രാജ്യത്തെ കോടിക്കണക്കിന് ദരിദ്രമനുഷ്യരെ നിരാശരാക്കുന്ന വിധി
|രാജ്യത്തിന് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭ്യമായി മുക്കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും വിഭവങ്ങൾ ജനാധിപത്യവത്ക്കരിക്കുന്നതിനോ നീതിപൂർവ്വമായി വിതരണം ചെയ്യുന്നതിനോ കഴിഞ്ഞിട്ടില്ലയെന്നത് വലിയ അനീതിയാണ് - ബിജു ഗോവിന്ദ് എഴുതുന്നു| analysis| mediaone shelf|
2022 നവംബർ ഒൻപതിനാണ് അൻപതാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് ചുമതലയേൽക്കുന്നത്. അദ്ദേഹത്തിന്റെ കാലയളവിനെ പ്രതീക്ഷയോടെയാണ് രാജ്യം കാത്തിരുന്നത്. പ്രത്യേകിച്ചും ജനാധിപത്യ വിശ്വാസികൾ. പക്ഷെ ആ രീതിയിൽ അഭിമാനം കൊള്ളാവുന്നതായിരുന്നോ അദ്ദേഹത്തിന്റെ എല്ലാ വിധിന്യായങ്ങളുമെന്നത് ചർച്ചയാകേണ്ടതാണ്. ഇലക്ടറൽ ബോണ്ട് ഭരണഘടന വിരുദ്ധമാണെന്ന് വിലയിരുത്തിയ വിധി, സ്വകാര്യതയെ മൗലിക അവകാശമാക്കിയത്, സ്വവർഗ്ഗ ബന്ധം കുറ്റകരമാക്കുന്ന വകുപ്പ് ഇല്ലാതാക്കിയത്, രാഷ്ട്രീയ താല്പര്യം മുൻനിർത്തി മാത്രം മോദി സർക്കാർ മീഡിയ വണിനെതിരെ ഏർപ്പെടുത്തിയ നിരോധനം റദ്ദാക്കിയ വിധി ഇതെല്ലാം ഭരണഘടനാമൂല്യങ്ങളിൽ ഉറച്ചുനിന്നു കൊണ്ടുള്ളതായിരുന്നു.
എന്നാൽ ബാബറി മസ്ജിദ് കേസിൽ കൈക്കൊണ്ട നിലപാട് രാജ്യത്തെ മതേതര വിശ്വാസികളെ നിരാശരാക്കി. സമാനമായൊരു വിധിയാണ് സ്വകാര്യസ്വത്ത് പൊതുവിഭവമായി കണക്കാനാകുമൊ എന്ന കേസിലുമുണ്ടായത്. നവംബർ അഞ്ചിനായിരുന്നു വിധി. സ്വകാര്യസ്വത്ത് പൊതുവിഭവമായി കണക്കാക്കാൻ കഴിയില്ല എന്നാണ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ഡിവിഷൻ ബഞ്ചിന്റെ വിധി. ഇത് ഇന്ത്യാ രാജ്യത്തെ കോടിക്കണക്കിന് ദരിദ്രമനുഷ്യരെ ബാധിക്കുന്ന വിധിയാണ്. രാജ്യത്തിന് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭ്യമായി മുക്കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും വിഭവങ്ങൾ ജനാധിപത്യവത്ക്കരിക്കുന്നതിനോ നീതിപൂർവ്വമായി വിതരണം ചെയ്യുന്നതിനോ കഴിഞ്ഞിട്ടില്ലായെന്നത് വലിയ അനീതിയാണ്.
ബ്രിട്ടീഷുകാരുടെ കാലത്തും അവർക്ക് മുമ്പും ശേഷവും സാമൂഹ്യാധികാരങ്ങൾ കൈവശം വച്ചിരിക്കുന്ന ജാതി വിഭാഗങ്ങളുടെ കൈവശമാണ് ഭൂമിയടക്കമുള്ള പൊതുവിഭവങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത്. അതിനിപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഭൂപരിഷ്ക്കരണത്തെക്കുറിച്ച് ഒരു സർക്കാരും ഒരു നിലപാടും കൈക്കൊണ്ടിട്ടുമില്ല. ഭൂപരിഷ്ക്കരണം നടന്നുവെന്ന് മേനിപറയുന്ന കേരളത്തിൽ പോലും അതിന്റെ പ്രയോജനം ലഭിച്ചത് ഭൂരഹിതരായ ജനവിഭാഗങ്ങൾക്കല്ല. ഭൂമിയുടെ മേൽ കൈവശാവകാശം ഉണ്ടായിരുന്ന ഹിന്ദു - ക്രിസ്ത്യൻ മതവിഭാഗങ്ങളിലെ പിന്നോക്ക ജാതികൾക്കും മുസ്‍ലിംകൾക്കുമാണ് ഭൂപരിഷ്ക്കരണത്തിലൂടെ പാട്ടഭൂമി ലഭിച്ചത്. യഥാർത്ഥ ഭൂരഹിതരായ ദലിതരും ആദിവാസികളും ഭൂപരിഷ്ക്കരണത്തിന് പുറത്തായി. അതിന്റെ നേർസാക്ഷ്യമാണ് സംസ്ഥാനത്തെ മുപ്പതിനായിരത്തോളം വരുന്ന കോളനികളും ലക്ഷം വീടുകളും ലയങ്ങളും. ഒരു ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിന്റെ ഭാഗമായി ആ ജനത കാത്തുസൂക്ഷിക്കുന്ന സ്വപ്നത്തിന് മേലാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അടക്കമുള്ള ഏഴംഗ ഭരണഘടനാ ബഞ്ചിന്റെ വിധി വന്നുവീണത്.
