Analysis
ജൂഡ് ആന്തണിയുടെ 2018 സിനിമ
Analysis

2018: അരാഷ്ട്രീയതയുടെ പെരുവെള്ളപ്പാച്ചില്‍

ലെനിന്‍ സുഭാഷ്
|
19 May 2023 8:37 AM GMT

മികച്ച സിനിമാനുഭവത്തിനുള്ളില്‍ പൊതിഞ്ഞ് വിതരണം ചെയ്ത അരാഷ്ട്രീയ വാദത്തിന്റെ കയ്പന്‍ കുരുവാണ് 2018 എന്ന സിനിമ. സാങ്കേതികമായി മികച്ചതാവുമ്പോള്‍ തന്നെ, പ്രമേയാവതരണം ദുര്‍ബലമായി എന്നാണ് സിനിമ ആകെ പരിശോധിക്കുമ്പോള്‍ മനസിലാക്കാനാവുക. മറവിയുടെ ആഴങ്ങളിലേക്ക് അത്രയൊന്നും ആഴ്ന്നുപോകാത്ത ഒരു വിഷയം പ്രമേയമാക്കുമ്പോള്‍ കാണിക്കേണ്ട ജാഗ്രത സിനിമയുടെ രചയിതാക്കള്‍ കാണിച്ചില്ല.

നിങ്ങള്‍ക്ക് അവ്യക്തമായ ആശയങ്ങളാണുള്ളതെങ്കില്‍ മൂര്‍ച്ചയുള്ള ദൃശ്യങ്ങള്‍ ഉണ്ടായതുകൊണ്ട് കാര്യമില്ല എന്ന് പറഞ്ഞത് ഗൊദാര്‍ദാണ്. 2018-എവരിവണ്‍ ഈസ് ഹീറോ എന്ന സിനിമ കണ്ടപ്പോള്‍ ഈ പ്രസ്താവന ഓര്‍ത്തുപോയി. കാണിയെന്ന നിലയില്‍ ഏത് സിനിമയേയും ആസ്വദിക്കാന്‍ ശീലിച്ചിട്ടുണ്ട്. പക്ഷേ, സിനിമ നല്‍കുന്ന ആദ്യ അനുഭവത്തിന് ശേഷം അടുത്ത ലെയറിലേക്ക് കടക്കുമ്പോള്‍ കണ്ട സിനിമയുടെ സീനുകള്‍ക്കിടയിലൂടെ ഒന്നുകൂടെ കാണാന്‍ നോക്കും. അങ്ങനെ നോക്കുമ്പോള്‍ 2018 എന്ന ചിത്രം, മികച്ച സിനിമാനുഭവത്തിനുള്ളില്‍ പൊതിഞ്ഞ് വിതരണം ചെയ്ത അരാഷ്ട്രീയവാദത്തിന്റെ കയ്പന്‍ കുരുവാണ്.

കേരളത്തിന് മറക്കാനാകാത്ത വര്‍ഷമാണ് 2018. നിപ്പയും മഹാപ്രളയവും കുടഞ്ഞെറിഞ്ഞ ജനതയായിരുന്നു നാം അന്ന്. ലോകത്തിന്റെ പലകോണുകളെ വച്ചുനോക്കുമ്പോള്‍ താരതമ്യേന സമാധാന ജീവിതം നയിച്ചിരുന്ന ഒരു ജനത മഹാവ്യാധികളുടേയും മഹാപ്രളയങ്ങളുടേയും കെടുതികളിലേക്ക് എടുത്തെറിയപ്പെടുന്നതിന്റെ ആദ്യ തുറവായിരുന്നു ആ വര്‍ഷം. എത്രയൊക്കെ വിമര്‍ശിക്കപ്പെടുമ്പോഴും മനുഷ്യന്‍ എന്ന പദത്തിന്റെ മനോഹാരിത കണ്ടറിഞ്ഞ വര്‍ഷം (തുടര്‍ന്നിങ്ങോട്ട് നിരവധി തവണ ആ സൗന്ദര്യാനുഭൂതി ആവര്‍ത്തിച്ചു). പക്ഷേ എന്തുകൊണ്ടാണ് ജൂഡ് ആന്തണിയുടെ സിനിമയില്‍, ക്ലീഷേ നന്മമരങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്ക് മറ്റ് സാമൂഹിക ജീവിതം ഇല്ലാതെപോയത്.

