സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന, പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന, സ്ത്രീകള്‍ വായിച്ചറിയാന്‍ - ആല്‍ത്തിയ സ്ത്രീകൂട്ടായ്മ
|ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിച്ചുകൊണ്ട് 'ആല്‍ത്തിയ' സ്ത്രീകൂട്ടായ്മ പ്രസിദ്ധീകരിച്ച ലഘുലേഖ.
ആത്മാഭിമാനത്തോടെ ജോലിയെടുക്കാനുള്ള സ്ത്രീകളുടെ അവകാശം മറ്റേതു രംഗത്തെപ്പോലെ സിനിമാരംഗത്തും ഉറപ്പിക്കാനുള്ള നിമിഷമാണ് ഹേമാ കമ്മിറ്റിയുടെ പരസ്യപ്പെടുത്തല്‍ നമുക്കു തരുന്നത്. ആ ലക്ഷ്യം നേടാന്‍ ആവശ്യമായ നിരവധി പ്രവര്‍ത്തനങ്ങളിലൊന്നാണ് സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക്, രാജ്യത്ത് സ്ത്രീകള്‍ക്ക് ലഭിക്കുന്ന നിയമപരമായ തൊഴിലിട ലൈംഗികപീഡനത്തിനെതിരെയുള്ള സംരക്ഷണസംവിധാനത്തെപ്പറ്റി അറിവുണ്ടാവുക എന്നത്.
സെക്ഷന്‍ 01:
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുണ്ടായത്:
ചായക്കോപ്പയിലെ കൊടുങ്കാറ്റല്ല, കൊട്ടാരവിപ്ലവമല്ല സാമൂഹ്യമാറ്റ സാധ്യത ഉയര്‍ത്തുന്ന നിമിഷം!
ഗ്‌ളാമറും വിജയവും പേറി മിന്നിത്തിളങ്ങി നില്‍ക്കുന്ന ഇടമായാണ് സിനിമാരംഗം, പുറമേ. എന്നാല്‍, ആ പളപളപ്പിനു പിന്നില്‍ കാണാതെയും കേള്‍ക്കാതെയും പോകുന്ന വിങ്ങലുകള്‍ അനവധിയാണ് ലിംഗവിവേചനം, ലൈംഗികപീഡനം, ചൂഷണം മുതലായവയില്‍ നിന്നുയരുന്ന അമര്‍ത്തിവയ്ക്കപ്പെട്ട മാനസികവും ശാരീരികവുമായ ആഘാതങ്ങള്‍ അളക്കാവുന്നതിലും അധികമാണ്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ വല്ലാതെ മുതലെടുക്കുന്നതിനു പുറമെ അവരെ ലൈംഗികമായി ഉപയോഗിക്കാന്‍ സിനിമാരംഗത്തിന്റെ അകത്തും പുറത്തും അധികാരികളായ പുരുഷന്മാര്‍ക്ക് ധാരാളം സൗകര്യം കിട്ടിയിരുന്നത് പണ്ട് സിനിമാഗോസിപ്പായും മറ്റും അങ്ങാടിയില്‍ പാട്ടായിരുന്നു. സ്ത്രീകള്‍ക്ക് പരാതിപ്പെടാനുള്ള വഴികള്‍ ഒന്നുംതന്നെ ഇല്ലായിരുന്നു, അടുത്തകാലം വരെയും.
ഈ അവസ്ഥയ്‌ക്കെതിരെയാണ് 2017ല്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് (Women in Cinema Collective) അഥവാ ഡബ്ല്യൂസിസി എന്ന സംഘടന മലയാളം സിനിമയിലെ സ്ത്രീപ്രവര്‍ത്തകരില്‍ ചിലര്‍ ചേര്‍ന്നുണ്ടാക്കിയത്. മലയാളസിനിമയിലെ ഒരു കലാകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിനു വിധേയയാക്കാന്‍ ദിലീപ് എന്ന പ്രമുഖനടന്‍ ഗൂഢാലോചന നടത്തി എന്ന ആരോപണത്തിന്മേല്‍ വലിയൊരു വിവാദവും നിയമനടപടികളും നമ്മെ പിടിച്ചുലച്ച വര്‍ഷമായിരുന്നു അത്. തങ്ങളുടെ സഹപ്രവര്‍ത്തയുടെ ദുരനുഭവത്തിനെതിരെ പ്രതികരിച്ചുകൊണ്ടാണ് മലയാളസിനിമയിലെ സ്ത്രീപ്രവര്‍ത്തകര്‍ ഡബ്‌ള്യൂസിസി രൂപീകരിച്ചത്. ഈ സംഘടനാപ്രവര്‍ത്തകര്‍ കേരളമുഖ്യമന്ത്രിയെ കണ്ട് മലയാളസിനിമാസംവിധാനം അതില്‍ പണിയെടുക്കുന്ന സ്ത്രീകളോടു നടത്തുന്ന കടുത്ത അനീതികളെപ്പറ്റി സമഗ്രമായ അന്വേഷണം സര്‍ക്കാര്‍ നടത്തണം എന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ നിറവേറ്റാന്‍ വേണ്ടി കേരളസര്‍ക്കാര്‍ 2017 ജുലൈ മാസത്തില്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ നിയമിച്ച സമിതി ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു.
കൃത്യമായ രീതിശാസ്ത്രത്തിന്റെ സഹായത്തോടെ, തെളിവുകള്‍ ശേഖരിച്ച് നടത്തിയ ഈ അന്വേഷണത്തിന്റെ ഫലമായി ഉണ്ടായ റിപ്പോര്‍ട്ടാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്. 2019 ഡിസംബറില്‍ സര്‍ക്കാരിനു സമര്‍പ്പിക്കപ്പെട്ടുവെങ്കിലും 2024 ആഗസ്റ്റിലാണ് അതു പുറത്തുവന്നത്. ഹേമാ കമ്മിറ്റിക്ക് തെളിവു നല്‍കിയ സ്ത്രീകള്‍ തങ്ങളോട് അനീതിപ്രവര്‍ത്തിച്ചവരായി പറഞ്ഞവരുടെ പേരുകളും മറ്റു വിശദാംശങ്ങളും മറച്ചുവച്ചുകൊണ്ടാണ് അത് പുറത്തുവന്നത്. അതായത്, ഈ സ്ത്രീകളുടെ മൊഴിയെ പരാതിയായി കാണാന്‍ അധികാരികള്‍ തയ്യാറായില്ല. പക്ഷേ, റിപ്പോര്‍ട്ട് പുറത്തിറങ്ങിയത് കൊണ്ട് ഒരു നല്ല കാര്യം ഉണ്ടായി, സിനിമാരംഗത്തെപ്പറ്റി സ്ത്രീകള്‍ പറഞ്ഞിരുന്ന ലൈംഗികപീഡന പരാതികളെ വെറും ഗോസിപ്പ് ആയി തള്ളിക്കളയാന്‍ ഇനി പറ്റില്ല. അത്തരം അനുഭവമുള്ള സ്ത്രീകള്‍ ആണധികാരത്തിന്റെ ഇരകളാണെന്ന പരസ്യമായ അംഗീകാരമാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കിയത്.
എന്താണ് ഹേമാ കമ്മറ്റിയുടെ കണ്ടെത്തലുകള്‍?
ലൈംഗികപീഡനവും ലൈംഗിക അതിക്രമവും സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ധാരാളമായി അനുഭവിക്കുന്നുണ്ട്. സമ്മതിക്കാത്ത സ്ത്രീകളെ ഭീഷണിപ്പെടുത്താനും മിണ്ടാതെയാക്കാനുമുള്ള ശ്രമങ്ങള്‍ കുറവല്ല.
