ഏത് യുദ്ധത്തിലും തോൽക്കുന്ന ഒരു കൂട്ടർ
|യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ഇറാഖ് യുദ്ധ റിപ്പോർട്ടിങ് അനുഭവങ്ങൾ ഓർത്തെടുക്കുന്നു
ലോകം മറ്റൊരു യുദ്ധഭീതിയിൽ. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ ഭാവി പ്രത്യാഘാതങ്ങൾ എന്താകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ആരു ജയിക്കുമെന്നും. എന്നാൽ, ഏതൊരു യുദ്ധത്തിലും തോൽക്കുന്ന ഒരു കൂട്ടരുണ്ട്-സിവിലിയൻ സമൂഹം.
സ്വേഛാ ഭരണകൂടങ്ങളുടെ യുദ്ധവെറിയിൽ ബലിയാടുകളായി മാറാൻ വിധിക്കപ്പെട്ടവർ. ഇപ്പോൾ യുക്രൈനാണ് ഇരകൾ. ഇന്നലെ അത് മറ്റു ജനതകളായിരുന്നു. അഫ്ഗാൻ, ഇറാഖ് ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ സൈനിക പടയോട്ടം നടത്തി ഒരു ജനതയെയും സംസ്കൃതിയെയും തകർത്തെറിഞ്ഞവർ. സോവിയറ്റ് യൂനിയന്റെ പതനത്തിനു വരെ കാരണമായത് അഫ്ഗാൻ അധിനിവേശം. എന്നിട്ടും സാമ്രാജ്യത്വം പാഠം പഠിച്ചില്ല. യു.എസ് അധിനിവേശം അഫ്ഗാൻ എന്ന രാജ്യത്തെ വീണ്ടും ദുർബലമാക്കി. ഇപ്പോൾ റഷ്യൻ അധിനിവേശത്തിനെതിരെ യു.എസ് പ്രസിഡന്റ് അന്താരാഷ്ട്ര ചട്ടങ്ങൾ ഉദ്ധരിച്ചാണ് രോഷം കൊള്ളുന്നത്. രണ്ട് പതിറ്റാണ്ട് മുമ്പ് ഈ ചട്ടങ്ങളൊക്കെ മറികടന്നാണ് അമേരിക്ക അഫ്ഗാനിലും ഇറാഖിലും കടന്നുകയറി ലക്ഷങ്ങളെ കൊന്നൊടുക്കിയത്.
അഫ്ഗാനെ കൈപ്പിടിയിൽ ഒതുക്കിയ യാങ്കി അവിടം കൊണ്ട് അധിനിവേശം അവസാനിപ്പിക്കില്ല എന്നുറപ്പായിരുന്നു. സെപ്റ്റംബർ പതിനൊന്നിന്റെ ഭീകരാക്രമണം പല ലക്ഷ്യങ്ങളിലേക്കുള്ള വഴിനടത്തമായിരുന്നു അമേരിക്കക്ക്. ആയുധ, എണ്ണവിപണികൾ സജീവമാക്കി നിർത്താൻ കൂടുതൽ അധിനിവേശം വേണം. ലോകത്തുടനീളമുള്ള 140 ഓളം സൈനികതാവളങ്ങളുടെ ബലത്തിലുള്ള ചുരമാന്തലാണ് പിന്നെ നാം കണ്ടത്. ഇറാഖ് എല്ലാം കൊണ്ടും പാകമായി നിന്ന സമയം. വ്യാഴവട്ടം നീണ്ട ഉപരോധം തളർത്തിയ സമ്പദ് ഘടനയും ജീവിതങ്ങളും. നാറ്റോ രാജ്യങ്ങളും യു.എന്നും അറബ് ലോകവും എതിർപക്ഷത്ത്. അന്തർദേശീയ തലത്തിൽ രൂപപ്പെടുത്തിയ സമ്മർദ തന്ത്രവും ഉപജാപക സംഘങ്ങളുടെ കുടിലനീക്കങ്ങളും യാങ്കിക്ക് അനുകൂല ഘടകമായി.
യു.എൻ രക്ഷാസമിതിക്കു മുമ്പാകെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ പറഞ്ഞത് ഓർമയില്ലേ? : ""സദ്ദാമിന്റെ പക്കൽ ഒന്നും രണ്ടുമല്ല, ഒരായിരം കൂട്ടനശീകരണായുധങ്ങൾ അവശേഷിക്കുന്നു. ഞങ്ങളുടെ പക്കൽ അതിനു വിശ്വസനീയമായ തെളിവുകൾ തന്നെയുണ്ട്'
ദുർബലമായിരുന്നു ഇറാഖിന്റെ നയതന്ത്ര പ്രതിരോധം. 2002 സെപ്റ്റംബർ 19ന് സദ്ദാം ഹുസൈൻ ഇറാഖ് വിദേശകാര്യ മന്ത്രി നാജി സ്വബ്രി മുഖേന യു.എന്നിന് കത്ത് കൈമാറി. യാതൊരു നശീകരണായുധവും തങ്ങളുടെ പക്കൽ ഇല്ലെന്നായിരുന്നു സദ്ദാമിന്റെ സത്യവാങ്മൂലം. യു.എൻ രക്ഷാസമിതി പക്ഷെ, ഒന്നും മിണ്ടിയില്ല.
"പെശാചിക അച്ചുതണ്ട്?' സിദ്ധാന്തം അവതരിപ്പിച്ച ജൂനിയർ ബുഷിന് മണ്ണൊരുക്കൽ പ്രക്രിയ എളുപ്പമായി. "ഒന്നുകിൽ ഞങ്ങൾക്കൊപ്പം അതല്ലെങ്കിൽ അവർക്കൊപ്പം' എന്ന തിട്ടൂരം കൂടിയായതോടെ മിക്ക രാജ്യങ്ങൾക്കും ചങ്കിടിപ്പേറി. ഇറാഖ് അധിനിവേശം ഉറപ്പാണെന്ന് യു.എസ് മാധ്യമങ്ങളുടെ മുന്നൊരുക്കം തെളിയിച്ചു. കുവൈത്തിലേക്ക് സൈനിക വിന്യാസത്തിനൊപ്പം വാർത്താ മാധ്യമങ്ങളുടെ പ്രവാഹവും കൂടി. പ്രധാന ഹോട്ടലുകളിൽ ഒന്ന് സി.എൻ.എൻ ചാനൽ ഏറ്റെടുത്തതും വെറുതെയായിരുന്നില്ല.
ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സി ഉച്ചകോടിക്ക് ഖത്തർ വേദിയായി. യുദ്ധം തടയാനുള്ള അവസാന സന്ദർഭം. ബഹ്റൈനിൽ നിന്ന് ഉച്ചകോടി റിപ്പോർട്ട് ചെയ്യാൻ ഖത്തറിൽ ചെന്നു. അവിടെ ഇറാഖിനു വേണ്ടി ശബ്ദിക്കാൻ ആരും ഉണ്ടായിരുന്നില്ല. സദ്ദാം അധികാരം ഒഴിയാതെ പ്രശ്നപരിഹാരം സാധ്യമല്ലെന്ന യു.എസ് നിലപാട് ശരിവെക്കുകയായിരുന്നു ഗൾഫ് ഉൾപ്പെടെ അറബ് രാജ്യങ്ങൾ. ഉച്ചകോടിയിൽ ഇറാഖ്, കുവൈത്ത് പ്രതിനിധികൾക്കിടയിൽ നടന്ന രൂക്ഷമായ വാക്കേറ്റവും ഒരു രാജ്യത്തിന്റെ ഒറ്റപ്പെടൽ പൂർണമാക്കി. ദോഹയിൽ നിന്ന് തിരികെ ബഹ്റൈനിലേക്ക് പറക്കുമ്പോൾ ഉള്ളിൽ ഉറപ്പിച്ചിരുന്നു, യുദ്ധം ആസന്നമാണെന്ന്. കുവൈത്തിൽ നിന്ന് വന്നുകൊണ്ടിരുന്ന റിപ്പോർട്ടുകളും ആ നിഗമനം ശരിവെച്ചു. പിന്നെ എല്ലാം പൊടുന്നനെ. സദ്ദാമിന് അമേരിക്കയുടെ അന്ത്യശാസനം. യുദ്ധത്തിലേക്ക് കാര്യങ്ങൾ എളുപ്പം വഴുതിമാറി. കുവൈത്തിൽ നിന്നെങ്കിലും സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുക. ഇതായിരുന്നു തീരുമാനം. "മാധ്യമം' കൂടെ നിന്നു. സന്ദർശക വിസയിൽ കുവൈത്തിലെത്തി അധികം കഴിയും മുമ്പെ വിമാന സർവീസുകൾ മുഴുവൻ റദ്ദായി.
എവിടെയും ഭീതിയുടെ അന്തരീക്ഷം. കുവൈത്തിലും പരിഭ്രാന്തി പ്രകടമായിരുന്നു. അമേരിക്ക പറഞ്ഞ നശീകരണായുധങ്ങളുണ്ടെങ്കിൽ ആദ്യം പ്രയോഗിക്കുക കുവൈത്തിനു നേരെയാകും. പടയോട്ടത്തിന്റെ നൈൽ വിസിൽ മുഴക്കത്തിനായി കുവൈത്തും യു.എസ് സൈനികവ്യൂഹവും കാത്തിരുന്നു. 2003 മാർച്ച് 19ന് രണ്ടാം ഗൾഫ് യുദ്ധം തുടങ്ങി. "ഓപ്പറേഷൻ ഇറാഖി ഫ്രീഡം'.
രണ്ടാം ദിവസം തന്നെ കുവൈത്തിൽ മിസൈൽ വന്നുപതിച്ചു. വ്യോമാക്രമണത്തിന്റെ ബലത്തിൽ ആയിരുന്നു യു.എസിന്റെ ഇറാഖ് അധിനിവേശത്തിന്റെ തുടക്കം. വൻസുരക്ഷയിൽ കെട്ടിപ്പൊക്കിയ അതിർത്തികളും സൈനികരുടെ പെട്രോളിങ്ങ് യൂനിറ്റുകളും യുദ്ധവേളയിൽ എത്ര ദുർബലമാണെന്നു നേരിൽ കണ്ടു. ആരുടെയോ അന്യാധീനപ്പെട്ട പറമ്പിലേക്ക് കയറുന്ന ലാഘവത്തിലാണ് കുവൈത്തിൽ നിന്നും ഇറാഖിലേക്ക് കടന്നത്. യാത്ര സ്വന്തം നിലക്കാണെന്നും എന്തു സംഭവിച്ചാലും മറ്റാർക്കും പങ്കില്ലെന്നും ഒരു അണ്ടർടേക്കിങ് മാത്രം മതിയായിരുന്നു കുവൈത്ത് അതിർത്തി താണ്ടാൻ.
അതിർത്തി കടന്നുപോകുന്ന യു.എസ് കവചിതവാഹനങ്ങളുടെ നീണ്ടനിര. സഫ്വാൻ എന്ന ഇറാഖ് ഗ്രാമത്തിലായിരുന്നു ആദ്യം ചെന്നെത്തിയത്. ഭക്ഷണവും വെള്ളവും മുടങ്ങിയ ഗ്രാമവാസികളുടെ ദൈന്യത നിറഞ്ഞ നോട്ടങ്ങൾ. അതിനിടയിലും ഒന്നു ശ്രദ്ധിച്ചു. യു.എസ് പട്ടാളക്കാർക്കു നേരെ ഇറാഖി ജനതയുടെ മുഖങ്ങളിൽ നിറയുന്ന രൂക്ഷനോട്ടം. "രക്ഷകരെ' ഇങ്ങനെയാണോ ഒരു ജനത സ്വീകരിക്കേണ്ടത്? മനസ് ചോദിച്ചു.
സദ്ദാം ഭരണത്തിൽ അടിച്ചമർത്തപ്പെട്ട ജനത തങ്ങൾക്കു ലഭിച്ച ഏറ്റവും വലിയ സ്വാതന്ത്ര്യത്തെ വീടുകളിലും തെരുവുകളിലും കൊണ്ടാടുകയാണെന്നായിരുന്നു പടിഞ്ഞാറൻ മാധ്യമങ്ങളിൽ വായിച്ചതും കണ്ടതും. പക്ഷെ, നേർമുന്നിൽ കണ്ട ഒറ്റ ദൃശ്യവും അതിനെ ശരിവെച്ചില്ല. യുദ്ധവിരുദ്ധ രംഗത്തുള്ള ചില സുഹൃത്തുക്കളുടെ കൂട്ട് ഇറാഖിൽ വലിയ അനുഗ്രഹമായി. അത്യാവശ്യം എല്ലാ ഉപകരണങ്ങളുമായാണ് മാധ്യമ പ്രവർത്തകരും ആക്ടിവിസ്റ്റുകളും വന്നിരിക്കുന്നത്. "എംബഡഡ്' ജേർണലിസ്റ്റുകൾ എല്ലാ നിലക്കും സുരക്ഷിതരാണ്.
എന്നാൽ, സ്വതന്ത്ര യുദ്ധ റിപ്പോർട്ടിങ്ങ് എന്നത് അതീവ ദുഷ്കരമാണെന്ന് ആദ്യനാളുകളിൽ തന്നെ തിരിച്ചറിഞ്ഞു. യു.എസ് സൈന്യത്തെയും ഇറാഖികളെയും പേടിക്കണം. സംശയാസ്പദ സ്വഭാവത്തിലായിരുന്നു ഇരുകൂട്ടരുടെയും സമീപനം. ദക്ഷിണ ഇറാഖിലെ ബസറയിലും നാസരിയ്യയ്യിലും യു.എസ് സൈനിക നടപടികൾ ആളുകളെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. ഇറാഖ് സൈനികരോട് മാത്രമല്ല, പാവങ്ങളോടും അനുവർത്തിച്ച കൊടും ക്രൂരതകളായിരുന്നു പലർക്കും വിവരിക്കാനുണ്ടായിരുന്നത്. പകൽ നേരം കുറെയൊക്കെ നമുക്ക് സുരക്ഷ ഫീൽ ചെയ്യും. എന്നാൽ, രാത്രികളിൽ ചുറ്റും ഉയരുന്ന വെടിയൊച്ചകൾ തളർത്തും. മടക്കം എളുപ്പമല്ലെന്ന തിരിച്ചറിവിൽ ഇറാഖിൽ കഴിച്ചുകൂട്ടിയ നാളുകൾ. പ്രദേശം മുഴുക്കെ യു.എസ് സൈനിക നിയന്ത്രണത്തിലായിട്ടും ദക്ഷിണ ഇറാഖിൽ എന്തുകൊണ്ട് വെടിയൊച്ചകൾ എന്ന ചോദ്യമായിരുന്നു ഉള്ളിൽ. ഭാവിപ്രതിരോധത്തിന്റെ കൃത്യമായ സൂചന കൂടിയായിരുന്നു അത്.
ബഗ്ദാദിന്റെ വീഴ്ചയോടെ സ്വന്തം ആൾക്കാരെ മുന്നിൽ നിർത്തി പാവ സർക്കാർ രൂപവത്കരിക്കാൻ ദക്ഷിണ ഇറാഖ് കേന്ദ്രീകരിച്ചായിരുന്നു ഒരുക്കം. വിപ്രവാസ ഘട്ടത്തിൽ യു.എസിനു വേണ്ടി വിടുപണി ചെയ്ത അഹ്മദ് ശലബിയെയും മകളെയും അടുത്ത അനുയായികളെയും കണ്ടത് നാസരിയ്യയിലെ ക്യാമ്പിലാണ്. യു.എസ് വിമാനത്തിലായിരുന്നു ഇവരെ കൊണ്ടുവന്നത്. പ്രാദേശിക ഗോത്രപ്രമുഖരുടെ പിന്തുണ തേടാൻ ശലബിയെ മുന്നിൽ നിർത്തി യാങ്കി കളിച്ചു. ഡോളർ കെട്ടുകളും മേത്തരം സമ്മാനങ്ങളും ഗോത്രപ്രമുഖർക്ക് കൈമാറി. പക്ഷെ, പിന്തുണ അറിയിച്ച് പോയ ആ രാത്രിയിലും നാസരിയ്യയ്യിൽ യാങ്കി സൈന്യത്തെ വിറകൊള്ളിക്കുമാറ് വെടിയൊച്ചകൾ തുടർന്നു. സദ്ദാമിനോട് സ്നേഹവായ്പും ഇഷ്ടക്കേടും പ്രകടിപ്പിക്കുന്ന പലരെയും കണ്ടു. പക്ഷെ, അമേരിക്ക ശരിയല്ലെന്ന് അവരൊക്കെയും ഒരേ സ്വരത്തിൽ പറഞ്ഞു. കുട്ടികളും സ്ത്രീകളും മുതിർന്നവരും ഒക്കെയുണ്ടായിരുന്നു ആ കൂട്ടത്തിൽ. അശാന്തിയുടെ തീവ്രഘട്ടത്തിലും സ്വത്വബോധത്തിന്റെ ധീരരാഷ്ട്രീയ പ്രഖ്യാപനമായാണ് അതു ശ്രവിച്ചത്. ഇടക്കൊക്കെ സൈന്യം തടഞ്ഞു നിർത്തും. എെഡൻറിറ്റി കാർഡ് തിരിച്ചും മറിച്ചും നോക്കി മടക്കി നൽകും. സംശയമുള്ള ഇറാഖികൾക്കു മുമ്പാകെ സി.എെ.എ ചാരൻമാരല്ല നാം എന്നു തെളിയിക്കുകയും വേണം. ദക്ഷിണ ഇറാഖ് വിട്ടതോടെ പുറം ലോകവുമായുള്ള ബന്ധവും അറ്റു.
പരിക്കേറ്റവരാൽ നിറഞ്ഞ ആശുപത്രികളും കബന്ധങ്ങളാൽ തിങ്ങിനിറഞ്ഞ മോർച്ചറികളും തളർത്തി. ആശുപത്രികൾക്കു മുന്നിൽ അമേരിക്കയെയും ബുഷിനെയും പേരെടുത്തു പറഞ്ഞ് ശപിക്കുന്ന വൃദ്ധസ്ത്രീകളുടെ വിലാപങ്ങൾ തുടർന്നു. നജഫും കർബലയും താരതമ്യേന ശാന്തമായിരുന്നു. ബഗ്ദാദിൽ പക്ഷെ, യാങ്കിക്രൂരത എല്ലാ അതിരുകളും ലംഘിച്ചു.
അജ്ഞാത മൃതദേഹങ്ങളുമായി ശ്മശാനങ്ങളിലേക്ക് നീങ്ങുന്ന ടാക്സി വാഹനങ്ങൾ ആയിരുന്നു ആ ദിവസങ്ങളിലെ സങ്കടകരമായ ബഗ്ദാദ് കാഴ്ച. സ്ത്രീകളുടെ, കുട്ടികളുടെ, പ്രായമുള്ളവരുടെ ജഡങ്ങൾ ഒരു കഫൻ തുണിയുടെ തണൽ പോലും ഇല്ലാതെ ആശുപത്രികളുടെ അകത്തും പുറത്തും അലക്ഷ്യമായി കിടന്നു. വ്യാഴവട്ടം നീണ്ട ഉപരോധത്തിലൂടെ വേദനസംഹാരി മരുന്നുകൾ വരെ വിലക്കി തീർത്തും ദരിദ്രമാക്കപ്പെട്ട ഒരു ജനതയെ യാങ്കി മോചിപ്പിക്കുന്നതിന്റെ നേർ ദൃശ്യങ്ങളായി ഇന്നും ഉള്ളിൽ വിങ്ങലോടെ നിൽപ്പുണ്ട് ആ ഹൃദയഭേദക ചിത്രങ്ങൾ.
(തുടരും)