Shelf
സിനിമ എന്ന സ്വപ്നം
Shelf

സിനിമ എന്ന സ്വപ്നം

ആദം അയ്യൂബ്
|
20 April 2022 3:47 AM GMT

സിനിമലോകം എന്നെ സ്വീകരിക്കാന്‍ രണ്ടു കൈകളും നീട്ടി കാത്തിരിക്കുന്നു എന്ന് സ്വപ്‌നം കണ്ടുകൊണ്ട് വാനോളം ഉയര്‍ന്ന പ്രതീക്ഷകളുമായി മദിരാശിയിലേക്ക് വണ്ടികയറി. | വൈഡ് ആംഗിള്‍, രണ്ടാം ഭാഗം

എന്റെ ഓര്‍മയില്‍ തെളിയുന്ന എന്റെ നാനാപ്പയുടെ (ഉമ്മയുടെ പിതാവ് ) രൂപം വൃദ്ധനും അവശനുമായ ഒരു തകര്‍ന്ന മനുഷ്യന്റേതായിരുന്നു. ഞാന്‍ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സിനിമ ചരിത്രങ്ങളൊന്നും അന്നെനിക്ക് അറയില്ലായിരുന്നു. കുറെ മുതിര്‍ന്നതിനു ശേഷമാണ് ഞാന്‍ അതൊക്ക അറിയുന്നത്. പക്ഷേ, അതൊെക്ക അറിയുന്നതിന് മുന്‍പ് തന്നെ എനിക്ക് സിനിമയോടുള്ള

അഭിനിവേശം തുടുങ്ങിയിരുന്നു. സത്താര്‍ സേട്ടിന്റെ 'പാരമൗണ്ട്' തിയറ്റര്‍ പിന്നീട് 'സെല്ക്ടട്'ഉം അതിനു ശേഷം റോയല്‍ ടാക്കീസൂം ആയി. റോയലില്‍ അന്ന് കൂടുതലും മലയാളം, തമിഴ് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. വാസ്തവത്തില്‍ എനിക്ക് കൂടുതല്‍ മാനസികമായ അടുപ്പം തോന്നേണ്ടത് റോയല്‍ ടാക്കീസിനോടായിരുന്നു. എന്നാല്‍, ചെറുപ്പത്തില്‍ ഹിന്ദി സിനിമകളോട് കൂടുതല്‍ താല്‍പര്യം ഉണ്ടായിരുന്നത്കൊണ്ട് ഞാന്‍ സ്റ്റാര്‍ ടാക്കീസിലാണ് സ്ഥിരമായി സിനിമ കണ്ടിരുന്നത്.

അവിടെ ഹിന്ദി സിനിമകള്‍ ആയിരുന്നു കൂടുതല്‍. സിനിമയിലുള്ള എന്റെ അഭിനിവേശം ജനിപ്പിച്ചത് ഈ തിയറ്റില്‍ ഞാന്‍ കണ്ട അസംഖ്യം ഹിന്ദി സിനിമകള്‍ ആയിരുന്നു. തിരശ്ശീലയില്‍ കാണുന്ന അഭിനേതാക്കളോട് വലിയ ഇഷ്ടം തോന്നിയെങ്കിലും, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന, ഇതിന്റെ സൃഷ്ടാവിനെ കുറിച്ച് ഞാന്‍ ആദരവോടെ ആലോചിച്ചു. അങ്ങിനെ ഞാന്‍ സംവിധായകന്റെയും കാമറമാന്റെയും ഒക്കെ പേരുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ചില സംവിധായകരുടെ ചിത്രങ്ങള്‍ എനിക്ക് കൂടുല്‍ ഇഷ്ടമായി. അതുപോലെതന്നെ കാമാറമാനും. സത്യത്തില്‍ അന്നെനിക്ക് സംവിധായകന്റെയും കാമറാമാന്റെയും ജോലികള്‍ ഏതാണെന്ന് വ്യക്തമായി വേര്‍തിരിച്ചു അറിയാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഞാന്‍ ചെറുപ്പത്തിലേ തീരുമാനിച്ചിരുന്നു, എന്റെ പ്രവര്‍ത്തന മണ്ഡലം സിനിമാ ആയിരിക്കുമെന്ന്. സിനിമയില്‍ എന്താകണം എന്നും ഞാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു-ക്യാമറമാന്‍; ആയിരുന്നു സ്വപ്നം.