സിനിമയിലെ സ്ത്രീപ്രവര്‍ത്തകരുടെ അടിസ്ഥാനമനുഷ്യാവകാശങ്ങള്‍ മാനിക്കപ്പെടുന്നില്ല. ഭക്ഷണം, ടോയ്‌ലറ്റുകള്‍ പോലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പോലും അവര്‍ക്ക് പലപ്പോഴും നിഷേധിക്കപ്പെടുന്നു. സ്ത്രീകളുടെ സുരക്ഷയിലും വലിയ വീഴ്ചകള്‍ ഉണ്ടാകുന്നു.
സിനിമാരംഗത്തെ തൊഴിലവസരങ്ങളിലും വേതനത്തിലും കാര്യമായ വിവേചനം ഉണ്ട്. ഒരേ റോളാണെങ്കിലും സ്ത്രീക്ക് വേതനം കുറവേ കൊടുക്കൂ. സാങ്കേതിക ജോലികളില്‍ സ്ത്രീകളെ വിരളമായി മാത്രമേ നിയമിക്കൂ.
വേതനം കൊടുക്കാതിരിക്കുക, പറഞ്ഞുറപ്പിച്ചതിനെക്കാള്‍ കുറവു മാത്രം കൊടുക്കുക, വളരെ താമസിച്ചുകൊടുക്കുക മുതലായ അനീതികള്‍ സ്ത്രീതൊഴിലാളികള്‍ മലയാളസിനിമയില്‍ അനുഭവിക്കുന്നു. തൊഴില്‍നിയമന ഉടമ്പടികള്‍ ഇല്ലാത്തതുകൊണ്ട് ഇത് എളുപ്പമാകുന്നു.
മലയാളസിനിമയെ അടിമുടി നിയന്ത്രിക്കുന്ന പുരുഷന്മാരുടെ സംഘങ്ങളുണ്ട്. പരാതിപ്പെടുന്ന സ്ത്രീകള്‍ ഒറ്റപ്പെടലും തൊഴില്‍നഷ്ടവും സഹിക്കേണ്ടിവരുന്നു. ഇതു പരിഹാരിക്കാന്‍ യാതൊരു സംവിധാനവും നിലവിലില്ല.
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, സ്ത്രീകളായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ എന്നിവര്‍ വളരെയധികം വെല്ലുവിളികള്‍ ഈ രംഗത്ത് നേരിടുന്നുണ്ട്.
ഹേമാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍:
മലയാളം സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ നിയമനിര്‍മാണം തന്നെ വേണ്ടിവരുമെന്നാണ് ഹേമാ കമ്മിറ്റിയുടെ അഭിപ്രായം. ലൈംഗികപീഡനമടക്കമുള്ള അനീതികള്‍ക്ക് അറുതിവരുത്താന്‍ വിരമിച്ച ജില്ലാ ജഡ്ജി നയിക്കുന്ന പുതിയ ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്നതാണ് കമ്മിറ്റിയുടെ മുഖ്യനിര്‍ദേശം.
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് തൊഴിലിടത്തിലെ ലൈംഗികപീഡനത്തില്‍ നിന്ന് സംരക്ഷണം കൊടുക്കുന്നത് തൊഴിലിട ലൈംഗികപീഡന നിരോധന നിയമം Prevention of Sexual Harassment at Workplace Act (2013) എന്ന നിയമമാണ്. അതു പ്രകാരം തൊഴിലിടത്തില്‍ ലൈംഗികപീഡനം സഹിക്കേണ്ടിവരുന്ന സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാനും സ്ത്രീസൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കാനും ഓരോ തൊഴില്‍സ്ഥലത്തും ആന്തരിക കമ്മിറ്റികള്‍ ( Internal Committee-ഐസി) ഉണ്ടാക്കണം.
സിനിമയുടെ തൊഴിലിടത്തിന് പെട്ടെന്നുപെട്ടന്നു മാറുന്ന സ്വഭാവമാണല്ലോ ഉള്ളത്. പ്രൊഡക്ഷനും മുമ്പുള്ള ജോലികളും, പ്രൊഡക്ഷന്‍ നടക്കുന്നതും, അതിനു ശേഷമുള്ള ജോലികളും വേറെവേറെ സ്ഥലങ്ങളിലാണല്ലോ നടക്കുക.
സിനിമയുടെ തൊഴിലിടം ഇങ്ങനെയായിരിക്കെ ആന്തരിക കമ്മിറ്റികള്‍ അവിടെ ഉണ്ടാക്കാന്‍ കഴിയുമോ എന്ന വിഷയം കോടതി പരിഗണനയിലാണ്, അതുകൊണ്ട് തങ്ങള്‍ ഇതേപ്പറ്റി അഭിപ്രായം പറയുന്നില്ലെന്ന് ഹേമാ കമ്മിറ്റി പറയുന്നു. മാത്രമല്ല, സിനിമാരംഗത്തെ കടുത്ത പുരുഷാധികാര അന്തരീക്ഷം കാരണം അവിടെ ആന്തരിക കമ്മിറ്റികള്‍ നീതിപൂര്‍വം പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നും കമ്മിറ്റി അവകാശപ്പെടുന്നു.
എന്നാല്‍, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചശേഷം 2022ല്‍ കേരള ഹൈക്കോടതി സിനിമാസെറ്റുകളില്‍ ആന്തരിക സമിതികള്‍ അനുവദിക്കുകയുണ്ടായി. ചില സിനിമാപ്രോജക്ടുകളില്‍ ഐസികള്‍ ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ട്, അവ പേരിനു മാത്രമാണെന്ന് ആ പ്രോജക്ടുകളില്‍ പണിയെടുത്ത സ്ത്രീകള്‍ പറയുന്നു. പക്ഷേ, അവ ഉണ്ടാക്കാന്‍ സിനിമാവ്യവസായികള്‍ ഇപ്പോഴും നിര്‍ബന്ധിക്കപ്പെടുന്നില്ല എന്നതാണ് സത്യം.
സെക്ഷന്‍ 02:
പുതിയ ട്രൈബ്യൂണല്‍ വരും വരെ സിനിമയില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ - അഭിനേതാക്കള്‍, ഗായകര്‍, നര്‍ത്തകര്‍, മേക്കപ്പ് തൊഴിലാളികള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, സാങ്കേതികതൊഴിലാളികള്‍, താഴെത്തട്ടുകളില്‍ പണിയെടുക്കുന്നവര്‍ എന്നിങ്ങനെ സിനിമയുടെ എല്ലാ തലങ്ങളിലും പണിയെടുത്തുവരുന്ന, പണിയെടുത്തു തുടങ്ങുന്ന, സ്ത്രീകള്‍ - ഇന്ത്യന്‍ നിയമം തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് തൊഴിലിട ലൈംഗികപീഡനത്തില്‍ നിന്ന് നല്‍കുന്ന സംരക്ഷണത്തിന് പുറത്താണെന്ന തോന്നല്‍ കേവലം തെറ്റാണ്. ഇവിടെയാണ് Prevention of Sexual Harassment at Workplace Act (2013) എന്ന നിയമത്തെ കുറിച്ച് നമുക്ക് അറിവുണ്ടാകേണ്ടത്. സിനിമാപ്രോജക്ടുകളില്‍ ഐസി ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അവ ഫലപ്രദമായി പ്രവര്‍ത്തിക്കണം എന്നും സ്ത്രീകള്‍ക്ക് പരാതിയുണ്ടെങ്കില്‍ അവയെ ഗൗരവത്തോടെ കേട്ട്, നിയമാനുസൃതം പരിഹരിക്കണമെന്ന് ഇന്ത്യന്‍ നിയമം അനുശാസിക്കുന്നു.
ഐസി ഉണ്ടാക്കുന്നതിനു പുറമെ സ്ത്രീകളുടെ പരാതികളെ വേണ്ടവിധം പരിഗണിക്കാനും അന്വേഷിക്കാനും നീതിപൂര്‍വം പ്രവര്‍ത്തിക്കാനും ആവശ്യമായ പരിശീലനം ഐസി അംഗങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടോ?
