
മിന്നുന്ന പോരാട്ടങ്ങൾ, അവിസ്മരണീയ നിമിഷങ്ങൾ – ചാമ്പ്യൻസ് ട്രോഫിയുടെ ചരിത്രയാത്ര

അധികനാൾ നിലനിൽപ്പില്ലെന്ന് ക്രിക്കറ്റ് പണ്ഡിതർ അവകാശപ്പെടുന്ന ഏകദിന ഫോർമാറ്റിലാണ് ചാമ്പ്യൻസ് ട്രോഫി എന്നത് ഈ എഡിഷന്റെ മൂല്യമുയർത്തുന്നു
ഇന്നത്തെ ടി20 യുഗത്തിലെന്ന പോലെ ക്രിക്കറ്റ് ഒരു പരിധിക്കപ്പുറത്ത് വാണിജ്യവൽക്കരിക്കപ്പെടാത്ത 1990കളിൽ പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനും ക്രിക്കറ്റിന്റെ ആഗോള പ്രചാരണം വർധിപ്പിക്കാനുമെന്ന ലക്ഷ്യത്തോടെ ഐസിസി അഥവാ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ കൈക്കൊണ്ട ധീരമായ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒൻപതാം പതിപ്പിന് കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുമ്പോൾ മറന്നുപോകാൻ പാടില്ലാത്ത ചരിത്രകഥയുണ്ട് ചാമ്പ്യൻസ് ട്രോഫിക്ക്. വീറും വാശിയും തിരിച്ചുവന്ന ടെസ്റ്റ് ക്രിക്കറ്റിനും മൂന്നര മണിക്കൂർ കൊണ്ട് കളിയാസ്വാദകരെ ഉന്മാദത്തിന്റെ പരകോടിയിലെത്തിക്കാൻ സാധിക്കുന്ന ടി20 - ഫ്രാഞ്ചൈസി കുട്ടിക്രിക്കറ്റിനും ഇടയിൽ ശ്വാസം കിട്ടാതെ പിടയുന്ന, അധികനാൾ നിലനില്പില്ലെന്ന് ക്രിക്കറ്റ് പണ്ഡിതർ അവകാശപ്പെടുന്ന ഏകദിന ഫോർമാറ്റിലാണ് ചാമ്പ്യൻസ് ട്രോഫി എന്നത് ഈ എഡിഷന്റെ മൂല്യമുയർത്തുന്നു. ആവേശം തിരിച്ചു നൽകാനായൽ രക്ഷപ്പെടുന്നത് ഒരുപക്ഷെ ഏകദിന ക്രിക്കറ്റും, മറിച്ചാണെങ്കിൽ നിലനിൽപ്പ് തന്നെ ഭീഷണിയിലായേക്കാവുന്ന ഒരു ടൂർണമെന്റായും മാറുമിത്.
ചാമ്പ്യൻസ് ട്രോഫി ചരിത്രങ്ങളിലൂടെ
വാണിജ്യ ലക്ഷ്യങ്ങൾ - ആഗോള പ്രചാരണം എന്നത് തന്നെയായിരുന്നു ചാമ്പ്യൻസ് ട്രോഫി ഉത്ഭവ കാരണങ്ങൾ. അസോസിയേറ്റ് - അഫിലിയേറ്റ് ടീമുകളെ ക്രിക്കറ്റിലേക്ക് കൂടുതൽ ആകർഷിപ്പിക്കുക എന്ന ഉദ്ദ്യേശത്തിന്റെ ആദ്യ പടിയെന്ന നിലയിൽ ആതിഥേയരായി ബംഗ്ലാദേശിനെ നിയമിക്കുക കൂടെ ചെയ്ത ഐസിസി ആ ഉദ്ദ്യമത്തിൽ ഉദ്ദ്യേശം കൈവരിക്കുകയും ചെയ്തു. സാമ്പത്തികമായി നേടുന്ന ലാഭവിഹിതം അസോസിയേറ്റ് ടീമുകളുടെ അടിസ്ഥാനാവശ്യങ്ങൾക്ക് ചെലവഴിക്കുക കൂടെ ചെയ്തതോടെ ക്രിക്കറ്റിലെ തന്നെ പുതുപ്പിറവിക്ക് കാരണമായി 1998 ചാമ്പ്യൻസ് ട്രോഫി.
