ബി.ജെ.പി വെട്രി കഴകമാകുമോ വിജയ്? തമിഴകത്ത് നെഞ്ചിടിപ്പ് ആർക്ക്?
|പയറ്റിത്തെളിഞ്ഞ അഭിനയരംഗം ഉപേക്ഷിച്ച്, താനിതാ ജനസേവനത്തിന്റെ രാഷ്ട്രീയം പറയാനും പയറ്റാനും പോകുകയാണെന്നു പ്രഖ്യാപിച്ചിരിക്കുന്നു ഇപ്പോൾ വിജയ്. ദ്രാവിഡ സൂക്ഷ്മസ്വത്വ രാഷ്ട്രീയത്തിന്‍റെ നടുമുറ്റത്തേക്ക് വിജയ് തുനിഞ്ഞിറങ്ങുമ്പോൾ തമിഴ്‌നാടിന്റെയും ദക്ഷിണേന്ത്യയുടെയും ഭാവിയിൽ അത് എന്തൊക്കെ അനുരണനങ്ങളാകും സൃഷ്ടിക്കാൻ പോകുന്നത്?
അതിമാനുഷരെപ്പോലെ രക്ഷകവേഷം കെട്ടിയാടി തിയറ്ററുകളെ പൂരപ്പറമ്പാക്കാറുണ്ട്, എന്നുമെപ്പോഴും വിജയ്. ആരാധകലക്ഷങ്ങളുടെ ഹൃദയങ്ങളിലേക്കയാൾ ഇടിച്ചുകയറിയതും അങ്ങനെത്തന്നെ. പയറ്റിത്തെളിഞ്ഞ അഭിനയരംഗം ഉപേക്ഷിച്ച്, താനിതാ ജനസേവനത്തിന്റെ രാഷ്ട്രീയം പറയാനും പയറ്റാനും പോകുകയാണെന്നു പ്രഖ്യാപിച്ചിരിക്കുന്നു ഇപ്പോൾ. രാഷ്ട്രീയത്തിന്റെ മഹാപരീക്ഷണശാലയിലേക്ക്, ദ്രാവിഡ സൂക്ഷ്മസ്വത്വ രാഷ്ട്രീയത്തിന്‍റെ നടുമുറ്റത്തേക്ക് വിജയ് തുനിഞ്ഞിറങ്ങുമ്പോൾ തമിഴ്‌നാടിന്റെയും ദക്ഷിണേന്ത്യയുടെയും ഭാവിയിൽ അത് എന്തൊക്കെ അനുരണനങ്ങളാകും സൃഷ്ടിക്കാൻ പോകുന്നത്?
രാഷ്ട്രീയമോഹം കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് 'ദളപതി'യുടെ പാർട്ടി പ്രഖ്യാപനം. തമിഴക വെട്രി കഴകം(ടി.വി.കെ) എന്നു പേരിട്ടിരിക്കുന്ന പാർട്ടി തമിഴ് രാഷ്ട്രീയത്തിൽ ഏതുതരത്തിലുള്ള ഇളക്കമാണു സൃഷ്ടിക്കാൻ പോകുന്നതെന്നാണു രാഷ്ട്രീയനിരീക്ഷകർ ഉറ്റുനോക്കുന്നത്.
കമൽഹാസൻ, രജനികാന്ത്, ശിവാജി ഗണേശൻ, കാർത്തിക് ഉൾപ്പെടെ വമ്പൻ താരനിര തമിഴ് രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയിട്ടുണ്ടെങ്കിലും ഒരു ഇളക്കവുമുണ്ടാക്കാനാകാതെ പഴയ തട്ടകത്തിലേക്കു തന്നെ മടങ്ങുകയായിരുന്നു എല്ലാവരും. എം.ജി.ആർ മാത്രമാണ് തമിഴ്‌നാട്ടിൽ സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ ക്രൗഡ്പുള്ളറായി നിറഞ്ഞാടിയത്. കരുണാനിധി, ജയലളിത എന്നിവരെല്ലാം കൂടുതൽ ശ്രദ്ധ ചെലുത്തിയത് രാഷ്ട്രീയത്തിലും. വിജയ്‌യുടെ വരവ് പക്ഷേ, പരാജിതരായ സിനിമാ രാഷ്ട്രീയമോഹികളുടെ നിരയിലേക്കല്ലെന്നാണു പൊതുവെയുള്ള വിലയിരുത്തൽ.