ഐസി അംഗങ്ങളുടെ പേരു വിവരങ്ങളും അവരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍, ഈ മെയില്‍ വിലാസം, തുടങ്ങിയവയും, അതുപോലെ നിയമപ്രകാരം സ്ത്രീകളുടെ തൊഴിലിടസുരക്ഷാ അവകാശങ്ങളെപ്പറ്റിയുള്ള വിവരങ്ങളും പരസ്യമായി പോസ്റ്ററുകളിലൂടെ സിനിമ ഉണ്ടാക്കുന്ന എല്ലാ ഇടങ്ങളിലും, സിനിമയുടെ എല്ലാ ഘട്ടങ്ങളിലും, പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ? - ഇതെല്ലാം നടക്കുന്നുണ്ടോ എന്ന് നേരിട്ടു ചോദിക്കാനുള്ള അവകാശം സിനിമാനിര്‍മാണത്തില്‍ ഉള്‍പ്പെടുന്ന ഏതൊരു സ്ത്രീക്കും കോണ്‍ട്രാക്ട് തൊഴിലാളിയായാലും, കുറച്ചു മണിക്കൂര്‍ മാത്രം അവിടെയുണ്ടായ സ്ത്രീയായാലും ഉണ്ട്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന സിനിമാപ്രോജക്ടിലെ ഐസി ഫലപ്രദമായി പ്രവര്‍ത്തിക്കാത്ത പക്ഷം തൊഴിലിട ലൈംഗിക പീഡന നിയമപ്രകാരം ഓരോ ജില്ലയിലും സ്ഥാപിക്കപ്പെട്ടിട്ടുള്ള തദ്ദേശ പരാതി കമ്മിറ്റികളില്‍ (Local Complaints Committee) നിങ്ങള്‍ക്ക് നീതി തേടാനാകും. ഇതുകൂടാതെ 2022 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന സഹജ ഹെല്‍പ് ലൈനിലും പരാതി കൊടുക്കാവുന്നതാണ്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍നേരിടുന്ന വിവേചനം, അതിക്രമങ്ങള്‍, ശമ്പളം കൊടുക്കാതിരിക്കല്‍, അത്യാവശ്യസൗകര്യങ്ങള്‍ നിഷേധം, ഇതിനെല്ലാമെതിരെ 1800 4255 5315 എന്ന ടോള്‍ഫ്രീ നമ്പറിലേക്കു വിളിക്കാം. അവിടെ ഇതുവരെ എത്തിയിട്ടുള്ള 103 പരാതികളില്‍ 99 തും പരാതി തീര്‍പ്പായെന്ന് പറയപ്പെടുന്നു.
സെക്ഷന്‍ 03:
തൊഴിലിട ലൈംഗികപീഡന നിരോധന നിയമം (2013)
ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള പീഡനം തടയുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു കൊണ്ടും കേന്ദ്രഗവണ്മെന്റ് പാസ്സാക്കിയ നിയമമാണ് തൊഴിലിട ലൈംഗിക പീഡനം (തടയലും, നിരോധനവും പരിഹാരവും) നിയമം (2013). Prevention of Sexual Harassment at Workplace Act , PoSH Act എന്നും ഇതിനെ വിളിക്കാറുണ്ട്.
സ്ഥാപനത്തിലെ ജോലി സ്ഥിരമായതോ, താത്ക്കാലികമായതോ, ദിവസകൂലിക്കോ എന്നുള്ള വ്യത്യാസമില്ലാതെ ഏതു തരത്തിലുള്ള ജോലിക്കാരായ സ്ത്രീകള്‍ക്കും ഈ നിയമം ബാധകമാണ്.
തൊഴില്‍സ്ഥലം എന്നു പറയുമ്പോള്‍ സിനിമാവ്യവസായത്തില്‍ തൊഴില്‍സ്ഥലങ്ങള്‍ പലതാണ് - പ്രൊഡക്ഷനു മുമ്പ്, അതിനിടയില്‍, അതിനു ശേഷം. സിനിമാനിര്‍മാണത്തിനായി നേരിട്ടോ അല്ലാതെയോ ഉപയോഗിക്കപ്പെട്ട സ്ഥലങ്ങള്‍ എല്ലാം ഇതില്‍ ഉള്‍പ്പെടും. ഉദാഹരണത്തിന്, സിനിമാനിര്‍മാണവേളയില്‍ ഉപയോഗിച്ച ഒരു ടാക്‌സിയിലാണ് ദുരനുഭവം ഉണ്ടായതെങ്കില്‍ അത് സിനിമാതൊഴിലിടമായി എണ്ണപ്പെടും.
ജോലിക്കാരായ സ്ത്രീകള്‍ക്ക് മാത്രമല്ല, ഇത്തരം സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്കും ഈ നിയമപ്രകാരം അവകാശങ്ങളുണ്ടായിരിക്കുമെന്നത് ഈ നിയമത്തിന്റെ ഒരു പ്രത്യേകതയാണ്.
ഈ നിയമത്തിലെ 3ാം വകുപ്പു പ്രകാരം സ്ത്രീകളെ തൊഴിലിടങ്ങളില്‍ ലൈംഗികമായി പീഡിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. ലൈംഗിക സ്വഭാവമുള്ള ശാരീരികനീക്കങ്ങളും സ്പര്‍ശനങ്ങളും, ലൈംഗിക ആഭിമുഖ്യംപ്രകടിപ്പിക്കുക, ലൈംഗികച്ചുവയുള്ള സംഭാഷണങ്ങള്‍, ലൈംഗിക ചിത്രങ്ങള്‍ കാണിക്കല്‍, തുടങ്ങിയ സ്വാഗതാര്‍ഹമല്ലാത്ത എല്ലാ നീക്കങ്ങളും പ്രവര്‍ത്തികളും ലൈംഗികപീഡനം എന്ന കൃത്യത്തില്‍ പെടുമെന്നും ഈ നിയമം അനുശാസിക്കുന്നു.
ലൈംഗികപീഡനവുമായി ബന്ധപ്പെട്ട പ്രവൃത്തികളും പെരുമാറ്റങ്ങളും ലൈംഗിക പീഡനകുറ്റകൃത്യമായി കണക്കാക്കുന്ന സന്ദര്‍ഭങ്ങള്‍ ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത്, സ്ത്രീജോലിക്കാരുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ മുന്തിയ പരിണന വാഗ്ദാനം ചെയ്യല്‍,
- ജോലിക്ക് ഹാനികരമായേക്കാവുന്ന പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള ഭീഷണികള്‍,
- നിലവിലുള്ളതോ ഇനി കിട്ടുവാന്‍ പോകുന്നതോ ആയ അവസരങ്ങള്‍ ബന്ധപ്പെട്ട് പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള ഭീഷണികള്‍,
- സ്ത്രീ കലാകാരിയുടെ/ജോലിയിലുള്ള അനാവശ്യമായ ഇടപെടലുകള്‍,
- ജോലിക്ക് പ്രതികൂലമായ ചുറ്റുപാടുകള്‍ സൃഷ്ടിക്കുക തുടങ്ങിയ പ്രവൃത്തികളും പെരുമാറ്റങ്ങളും,
- സ്ത്രീ ജോലിക്കാരിയുടെ ആരോഗ്യത്തെയും സുരക്ഷിതത്വത്തെയും ബാധിക്കുന്ന അപമാനകരമായ പ്രവര്‍ത്തികളും ലൈംഗിക പീഡനമെന്ന കുറ്റകൃത്യമായി കണക്കാക്കുന്നതാണ്.
വിവിധ കമ്മിറ്റികള്‍
ലൈംഗികപീഡനം ഇല്ലായ്മ ചെയ്യുവാനായി സ്ഥാപനത്തിന്റെ തൊഴിലുടമയും, സര്‍ക്കാര്‍സ്ഥാപനമാണെങ്കില്‍ മേലധികാരിയും ഇന്റേണല്‍ കമ്മിറ്റി (ഐസി) (Internal Committee- IC) രൂപികരിക്കേണ്ടതാണെന്ന് ഈ നിയമം അനുശാസിക്കുന്നു.