ഓട്ടമത്സരത്തില്‍ ഓണ്‍ യുവര്‍ മാര്‍ക്ക് എന്ന് പറയുമ്പോള്‍ ഫിനിഷിംഗ് പോയിന്റിലേക്ക് കുതിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മത്സരാര്‍ഥികളെപോലെ പ്രളയത്തില്‍ അകപ്പെടാനും അതിജീവിക്കാനോ, മരിക്കാനോ മാത്രമായി സൃഷ്ടിക്കപ്പെട്ടവരായി അവര്‍ നില്‍ക്കുന്നത്? സാമൂഹ്യമാധ്യമങ്ങള്‍ മാത്രം റഫറന്‍സായി പരിഗണിച്ചാല്‍ പോലും ഇന്‍ ഡെപ്ത് വിവരങ്ങള്‍ ലഭ്യമാകുന്ന ഈ കാലത്ത് സാമൂഹ്യജീവിതം വെറും നന്മമരം കളിയല്ല. പ്രത്യേകിച്ച് പ്രളയസമയത്ത് ഉണര്‍ന്ന് പ്രവര്‍ത്തിച്ച ഒരു സിസ്റ്റമുണ്ടായിരുന്ന ഇടത്തില്‍ കഥാപാത്രങ്ങളെ പ്ലേസ് ചെയ്യുമ്പോള്‍. സംവിധായകന്‍ സ്വന്തം സര്‍ക്കിളിന് പുറത്തുള്ള മനുഷ്യരെക്കൂടി പഠിക്കണമായിരുന്നു.

അതേസമയം, ഏത് ഘട്ടത്തിലും പാളിപ്പോകാവുന്ന ഒരു വിഷയത്തെ മികച്ച സിനിമാനുഭവമാക്കി മാറ്റാന്‍ ജൂഡ് ആന്റണിക്ക് സാധിച്ചു. മലയാള സിനിമയുടെ ചുരുങ്ങിയ ബജറ്റിനുള്ളില്‍ നിന്ന് സാങ്കേതികമായി മികച്ച സിനിമ നിര്‍മിച്ചതില്‍ ജൂഡ് ആന്തണി അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെങ്കിലും അരാഷ്ട്രീയവാദത്തിന്റെ സ്വാധീനത്തെ പതുക്കെ പിന്തള്ളി മുന്നോട്ട് വന്ന സമൂഹത്തിന്റെ ഒന്നാകെയുള്ള പരിശ്രമത്തെ പാടെ നിരാകരിക്കുന്നതാണ് പൊതുപ്രവര്‍ത്തകര്‍ ഇല്ലാത്ത ഈ കിനാശേരിയുടെ അവതരണം. ഓര്‍മകളില്‍ മുറിപ്പാടുകള്‍ ഇനിയും ഉള്ളില്‍ ഉണങ്ങാതെ ചുക്കിചുളുക്കുന്ന 2018 ലെ പ്രളയാനുഭവത്തിന് കേവലമായ കഥപറച്ചിലും മികച്ച ദൃശ്യങ്ങളുംകൊണ്ട് ജൂഡ് ആന്റണി ബോധപൂര്‍വമല്ലെങ്കിലും ഒരു ക്യാപ് ഇടാന്‍ ശ്രമിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ സാമാന്യജനത്തിന്റെ ബോധമണ്ഡലത്തിലെ പ്രളയ ഓര്‍മകളെ റീപ്ലേസ് ചെയ്യാന്‍ ഒരുപരിധിവരെ ഈ സിനിമയ്ക്കാവും. അപ്പോള്‍ ഈ കഥയില്‍ പ്രവേശനം വിലക്കപ്പെട്ട ഈ നാട്ടിലെ സര്‍ക്കാര്‍ സംവിധാനവും, പൊലീസും, അഗ്‌നിശമനസേനയും, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീമും, പൊതുപ്രവര്‍ത്തകരും, രാഷ്ട്രീയക്കാരും, സാമുദായിക സംഘടനകളും, മാധ്യമപ്രവര്‍ത്തകരും ഈ പദ്ധതിയിലൂടെ ഒന്നിനുംകൊള്ളാത്തവരുടെ പട്ടികയിലേക്ക് പതുക്കെ മാറ്റപ്പെടും.