മനസ്സുതുറന്ന് അഭിവാദ്യം ചെയ്ത് ബി.ജെ.പി; സംശയമുനയോടെ ദ്രാവിഡ പാർട്ടികൾ
വിജയ്‌യുടെ രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിനു പിന്നാലെ ആദ്യ പ്രതികരണവുമായി രംഗത്തെത്തിയത് തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെ ആയിരുന്നില്ല. പ്രതിപക്ഷത്തുള്ള, അടുത്തുവരെ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന എ.ഐ.എ.ഡി.എം.കെ ആയിരുന്നു എന്നതാണു ശ്രദ്ധേയം. അവരുടെ പ്രതികരണവും കൃത്യമായ രാഷ്ട്രീയസന്ദേശം ഉള്ളടങ്ങിയതായിരുന്നു; അതും മുന ബി.ജെ.പിയിലേക്കെറിഞ്ഞ്.
വിജയ്‌യുടെ പാർട്ടി ബി.ജെ.പിയുടെ 'ബി ടീം' ആകുമെന്നായിരുന്നു എ.ഐ.എ.ഡി.എം.കെ നേതാവ് കോവൈ സത്യന്റെ പ്രവചനം. അദ്ദേഹത്തിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു: ഒടുവിൽ പൂച്ച സഞ്ചിയിൽനിന്നു പുറത്തിറങ്ങിയിരിക്കുന്നു. ഒരു പതിറ്റാണ്ടുമുൻപ് തന്നെ രാഷ്ട്രീയമോഹം വ്യക്തമാക്കിയയാളാണ് നടൻ വിജയ്. എന്നാൽ, ഞങ്ങളുടെ നേതാവ് ബി.ജെ.പിയുമായുള്ള സഖ്യം വിച്ഛേദിക്കുകയും ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തുനിൽക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ നടക്കുന്ന ഈ നീക്കം പൊതുരംഗത്തെത്താനുള്ള ബി.ജെ.പിയുടെ ഒടുക്കത്തെ ശ്രമമാണ്.''
എന്നാൽ, കുറച്ചു രാഷ്ട്രീയസൂക്ഷ്മതയോടെയും സംയമനത്തോടെയുമായിരുന്നു ഡി.എം.കെ ഇതിനോട് പ്രതികരിച്ചത്. സ്വന്തമായി പാർട്ടിയുണ്ടാക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നായിരുന്നു ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവൻ പറഞ്ഞത്. ആർക്കും അതൊന്നും തടയാനാകില്ല. ഭരണഘടന അതിനുള്ള അനുവാദം നൽകുമ്പോൾ നമ്മൾക്കൊന്നും പറയാനില്ലെന്നും പറഞ്ഞ ഇളങ്കോവൻ പക്ഷെ പാർട്ടി രൂപീകരണത്തിനു പിന്നിലുള്ള യഥാർത്ഥ ചേതോവികാരം എന്താണെന്ന ചോദ്യവും ഉയർത്തിയിട്ടുണ്ട്.
എന്നാൽ, വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തെ തുറന്ന മനസ്സോടെ സ്വീകരിച്ച ഒരേയൊരു പാർട്ടി ബി.ജെ.പിയാകും. തമിഴ്‌നാട് അധ്യക്ഷൻ കെ. അണ്ണാമലൈ തന്നെയാണു സ്വാഗതം ചെയ്തു രംഗത്തെത്തിയ ബി.ജെ.പി പ്രമുഖൻ. സഹോദരൻ എന്നു വിളിച്ചാണ് അണ്ണാമലൈ വിജയ്‌യെ അഭിസംബോധന ചെയ്തത്. തമിഴ് ജനതയെ ചൂഷണം ചെയ്യുന്ന അഴിമതി രാഷ്ട്രീയക്കാർക്കെതിരായ പോരാട്ടത്തിനു സ്വാഗതം എന്നു പറഞ്ഞ് അഭിവാദ്യങ്ങൾ അർപ്പിക്കുകയായിരുന്നു അദ്ദേഹം. 'നിഷ്പക്ഷമായ, സത്യസന്ധമായ രാഷ്ട്രീയ മാറ്റത്തി'ലേക്കാണ് അദ്ദേഹത്തിന്റെ ക്ഷണം.
ബി.ജെ.പിക്ക് എൻട്രി നൽകുമോ? ആരുടെ വോട്ട് പിളർത്തും?
നേരത്തെ പറഞ്ഞ രാഷ്ട്രീയ പ്രതികരണങ്ങൾ നൽകുന്ന സൂചന തന്നെയാണു വിജയ് തമിഴ് മണ്ണിൽ ബി.ജെ.പിക്കു വഴിവെട്ടുമോ എന്ന തരത്തിലുള്ള ആലോചനകൾക്കും ആശങ്കകൾക്കും കാരണമായിരിക്കുന്നത്. പ്രത്യക്ഷത്തിൽ ബി.ജെ.പിയുമായി അങ്ങോട്ട് ഏറ്റുമുട്ടാൻ പോയിട്ടില്ല വിജയ്. എന്നാൽ, പലപ്പോഴായി ബി.ജെ.പി നേതാക്കളുടെയും പ്രവർത്തകരുടെയും ഭീഷണിയും പ്രതിഷേധങ്ങളും നേരിട്ടിട്ടുണ്ട്; മെർസൽ സിനിമയുടെ സമയത്ത് ഉൾപ്പെടെ.
മെർസലിൽ നിരുപദ്രവകരമായ ജി.എസ്.ടി, ഡിജിറ്റൽ ഇന്ത്യ പരാമർശങ്ങളായിരുന്നു ബി.ജെ.പിയെ ചൊടിപ്പിച്ചത്. നേരിട്ട് നരേന്ദ്ര മോദിയെയോ സംഘ്പരിവാർ രാഷ്ട്രീയത്തെയോ വിജയ് ആക്രമിച്ചിട്ടില്ല. തൊട്ടുതലേന്നു വരെ നേർക്കുനേർ ആക്രമണശരങ്ങളെയ്ത നിതീഷ് കുമാറിന് പിറ്റേന്നാൾ പരവതാനി വിരിക്കാൻ മടിക്കാതിരുന്ന ബി.ജെ.പിക്ക് അതുകൊണ്ട് വിജയ് ഒരിക്കലും അസ്പൃശ്യനല്ല. മറുവശത്ത് ഇ.ഡി കേസുകളുടെ വാൾത്തലപ്പ് തലമുകളിൽ തൂങ്ങിയാടുന്നുമുണ്ട്.
ദക്ഷിണേന്ത്യ, പ്രത്യേകിച്ച് കേരളവും തമിഴ്‌നാടും, പിടിച്ചടക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റുന്ന ബി.ജെ.പിക്കു മുന്നിൽ സാധ്യതകളുടെ വലിയൊരു വാതിലാണ് വിജയ് തുറക്കാനിരിക്കുന്നത്. മറ്റൊരു എം.ജി.ആർ ആകാനായില്ലെങ്കിലും ഫാൻബേസ് കണക്കിൽ ചെറുതല്ലാത്തൊരു ഇളക്കം തമിഴകത്ത് സൃഷ്ടിക്കാൻ വിജയ്‌യിക്കാകുമെങ്കിൽ അതിന്റെ ഗുണഭോക്താക്കളിൽ ബി.ജെ.പി കൂടിയുണ്ടാകും. അടുത്ത ഘട്ടത്തിൽ അതൊരു സഖ്യനീക്കത്തിലേക്കു വികസിപ്പിക്കാനുള്ള ആലോചനകൾ ഇപ്പോൾതന്നെ ബി.ജെ.പി ക്യാംപിൽ ആരംഭിച്ചിട്ടുമുണ്ടാകും.
ജയലളിതയ്ക്കുശേഷം ചിന്നിച്ചിതറി ഊർദ്ധശ്വാസം വലിക്കുംപോലെ നിൽക്കുന്ന എ.ഐ.ഡി.എം.കെയുടെ തിരിച്ചുവരവിനുള്ള അവസാന സാധ്യതകളും ഒരുപക്ഷെ വിജയ് അടച്ചേക്കാം. അതാണ് അവരുടെ ധൃതിപിടിച്ചുള്ള പ്രതികരണങ്ങളിലും മുഴച്ചുനിൽക്കുന്നത്. എന്നാൽ, ഡി.എം.കെയുടെ വോട്ട്‌ബേസിലായിരിക്കും ഏറ്റവും വലിയ ചോർച്ച സംഭവിക്കുക. കേന്ദ്രത്തിൽ മോദി വാഴുംപോലെ, തമിഴകത്ത് സമീപഭാവിയിലൊന്നും എതിരാളികളെ ഭയക്കാതെ ഭരണം തുടരാമെന്ന എം.കെ സ്റ്റാലിന്റെ മോഹങ്ങൾക്കുള്ള അപ്രതീക്ഷിത അടിയാകുമോ ടി.വി.കെയും വിജയ്‌യും? ദേശീയരാഷ്ട്രീയം പോലെത്തന്നെ തമിഴ്‌രാഷ്ട്രീയവും നാളേക്കായി എന്തൊക്കെ അട്ടിമറികളും നാടകങ്ങളും കുതിരക്കച്ചവടങ്ങളുമെല്ലാം കാത്തുവച്ചിരിക്കുന്നുവെന്ന് ആർക്കറിയാം! കാത്തിരുന്നുതന്നെ കാണാം.
Summary: Will Vijay's political party, Tamilaga Vettri Kazhagam become BJP's B team in Tamil Nadu?