സ്ഥാപനത്തിനു മറ്റു ബ്രാഞ്ചുകളോ ഓഫീസുകളൊ ഉണ്ടെങ്കില്‍ അവിടെയും കമ്മിറ്റി രൂപീകരിക്കേണ്ടതായുണ്ട്. പത്തോ അതിലധികമോ ജോലിക്കാരുള്ള സ്ഥലങ്ങളില്‍ ഇത്തരം കമ്മfറ്റികള്‍ രൂപീകരിക്കണം.
ഐസിയില്‍ അംഗങ്ങളായി; - ആ തൊഴിലിടത്തില്‍ പ്രധാനപ്പെട്ട നിലയിലുള്ള ഒരു സ്ത്രീ ചെയര്‍ പേര്‍സണ്‍ ആകണം (ഒരു സിനിമാപ്രോജക്ടില്‍ ആണെങ്കില്‍ അതില്‍ പ്രധാനപ്പെട്ട, ദീര്‍ഘമായ പങ്കുവഹിക്കുന്ന സ്ത്രീയായിരിക്കണം). അത്തരമൊരു സ്ത്രീ അവിടെയില്ലെങ്കില്‍, ഇതേ തൊഴില്‍ദാതാവിന്റെ മറ്റേതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയെ ഈ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യണം.
- അവിടെ തൊഴിലെടുക്കുന്നവരില്‍ നിന്ന് ചുരുങ്ങിയത് രണ്ട് മെംബര്‍മാരും ഉണ്ടായിരിക്കണം.
- മെംബര്‍മാരെ തെരഞ്ഞെടുക്കുമ്പോള്‍ അവര്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ താല്‍പര്യമുള്ളവരും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോ നിയമത്തെക്കുറിച്ചു അറിവുള്ളവരോ ആയവര്‍ക്ക് മുന്‍ഗണന നല്‍കുകയും വേണം.
- ഇതു കൂടാതെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന എന്‍ജിഓകള്‍, സംഘടനകള്‍ മുതലായവയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ഒരു മെംബറെക്കൂടെ ഐസിയില്‍ ഉള്‍പ്പെടുത്തണം. തൊഴിലിടത്തിനു പുറത്തു നിന്നുള്ള വ്യക്തി, എന്നര്‍ഥം.
ഈ കമ്മിറ്റിയില്‍ പകുതിപ്പേരെങ്കിലും സ്ത്രീകളായിരിക്കണം.
ഈ കമ്മിറ്റിയിലെ ഏതെങ്കിലും അംഗം കേസുകളെ നേരിടുന്നെങ്കില്‍, നിയമപരമായ ശിക്ഷ അനുഭവിച്ചിട്ടുണ്ടെങ്കില്‍, ഡിസിപ്‌ളിനറി നടപടികള്‍ക്ക് വിധേയമായിട്ടുണ്ടെങ്കില്‍, തങ്ങളുടെ അധികാരം ദുര്‍വിനിയോഗം ചെയ്തിട്ടുണ്ടെങ്കില്‍, അവരെ അംഗമായി തുടരാന്‍ അനുവദിച്ചുകൂട.
എന്നാല്‍, -10 ജോലിക്കാരെങ്കിലും ഇല്ലാത്ത സാഹചര്യത്തില്‍ (ഉദാഹരണത്തിന് വളരെ ചെറിയ സിനിമാസംരംഭങ്ങളില്‍), ഐസി ഇല്ലാതെ വരികയോ ആണെങ്കില്‍,
- സ്ഥാപന മേധാവിക്കെതിരെ ഉള്ള പരാതികള്‍ ആണെങ്കില്‍ (ഡയറക്ടര്‍, പ്രൊഡ്യൂസര്‍ മുതലായവര്‍ക്കെതിരെ)
അത് അന്വേഷിക്കാനായി ലോക്കല്‍ കമ്പ്‌ളയിന്റ്‌സ് കമ്മിറ്റി (Local Complaints Committee) ജില്ലാ ഓഫീസര്‍ രൂപികരിച്ചിട്ടുണ്ട്.
ജില്ലാ ഓഫീസര്‍ എന്നത് കളക്ടര്‍/അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അല്ലെങ്കില്‍ അവര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥ/ഉദ്യോഗസ്ഥന്‍ ആണ്.
ഇത് കേരളത്തിലെ എല്ലാ ജില്ലകളിലും നിലവിലുണ്ട്. അംഗങ്ങളുടെ പേരുവിവരങ്ങളും കോണ്‍ടാക്ട് നമ്പറുകളും അതാതു ജില്ലാ വെബ്‌സൈറ്റുകളില്‍ ഉണ്ട്.
ലോക്കല്‍ കമ്പ്‌ളയിന്റ്‌സ് കമ്മിറ്റിയില്‍ (LCC) ചെയര്‍പേര്‍സനടക്കം ഭൂരിഭാഗം പേരും സ്ത്രീകളായിരിക്കുകയും ഒരംഗം എസ്‌സി/എസ്ടി വിഭാഗത്തില്‍ നിന്നുമായിരിക്കുകയും വേണം.
പരാതി കൊടുക്കുന്നതെങ്ങനെ?
പരാതിപ്പെടുന്നത് ഐസിയില്‍ ആയാലും എല്‍സിസിയില്‍ ആയാലും പരാതി എഴുതി സമര്‍പ്പിക്കണം. കുറ്റാരോപിതന്റെ പേര്, ദുരനുഭവം ഉണ്ടായ സ്ഥലം, തീയതി, സമയം, കുറ്റാരോപിതനുമായുള്ള തൊഴില്‍ബന്ധം, നടന്ന സംഭവത്തിന്റേയോ സംഭവങ്ങളുടെയോ വിശദവിവരങ്ങള്‍ - ഇവ പരാതിയില്‍ നിര്‍ബന്ധിതമായും ഉണ്ടായിരിക്കണം.
ഐസിയിലായാലും എല്‍സിസിയിലായാലും പരാതിയുടെ ആറ് കോപ്പികള്‍ സംഭവം നടന്നതിന് മൂന്നു മാസത്തിനകം സമര്‍പ്പിക്കണം. കമ്മിറ്റിയുടെ തീരുമാനപ്രകാരം സമയപരിധി (മതിയായ കാരണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിക്കൊണ്ട്) മൂന്നു മാസത്തേയ്ക്കു കൂടി നീട്ടാം. 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി പിന്നെ 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ഉത്തരവാദിത്വം കമ്മിറ്റിക്കുണ്ട്.
പരാതിക്കാരിക്ക് രേഖാമൂലം പരാതി തയ്യാറാക്കാന്‍ സാധിക്കാതെ വരുന്ന പക്ഷം അതത് കമ്മിറ്റികളിലെ ചെയര്‍പേര്‍സണ്‍, അംഗങ്ങള്‍ എന്നിവര്‍ പരാതിക്കാരിക്ക് അതിന് സഹായങ്ങള്‍ ചെയ്തു കൊടുക്കേണ്ടതാണ്.
കൂടാതെ പരാതിക്കാരിക്ക് ഇത്തരം പരാതി ബോധിപ്പിക്കുവാന്‍ എന്തെങ്കിലും ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍, പരാതിക്കാരിക്ക് വേണ്ടി ബന്ധുക്കള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ, സഹപ്രവര്‍ത്തകയ്‌ക്കോ, വനിതാ കമീഷന്‍ ഓഫീസര്‍ക്കോ, പരാതിക്കാരിയുടെ രേഖാമൂലമുള്ള സമ്മതപ്രകാരം സംഭവത്തെക്കുറിച്ചറിയാവുന്ന മറ്റാര്‍ക്കെങ്കിലുമോ പരാതി ബോധിപ്പിക്കാവുന്നതാണ്.
