സ്വന്തം ശവപ്പെട്ടിയിൽ ആണിയടിച്ച മാധ്യമങ്ങൾ; തലയുയർത്തി നിന്ന 'ദി വയർ'
|ഇന്ത്യയിലെ ചുരുക്കം ചില പത്രങ്ങളെങ്കിലും അനുവാദത്തിനായി ദി കാരവനെ സമീപിക്കുകയും, സർക്കാർ പിൻവലിക്കാനാവശ്യപ്പെട്ട ആ ലേഖനമോ അതിലെ പ്രസക്ത ഭാഗങ്ങളോ പരിണിത ഫലങ്ങളെക്കുറിച്ചാലോചിക്കാതെ പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെ ഉണ്ടായെങ്കിലുള്ള ഇംപാക്ട് നോക്കൂ; ആരും വായിക്കരുതെന്ന് സർക്കാർ തീരുമാനിച്ച ഒരു ലേഖനം ഒന്നിനു പിറകെ ഒന്നായി ഒന്നാം പേജുകളിൽ വരിക!.
പുലർച്ചെ അഞ്ചുമണി മുതൽ തീവണ്ടി യാത്രയിലാണ് ഞാൻ. നെറ്റ് കണക്ഷൻ ഇടമുറിഞ്ഞാണ് ലഭിക്കുന്നത്. അതിനാൽ, ഇന്ന് രാവിലെ ഇന്ത്യൻ പത്രങ്ങൾ അവരുടെ 'പെന്റഗൺ പേപ്പേഴ്‌സ്' നിമിഷം സൃഷ്ടിക്കുകയുണ്ടായോ എന്ന് അറിയാനായില്ല. അവരതു ചെയ്തു എന്നുതന്നെ ഞാൻ കരുതുന്നു.
'ദി വയർ' ന്യൂസ് പോർട്ടൽ ഏതായാലും അതു ചെയ്തിട്ടുണ്ട്. കശ്മീർ വിഷയത്തിലുള്ള ലേഖനം പിൻവലിക്കാൻ 'ദി കാരവനോ'ട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു കഴിഞ്ഞില്ല, അപ്പോഴേക്ക് ലേഖനത്തിന്റെ ഒരു ഭാഗം ദി വയർ പുനഃപ്രസിദ്ധീകരിച്ചു; മുഴുവുൻ ലേഖനത്തിന്റെ ലിങ്ക് സഹിതം.
അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള ഇന്ത്യൻ ജേണലിസത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നിൽ, ഇന്നലെ ഫെബ്രുവരി മൂന്നിന്, ലുബ്ധവും എന്നാൽ ആശ്വാസകരവുമായ ഈ വാക്കുകൾ ദി വയറിൽ പ്രത്യക്ഷപ്പെട്ടു: 'ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അക്രമങ്ങളും കൊലപാതകവും നടത്തിയെന്ന ഇന്ത്യൻ സൈന്യത്തിനെതിരായ ആരോപണങ്ങളടങ്ങിയ ലേഖനം പിൻവലിക്കാൻ കേന്ദ്രസർക്കാർ ദി കാരവനോട് ആവശ്യപ്പെടുകയുണ്ടായി. ആ ലേഖനം നിങ്ങൾക്ക് പൂർണമായി വായിക്കാം.'