2002ൽ പുനർനാമധേയം ചെയ്യപ്പെട്ട ടൂർണമെന്റ് 1998 - 2000 എഡിഷനുകളിൽ 'ഐസിസി നോക്ക്ഔട്ട് ട്രോഫി എന്നറിയപ്പെട്ടതിന്റെ പിന്നിലും ചരിത്രമുണ്ട്. നോക്ക്ഔട്ട് ഫോർമാറ്റിൽ ആയിരുന്നു ഈ വർഷങ്ങളിൽ മത്സരങ്ങളുടെ ക്രമീകരണം, അഥവാ ഓരോ മത്സരങ്ങളിലും തോറ്റവർ പുറത്തെന്ന സ്ഥിതി. അതുകൊണ്ട് തന്നെ 6 ടെസ്റ്റ് രാജ്യങ്ങളും ആതിഥേയർ എന്ന നിലയിൽ ബംഗ്ലാദേശും അസോസിയേറ്റ് ടീമായി കെനിയയും പങ്കെടുത്ത ആദ്യ പതിപ്പിൽ ആവേശം ഇരട്ടിക്കുകയും തങ്ങളുടെതായ ദിനത്തിൽ ആർക്കും ജയിക്കാമെന്ന സ്ഥിതിയും കൈവന്നതോടെ ലോകകപ്പുകൾക്ക് ശേഷം അതിലേറെ ആവേശത്തിൽ കളിയാസ്വദിക്കാനുള്ള മാർഗം ആരാധകരെ തേടിയെത്തി.
ആദ്യ മത്സരത്തിൽ സച്ചിൻ നേടിയ 141 റൺസിന്റെ പിൻബലത്തിൽ ആസ്ത്രേലിയയെ 44 റൺസിന് പരാജയപ്പെടുത്തി തുടങ്ങിയ ഇന്ത്യക്ക് സെമി ഫൈനൽ പോരാട്ടത്തിൽ വെസ്റ്റ്ഇൻഡീസിനെതിരെ കാലിടറുകയായിരുന്നു. ഒടുവിൽ ജാക് കാലിസിന്റെ ആൾറൗണ്ട് മികവിൽ ദക്ഷിണാഫ്രിക്ക കിരീടം കൂടുമ്പോൾ അതുവരെ കാണാതിരുന്ന കാഴ്ച കൂടെ സമ്മാനിക്കുകയായിരുന്നു 98 നോക്ക്ഔട്ട് ട്രോഫി. ലോകകപ്പിന് ശേഷം അത്രത്തോളം പ്രാധാന്യമർഹിക്കുന്ന ഒരു ടൂർണമെന്റിൽ 'സിംഗിൾ വിന്നർ' ആയി ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ഭൂപടത്തിൽ തങ്ങളുടെയും മേൽവിലാസം രേഖപ്പെടുത്തി.

