എന്താണ് ബഫർ സോൺ, പ്രതിഷേധം എന്തിന്? - എക്‌സ്‌പ്ലൈനർ
|സുപ്രിം കോടതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരിഹാര ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടത് സംസ്ഥാന സർക്കാറാണ്.
വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടന എസ്എഫ്‌ഐ നടത്തിയ ആക്രമണത്തിന് പിന്നാലെ കേരളത്തിൽ ഒരിക്കൽക്കൂടി ചർച്ചയിലേക്ക് വരികയാണ് ബഫർ സോൺ അല്ലെങ്കിൽ ഇകോ സെൻസിറ്റീവ് സോൺ വിഷയം. കേരളത്തിലെ വനമേഖലകളിൽ താമസിക്കുന്ന ജനങ്ങളുടെ കടുത്ത എതിർപ്പിന് കാരണമായ വിഷയം യഥാർത്ഥത്തിൽ എന്താണ്? പരിശോധിക്കുന്നു.
എന്താണ് ഇകോ സെൻസിറ്റീവ് സോണ്‍?
കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് പുറത്തിറക്കിയ ദേശീയ വന്യജീവി ആക്ഷൻ പ്ലാൻ (2002-2016) വിജ്ഞാപന പ്രകാരം ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതകങ്ങളുടെയും അടുത്തുള്ള പത്തു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല പ്രദേശമാണ്. ഇകോ ഫ്രാഗൈൽ സോൺ അല്ലെങ്കിൽ ഇകോ സെൻസിറ്റീവ് സോൺ (ഇ.എസ്.സെഡ്) എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.
പത്തു കിലോമീറ്റർ ചുറ്റളവ് എന്നാണ് തത്വമെങ്കിലും അത് പ്രയോഗത്തിൽ വരുത്തുന്നതിൽ ചില വ്യത്യാസങ്ങളുണ്ട്. പരിസ്ഥിതി ദുർബല പ്രദേശം പത്തു കിലോമീറ്ററിൽ കൂടുതൽ വേണമെങ്കിൽ കേന്ദ്രസർക്കാറിന് വിജ്ഞാപനം പുറപ്പെടുവിക്കാവുന്നതാണ്. 'ലോല ഇടനാഴി'യുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്താനാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
എന്തിനാണ് പരിസ്ഥിതി ലോല പ്രദേശങ്ങൾ ?
2011 ഫെബ്രുവരി ഒമ്പതിന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശ പ്രകാരം, പരിസ്ഥിതി ലോല പ്രദേശങ്ങൾ (ബഫർ സോണുകൾ) സംരക്ഷിത മേഖലകളുടെ ഷോക്ക് അബ്‌സോർബർ ആയാണ് പ്രവർത്തിക്കുന്നത്. മനുഷ്യ ഇടപെടൽ മൂലം പ്രദേശത്തെ പരിസ്ഥിതിയുടെ പ്രതികൂല ആഘാതം പരമാവധി കുറയ്ക്കുക എന്നാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്.
ജീവനോപാധികൾ അടക്കം പ്രദേശവാസികളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ഇതെന്ന് മാർഗനിർദേശം പറയുന്നുണ്ട്. 'അവർക്കു ചുറ്റുമുള്ള പരിസ്ഥിതിയെ ശുദ്ധീകരിക്കുക' എന്നതാണ് ഇതിന്റെ ഉദ്ദേശ്യമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
പ്രദേശത്ത് വാണിജ്യഖനനം, ഈർച്ച മില്ലുകൾ, മരത്തിന്റെ വാണിജ്യോപയോഗം തുടങ്ങിയ നിരോധിക്കപ്പെട്ടിട്ടുണ്ട്. കൃഷി, മഴവെള്ള ശേഖരണം, ജൈവകൃഷി തുടങ്ങിയവ അനുവദിക്കപ്പെട്ടതുമാണ്.