ഇതിന് അത്ഭുതകരമായ മറ്റൊരു യാദൃശ്ചികതയുണ്ട്. പെന്റഗൺ പേപ്പേഴ്‌സിന്റെ ആദ്യഭാഗം ദി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിക്കുന്നത് 1971 ജൂൺ 13-നാണ്. അതിന്റെ 50-ാം വാർഷികത്തിൽ റിച്ചാർഡ് നിക്‌സൺ ലൈബ്രറിയുടെ നാഷണൽ ആർക്കൈവ്‌സ് ഓർമിക്കുന്നതിങ്ങനെയാണ്: 'ന്യൂയോർക്ക് ടൈംസിനെ തടഞ്ഞുകൊണ്ടുള്ള നിരോധനാജ്ഞ വളരെ കുറച്ചുസമയമേ വിജയിച്ചുള്ളൂ. അപ്പോഴേക്കും ടൈംസിന്റെ മേലങ്കി എടുത്തണിഞ്ഞ് വാഷിങ്ടൺ പോസ്റ്റ് ആ പരമ്പര പ്രസിദ്ധീകരിക്കാൻ തുടങ്ങി. വാഷിങ്ടൺ പോസ്റ്റിനെ നിയന്ത്രിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയപ്പോഴേക്കും ബോസ്റ്റൺ ഗ്ലോബ് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങി. ഒരു ഡസനിലേറെ മാധ്യമങ്ങളുടെ കൈവശം ആ പഠനത്തിന്റെ കോപ്പികൾ എത്തുന്നതുവരെ നിയമപരമായ, ഉപായം കൊണ്ടുള്ള ഈ ഓട്ടയടക്കൽ തുടർന്നു.'
വാഷിങ്ടൺ പോസ്റ്റിന്റെ കർക്കശക്കരനായ എഡിറ്റർ ബെൻ ബ്രാഡ്‌ലിയുടെ 'പ്രസിദ്ധീകരിക്കാനുള്ള അവകാശം സ്ഥാപിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം പ്രസിദ്ധീകരിക്കുക തന്നെയാണ്' എന്ന വാക്കുകൾക്ക് ജീവൻ നൽകുകയായിരുന്നു മാധ്യമങ്ങളുടെ ഈ സഹകരണം, അല്ലെങ്കിൽ കൂട്ടായ വിസമ്മതം.
ഇന്നലെ ദി വയർ ചെയ്തത് 1971-ൽ പോസ്റ്റിന്റെ ചെയർമാൻ ഫ്രിറ്റ്‌സ് ബീബെയോട് ബ്രാഡ്‌ലി പറഞ്ഞ അതേകാര്യം തന്നെയാണ്. ദി പോസ്റ്റ് എന്ന സിനിമയിൽ ബീബെ ബ്രാഡ്‌ലിയോട് ഇങ്ങനെ പറയുന്നുണ്ട്: 'ഗവൺമെന്റ് ജയിക്കുകയും നമ്മൾ ശിക്ഷിക്കപ്പെടുകയും ചെയ്യുകയാണെങ്കിൽ നമ്മളറിയുന്ന തരത്തിലുള്ള വാഷിങ്ടൺ പോസ്റ്റ് ഇല്ലാതായെന്ന് മനസ്സിലാക്കിയാൽ മതി.'
ബ്രാഡ്‌ലി തിരിച്ചടിക്കുന്നത് ഇങ്ങനെയാണ്: 'നമ്മൾ എന്ത് പ്രിന്റ് ചെയ്യണം, എന്ത് പാടില്ല എന്ന് ഗവൺമെന്റിന് പറയാൻ കഴിയുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നതെങ്കിൽ നമുക്കറിയാവുന്ന വാഷിങ്ടൺ പോസ്റ്റ് ഇല്ലാതായിക്കഴിഞ്ഞു.'
ഇന്ത്യയിലെ ചുരുക്കം ചില പത്രങ്ങളെങ്കിലും അനുവാദത്തിനായി ദി കാരവനെ സമീപിക്കുകയും, സർക്കാർ പിൻവലിക്കാനാവശ്യപ്പെട്ട ആ ലേഖനമോ അതിലെ പ്രസക്ത ഭാഗങ്ങളോ പരിണിത ഫലങ്ങളെക്കുറിച്ചാലോചിക്കാതെ പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെ ഉണ്ടായെങ്കിലുള്ള ഇംപാക്ട് നോക്കൂ; ആരും വായിക്കരുതെന്ന് സർക്കാർ തീരുമാനിച്ച ഒരു ലേഖനം ഒന്നിനു പിറകെ ഒന്നായി ഒന്നാം പേജുകളിൽ വരിക!.