2000ൽ ന്യൂസിലാൻഡിനായിരുന്നു ആ നിയോഗം, പിന്നീടുള്ള വർഷങ്ങളിൽ യഥാക്രമം ഇന്ത്യയും ശ്രീലങ്കയും സംയുക്ത ജേതാക്കളാവുകയും വെസ്റ്റിൻഡീസ്, ആസ്ത്രേലിയ, പാകിസ്താൻ തുടങ്ങിയ ടീമുകൾ ജേതാക്കളുടെ പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തു. 8 വർഷങ്ങൾക്ക് ശേഷമാണ് ചാമ്പ്യൻസ് ട്രോഫി തിരിച്ചെത്തുന്നത്. ടി20 കാലഘട്ടത്തിൽ ഏകദിന ഫോർമാറ്റിലുള്ള ഈ ടൂർണമെന്റ് വേണ്ടെന്ന് വെക്കുവാൻ തീരുമാനിക്കുകയായിരുന്നു. കോവിഡ് കാല പ്രതിസന്ധികളും രണ്ട് വർഷം കൂടുമ്പോഴുള്ള ടി20 ലോകകപ്പുകളും വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പുകളും ലോകത്തിന്റെ പലയിടങ്ങളിലെ ആഭ്യന്തര ടൂർണമെന്റുകളും ചാമ്പ്യൻസ് ട്രോഫി പതനത്തിന് കാരണമായി. നിലവിലെ ജേതാക്കളായ പാകിസ്ഥാന്റെ മണ്ണിലാണ് ചാമ്പ്യൻസ് ട്രോഫിയുടെ തിരിച്ചുവരവ്. ഏകദിന ക്രിക്കറ്റിലെ മനോഹര മുഹൂർത്തങ്ങൾക്കും ഒരുപിടി വ്യക്തിഗത നേട്ടങ്ങൾക്കും ചുക്കാൻ പിടിച്ച 'മിനി ലോകകപ്പിന്' 8 എഡിഷനുകളുടെയും 27 വർഷത്തെ കളി പാര്യമ്പര്യവുമുണ്ട് പറയാൻ.
ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച 5 മത്സരങ്ങളിലൂടെ, ത്രസിപ്പിച്ച മുഹൂർത്തങ്ങളിലൂടെ
*1998 ഫൈനൽ ദക്ഷിണാഫ്രിക്ക vs വെസ്റ്റിൻഡീസ്
ആദ്യ ടൂർണമെന്റെന്ന നിലയിൽ പുതുമകളേറെയായിരുന്നു 1998ന്. ഫൈനലിലെ 30 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് പ്രകടനത്തിനോടൊപ്പം ബാറ്റിങ്ങിൽ 37 റൺസും നേടിയ കാലിസിന്റെ ആൾറൗണ്ട് മികവിൽ ബ്രയാൻ ലാറയുടെ ടീമിനെ പരാജയപ്പെടുത്തുമ്പോൾ ഹാൻസി ക്രോണ്യേ ഐസിസി മേജർ ട്രോഫി നേടുന്ന ആദ്യത്തെ നായകനായി. ക്രോണ്യേക്ക് നാളിതുവരെ ഒരു പിന്തുടർച്ചക്കാരൻ ഇല്ലെന്ന ഒരൊറ്റ വസ്തുത മതിയാകും 98ലെ നോക്ക്ഔട്ട് ജേതാക്കളെന്ന ആഫ്രിക്കയുടെ നേട്ടത്തിന്റെ മൂല്യമളക്കാൻ.
245 എന്ന ഭേദപ്പെട്ട സ്‌കോർ നേടിയ വെസ്റ്റിൻഡീസിനെ സ്‌കോർ പിന്തുടന്ന് ജയിക്കുമ്പോൾ ദക്ഷിണാഫ്രിക്കയുടെ 3 ഓവറുകളും നാല് വിക്കറ്റുകളും പിന്നെയും ബാക്കിയുണ്ടായിരുന്നു. 77 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്ന ക്രോണ്യേ നായകനെന്ന നിലയിൽ മാത്രമല്ല, ബാറ്റ്‌സ്മാൻ എന്ന നിലയിലും മികവ് കാട്ടി.

