തിരിച്ചറിവിന്റെ കാലം; സുധാ ഭരദ്വാജിന്റെ പഠനകാലം - അല്‍പാ ഷാ
|ഭീമ കൊറേഗാവ് കേസില്‍ വിചാരണത്തടവുകാരിയായി ജയിലില്‍ കഴിഞ്ഞ് ജാമ്യത്തില്‍ പുറത്തിറങ്ങിയ സുധാ ഭരദ്വാജിന്റെ കഥ. അല്‍പാ ഷാ യുടെ ' The Incarceration: BK-16 and the search for Democracy in India' എന്ന പുസ്തകത്തില്‍ നിന്നും. ഭാഗം: 05
പട്‌നായിക്കുമാരെ (പ്രഭാത്, ഉത്സ)പ്പോലെ, ഇന്ത്യയിലെ ഏതാനും തിളക്കമാര്‍ന്ന വ്യക്തിത്വങ്ങളെ അവരുടെ ബ്രിട്ടനിലെ പഠന-അധ്യാപന കാലത്തുതന്നെ ആകര്‍ഷിക്കാന്‍ പ്രൊഫ. കൃഷ്ണ ഭരദ്വാജിന് കഴിഞ്ഞിരുന്നു. യുവാക്കളായ ഇന്ത്യന്‍ അക്കാദമിക്കുകള്‍ക്ക് ആവേശകരമായ ദിനങ്ങളായിരുന്നു അത്. പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യത്തിന്റെ ആശയാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനും സോവിയറ്റ് മാതൃകയിലുള്ള പഞ്ചവത്സര പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുമായി ഇന്ത്യക്കാരായ സാമ്പത്തിക വിദഗ്ധരെ രാജ്യത്തേക്ക് തിരികെ ക്ഷണിക്കുകയുണ്ടായി. മറ്റ് രാജ്യങ്ങള്‍ക്ക് വെളിച്ചം പകരുന്ന പാതയിലൂടെ വ്യത്യസ്തമായ എന്തെങ്കിലും ഇന്ത്യ ചെയ്യുമെന്ന സ്വപ്നം അവര്‍ പങ്കുവെച്ചു. രാജ്യത്തെ ഏറ്റവും മികച്ച ബുദ്ധിജീവികള്‍ രാജ്യത്തിന് പുറത്ത് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമ്പോഴോ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതരാവുമ്പോഴോ ഉള്ള സമകാലീന കാലഘട്ടത്തില്‍ നിന്ന് കൂടുതല്‍ വ്യത്യസ്തമായിരുന്നില്ല അന്ന്.
ഇന്ത്യയില്‍ ആദ്യമായി പി.എച്ച്.ഡി വിദ്യാര്‍ഥികളുടെ സ്വന്തം വിളവെടുപ്പിനായി പ്രൊഫ. കൃഷ്ണ ഭരദ്വാജും അവരുടെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് തങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ സമ്പന്നമായ ഒരു ഗവേഷണാന്തരീക്ഷം വികസിപ്പിച്ചെടുത്തു. കൃഷ്ണ ഭരദ്വാജിന്റെ സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് സ്റ്റഡീസ് ആന്‍ഡ് പ്ലാനിംഗിലെ വിദ്യാര്‍ഥികളിലും സഹപ്രവര്‍ത്തകരിലും ഇന്ത്യയിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളായി മാറിയവരും സര്‍ക്കാര്‍ ആസൂത്രണ കമീഷനുകള്‍ക്ക് നേതൃത്വം നല്‍കിയവരും നൊബേല്‍ സമ്മാനങ്ങള്‍ നേടിയവരുമുണ്ട്.
ഈഗോകള്‍ ഇടംപിടിച്ച സ്ഥലമായിരുന്നു അത്, പക്ഷേ പ്രൊഫ. കൃഷ്ണ ഭരദ്വാജിന് അതൊന്നും ഉണ്ടായിരുന്നില്ല. സുധ ഒരു കഥ പങ്കുവെച്ചു, ''എന്റെ അമ്മ സോഷ്യല്‍ സയന്‍സ് ഡീന്‍ ആയിരുന്നപ്പോള്‍, ആരോ അവരുടെ ഓഫീസില്‍ വന്ന്, അവിടം വൃത്തിയാക്കിക്കൊണ്ടിരുന്ന സ്ത്രീയോട് ഡീന്‍ എവിടെയാണെന്ന് ചോദിച്ചു. അവര്‍ മറുപടി പറഞ്ഞു, ''ഒരു നിമിഷം,'', ചൂല്‍ മാറ്റി, തിരിഞ്ഞ് മേശയുടെ പിന്നിലേക്ക് പോയി. ''വരൂ, ഞാന്‍ എന്ത് സഹായമാണ് ചെയ്യേണ്ടത്?''
പ്രായമായപ്പോള്‍ സുധ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പോസ്റ്ററുകള്‍ നിര്‍മിക്കുന്ന ഒരു കാമ്പസ് ഗ്രൂപ്പില്‍ ചേര്‍ന്നു. കാമ്പസ് ജീവിതത്തില്‍ നിന്നും രാഷ്ട്രീയ നാടകങ്ങളില്‍ നിന്നും പ്രതിഷേധ സംഗീതത്തില്‍ നിന്നും സെമിനാറുകളിലെ കടുത്ത സംവാദങ്ങളില്‍ നിന്നും അവള്‍ പഠിച്ചു.