ഒരു പത്രവും അത് ചെയ്തില്ലെങ്കിൽ അതിനർത്ഥം, ഒരവസരം കൂടി നഷ്ടപ്പെടുത്തിയെന്നും ഒരിക്കൽ കൂടി സുരക്ഷിതമായി കളിച്ചുവെന്നും നമ്മുടെ ശവപ്പെട്ടിയിൽ ഒരാണി കൂടി അടിച്ചുവെന്നുമാണ്.
ബ്രാഡ്‌ലിയെക്കാളും ഗ്രഹാമിനേക്കാളും ധൈര്യശാലികളായ, കൂടുതൽ മാരകമായ പ്രഹരങ്ങളേറ്റുവാങ്ങിയ എഡിറ്റർമാരും പത്ര ഉടമകളും ഇന്ത്യയിലുണ്ടായിട്ടുണ്ട്. തിരുവിതാംകൂറിലെ ദിവാനെ തൊലിയുരിച്ചതിന്റെ പേരിൽ ഇതിസാഹതുല്യനായ പത്രാധിപർ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ ദയയില്ലാതെ നാടുകടത്തിയപ്പോൾ, പത്രാധിപരെ തള്ളിപ്പറയുകയാണെങ്കിൽ പ്രസ്സ് തുറന്നു പ്രവർത്തിക്കാമെന്ന വാഗ്ദാനം പത്രഉടമയായ വക്കം മൗലവിക്ക് ലഭിച്ചു. മഹാനായ മൗലവിയുടെ മറുപടി ഇങ്ങനെയായിരുന്നുവത്രേ: 'പത്രാധിപരില്ലെങ്കിൽ ഇത് വെറുമൊരു പ്രിന്റിങ് പ്രസ്സ് മാത്രമാണ്. എനിക്കതിൽ താൽപര്യമില്ല.'
ദി വയർ ഏതായാലും കടുത്ത പ്രതികാരനടപടികൾ ക്ഷണിച്ചുവരുത്താവുന്ന അസാധാരണമായ നീക്കത്തിലൂടെ, നാമമാത്ര മുഖ്യധാരാ മാധ്യമങ്ങൾക്കു മേൽ തലയുയർത്തി നിന്ന് ആ ശൂന്യത നികത്തി. ദി വയർ ചെയ്തത് മറ്റുള്ളവരും ചെയ്തിട്ടുണ്ടെങ്കിൽ അവരെ പരാമർശിക്കാത്തതിന് ഞാൻ മാപ്പുപറയുന്നു. തീവണ്ടിയിലെ നെറ്റ്‌വർക്കിന്റെ അസ്ഥിരതയും ഒരു കുഴപ്പമാണ്.
നമ്മളിൽ ചിലർ കുറഞ്ഞ മനുഷ്യരായിരിക്കാം, എന്തിനാണ് മാധ്യമപ്രവർത്തകരായത് എന്ന കാര്യത്തിൽ ധാരണക്കുറവുള്ളവരായിരിക്കാം, എന്നുമെന്നും സർക്കുലേഷന്റെ എണ്ണത്തെക്കുറിച്ചും ജയിലിനെക്കുറിച്ചും ആകുലപ്പെടുന്നവരായിരിക്കാം. മഞ്ഞപ്പനിയ്ക്കുള്ള ഏറ്റവും നല്ല മരുന്ന് 'ദി പോസ്റ്റ്' സിനിമയിൽ ന്യായാധിപനായ ഹ്യുഗോ ബ്ലാക്ക് ചരിത്രപരമായ വിധി പ്രസ്താവിക്കുന്ന രംഗമാണ്. പ്രസിദ്ധീകരിക്കരുതെന്ന് ഭരണകൂടം പറയുന്ന കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നമുക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളെല്ലാം ദൂരീകരിക്കുന്നതാണ് ആ രംഗം.
വിവർത്തനം: മുഹമ്മദ് ഷാഫി