സുപ്രിംകോടതി ഉത്തരവ്
തമിഴ്‌നാട് നീലഗിരിയുടെ വനംഭൂമികൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹരജിയിൽ ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനും ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവർ അംഗങ്ങളുമായ മൂന്നംഗ ബഞ്ചാണ് നിലവിൽ ബഹളങ്ങൾക്ക് കാരണമായ വിധി പുറപ്പെടുവിച്ചത്. 2011ൽ സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ യുക്തിപരമാണ് എന്നും സംരക്ഷിത വനമേഖലകൾക്ക് അടുത്തുള്ള ഒരു കിലോമീറ്റർ ചുറ്റളവ് നിർബന്ധമായും പരിസ്ഥിതി ദുർബല മേഖലയാക്കണം (ബഫർ സോൺ) എന്നുമായിരുന്നു കോടതി ഉത്തരവ്. ടിഎൻ ഗോദവർമൻ തിരുമുൽപ്പാട് വി.എസ് യൂണിയൻ ഓഫ് ഇന്ത്യ കേസാണ് വിധിക്ക് ആധാരം.
2002ൽ കോടതി നിയോഗിച്ച സെന്റർ എംപവേഡ് കമ്മിറ്റിയുടെ റിപ്പോർട്ടിന് ശേഷമാണ് വിധിയുമായി ബന്ധപ്പെട്ട അപേക്ഷകൾ ഉയർന്നുവന്നത്. ജയ്പൂരിലെ ജാംവ രാംഗഡ് വന്യജീവി സങ്കേതത്തിന്റെ അവസ്ഥയാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. 300 ചതുരശ്ര കിലോമീറ്ററിൽ പടർന്നു കിടക്കുന്നതാണ് ഈ സങ്കേതം. സർക്കാർ ഏജൻസികളിൽ നിന്നു ലഭിച്ച താത്കാലിക അനുമതിയുടെ മറപടിച്ച് പ്രദേശത്ത് നടക്കുന്ന ഖനനം റിപ്പോർട്ടിൽ എടുത്തുപറഞ്ഞിരുന്നു. 2003 നവംബറിലാണ് കമ്മിറ്റി ആദ്യ റിപ്പോർട്ട് നൽകിയത്. രണ്ടാമത്തെ റിപ്പോർട്ട് 2012 സെപ്തംബറിലും. ജാംവ രാംഗഡ് വന്യജീവി സങ്കേതത്തിന് മാത്രമല്ല, രാജ്യത്തെ എല്ലാ സംരക്ഷിത വനമേഖലകൾക്കടുത്തും നിയന്ത്രണങ്ങൾ വേണം എന്നായിരുന്നു എംപവേഡ് കമ്മിറ്റി റിപ്പോർട്ട്.
ഇതുമായി ബന്ധപ്പെട്ട കോടതി നിർദേശങ്ങൾ ഇങ്ങനെ;
1- ദേശീയ ഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയ്ക്ക് അടുത്തുള്ള ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല/ ദുർബല മേഖലയാണ്. മേഖലയിൽ 2011ൽ സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. നിലവിലെ പ്രവൃത്തികൾ പരിഗണിച്ച് ജാംവ രാംഗഡ് സങ്കേതത്തിന്റെ ബഫർ സോൺ 500 മീറ്ററായിരിക്കും.
2- ഒരു കിലോമീറ്ററിൽ കൂടുതൽ ബഫർ സോൺ (ഇകോ സെൻസിറ്റീവ് സോൺ) നിലവിലുള്ള മേഖലയിൽ അതായിരിക്കും പരിധി.
3-ബഫർ സോണിൽ പുതിയ സ്ഥിരം നിർമിതികളോ ഖനനമോ അനുവദിക്കില്ല.