എത്രയായിട്ടും മനസിലാകാത്തത് ദുരിതാശ്വാസ ക്യാമ്പിനെക്കുറിച്ചുള്ള പുകഴ്ത്ത്പാട്ടാണ്. യഥാര്‍ഥത്തില്‍ ഏതെങ്കിലും ദുരിതാശ്വാസ ക്യാമ്പില്‍ ഈ സിനിമയുടെ എഴുത്തുകാര്‍ പോയിട്ടുണ്ടോ എന്ന് സംശയമാണ്. ദുരിതാശ്വാസക്യാമ്പില്‍ ചിരികള്‍ ഉണ്ടാകില്ല എന്നല്ല, പക്ഷേ ഇത്തരത്തില്‍ ആഘോഷത്തിലാറാടുന്ന ദുരിതാശ്വാസക്യാമ്പ് കേവലം സിനിമാക്കാരുടെ സമാന്തര ലോകത്ത് മാത്രം സാധ്യമായ ഒന്നാണ്.

ചാലക്കുടി പുഴയിലേക്ക് മാലിന്യം ഒഴുക്കിവിടുന്ന നീറ്റാജലാറ്റിന്‍ കമ്പനിക്കെതിരെ നടന്ന കാതിക്കുടം സമരവും, ചാലിയാറിനെ മലിനമാക്കിയ ഗ്വാളിയോര്‍ റയോണ്‍സിനെതിരെ നടന്ന സമരവും കേരളത്തിലെ പരിസ്ഥിതി സമരങ്ങളിലെ പ്രധാന അധ്യായങ്ങളാണ്. സിനിമയില്‍ പുഴ സംരക്ഷണ സമിതിക്കാര്‍ തമിഴ്‌നാട്ടില്‍ നിന്നും ബോംബ് കൊണ്ടുവന്ന് ഫാക്ടറിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നരേഷന്‍ അത്ര നിഷ്‌കളങ്കമാണോ? ഗ്രോ വാസുവിനെ പോലെ ആശയതീവ്രതയുണ്ടായിരുന്നവര്‍ പോലും ക്ഷമയോടെ പൊരുതിയാണ് ഇത്തരം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചിട്ടുള്ളത്. ഇത്തരം ജനകീയ സമരങ്ങള്‍ ആളും ആരവവുമില്ലാത്ത കേവലമായ ചിന്താപദ്ധതിയാണെന്ന് ചിന്തിക്കുന്നതാണ് സിനിമയുടെ മറ്റൊരു പ്രശ്‌നം.