എന്റെ പിതാവ് പ്രവാസം മതിയാക്കി കുവൈറ്റില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ എനിക്ക് എന്താണ് കൊണ്ടുവരേണ്ടതെന്ന് ചോദിച്ചിരുന്നു. ഞാന്‍ ഉടനെ മറുപടി അയച്ചു; സിനിമയെകുറിച്ചുള്ള ഒരു പുസ്തകം. അങ്ങിനെ അദ്ദേഹം എനിക്ക് കൊണ്ടുവന്ന സമ്മാനമാണ് 'How to Film ' എന്ന ഇംഗ്ലീഷ് പുസ്തകം. ഞാന്‍ ആ പുസ്തകം പലവുരു വായിച്ചു. അഭിനയം, തിരക്കഥ, സംവിധാനം, ഫോട്ടാഗ്രഫി , എഡിറ്റിംഗ്, ശബ്ദലേഖനം തുടങ്ങി സിനിമയുടെ സമസ്ത മേഖലകളെ കുറിച്ചും പഠിപ്പിക്കുന്ന ഒരു പുസ്തകം ആയിരുന്നു അത്. ഒരു സിനിമയുടെ നിര്‍മിതിക്കു പിന്നില്‍ ഇത്രയും സങ്കീര്‍ണമായ സാങ്കേതിക വിദ്യ ഉണ്ടെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല. ആ പുസസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് വ്യക്തമായ ഒരുതീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞു; ഞാന്‍ തെരഞ്ഞെടുക്കാന്‍ പോകുന്ന തൊഴില്‍ സിനിമയാണെന്ന്.

പ്രീ ഡിഗ്രി പാസ്സായിക്കഴിഞ്ഞപ്പോള്‍ ഇനി എന്ത് എന്ന ചോദ്യം മുന്നില്‍ വന്നു. മാതാപിതാക്കള്‍ക്ക് സംശയം ഒന്നും ഉണ്ടായിരുന്നില്ല. മകനെ ഡോക്ടര്‍ ആക്കണം എന്ന് അവര്‍ നേരത്തെ തീരുമാനിച്ചു കഴിഞ്ഞാണ്. അതുകൊണ്ടാണ് എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്കന്റ് ഗ്രൂപ്പില്‍ ചേര്‍ത്തതും. പക്ഷേ, ചോരകണ്ടാല്‍ തലകറങ്ങി വീഴുന്ന എനിക്ക് ഒരിക്കലും ഒരു ഡോക്ടര്‍ ആകാന്‍ കഴിയില്ല എന്ന് ഉറപ്പുണ്ടായിരുന്നു. ഞാന്‍ എന്റെ സ്വപ്‌നം പിതാവിന്റെ മുന്നില്‍ അവതരിപ്പിച്ചു. പല ആണ്‍കുട്ടികെളയും പൊലെ പിതാവിന് മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ എനിക്ക് മാതാവിന്റെ മധ്യസ്ഥ ആവശ്യമുണ്ടായിരുന്നില്ല.

വാസ്തവത്തില്‍ എന്റെ സിനിമാ മോഹത്തോട് ഉമ്മാക്ക് വലിയ പ്രതിപത്തി ഇല്ലായിരുന്നു. ഡോക്ടര്‍ ആയില്ലെങ്കില്‍ ഞാന്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍ എങ്കിലും ആകണമെന്നായിരുന്നു ഉമ്മയുടെ ആഗ്രഹം. അതിനാല്‍ അവിടെ നിന്നും പിന്തുണ കിട്ടുകയില്ല എന്നെനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് ഞാന്‍ കേന്ദ്രത്തെ നേരിട്ട് സമീപിച്ചത്. ആ സമയത്തു പത്രത്തില്‍ കണ്ട പൂനാ ഫിലിം ഇന്‍സ്റ്റ്റ്റിയൂട്ടിന്റെ പ്രവേശനത്തിന്റെ വിജ്ഞാപനം ഞാന്‍ പിതാവിനെ കാണിച്ചു. അദ്ദേഹം അതു മുഴുവന്‍ വായിച്ചതിനു ശേഷം ഏതു കോഴ്‌സിനാണ് ചേരാന്‍ താല്‍പര്യം എന്നു ചോദിച്ചു. 'സിനിമോട്ടോഗ്രഫി' ഞാന്‍ സംശയലേശമന്യേ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പുനയിലെതന്നെ മറ്റൊരു സ്ഥാപനത്തിന്റെ പ്രവേശന വിജ്ഞാപനം എന്നെ കാണിച്ചു. ആംഡ് ഫോഴ്‌സ് മെഡിക്കല്‍ കോളജിന്റെ പരസ്യമായിരുന്നു അത്. രണ്ടിനും അപേക്ഷിക്കാം. ഏതിനാണോ കിട്ടുന്നത് അതിന് പോകാം. ഞാന്‍ സമ്മതിച്ചു. അദ്ദേഹം അനുവാദം തന്നതനുസരിച്ച് ഞാന്‍ പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അപേക്ഷ ഫോറം വരുത്തി. അദ്ദേഹം മെഡിക്കല്‍ കോളജിന്റെയും അപേക്ഷ വരുത്തി.