പരാതിക്കാരിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചികില്‍സിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍ അവരെ ചികില്‍സിക്കുന്ന സൈക്ക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, രക്ഷിതാവ് എന്നിവര്‍ക്ക് പരാതിക്കാരിക്ക് വേണ്ടി പരാതി ബോധിപ്പിക്കാവുന്നതാണ്. പീഡനത്തിനിരയായ സ്ത്രീ മരിച്ചു പോയിട്ടുണ്ടെങ്കില്‍ സംഭവത്തെ സംബന്ധിച്ച് വിവരമുള്ള ആര്‍ക്കും മരണപ്പെട്ട സ്ത്രീയുടെ അവകാശികളുടെ രേഖാമൂലമുള്ള സമ്മത പ്രകാരം പരാതി ബോധിപ്പിക്കാവുന്നതാണ്.
ഇത്തരം പരാതി കിട്ടിക്കഴിഞ്ഞാല്‍ പരാതിയുടെ കോപ്പി എതിര്‍കക്ഷിക്ക് നല്‍കുന്നതും എതിര്‍കക്ഷിക്ക് എന്തെങ്കിലും രേഖകള്‍, സാക്ഷികള്‍ തുടങ്ങിയ ലിസ്റ്റ് സഹിതം 10 ദിവസത്തിനുള്ളില്‍ മറുപടി ബോധിപ്പിക്കുവാന്‍ സമയം അനുവദിക്കുന്നതാണ്. ലൈംഗിക പീഡനത്തെ സംബന്ധിച്ച ഇത്തരം പരാതികള്‍ രമ്യമായി ഒത്തു തീര്‍പ്പാക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍, പരാതിക്കാരിക്ക് പണം നല്‍കിയുള്ള യാതൊരു ഒത്തു തീര്‍പ്പും പാടില്ലെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എതിര്‍കക്ഷി ജോലിക്കാരനാണെങ്കില്‍ അയാള്‍ക്ക് ബാധകമായ സര്‍വീസ് റൂള്‍സ് പ്രകാരമാണ് അന്വേഷണം നടത്തേണ്ടത്.
അസംഘടിതമേഖലയില്‍ നിന്ന് കിട്ടുന്ന പരാതികളില്‍ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്നുള്ള സാഹചര്യങ്ങളില്‍, ലോക്കല്‍ കമ്മിറ്റി, ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷനുകള്‍ പ്രകാരം മേല്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട പൊലീസിനു ഒരാഴച്ചയ്ക്കകം പരാതി കൈമാറുന്നതാണ്. അതായത് അന്തസ്സിന് ക്ഷതമേല്‍ക്കുകയോ, ലൈംഗിക ആവശ്യങ്ങള്‍/താല്പര്യങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ പ്രകടിപ്പിക്കുകയോ, ബലാത്സംഗം, ലൈംഗിക ഉപദ്രവം മുതലായവ ഉണ്ടായതായി ലോക്കല്‍ പരാതി കമ്മിറ്റിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട സാഹചര്യത്തില്‍.
നീതിപ്രക്രിയയ്ക്കിടയില്‍ സ്ത്രീക്ക് ലഭിക്കേണ്ട സുരക്ഷ
പരാതിയുടെ ഉള്ളടക്കം, പരാതിക്കാരി, എതിര്‍കക്ഷി, സാക്ഷികള്‍ തുടങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങള്‍, കമ്മിറ്റി നടപടികള്‍, ശുപാര്‍ശകള്‍ തുടങ്ങിയവ പ്രസിദ്ധപ്പെടുത്താന്‍ പാടില്ല. പരാതി, കമ്മിറ്റിയുടെ പരിഗണനയിലിരുന്ന അവസരത്തില്‍, പരാതിക്കാരിക്ക് രേഖാമൂലം പരാതിക്കാരിയെയോ എതിര്‍കക്ഷിയെയോ മറ്റൊരു ജോലിസ്ഥലത്തേക്ക് മാറ്റുവാന്‍ ആവശ്യപ്പെടാവുന്നതാണ്. ഇതോടൊപ്പമുള്ള ചട്ടം 9 ലെ വ്യവസ്ഥ പ്രകാരം, കുറ്റക്കാരനാണെന്നു കമ്മിറ്റി കണ്ടെത്തിയ ജീവനക്കാരനെതിരെ നടപടി എടുക്കുവാന്‍ തൊഴിലുടമയോട് കമ്മിറ്റിക്ക് നിര്‍ദേശിക്കുന്നതാണ്. സര്‍വ്വീസ് റൂള്‍സ് ഉണ്ടെങ്കില്‍ അതു പ്രകാരമുള്ള നടപടി എടുക്കാം, അല്ലെങ്കില്‍ എതിര്‍കക്ഷിയില്‍ നിന്നും രേഖാമൂലമുള്ള ക്ഷമാപണം വാങ്ങുവാനോ, ജോലിയില്‍ നിന്ന് പിരിച്ചു വിടുവാനോ, സാമൂഹ്യ സേവനം ചെയ്യുവാന്‍ ആവശ്യപ്പെടുവാനോ, നഷ്ടപരിഹാരം ഈടാക്കാനോ, പ്രമോഷന്‍, ഇങ്ക്രിമെന്റ്, തുടങ്ങിയവ പിടിച്ചു വെയ്ക്കുവാനോ, കൗണ്‍സലിംഗിനു വിധേയനാക്കുവാനോ മറ്റോ നിര്‍ദേശിക്കാവുന്നതാണ്.
വ്യാജപരാതി
പരാതിക്കാരിയുടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞാല്‍ പരാതിക്കാരിക്കെതിരെയും നടപടി എടുക്കുന്നതാണ്. എന്നാല്‍, തെളിവ് ഉടന്‍ ഹാജരാക്കിയില്ല എന്ന പേരില്‍ പരാതികളെ വ്യാജമെന്ന് തള്ളിക്കളയാന്‍ നിയമം അനുവദിക്കുന്നില്ല.
സെഷന്‍ 04:
എന്താണ് സമ്മതം അഥവാ Consent?
ലൈംഗികപീഡനത്തെപ്പറ്റിയുള്ള എല്ലാ ചര്‍ചകളിലും ഉയര്‍ന്നു കേള്‍ക്കുന്ന പദമാണ് 'സമ്മതം'. പലപ്പോഴും ഇത്തരം പരാതികളില്‍, ലൈംഗികവേഴ്ച പരാതിക്കാരിയുടെ 'സമ്മത'ത്തോടെയാണ് നടന്നതെന്ന് പലരും പറയാറുണ്ട്. പരാതിക്കാരികളെ ചീത്തയാക്കാന്‍ സാധാരണ ഉപയോഗിക്കുന്ന ഈ വാദം പ്രശ്‌നകരമാണ്.
1. സിനിമയില്‍ കയറിക്കൂടണമെങ്കില്‍ ലൈംഗികമായ ആവശ്യങ്ങള്‍ - 'അഡ്ജസ്റ്റ്‌മെന്റ്' നടത്തിക്കൊടുക്കണമെന്ന് സ്ത്രീകള്‍ ഉപദേശിക്കപ്പെടാറുണ്ടെന്ന് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടുന്നത് സര്‍വ്വത്രയുള്ള അധികാരബന്ധത്തെയാണ് ലൈംഗികമായി വഴങ്ങിയില്ലെങ്കില്‍ അവസരം പോയിട്ട് പരിഗണന തന്നെയും ഇല്ലെന്ന ഭീഷണി. ഇത്തരത്തില്‍ ഉപയോഗിക്കപ്പെടുന്ന സ്ത്രീകള്‍ അതിനു 'സമ്മതിക്കുക'യല്ല, അതിനു നിര്‍ബന്ധിക്കപ്പെടുകയാണ്. ഇത്തരം 'അഡ്ജസ്റ്റ്‌മെന്റ്' ആവശ്യപ്പെടുന്ന സംസ്‌കാരമാണ് ഇല്ലാതാകേണ്ടത്, അല്ലാതെ അതിന്റെ ഇരകളായ സ്ത്രീകളല്ല.