പഴയവീഞ്ഞ് പുതിയ കുപ്പിയിലാക്കിയല്ല, പഴയകുപ്പിയില്‍ തന്നെ വിറ്റ് ലാഭമുണ്ടാക്കാന്‍ ജൂഡ് ആന്റണിക്ക് കഴിഞ്ഞു. ആസിഫ് അലിയുടെ കഥാപാത്രം തന്റെ അരയവൃത്തി വിട്ട് മോഡലിംഗിലും സിനിമയിലും സജീവമാകാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരനാണ്. പക്ഷേ അതയാളെ, അയാളുടെ കുടുംബത്തിന് അനഭിമതനാക്കുന്നുണ്ട്. മുടിയനായ പുത്രന്റെ മടങ്ങിവരവില്‍ കോള്‍മയിര്‍ കൊള്ളുന്ന സിനിമ ഗ്ലോറിഫൈ ചെയ്യാന്‍ ശ്രമിക്കുന്നത് എന്തിനെയാണ്. കുലത്തൊഴില്‍ ചെയ്ത് ജീവിക്കുന്നവന്‍ അത് ചെയ്ത് ജീവിക്കുക. പണമുണ്ടായാലും വേര്‍പ്പെടുത്താനാവാത്ത സ്വത്വത്തില്‍ അഭിരമിക്കുക. ജീവിതത്തില്‍ ചില അവസരങ്ങളില്‍ ഹീറോയായി പിന്നീട് അരികുവല്‍ക്കരിക്കപ്പെട്ട സ്വത്വത്തിലേക്ക് തന്നെ തിരിച്ച് പോകുക. എത്രയായിട്ടും മനസിലാകാത്തത് ദുരിതാശ്വാസ ക്യാമ്പിനെക്കുറിച്ചുള്ള പുകഴ്ത്ത്പാട്ടാണ്. യഥാര്‍ഥത്തില്‍ ഏതെങ്കിലും ദുരിതാശ്വാസ ക്യാമ്പില്‍ ഈ സിനിമയുടെ എഴുത്തുകാര്‍ പോയിട്ടുണ്ടോ എന്ന് സംശയമാണ്. ദുരിതാശ്വാസക്യാമ്പില്‍ ചിരികള്‍ ഉണ്ടാകില്ല എന്നല്ല, പക്ഷേ ഇത്തരത്തില്‍ ആഘോഷത്തിലാറാടുന്ന ദുരിതാശ്വാസക്യാമ്പ് കേവലം സിനിമാക്കാരുടെ സമാന്തര ലോകത്ത് മാത്രം സാധ്യമായ ഒന്നാണ്.

ആസ്വാദകന്‍ എന്ന നിലയില്‍ മനസിനെ സ്പര്‍ശിച്ച രംഗങ്ങള്‍ ധാരാളമുണ്ട് ഈ സിനിമയില്‍. സുധീഷ് അവതരിപ്പിച്ച കഥാപാത്രത്തിന്റേയും കുടുംബത്തിന്റെയും അതിജീവനം (യുക്തിസഹമായ സംശയങ്ങള്‍ ഉണ്ടെങ്കിലും), മണ്ണിനടിയില്‍ കുടുങ്ങിയ കുടുംബത്തിന്റെ രക്ഷപ്പെടല്‍ (യഥാര്‍ത്ഥ സംഭവങ്ങള്‍ മനസിലേക്ക് ഇടിഞ്ഞിറങ്ങി), മത്സ്യതൊഴിലാളികളുടെ ഇടപെടല്‍ (യഥാര്‍ഥ ദൃശ്യങ്ങള്‍ ടി.വിയില്‍ കണ്ടത്ര രോമാഞ്ചം ഉണ്ടായില്ലെങ്കിലും) തുടങ്ങിയവയൊക്കെ സിനിമാറ്റിക്കും, ഇമോഷണല്‍ പാക്ഡും ആയിരുന്നു. അത്തരം ദൃശ്യങ്ങളുടെ സമാഹാരമായി മാത്രം മാറി ചിലസമയങ്ങളില്‍ സിനിമ.