എല്ലാ ഔപചാരികതകളും പൂര്‍ത്തിയാക്കി രണ്ട് അപേക്ഷകളും അയച്ചു. പിന്നെ കാത്തിരിപ്പായി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കത്തു വന്നു. കത്ത് പൊട്ടിച്ചു വായിച്ചപ്പോള്‍ ഞാന്‍ നിരാശനായി. സിനിമാട്ടോഗ്രാഫിക്കുള്ള അടിസ്ഥാന യോഗ്യത ഇന്റര്‍മീഡിയറ്റ് ആണെന്നും കേരളത്തിലെ പ്രീഡിഗ്രി ഇന്റര്‍മീഡിയറ്റിന് തുല്യമാണെങ്കില്‍ അത് തെളിയിക്കുന്ന വിദ്യാഭ്യാസ വകുപ്പില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുമായി ഒരാഴ്ചക്കകം നേരിട്ട് ഹാജരാകാനുമായിരുന്നു കത്തിലെ നിര്‍ദേശം. അതുമായി ഞാനും പിതാവും വിദ്യാഭ്യാസ വകുപ്പിന്റെ ഇടനാഴികകള്‍ കയറിയിറങ്ങി. പക്ഷേ, പ്രീഡിഗ്രി ഇന്റര്‍മീഡിയറ്റിന് തുല്യമല്ല എന്ന ഔദ്യോഗിക വിശദീകരണമാണ് ലഭിച്ചത്. ഡിഗ്രീ ഒന്നാം വര്‍ഷമാണ് ഇന്റര്‍മീഡിയറ്റിന് തുല്യം. അതോടെ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാനുള്ള എന്റെ മോഹം പൊലിഞ്ഞു.

അപ്പോഴേക്കും പൂനയിലെ മെഡിക്കല്‍ കോളജിന്റെ പ്രവേശന പരീക്ഷക്കുള്ള ഹാള്‍ ടിക്കറ്റ് വന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മോഹം നടക്കില്ല എന്ന് ഉറപ്പായതുകൊണ്ട് ന്നായി പഠിച്ച് മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതാന്‍ ഉമ്മ ഉപദേശിച്ചു. അന്ന് എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പിതാവ് വാങ്ങിത്തന്ന കുറെ പുസ്തകങ്ങളുമായി ഞാന്‍ മുറിയില്‍ ചടഞ്ഞുകൂടി. മനസ്സില്‍ സിനിമ മാത്രമാണ്. ചുരുക്കി പറഞ്ഞാല്‍ യാന്ത്രികമായി എന്‍ട്രന്‍സ് എഴുതി. റിസള്‍ട്ട് വന്നപ്പോള്‍ സന്തോഷിച്ചത് ഞാനും നിരാശയായത് ഉമ്മയുമായിരുന്നു. വിധി എനിക്കുവേണ്ടി കരുതിവെച്ചിരിക്കുന്നത് സിനിമയാണെന്ന് പറഞ്ഞ് ഞാന്‍ ഉമ്മയെ ആശ്വസിപ്പിച്ചു. ഇനി ഡിഗ്രിക്ക് ചേരാന്‍ നില്‍ക്കാതെ നേരിട്ട് സിനിമയിലേക്ക് കടക്കണം എന്നായി തീരുമാനം.


ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാതെ സിനിമയില്‍ കടന്നുകൂടാനുള്ള വഴികല്‍ ആലേചിച്ചു. അപ്പോഴാണ് കൊച്ചിയിലെ പ്രമുഖ സിനിമ നിര്‍മാണ കമ്പനിയെകുറിച്ച് ഓര്‍ത്തത്. കലാലയ ഫിലിംസ്. സുബൈദ, ഡോക്ടര്‍, ബാല്യകാല സഖി, വിലക്കപ്പെട്ട ബന്ധങ്ങള്‍, ജലകന്യക തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കളായിരുന്നു അവര്‍. അതിന്റെ നിര്‍മാതാക്കള്‍ കച്ഛീ മേമണ്‍ സമുദായക്കാരായിരുന്നു. എന്നാല്‍, അവര്‍ ഒരിക്കലും സ്വന്തം പേരുകള്‍ ടൈറ്റിലിലോ പോസ്റ്ററിലോ പ്രസിദ്ധപ്പെടുത്തിയിരുന്നില്ല. പരസ്യത്തിലും ടൈറ്റിലിലും നിര്‍മാണം - കലാലയ ഫിലിംസ് എന്ന് മാത്രമായിരുന്നു. അവരുടെ മാനേജരും ചക്രധാരി എന്ന തൂലിക നാമത്തില്‍ അറിയപ്പെടുന്ന കഥാകൃത്തുമായ എം ഹുസൈന്‍ സേട്ട് എന്റെ പിതാവിന്റെ സുഹൃത്തായിരുന്നു. അവരുടെ പല ചിത്രങ്ങള്‍ക്കും കഥയെഴുതിയിരുന്നത് അദ്ദേഹമായിരുന്നു. അവരുടെ ചിത്രങ്ങളില്‍ ഒരു അസിസ്റ്റന്റായി ചേരുക എന്നതായിരുന്നു എന്റെ ആഗ്രഹം. പിതാവ് എന്റെ ആഗ്രഹവുമായി ചക്രധാരിയെ സമീപിച്ചു. എന്നാല്‍, അവരുടെ അടുത്ത ചിത്രം തുടങ്ങാന്‍ കുറെ താമസം ഉള്ളത് കൊണ്ട് അവരുടെ സഥിരം കാമറമാനായ യു. രാജഗോപാലിന്റെ അസിസ്റ്റന്റ് ആയി ചേര്‍ക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഈ വാര്‍ത്ത കേട്ടു ഞാന്‍ സന്തോഷം കെണ്ട് തുള്ളിച്ചാടി. അന്ന് അറിയപ്പെടുന്ന കാമറമാന്‍ ആയിരുന്നു യു. രാജഗോപാല്‍. ചെമ്മീനില്‍ മാര്‍ക്‌സ് ബാര്‍ട്‌ളിയുടെ അസിസ്റ്റന്റ് ആയിരുന്നു അദ്ദേഹം.



യു. രാജഗോപാല്‍

യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തതിനുശേഷം ഞാന്‍ ഒരിക്കല്‍കൂടി 'How to Film' എന്ന പുസ്തകം ശ്രദ്ധയോടെ വായിച്ചു. രാജഗോപാല്‍ എന്തെങ്കിലും സാങ്കേതിക ചോദ്യങ്ങള്‍ ചോദിച്ചാല്‍ തെറ്റാതെ ഉത്തരം പറയണമല്ലോ. അങ്ങിനെ ചക്രധാരിയുടെ കത്തുമായി യു. രാജഗോപാലിനെ കാണാന്‍ ഞാന്‍ മദിരാശിയിലേക്ക് വണ്ടികയറി. ആദ്യമായി ഒറ്റക്ക് യാത്ര ചെയ്യുന്ന എനിക്ക് കൂട്ടിന് ഒരാളെ കിട്ടി, എന്റെ സുഹൃത്ത് മുഹമ്മദാലിയുടെ ക്ലാസ്സ് മേറ്റായ സാദിക്ക് പാഷ. അദ്ദേഹം അതേ ട്രൈയിനില്‍ മദിരാശിയിലെ തന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. അപരിചിതമായ നഗരത്തിലേക്ക് ആദ്യമായി പോകുമ്പോള്‍ മദ്രാസ് വാസിയായ അദ്ദേഹത്തെ കിട്ടിയത് വലിയൊരു അനുഗ്രഹമായി. കൂട്ടുകാര്‍ എന്നെ യാത്രയാക്കാന്‍ റെയില്‍വെ സ്‌റ്റേഷനില്‍ വന്നിരുന്നു. വലിയൊരു ക്യാമറമാന്‍ ആയി തിരിച്ചു വരട്ടെ എന്ന് അവര്‍ ആശംസകള്‍ നേര്‍ന്നു. സിനിമലോകം എന്നെ സ്വീകരിക്കാന്‍ രണ്ടു കൈകളും നീട്ടി കാത്തിരിക്കുന്നു എന്ന് സ്വപ്‌നം കണ്ടുകൊണ്ട് വാനോളം ഉയര്‍ന്ന പ്രതീക്ഷകളുമായി ഞാന്‍ മദിരാശിയിലേക്ക് വണ്ടികയറി.

(തുടരും)

Similar Posts