2. ഇങ്ങനെ നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ വഴങ്ങിയത് എന്തിന്, മറ്റു വല്ല പണിയും ചെയ്യാമായിരുന്നില്ലേ എന്ന ചോദ്യം ശരിയല്ല. കാരണം, ഓരോ വ്യക്തിക്കും താത്പര്യവും കഴിവുമുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം അന്വേഷിക്കാനുള്ള അവകാശം ഇന്ത്യന്‍ ജനാധിപത്യം അനുവദിക്കുന്നുണ്ട്. അവിടെ കടന്നുചെല്ലാനുള്ള തടസ്സങ്ങളെ നീക്കുകയാണ് വേണ്ടത്, അല്ലാതെ കയറിച്ചെല്ലാനുള്ള സ്വന്തം അവകാശം നേടിയെടുക്കാന്‍ ശ്രമിക്കുന്നവരെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്.
3. ഇത്തരത്തില്‍ ലൈംഗികമായ ആവശ്യം മുന്നോട്ടുവയ്ക്കുന്നവരാണ് കുറ്റക്കാര്‍. അവരാണ് അധികാരവും സ്വാധീനവും ഉള്ളവര്‍. ഇനി, ആരാധന മൂത്ത് സ്വസമ്മതത്തോടെ സ്ത്രീകള്‍ ലൈംഗികമായി വഴങ്ങാന്‍ വന്നാല്‍ത്തന്നെയും, അവരെ പിന്തിരിപ്പിക്കാനുള്ള ധാര്‍മ്മികബാധ്യത അധികാരവും സ്വാധീനമുള്ള പുരുഷന്മാരുടേതാണ്.
4. സമ്മതം സമ്മതമാകുന്നത് അതില്‍ ഉള്‍പ്പെടുന്നവര്‍ തമ്മില്‍ തുല്യനില ഉള്ളപ്പോഴാണ്. അതില്ലാത്തയിടത്ത് സമ്മതം കൊടുക്കുന്ന വ്യക്തി അധികാരഘടനയില്‍ താഴെയാണ് നില്‍ക്കുന്നതെങ്കില്‍ ആ കൊടുക്കല്‍ പലപ്പോഴും നിര്‍ബന്ധിതമാകാറുണ്ട്. ഇത്തരം ബന്ധങ്ങളിലെ അധികാരഘടനകളില്‍ ചിലപ്പോള്‍ പുരുഷന്മാര്‍ താഴെ ആകാറുണ്ട്, പക്ഷേ, ഇന്നത്തെ സാമൂഹ്യസാഹചര്യങ്ങളില്‍ അധികവും സ്ത്രീകളാണ് ആ നിലയില്‍ അകപ്പെടാറുള്ളത്.
5. ഒരിക്കല്‍ സംഭവിച്ചിട്ടു പിന്നെയും പിന്നെയും സമ്മതിച്ചതെന്തിനെന്ന ചോദ്യത്തിനും പുറമേ കേള്‍ക്കുംപോലെ ലഘുവായ ഉത്തരമല്ല, ഉള്ളത്. വളരെ ചെറുപ്രായത്തില്‍ - കൗമാരത്തിലോ ഇളംയൗവനത്തിലോ മേല്‍പ്പറഞ്ഞ 'അഡ്ജസ്റ്റ്‌മെന്റ്' ലൈംഗികഹിംസയ്ക്കു വിധേയരായ സ്ത്രീകളുടെ മാനസികാവസ്ഥ തന്നെ താറുമാറാകുമെന്നും, അവര്‍ ലൈംഗിക അടിമത്തം എന്ന അവസ്ഥയില്‍ അകപ്പെട്ടുപോകുമെന്നും മനഃശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു (കുട്ടികളുടെ കാര്യം പറയുകയും വേണ്ട). ആ അവസ്ഥയില്‍ അവരെ കൊണ്ടെത്തിച്ചവരെയും, അതിനെ മുതലെടുത്തവരെയും ശിക്ഷിക്കുകയാണ് വേണ്ടത്, ഇങ്ങനെ ഇരകളായിപ്പോയ സ്ത്രീകള്‍ക്ക് കരുതലും ചികിത്സയുമാണ് ആവശ്യം.
സെഷന്‍ 05:
ട്രാന്‍സ് വനിതകള്‍ക്കുള്ള തൊഴിലിടസംരക്ഷണം
മലയാള സിനിമ ഇന്ന് ഒട്ടേറെ ട്രാന്‍സ്-വനിതകള്‍ തൊഴിലെടുക്കുന്ന ഇടം കൂടിയാണ്. അതുകൊണ്ട് തന്നെ സിസ്- ട്രാന്‍സ്- സ്ത്രീകള്‍ രണ്ടു കൂട്ടരും ഉള്‍പ്പെടുന്ന വിശാലാര്‍ഥത്തില്‍ വേണം ഇനി നമ്മള്‍ സ്ത്രീസുരക്ഷയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തേണ്ടത്.
1. ഒരു വ്യക്തിക്ക്, അവരുടെ ജൈവശരീരം (biological body) എന്തുതന്നെ ആയാലും, അവരുടെ ലിംഗസ്വത്വം എന്താകണം എന്നുള്ളത് തിരഞ്ഞെടുക്കാന്‍ പൂര്‍ണ അധികാരമുണ്ട്. അതിനാല്‍ തന്നെ, ഒരു വ്യക്തി സ്വയം സ്ത്രീ ആയി തിരിച്ചറിയുന്നുണ്ടെങ്കില്‍, അവര്‍ക്ക് ഒരു സിസ്-സ്ത്രീക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഉണ്ട്.
2. POSH നിയമവ്യസ്ഥകള്‍ പാലിക്കുന്നതിനോടുകൂടി തന്നെ എല്ലാ സിനിമ സംബന്ധമായ തൊഴിലിടങ്ങളിലും 'The Transgender Persons (Protection of Rights) Act 2019 നിയമവും ബാധകമാണ്.
സെഷന്‍ 06:
സംശയങ്ങളും ഉത്തരങ്ങളും
1. സിനിമ വ്യവസായമോ കലയോ?
സിനിമാനിര്‍മാണം ഒരേസമയം കലാപ്രവര്‍ത്തനവും വ്യവസായവുമാണ്. മനുഷ്യരുടെ കൂട്ടായ അദ്ധ്വാനം കൊണ്ടാണ് സിനിമ ഉണ്ടാകുന്നത്. അത് വളരെ വലിയ അളവുവരെ ലാഭമുണ്ടാക്കാനുള്ള വ്യവസായം തന്നെയാണ്. സിനിമാനിര്‍മാണത്തെപ്പറ്റി നിലവിലുള്ള ഇന്ത്യന്‍ നിയമങ്ങള്‍ ഇത് അംഗീകരിക്കുന്നുണ്ട്.
2. സിനിമയില്‍ ജോലി ചെയ്യുന്നവര്‍ എല്ലാ സ്ത്രീകളും തൊഴിലാളികളാണോ?
സിനിമാ പ്രോജക്ടുകളുടെ എല്ലാ തലങ്ങളിലും ഘട്ടങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകളും തൊഴിലാളികള്‍ തന്നെ. അഭിനേതാക്കാള്‍, നര്‍ത്തകര്‍, ഗായകര്‍ തുടങ്ങിയവരും, കോണ്‍ട്രാക്ടര്‍, അല്ലെങ്കില്‍ റിക്രൂട്ടിങ് കമ്പനി, വഴി സിനിമാനിര്‍മാണത്തില്‍ ഉള്‍പ്പെടുന്ന തൊഴിലാളികളെയും സിനി-തൊഴിലാളികളായി കണക്കാക്കാമെന്ന് നിയമം അനുശാസിക്കുന്നു. വേതനം മാസശമ്പളമായോ ദിവസക്കൂലിയായോ കോണ്‍ട്രാക്ട് അടിസ്ഥാനത്തിലോ അല്ലാതെയോ വാങ്ങുന്ന സിനിമാവ്യവസായപ്രവര്‍ത്തകര്‍ - നിര്‍മാണം, വിതരണം, പ്രദര്‍ശനം എന്നീ ഘട്ടങ്ങളില്‍ ഏതെങ്കിലും ഘട്ടത്തില്‍ ഉള്‍പ്പെടുന്നവര്‍ - എല്ലാവരും സിനി-തൊഴിലാളികളാണ്. മാത്രമല്ല, PoSH പ്രകാരം ഷൂട്ടിങ് സ്ഥലത്തെ സന്ദര്‍ശകര്‍, ഫ്രീലാന്‍സര്‍മാര്‍, തുടങ്ങിയവര്‍ക്കും ദുരനുഭവം ഉണ്ടായാല്‍ പരാതിപ്പെടാം.
3. സിനിമയിലെ സ്ത്രീതൊഴിലാളികള്‍ക്ക് ലൈംഗികപീഡനത്തെപ്പറ്റി പരാതി പറയാനുള്ള സംവിധാനമുണ്ടോ?
സിനിമാരംഗത്ത് ആന്തരിക സമിതികള്‍ ഉണ്ടാക്കാമോ എന്ന കാര്യം കോടതിപരിഗണനയിലാണെന്ന് ഹേമാ കമ്മിറ്റി പറയുന്നു, പക്ഷേ അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം 2022 മാര്‍ച്ചു മാസത്തില്‍ കേരള ഹൈക്കോടതി എല്ലാ സിനിമാസെറ്റുകളിലും ആന്തരിക സമിതികള്‍ ഉണ്ടാക്കണമെന്ന് വിധിച്ചു. ഇപ്പോഴും അത് മലയാളം സിനിമയില്‍ ഗൗരവമായി പാലിക്കപ്പെട്ടിട്ടില്ല. പേരിനു മാത്രം ചില ഐസികള്‍ ഉണ്ടാക്കിയതായി പറയുന്നു. അവയുടെ പ്രവര്‍ത്തനം തൃപ്തfകരമല്ലെങ്കിലും, അവ ഉണ്ടാക്കിയിട്ടില്ലെങ്കിലും സിനിമയിലെ സ്ത്രീതൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന സംവിധാനമാണ് ജില്ലാതല ലോക്കല്‍ പരാതി കമ്മിറ്റി.
4. ലൈംഗികച്ചുവയുളള ഇരട്ടയര്‍ഥം വച്ചുള്ള സംസാരം ലൈംഗികപീഡനമാകുമോ?
തീര്‍ച്ചയായും ലൈംഗികച്ചുവയോടുകൂടിയുള്ള സംസാരം ലൈംഗികപീഡനമായി നിയമം അംഗീകരിക്കുന്നുണ്ട്. Unwelcome എന്ന് സ്ത്രീയ്ക്ക് തോന്നുന്ന പെരുമാറ്റങ്ങളില്‍ പരാതി ആവാം.
തൊഴിലിടലൈംഗികപീഡനം രണ്ടുവിധത്തിലുണ്ട് - quid pro quo sexual harassment, hostile workplace sexual harassment. ഏതെങ്കിലും കാര്യം നേടാന്‍ സ്ത്രീയോട് ലൈംഗിക അവശ്യങ്ങള്‍ ഉന്നയിക്കുക, അവരെ ഭീഷണിപ്പെടുത്തി ലൈംഗിക ആവശ്യങ്ങള്‍ നേടുക, ഇവയാണ് ആദ്യത്തെ ഇനം. രണ്ടാമത്തേത് തൊഴിലിടത്തെ അസുഖകരമാക്കുന്ന തരം ലൈംഗികപീഡനം. ലൈംഗികച്ചുവയുള്ള സംസാരം രണ്ടാമത്തേതില്‍ ഉള്‍പ്പെടും.
5. സിനിമ പ്രോജക്ട് തുടങ്ങുന്നതിനു മുമ്പുള്ള ചര്‍ച്ച, റിഹേഴ്‌സല്‍ മുതലായ അവസരങ്ങളില്‍, സിനിമാ പ്രോജക്ടിനു വേണ്ടിയുളള യാത്രകളില്‍, അല്ലെങ്കില്‍ പ്രൊഡക്ഷനു ശേഷമുള്ള കൂടിച്ചരലുകളില്‍, മോശമായ പെരുമാറ്റമുണ്ടായാല്‍ പരാതിപ്പെടാമോ?
ഇപ്പറഞ്ഞവയെല്ലാം സിനിമാനിര്‍മാണത്തിലെ തൊഴിലിടങ്ങള്‍ തന്നെയാണ്. സിനിമാവ്യവസായത്തിലെ തൊഴിലിടത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ് വിവിധതൊഴിലിടങ്ങള്‍ ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടങ്ങളില്‍ വച്ചാണ് ദുരനുഭവം ഉണ്ടാകുന്നതെങ്കില്‍ തീര്‍ച്ചയായും പരാതിപ്പെടാം.
6. ഹേമാ കമ്മറ്റി നിര്‍ദേശിക്കുന്ന ട്രൈബ്യൂണല്‍ വന്നാലേ പരാതിപ്പെടാന്‍ പാടുള്ളൂ എന്നു പറയുന്നത് ശരിയാണോ?
തീര്‍ച്ചയായും ശരിയല്ല, കാരണം അങ്ങനെ പറയുന്നത് സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാകും.
7. ലോക്കല്‍ പരാതി കമ്മിറ്റിയല്ലാതെ മറ്റേതെങ്കിലും സംഘടനയെ സമീപിക്കാനാകുമോ?
ലൈംഗികപീഡന വിഷയമാണെങ്കില്‍ പരാതി തയ്യാറാക്കാനും സമര്‍പ്പിക്കാനും മറ്റു സംഘടനകളുടെയോ സുഹൃത്തുക്കളുടെയോ സഹായം സ്വീകരിക്കാം, പക്ഷേ അന്വേഷണവും തീര്‍പ്പും ആന്തരിക പരാതി കമ്മിറ്റി വഴിയാണ്, അല്ലെങ്കില്‍ ലോക്കല്‍ പരാതി കമ്മിറ്റി വഴിയാണ്, ഉണ്ടാകേണ്ടത്.
8. ലൈംഗികപീഡന പരാതി ഐസിയിലോ എല്‍സിസിസയിലോ കൊടുത്താല്‍ മാദ്ധ്യസ്ഥ്യം പറ്റില്ല എന്നുണ്ടോ?
പരാതിക്കാരുടെ ഹിതപ്രകാരം ഇരുകമ്മിറ്റികള്‍ക്കും conciliationന് ശ്രമിക്കാം. എന്നാല്‍, പണം കൊടുത്തുള്ള തീര്‍പ്പുശ്രമങ്ങള്‍ അനുവദിക്കപ്പെട്ടിട്ടില്ല.
9. കുട്ടികളായ അഭിനേതാക്കള്‍ക്കാണ് ലൈംഗികപീഡനം അനുഭവിക്കേണ്ടി വരുന്നതെങ്കില്‍ പരാതിപ്പെടാന്‍ എന്തുചെയ്യണം?
കുട്ടികളെ സംരക്ഷിക്കുന്ന പ്രത്യേകനിയമങ്ങള്‍ പ്രകാരം അതിലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ പൊലീസിനെ അറിയിക്കാനുള്ള ബാദ്ധ്യത ഐസികള്‍ക്കും എല്‍സിസികള്‍ക്കും ഉണ്ട്. പോക്‌സോ പ്രകാരം കുറ്റകരമായ പ്രവൃത്തികള്‍ നടന്നിട്ടുണ്ടെങ്കില്‍ കേസ് ഉടന്‍ പൊലീസില്‍ അറിയിക്കേണ്ടതാണ്.
10. മലയാള സിനിമയില്‍ ഏതെങ്കിലും പ്രോജക്ടില്‍ സ്ത്രീസൗഹൃദ അന്തരീക്ഷമുണ്ടാക്കാന്‍ ശ്രമം ഉണ്ടായിട്ടുണ്ടോ?
അഞ്ജലി മേനോന്റെ വണ്ടര്‍വിമന്‍ എന്ന സിനിമയുടെ സെറ്റില്‍ സിനിമാനിര്‍മാണം തുടങ്ങും മുമ്പ് എല്ലാവരും ചേര്‍ന്ന് ലിംഗനീതി പ്രതിജ്ഞയെടുത്തു. ലൈംഗികപീഡനത്തെ യാതൊരുവിധത്തിലും സഹിക്കാനാവില്ലെന്ന് സംവിധായിക പ്രഖ്യാപിച്ചു. ഇത് സ്ത്രീസൗഹൃദയപരമായ അന്തരീക്ഷമുണ്ടാക്കാന്‍ വളരെയധികം സഹായിച്ചുവെന്ന് അതില്‍ പങ്കെടുത്ത സ്ത്രീകള്‍ പറയുന്നു. ഇപ്പോള്‍ പല സെറ്റുകളിലും ഐസിസിയുണ്ടെന്നു പറയുകയും ചില അംഗങ്ങളുടെ പേരു വിവരങ്ങള്‍ പ്രദര്‍ശിക്കപ്പെടുകയും ചെയ്യുന്നുവെന്ന് പറയുന്നു. എന്നാല്‍, ഗൗരവത്തോടുകൂടിയുള്ള ഐസിസി പ്രവര്‍ത്തനത്തിന് ആവശ്യമായ പരിശീലനമോ മറ്റു തയ്യാറെടുപ്പുകളോ ഉണ്ടായതായി അറിവില്ല. എങ്കിലും ഉള്ള ഐസിസികളോട് പരാതിപ്പെടാന്‍ സ്ത്രീതൊഴിലാളികള്‍ക്ക് അവകാശമുണ്ട്, അങ്ങനെയെങ്കില്‍ നടപടികളാരംഭിക്കാന്‍ ഐസിസികള്‍ക്ക് ബാധ്യതയുമുണ്ട്.
11. പരാതിപ്പെടുമ്പോള്‍ വക്കീലിനെ സമീപിക്കേണ്ടിവരുമോ?
ലോക്കല്‍ പരാതി കമ്മിറ്റിയെ സമീപിക്കാന്‍ വക്കീല്‍ ആവശ്യമില്ല.
12. കുറ്റാരോപിതന്‍ വക്കീലിനെ കൊണ്ടുവന്നാല്‍ എന്തുചെയ്യും?
കുറ്റാരോപിതന് വക്കീലിനെ കൊണ്ടുവരാന്‍ അനുവാദമില്ല.
13. തെളിവുകള്‍ എന്തൊക്കെ ആകാം, ഫോണ്‍ വഴിയുള്ളവ തെളിവുകള്‍ ആകുമോ?
ഫോണ്‍വഴിയുള്ള തെളിവുകള്‍ സ്വീകരിക്കാം. പക്ഷേ, തെളിവുകള്‍ ഹാജരാക്കാതെ തന്നെ ഐസിക്കും എല്‍സിസിക്കും പരാതികള്‍ സ്വീകരിക്കാം. തെളിവുകള്‍ ഇല്ലെന്ന ഒറ്റക്കാരണത്താല്‍ പരാതിയെ കള്ളപ്പരാതിയായിക്കാണാന്‍ നിയമം അനുവദിക്കുന്നില്ല. സാഹചര്യത്തെളിവുകളെയും ഹാജകാരാക്കാം.
14. സാക്ഷികള്‍ ഉണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്താനാവുമോ?
ആവാം, നേരറിവില്ലാത്ത സാക്ഷികളെയും പരാതിക്കമ്മിറ്റികള്‍ക്ക് വിസ്തരിക്കാം, സിസിടിവി ഫുട്ടേജ് ആവശ്യപ്പെടാം. സാക്ഷികളുടെ പേരുവിവരങ്ങളും പുറത്തുവിടാന്‍ കമ്മിറ്റികള്‍ക്ക് അനുവാദമില്ല.
15. പരാതിക്കാരിക്ക് സ്വീകാര്യമായ ഒരു സൊല്യൂഷന്‍ നിര്‍ദേശമായി കൊടുക്കാന്‍ ആകുമോ?
പരാതിക്കാരിയുടെ ഹിതം എല്ലാ ഘട്ടത്തിലും കമ്മിറ്റികള്‍ കണക്കിലെടുക്കണമെന്ന് നിയമം പറയുന്നു. പരാതിക്കാരിയുടെ കംഫര്‍ട്ട് ആണ് ഏറ്റവും പ്രധാനമായി പരിഹാരനിര്‍ണയത്തില്‍ ആന്തരിക കമ്മിറ്റിയും ലോക്കല്‍ കമ്മിറ്റിയും പരിഗണിക്കേണ്ടത്.
അന്വേഷണത്തിനു മുമ്പ് മാദ്ധ്യസ്ഥ്യം മതിയെന്ന് പരാതിക്കാരി പറഞ്ഞാല്‍ അത് ഗൗരവത്തോടെ പിന്‍തുടരാന്‍ കമ്മിറ്റിക്ക് ബാദ്ധ്യതയുണ്ട്. പക്ഷേ, പണം നല്‍കിയുള്ള ഒത്തുതീര്‍പ്പ് അനുവദിച്ചിട്ടില്ല. അതുപോലെ ക്രിമിനല്‍കുറ്റങ്ങള്‍ നടന്നിട്ടുള്ളതായി കമ്മിറ്റിക്കു ബോദ്ധ്യമായാല്‍ അവ നിര്‍ബന്ധമായും പൊലീസില്‍ അറിയിക്കാനും കമ്മിറ്റിക്ക് ബാധ്യതയുണ്ട്.
16. പരാതി എല്ലാവരും അറിയുമോ?
പരാതി സംബന്ധിച്ച എല്ലാ പ്രക്രിയകളിലും പരിപൂര്‍ണമായ സ്വകാര്യതയും, രഹസ്യസ്വഭാവവും, പരാതിക്കാരിയുടെ അവകാശമാണ്. മാദ്ധ്യസ്ഥ്യം നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ പുറത്തറിയിക്കാന്‍ കമ്മിറ്റിക്ക് അധികാരമില്ല.
17. സിനിമയ്ക്കായി ആര്‍ട്ടിസ്റ്റുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളില്‍ നടക്കുന്ന ലൈംഗികപീഡനത്തിനെതിരെ പരാതിപ്പെടാമോ?
അവയും തൊഴിലിടങ്ങളായതിനാല്‍ അവിടെയും ഐസികള്‍ ഉണ്ടാകേണ്ടതാണ്. ആ സംരക്ഷണം ലഭിക്കാത്തപക്ഷം എല്‍സിസികളില്‍ പരാതിപ്പെടാം. അല്ലെങ്കില്‍ സഹജാ ഹെല്‍പ് ലൈനില്‍ അറിയിക്കാം. ടോള്‍ഫ്രീ നമ്പര്‍ 1800 4255 5215.
18. ഒരേ സമയം പോലീസിലും ഐസിസിയില്‍/എല്‍സിസിയില്‍ പരാതിപ്പെടാമോ?
രണ്ടിടത്ത് ഒരേ സമയം പരാതിപ്പെടാനുള്ള അവകാശം ദുരനുഭവമുണ്ടായ സ്ത്രീയ്ക്ക് അനുവദിക്കപ്പെട്ടിട്ടുണ്ട്.