4- ഒരു കിലോമീറ്റർ പരിധിയിൽ ആരംഭിച്ച നിർമാണങ്ങൾ ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസേർവേറ്ററുടെ അനുമതിയോടെ തുടരാം. ഏതാവശ്യത്തിനാണെങ്കിലും സ്ഥിരം നിർമിതികൾ അനുവദിക്കില്ല.
5- ബഫർ സോണിന്റെ മിനിമം വീതി പൊതുജന താത്പര്യാർത്ഥം ഇളവു വരുത്താം. ഇതിനായി സംസ്ഥാനങ്ങൾ സെൻട്രൽ എംപവേഡ് കമ്മിറ്റിയെയോ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെയോ സമീപിക്കാം. പ്രസ്തുത ബോഡികൾ അഭിപ്രായങ്ങൾ/നിർദേശങ്ങൾ കോടതിക്ക് മുമ്പാകെ സമർപ്പിക്കണം. അതിന്റെ അടിസ്ഥാനത്തിൽ കോടതി ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കും.
6-സംസ്ഥാനങ്ങൾ നിർദേശം സമർപ്പിക്കാത്ത വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ബഫർ സോൺ 2006 ഡിസംബറിൽ ഈ കോടതി ഉത്തരവിട്ട പ്രകാരം പത്തു കിലോമീറ്റർ ചുറ്റളവാകും. 2011 ഫെബ്രുവരിയിലെ മാർഗനിർദേശങ്ങൾ ഇതിനു ബാധകമാകും.
വനഭൂമിയുടെ സംരക്ഷകൻ എന്നറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനാണ് ഹരജി സമർപ്പിച്ച നിലമ്പൂർ കോവിലകത്തെ ഗോദവർമൻ തിരുമുൽപ്പാട്. 1995ലാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. 2016ൽ മരിച്ചെങ്കിലും ഹരജിയുമായി സുപ്രിംകോടതി മുമ്പോട്ടു പോകുകയായിരുന്നു.
ജനങ്ങളുടെ പ്രതിഷേധം എന്തിന്?
കോടതി ഉത്തരവിന് പിന്നാലെ കേരളത്തിലെ ഹൈറേഞ്ച് മേഖലകളിൽ പ്രതിഷേധമുണ്ടായി. ബഫർ സോണുകൾ വലിയ തോതിലുള്ള ജനവാസമേഖലകൾ കൂടിയാണ് എന്നതാണ് പ്രശ്‌നം. ഇതേക്കുറിച്ച് കേരള സ്വതന്ത്ര കർഷക സംഘടന (കെഐഎഫ്എ) ചെയർമാൻ അലക്‌സ് ഒഴുകയിൽ ദേശീയ മാധ്യമമായ ഇന്ത്യൻ എക്‌സ്പ്രസിനോട് പറയുന്നതിങ്ങനെ;
'കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ ആകെ വിസ്തീർണം എട്ടു ലക്ഷം ഏക്കറാണ്. അതിന്റെ അതിർത്തികളിൽ നിന്ന് ഒരു കിലോമീറ്റർ ബഫർ സോൺ പ്രഖ്യാപിക്കുമ്പോൾ ഏകദേശം നാലു ലക്ഷം ഏക്കർ വിസ്തൃതിയിലെ മനുഷ്യവാസത്തെയും കൃഷിഭൂമിയെയും ബാധിക്കും. ലക്ഷക്കണക്കിന് പേരുടെ അതിജീവനത്തെ ബാധിക്കുന്ന വിഷയമാണിത്.'