2018 ലെ നിപ വൈറസ് ബാധയുടെ കഥപറയുന്ന വൈറസ് എന്ന സിനിമയും അന്ന് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. സജീവമായിരുന്ന ഒരു സര്‍ക്കാര്‍ സംവിധാനത്തെ കാണിക്കാന്‍ ആ സിനിമയും മടിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പോരായ്മകള്‍ ഇല്ലെന്നല്ല, അതിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് ദൗര്‍ബല്യങ്ങള്‍ ഉണ്ട്താനും. പക്ഷേ, ഈ രണ്ട് സിനിമയിലും പ്രതിപാതിച്ചിരിക്കുന്ന വിഷയങ്ങള്‍ നടക്കുന്ന സമയത്ത് നേരത്തെ പറഞ്ഞ സംവിധാനങ്ങളും അതിന്റെ ചുമതല വഹിച്ചിരുന്നവരും ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു എന്നത് ചരിത്രമാണ്. അന്നത്തെ വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഇത് മനസിലാക്കാവുന്നതേയുള്ളു. എന്നിട്ടും ഒരു പ്രശ്‌നം വരുമ്പോള്‍ ഇനിയെന്ത് എന്ന് ചോദിച്ച് തളര്‍ന്നിരിക്കുന്നവരായി അവരെയൊക്കെ കാണിക്കുന്നത് അരാഷ്ട്രീയ വാദത്തിന്റെ മുഖ്യലക്ഷണമാണ്. അടിയന്തരാവസ്ഥയുടെ സിനിമയെടുക്കുകയും അതില്‍ ഇന്ദിരഗാന്ധിയെ പ്രകീര്‍ത്തിക്കുകയും ചെയ്താല്‍ പോലും ആ സിനിമയില്‍ ഒരു രാഷ്ട്രീയമുണ്ട്. വിപുലമായ രാഷ്ട്രീയ ചര്‍ച്ചക്ക് അവിടെ ഇടമുണ്ട്. എന്നാല്‍, ജൂഡ് ചെയ്തപോലെ ഇത്തരം നിഷ്‌കളങ്കമെന്ന് തോന്നിക്കുന്ന ഒഴിച്ചുനിര്‍ത്തലുകള്‍ അങ്ങേയറ്റം പ്രതിലോമകരമാണ്. രാഷ്ട്രീയക്കാരെ ഗ്ലോറിഫയ് ചെയ്യണം എന്ന് ഇതിന് അര്‍ഥമില്ല. പക്ഷേ, യാഥാര്‍ഥ്യം കാണിക്കണം.

കേരളത്തില്‍ പൊലീസും അഗ്‌നിശമന സേനയും എത്തിപ്പെടാത്ത ഏത് ദുരന്തമുഖമാണ് ഉണ്ടായിട്ടുള്ളത്. ഈ സിനിമയിലെ സാമാന്തര ലോകത്ത് മിന്നല്‍ മുരളിമാരാണ് ലോകത്തെ രക്ഷിക്കുന്നത്. മണ്ണിടിച്ചിലില്‍ ഒറ്റപ്പെട്ടുപോയ സ്ഥലത്തേക്ക് തലച്ചുമടായി സാധനങ്ങള്‍ എത്തിച്ച ജില്ലാ ഭരണാധികാരിയും, എം.എല്‍.എ യും ഉള്ള നാട്ടിലിരുന്നാണ് ഈ കഥ എഴുതിയത്. തീര്‍ച്ചയായും അതെല്ലാം അവരുടെ ഉത്തരവാദിത്വം ആയിരുന്നു. പക്ഷേ, ഈ സിനിമ സൃഷ്ടിക്കുന്ന ഹൈപര്‍ബോളിക് ചരിത്രത്തെ മാത്രം ഉള്‍കൊള്ളുന്ന ഒരു വിഭാഗത്തിന് അവര്‍ നിഷ്‌ക്രിയരായ ഏതോ മനുഷ്യരാകും തീര്‍ച്ച.


വാര്‍ത്താമാധ്യമങ്ങള്‍ എമ്പാടുമുള്ള കൊച്ചിയില്‍ ഏതെങ്കിലും ഒരു സ്റ്റുഡിയോയില്‍ പോയി രണ്ട് മണിക്കൂര്‍ ചിലവഴിച്ചാല്‍ തീര്‍ക്കാമായിരുന്ന അബദ്ധങ്ങളാണ് സിനിമയില്‍ മാധ്യമപ്രവര്‍ത്തകരെ കുറിച്ച് എടുത്തുവെച്ചിട്ടുള്ളത്. 2018 ലെ പ്രളയത്തില്‍ ജോലിക്കിടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായതിനെക്കുറിച്ചു അറിയുമോ. ഇത് ജൂഡിന്റെ മാധ്യമപ്രവര്‍ത്തക കാണിച്ച പോലെ സ്റ്റുഡിയോയില്‍ നിസ്സഹായയായിരുന്നു കരയുന്ന ജോലിയല്ല. നിങ്ങള്‍ സിനിമയില്‍ കാണിച്ചപോലെയോ ഒരുപക്ഷെ അതിലും ഭീകരമായ അവസ്ഥകളിലൊ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന പണിയാണ്്. ദുരന്തമുഖത്ത് റിപ്പോര്‍ട്ടിങ്ങിനിടെ വിങ്ങിപൊട്ടുമ്പോഴും വിവരങ്ങള്‍ ചോര്‍ന്നുപോകാതെ അവതരിപ്പിക്കുന്ന അവധാനം വേണ്ട പണിയാണ്. ഏത് മാധ്യമമാണ് ദുരന്തമുഖത്ത് ടി.ആര്‍.പി റേറ്റ് നോക്കി വാര്‍ത്തകള്‍ നല്‍കിയത്. പലപ്പോഴും ന്യൂസ് റൂമുകള്‍ എസ്.ഒ.എസ് സന്ദേശങ്ങളുടെ കേന്ദ്രമാവുകയും വാര്‍ത്തപോലും മറന്ന് മാധ്യമപ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തകരാവുകയും ചെയ്തിട്ടുണ്ട്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ സാമൂഹ്യമാധ്യമങ്ങളിലെ ഗ്വ ഗ്വ വിളിയില്‍ മാപ്രകളായി ശോഷിച്ച ആ ഇമേജില്‍ നിന്ന് ഏതോ ഒരു കാര്‍ബണ്‍ കോപ്പിയാണ് ജൂഡ് എടുത്തിട്ടുള്ളത്.

സാങ്കേതികമായി മികച്ചതാവുമ്പോള്‍ തന്നെ പ്രേമേയാവതരണം ദുര്‍ബലമായി എന്നാണ് 2018 എന്ന സിനിമ ആകെ പരിശോധിക്കുമ്പോള്‍ മനസിലാക്കാനാവുക. മറവിയുടെ ആഴങ്ങളിലേക്ക് അത്രയൊന്നും ആഴ്ന്നുപോകാത്ത ഒരു വിഷയം പ്രമേയമാക്കുമ്പോള്‍ കാണിക്കേണ്ട ജാഗ്രത ഇതിന്റെ രചയിതാക്കള്‍ കാണിച്ചില്ല. തങ്ങളുടെ ബോധമണ്ഡലത്തില്‍ പതിഞ്ഞ കേവല സംഭവങ്ങളെ ചേര്‍ത്ത് സിനിമയുടെ ഏറെ പഴകിയ ഫോര്‍മുലകള്‍ ഉപയോഗിച്ച് തിരക്കഥ ഉണ്ടാക്കി എന്നാണ് അനുമാനിക്കേണ്ടത്. അത് അത്ര നിഷ്‌കളങ്കമല്ലതാനും. ഒന്നുകില്‍ പ്രളയസമയത്തെ വിവരങ്ങള്‍ ശരിയായി മനസിലാക്കുന്നതില്‍ ഈ എഴുത്തുകാര്‍ പരാജയപ്പെട്ടു അല്ലെങ്കില്‍ മുന്‍വിധിയോടെയുള്ള സമീപനം ഇവരുടെ സങ്കല്‍പ്പങ്ങളെ ഹൈജാക്ക് ചെയ്തു. ഒരു വിഭാഗം മധ്യവര്‍ഗ മലയാളിയുടെ അരാഷ്ട്രീയ വാദം അപ്പടി പ്രതിഫലിപ്പിക്കാന്‍ ഈ സിനിമ ശ്രമിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലെ 'മനുഷ്യനെ' മാത്രം റഫറന്‍സ് ആക്കിയാല്‍ സംഭവിക്കാവുന്ന അബദ്ധമാണിത്. അപ്പോഴും ആരാഷ്ട്രീയ വാദികളായവര്‍ ഓര്‍ത്തിരിക്കേണ്ട ഒരു പ്രധാനവസ്തുത, കേരളസമൂഹം ഇന്ന് ഉണ്ടെന്നവകാശപെടുന്ന ഔന്നത്യം, സാക്ഷരത, മതനിരപേക്ഷത, ഉയര്‍ന്ന ചിന്ത എന്നിവയൊക്കെ പല മനുഷ്യര്‍ അതാത് കാലങ്ങളില്‍ നല്‍കിയ രാഷ്ട്രീയ ജീവിതത്തിന്റെ ആകെതുകയാണ് എന്നതാണ്.



Similar Posts