* 2000 ഫൈനൽ ഇന്ത്യ vs ന്യൂസിലാൻഡ്
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, നായകൻ സൗരവ് ഗാംഗുലിയുടെ സെഞ്ച്വറി പ്രകടനത്തോടൊപ്പം സച്ചിന്റെ അർദ്ധ സെഞ്ച്വറി മികവിലും 265 റൺസെന്ന ടോട്ടൽ സ്‌കോർബോർഡിൽ കുറിക്കുമ്പോൾ തികഞ്ഞ വിജയ പ്രതീക്ഷയിലായിരുന്നു. സഹീർ ഖാനും , വെങ്കടേഷ് പ്രസാദും അനിൽ കുംബ്ലെയും അജിത് അഗാർക്കറുമടങ്ങുന്ന ബൗളിംഗ് നിര വിജയം കൊണ്ട് വരുമെന്ന ഇന്ത്യൻ പ്രതീക്ഷകൾക്ക് മേൽ ക്രിസ് കൈൻസ് ഒറ്റയാൾ പോരാട്ടം നടത്തിയപ്പോൾ ജേതാക്കളെന്ന പോഡിയത്തിൽ ന്യൂസിലാൻഡ് നായകൻ സ്റ്റീഫൻ ഫ്ലെമിംഗ് അവരോധിക്കപ്പെട്ടു. ഇന്ത്യ അവസാന ലാപ്പിൽ കാലിടറിയെങ്കിലും ചരിത്രത്തിലെ മികച്ച മത്സരങ്ങളിലൊന്നായി അത് മാറി.
* 2004 ഇംഗ്ലണ്ട് vs വെസ്റ്റ്ഇൻഡീസ്
ഇംഗ്ലണ്ട് ഉയർത്തിയ 217ന്റെ ലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസ് 8-147 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ നിമിഷം ഇംഗ്ലണ്ട് ക്യാംപിൽ ആഘോഷങ്ങളുടെ ചിരി തുടങ്ങിക്കഴിഞ്ഞിരുന്നു. പരസ്പ്പരം ആശ്ലേഷണം കൈമാറിയ ഇംഗ്ലണ്ടുകാരുടെ മനസ്സിലേക്ക് തീ കോരിയിട്ട് ഒൻപതാം - പത്താം ബാറ്റ്സ്‌മാന്മാർ കീഴടങ്ങാൻ കൂട്ടാക്കാതിരുന്നപ്പോൾ ആഘോഷങ്ങളുടെ കൊടുമുടിയിൽനിന്ന് ഇംഗ്ലണ്ട് അപ്രതീക്ഷിതമായി കണ്ണീരണിഞ്ഞു. ക്രിസ് ഗെയ്‌ലും രാം നരേഷ് ശർവാനും ചന്ദർപോളും സാക്ഷാൽ ബ്രയാൻ ലാറയും പരാജയപ്പെട്ട മത്സരത്തിൽ ബ്രൗൺ - ബ്രാഡ്ഷാ സഖ്യം ചരിത്രം കുറിച്ച് വെസ്റ്റ്ഇൻഡീസിന്റെ വീരപുരുഷന്മാരായി.
* 2013 ഫൈനൽ ഇന്ത്യ vs ഇംഗ്ലണ്ട്
ആതിഥേയർ എന്ന നിലയിലും ടൂർണമെന്റിലുടനീളം കാഴ്ച്ചവെച്ച പ്രകടന മികവിന്റെ പേരിലും ഇംഗ്ലണ്ട് ജേതാക്കളാകാൻ പ്രഥമഗണത്തിൽപെട്ട മത്സരത്തിൽ എം.എസ് ധോനിക്ക് കീഴിൽ ഇന്ത്യ കാണിച്ച പോരാട്ടവീര്യം ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ മികച്ച മത്സരങ്ങളിലൊന്നായി. മഴ രസംകൊല്ലിയായതിനെ തുടർന്ന് 20 ഓവറായി ചുരുക്കിയ മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിങ് 129 റൺസിൽ അവസാനിക്കുമ്പോൾ അത്ഭുതങ്ങൾ എന്തെങ്കിലും സംഭവിച്ചാൽ മാത്രം ജയിക്കാമെന്ന ഗതികേടിലേക്ക് ഇന്ത്യ തള്ളപ്പെട്ടു കഴിഞ്ഞിരുന്നു. കപ്പ് സ്വപ്നം കണ്ടിറങ്ങിയ ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർ കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളേഴ്‌സിന് മുന്നിൽ ഒന്നിന് പിറകെ ഒന്നായി കൂടാരം കയറിയപ്പോൾ അക്ഷരാർത്ഥത്തിൽ ബർമിംഗ്ഹാമിൽ അത്ഭുതം സംഭവിക്കുകയായിരുന്നു. അവസാന ഓവറുകളിൽ ധോണി കൈക്കൊണ്ട ബൗളിംഗ് മാറ്റങ്ങളും ബൗളേഴ്‌സിന്റെ കൃത്യമായ ഉപയോഗവും ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് ഇന്ത്യൻ ടോട്ടലിന്റെ 5 റൺസകലെ അവസാനിച്ചു. ഈ മത്സരത്തോടെ ഐസിസി മൂന്ന് വ്യത്യസ്ത കിരീടങ്ങൾ നേടുന്ന ലോകത്തിലെ ആദ്യ നായകനായും എം.എസ് ധോണി മാറി.