നിലവിൽ കേരളത്തിൽ 16 വന്യജീവി സങ്കേതങ്ങളും അഞ്ചു ദേശീയ ഉദ്യാനങ്ങളും രണ്ടു കടുവാ സങ്കേതങ്ങളും ഉൾപ്പെടെ 23 സംരക്ഷിത വനപ്രദേശങ്ങളുണ്ട്. 3211.73 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പടർന്നു കിടക്കുന്നതാണിത്. വയനാട്, സൈലന്റ് വാലി, പീച്ചി വാഴാനി, പറമ്പിക്കുളം, ചൂലന്നൂർ മയിൽ സങ്കേതം, ഇരവികുളം, തട്ടേക്കാട്, ഇടുക്കി, പെരിയാർ കടുവ സങ്കേതം, കുമരകം പക്ഷിസങ്കേതം, പേപ്പാറ, നെയ്യാർ തുടങ്ങിയവ ഇവയിൽ ചിലതാണ്.
ആലപ്പുഴ, കാസർകോട് ജില്ലകൾ ഒഴികെ സംസ്ഥാനത്തെ 12 ജില്ലകളെയും ബാധിക്കുന്ന വിഷയമാണിത്. നഗരമേഖലയെയും ഇതു ബാധിക്കും. ഉദാഹരണത്തിന് ഹൈക്കോടതിക്ക് സമീപം 0.0274 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന മംഗളവനം പക്ഷി സങ്കേതം വിധിയുടെ പരിധിയിൽ വന്നാൽ കൊച്ചി നഗരത്തിലെ കണ്ണായ സ്ഥലങ്ങളിൽ നിർമാണം നിർത്തിവയ്‌ക്കേണ്ടി വരും. (ഇതിൽ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്). ചെന്നൈ നഗരത്തിന് അകത്തുള്ള ഗിണ്ടി സങ്കേതത്തിനും മുംബൈയിലെ സഞ്ജയ് ഗാന്ധി ദേശീയോധ്യാനത്തിനും ഇതേ പ്രശ്‌നമുണ്ട്. ജാംവ രാംഗഡ് സങ്കേതത്തിന് നൽകിയതു പോലുള്ള ഇളവുകൾ ഇവയ്ക്കും ലഭ്യമാകും.
കേരളം ചെയ്യേണ്ടത്
ആദ്യമായി, കേരളത്തിലെ സംരക്ഷിത വനപ്രദേശത്തിന്റെ ഒരു കിലോമീറ്റർ ബഫർ മേഖലയുടെ ഭൂപടം തയ്യാറാക്കണം. വിധി നടപ്പാക്കുമ്പോൾ ഉണ്ടാക്കുന്ന മനുഷ്യ, കാർഷിക ആഘാതത്തിന്റെ തോത് സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്കും കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തിനും മുമ്പിൽ വയ്ക്കണം. എംപവേഡ് കമ്മിറ്റിക്കും മന്ത്രാലയത്തിനുമാണ് ഇതുമായി ബന്ധപ്പെട്ട ശിപാർശകൾ കോടതിക്കു മുമ്പിൽ സമർപ്പിക്കാനാകുക. കേരളത്തിൽ ബഫർ സോൺ വേണ്ട എന്ന് മുദ്രാവാക്യം വിളിക്കാമെങ്കിലും പ്രായോഗികമായ ഒന്നല്ല. പ്രദേശത്ത് വ്യവസായ ഖനനവും മലിനീകരണം ഉണ്ടാക്കുന്ന വ്യവസായവും വേണ്ടെന്നു വച്ച് മനുഷ്യവാസം സംരക്ഷിക്കേണ്ട ഇടപെടലുകൾക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടത്.
യഥാർത്ഥത്തിൽ പരിഹാര ശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടത് സംസ്ഥാന സർക്കാറാണ്. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. എംപിമാരുടെ പിന്തുണയോടു കൂടി കേരളത്തിന്റെ ആശങ്കകൾ കേന്ദ്രത്തെ ബോധ്യപ്പെടുത്തി സംരക്ഷിത വനമേഖലയ്ക്ക് അടുത്തുള്ള ജനജീവിതം സാധാരണ പോലെ മുമ്പോട്ടു പോകാനുള്ള വഴിയാണ് സംസ്ഥാന സർക്കാർ ആലോചിക്കേണ്ടത്.