പൊതുവിഭവങ്ങൾ കുറച്ച് വിഭാഗങ്ങളുടെ കൈകളിൽ മാത്രം കേന്ദ്രീകരിപ്പെട്ടതും ചില വിഭാഗങ്ങൾ അതിൽനിന്ന് പുറത്തായതും നിലനിന്നിരുന്ന സാമൂഹ്യ സാഹചര്യങ്ങളുടെ കാരണത്താലാണ്. പൊതുവിഭവങ്ങൾ കേന്ദ്രീകരിക്കപ്പെട്ടത് സാമൂഹ്യ അധികാരങ്ങൾ കയ്യാളിയവരുടെയും ഭരണകൂടങ്ങളോട് ചേർന്നുനിന്നവരുടെയും കൈകളിലാണ്. അയിത്തവും അസ്പൃശ്യതയും അനുഭവിച്ചവരാണ് മുഖ്യധാരയിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടത്. ജാതി നിയമങ്ങളനുസരിച്ചുമാത്രം ഭൂമിയുടെ മേൽ അവകാശം കല്പിക്കപ്പെട്ടിരുന്ന രാജ്യത്ത്, കീഴാളരാക്കപ്പെട്ടവർ വിഭവങ്ങൾക്ക് പുറത്തായെങ്കിൽ അതവരുടെ കുറ്റമല്ല. നിലനിന്നിരുന്ന വ്യവസ്ഥിതിയുടെ കുഴപ്പമാണ്. ജാതിവ്യവസ്ഥയെന്നത് യാദൃശ്ചികമായി സംഭവിച്ചതൊന്നുമല്ല. അതിന്റെ ഇരകളാക്കപ്പെട്ടവരോട് പരിഹാരമായി നീതി ചെയ്യലാണ് ജനാധിപത്യം. ആയിടത്താണ് ഇത്തരം കോടതി വിധികളുണ്ടാകുന്നത്.
രാജ്യത്തെ അൻപത് ശതമാനം പട്ടിക വിഭാഗങ്ങളിൽപെട്ടവരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന് 2010 ലെ സിൻഹോ കമ്മിറ്റി റിപ്പോർട്ട് പറയുന്നു. സമ്പത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രീകരണത്തെ അഴിച്ചുപണിതാൽ മാത്രമേ രാജ്യത്ത് നീതി പുലരൂ. ആ പ്രതീക്ഷയെയാണ് സുപ്രീം കോടതി റദ്ദ് ചെയ്തത്. രാജ്യത്തിന്റെ പൊതു സമ്പത്തിന്റെ 40 ശതമാനവും ഒരു ശതമാനം മാത്രം മനുഷ്യരുടെ കൈകളിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ വരുമാനത്തിന്റെ 57 ശതമാനവും 10 ശതമാനം മാത്രം വരുന്നവരിലേക്ക് എത്തപ്പെടുന്നു. ഈ കണക്കിന് വർഗ്ഗപരമായ പരിപ്രേഷ്യം മാത്രമല്ല നൽകേണ്ടത്. ഈ പത്ത് ശതമാനത്തിൽ ദലിതരോ ആദിവാസികളോ പിന്നാക്കക്കാരോ ആയിട്ടുള്ളവരില്ലായെന്ന സാമൂഹ്യ ചിത്രംകൂടി പുറംലോകം അറിയേണ്ടതുണ്ട്. സമൂഹത്തിന്റെ ക്ഷേമം മുൻനിർത്തി ഏതൊരു സ്വകാര്യ സ്വത്തും സർക്കാരിന് ഏറ്റെടുത്ത് പുനർ വിതരണം ചെയ്യാമെന്ന 1977 ലെ ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യരുടെ ചരിത്രവിധിയെയാണ് ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലെ ഡിവിഷൻ ബഞ്ച് റദ്ദ് ചെയ്തത്. രാജ്യത്തെ കോടിക്കണക്കായ ദരിദ്രമനുഷ്യരെയാണ് നിരാശരാക്കുന്നത്.