* 2017 ഫൈനൽ പാകിസ്ഥാൻ vs ഇന്ത്യ
തീർത്തും ഏകപക്ഷീയമായ ഈ മത്സരത്തിൽ 180 റൺസിന്റെ കനത്ത തോൽവി ഏറ്റുവാങ്ങാനായിരുന്നു ഇന്ത്യയുടെ വിധി. അതും ചിരവൈരികളായ പാകിസ്ഥാനിൽ നിന്നും. 339 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 158 ൽ പുറത്തായി. ഫഖർ സമാനെതിരെ ബുംറ എറിഞ്ഞ നോ ബോൾ ഇന്നും ഒരു പ്രതികാരദാഹമായി ഇന്ത്യക്കാരുടെ മനസ്സിലുണ്ടാകാം. രോഹിതും വിരാടും ധോണിയും യുവരാജ് സിങ്ങും അടങ്ങുന്ന ലോകോത്തര ബാറ്റിങ് നിര മുഹമ്മദ് ആമിറിന്റെയും ജുനൈദ് ഖാന്റെയും സ്വിങ് ബൗളിങ്ങിൽ നിഷ്പ്രഭമായി.
പാകിസ്ഥാനിൽ നിന്നേറ്റ കനത്ത പ്രഹരത്തിന് പ്രതികാരം ചെയ്യാമെന്ന മോഹത്തിൽ ഇന്ത്യയും കിരീടം നിലനിർത്താൻ പാകിസ്ഥാനും കൂടെ ലോകക്രിക്കറ്റിലെ മികച്ച 6 ടീമുകൾ കൂടെ അണിനിരക്കുന്ന 9 -മത് ചാമ്പ്യൻസ് ട്രോഫി ഇത്തവണയും ഒരുപിടി സുവർണ നിമിഷങ്ങൾ ക്രിക്കറ്റ് ആരാധകർക്ക് സമ്മാനിച്ചേക്കാം. ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തോടെ ആരംഭിച്ച ചാമ്പ്യൻസ് ട്രോഫി ചരിത്രം ഇന്ത്യൻ മുറിവോടെ ഇന്നിലെത്തി നിൽക്കുമ്പോൾ ത്രസിപ്പിക്കുന്ന അനവധി മുഹൂർത്തങ്ങൾക്ക് കറാച്ചിയും ലാഹോറും ദുബൈയും എല്ലാം വേദികളായേക്കാം.. ഏകദിന ക്രിക്കറ്റിന്റെ നിലനിൽപ്പിനത് അനിവാര്യവുമാണ്.
സോനു സഫീർ
കായിക നിരീക്ഷകനും സ്പോർട്സ് എഴുത്തുകാരനുമായ ലേഖകൻ മലപ്പുറം സ്വദേശിയാണ്. അബൂദബിയിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു