ്യുതിയും അടിസ്ഥാന സൗകര്യ വികസനങ്ങളുമെല്ലാം ഇസ്രായേൽ നിഷേധിക്കുകയാണെന്ന്​ വാദിച്ച സംഘം ഇസ്രായേലിന്‍റെ സൈനിക നടപടിയും കുടിയൊഴിപ്പിക്കലും അടിയന്തരമായി അവസാനിപ്പിക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

ഗസ്സയിലെ ജനതക്ക്​ വെള്ളം,ഭക്ഷണം പാർപ്പിടം,ചികിത്സ എന്നിവ ഒരുക്കണമെന്നും ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ അഭിഭാഷകസംഘം വ്യക്​തമായ തെളിവുകളുമായെത്തി ഇസ്രായേലിനെ ലോകത്തിന്​ മുന്നിൽ വരച്ചുകാട്ടുകയായിരുന്നു.തെളിവുകളായി ഉയർത്തിക്കാട്ടിയതിൽ ഇസ്രായേൽ ബോംബിട്ടുകൊന്നു കളഞ്ഞ മാധ്യമപ്രവർത്തകർ പകർത്തിയ ചിത്രങ്ങളും വാർത്തകളുമുണ്ടായിരുന്നു.ലോകത്തിന്​ മുന്നിൽ ഇസ്രായേലിനെ തുറന്നുവെക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക.ഈ കോടതിയിൽ നിന്നുള്ള ഒരു തീർപ്പ് മാത്രമാണ് ഇനി ഗസ്സയ്ക്ക് മുന്നിലുള്ള ഏക പ്രതീക്ഷയെന്നും വാദിച്ചു. ഗസ്സയിലെത്​ വംശഹത്യയല്ലെന്ന തീർപ്പിൽ ചിലപ്പോൾ കോടതി​ എത്തിയേക്കാം,എന്നാൽ അവിടെ നടക്കുന്നത്​ വംശഹത്യാ കുറ്റങ്ങളാണെന്നത് ഉറപ്പിച്ചു പറയാൻ ഈ തെളിവുകൾ മതിയെന്ന്​ പറഞ്ഞായിരുന്നു ദക്ഷിണാഫ്രിക്കൻ സംഘം വാദം അവസാനിപ്പിച്ചത്​.നീതിന്യായ കോടതിയിൽ വാദം നടക്കുമ്പോൾ ഹേഗിന്‍റെ തെരുവുകളിൽ ഫലസ്തീന്​ ഐക്യദാർഡ്യവും ഇസ്രായേലിനെതിരെ പ്രതിഷേധവും അരങ്ങേറി.

വംശഹത്യാ ലക്ഷ്യങ്ങളൊന്നുമില്ലെന്നായിരുന്നു പിറ്റേന്ന്​ ഇസ്രായേൽ സംഘം വാദിച്ചത്​.ഇസ്രായേലിനോട് എന്തോ പ്രശ്‌നമുള്ള പോലെയാണ് ദക്ഷിണാഫ്രിക്ക വിഷയത്തെ സമീപിച്ചതെന്നായിരുന്നു ഇസ്രായേലിന്‍റെ പ്രധാനവാദങ്ങളിലൊന്ന്​​.ഗസ്സയിലെ സൈനിക നടപടി ഉടനടി അവസാനിപ്പിക്കണമെന്ന ആവശ്യം ആശ്ചര്യപ്പെടുത്തുന്നതെന്നായിരുന്നു​ സംഘം വാദിച്ചത്​.ദക്ഷിണാഫ്രിക്ക നിരത്തിയ തെളിവുകളെ ഘണ്ഡിക്കാൻ മാത്രമുള്ള വാദങ്ങളൊന്നുമില്ലായിരുന്നു ഇസ്രായേലിന്‍റെ പക്കൽ.രണ്ട്​ ദിവസത്തെ വാദം പൂർത്തിയായതോടെ കോടതിയുടെ തീരുമാനം ദിവസങ്ങൾക്കകമുണ്ടാകും.

ദക്ഷിണാഫ്രിക്കയുടെ നിയമനടപടിയെ പിന്തുണച്ച് നിരവധി​ ലോകരാജ്യങ്ങൾ മ​ുന്നോട്ട്​ വന്നതോടെ ഇസ്രായേൽ കൂടുതൽ പ്രതിരോധത്തിലായി.എന്നാൽ ദക്ഷിണാഫ്രിക്കയുടെ നടപടിക്കെതിരെ യു.എസ് രംഗ​ത്തെത്തി. യൂറോപ്യൻ യൂനിയനും മിക്ക പടിഞ്ഞാറൻ രാജ്യങ്ങങ്ങളും മൗനം തുടരുകയാണ്​. അതെ സമയം ഹരജിയുമായി കോടതി കയറിയതിന്​ അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ ദക്ഷിണാഫ്രിക്ക നേരിടേണ്ടി വരുമെന്നും വിലയിരുത്തലുകളുണ്ട്.യുദ്ധരംഗത്ത്​ ഹമാസിന്‍റെയും ഫലസ്തീനിക​ളുടെയും പ്രതിരോധങ്ങളെ അതിജീവിക്കാൻ ചിലപ്പോഴെങ്കിലും ഇസ്രായേലിന്​ കഴിഞ്ഞിരിക്കും.എന്നാൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക അക്കമിട്ട്​ നിരത്തിയ വാദങ്ങളും തെളിവുകളുമുണ്ടല്ലോ,അത്​ ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന്​ ലോകത്തിന്​ മുന്നിൽ അടയാളപ്പെടുത്തുകയായിരുന്നു​. കോടതിയുടെ ഉത്തരവ്​ എന്ത്​ തന്നെയായാലും വംശഹത്യ നടന്നുവെന്ന ദക്ഷിണാഫ്രിക്കയുടെ വാദങ്ങളെ അതിജയിക്കാനുള്ള ‘ആയുധങ്ങളൊന്നും’ ഇസ്രായേലിന്‍റെ പക്കൽ ഇല്ല എന്നും ലോകത്തിന്​ മനസിലായി.അത്​ തന്നെയായിരിക്കണം ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യവും.

Similar Posts