പ്രൊഫ. കൃഷ്ണ ഭരദ്വാജിന്റെ ഓഫീസ് പോലെ അവരുടെ വീടും തുറന്നതും ഊഷ്മളവും ശ്രേണികളില്ലാത്തതുമായിരുന്നു. വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും അകത്തും പുറത്തും സഞ്ചരിച്ച്, സജീവമായ സംവാദങ്ങളും ഗ്രൂപ്പ് ചര്‍ച്ചകളും നടത്തി. ഹോസ്റ്റലില്‍ ഗൃഹാതുരത്വം അനുഭവപ്പെട്ടപ്പോള്‍ വിദ്യാര്‍ഥിനികള്‍ ആഴ്ചകളോളം കൃഷ്ണയുടെ വീട്ടില്‍ അഭയം തേടി. ഏത് സാഹചര്യത്തിലും വിദ്യാര്‍ഥികള്‍ക്ക് വേണ്ടി എപ്പോഴും സമയം കണ്ടെത്തുന്ന, സഹാനുഭൂതിയും ദയയും ഉദാരമതിത്വവുമുള്ള ഒരു പ്രൊഫസര്‍ എന്ന നിലയിലാണ് കൃഷ്ണ ഭരദ്വാജ് അറിയപ്പെട്ടത്, ഒപ്പം അവളുടെ ലോലമനസ്സുകാരിയായ, ഗൗരവംതുളുമ്പുന്ന കുര്‍ത്ത-പാന്റ് ധരിച്ച മകളുടെ ആകര്‍ഷകമായ പല്ലുകാട്ടിയുള്ള പുഞ്ചിരിയുടെ പേരിലും!
''അമ്മയുടെ വിദ്യാര്‍ഥികളോട് എനിക്ക് ചിലപ്പോള്‍ തീര്‍ത്തും അസൂയ തോന്നിയിരുന്നു, അമ്മയുടെ മുഴുവന്‍ സമയവും അവര്‍ അപഹരിച്ചിരുന്നു'', സുധ പറഞ്ഞു. പക്ഷേ, ''എല്ലാവരാലും ലാളിക്കപ്പെടുന്ന, ആ കേന്ദ്രത്തിന്റെ കുട്ടിയായിരുന്നു ഞാന്‍''. അമ്മയുടെ വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും പിന്നീട് സുധയുടെ ചിരകാല സുഹൃത്തുക്കളായി മാറി. ''സത്യത്തില്‍, ജയില്‍ മോചിതയായതിനു ശേഷവും അറസ്റ്റിനിടയിലും എനിക്ക് ലഭിച്ച പിന്തുണ യഥാര്‍ഥത്തില്‍ എന്റെ അമ്മയ്ക്കുള്ളതാണെന്ന് ഞാന്‍ കരുതുന്നു'', സുധ പറഞ്ഞു.
ജെ.എന്‍.യു കാമ്പസില്‍ വളര്‍ന്ന സുധ അതിലെ സാമൂഹിക പ്രതിബദ്ധതയാര്‍ന്ന അന്തരീക്ഷത്തെ ഉള്‍ക്കൊണ്ടിരുന്നു. ''വിദ്യാര്‍ഥികള്‍ എപ്പോഴും വളരെ ക്രിയാത്മകമായിരുന്നു. നാടകങ്ങളും സെമിനാറുകളും പലതരം ബൗദ്ധിക ചര്‍ച്ചകളും അവിടെ നടക്കുമായിരുന്നു. ഉദാഹരണത്തിന് അല്‍ബേനിയന്‍ വിഷയത്തില്‍. എല്ലാത്തരം ദുര്‍ഗ്രാഹ്യ വിഷയങ്ങളിലും സംവാദങ്ങള്‍ നടന്നിരുന്നു. അമേരിക്കയ്‌ക്കെതിരെ വിയറ്റ്‌നാം നേടിയ വിജയത്തിന് ശേഷം ഞങ്ങളുടെ ചത്വരത്തില്‍ ഒരു ഗാനമേള നടന്നതായി ഞാന്‍ ഓര്‍ക്കുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ സഞ്ജയ് ഗാന്ധിയും ഇന്ദിരാഗാന്ധിയും പരാജയപ്പെട്ടത് ഞാന്‍ ഓര്‍ക്കുന്നു. എന്റെ മുറിയിലിരുന്ന് ജനാലയിലൂടെ ടോര്‍ച്ച് കത്തിച്ച് വിദ്യാര്‍ഥികളുടെ ജാഥകള്‍ ഞാന്‍ വീക്ഷിച്ചു. പലപ്പോഴും എനിക്ക് കാര്യമായൊന്നും മനസ്സിലായിരുന്നില്ല. പക്ഷേ, ചില കാര്യങ്ങള്‍ നിങ്ങള്‍ അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കുകതന്നെ ചെയ്യും.
| എണ്‍പതുകളില്‍ ജെ.എന്‍.യുവിലെ ഒരു സമരം
പ്രായമായപ്പോള്‍ സുധ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പോസ്റ്ററുകള്‍ നിര്‍മിക്കുന്ന ഒരു കാമ്പസ് ഗ്രൂപ്പില്‍ ചേര്‍ന്നു. കാമ്പസ് ജീവിതത്തില്‍ നിന്നും രാഷ്ട്രീയ നാടകങ്ങളില്‍ നിന്നും പ്രതിഷേധ സംഗീതത്തില്‍ നിന്നും സെമിനാറുകളിലെ കടുത്ത സംവാദങ്ങളില്‍ നിന്നും അവള്‍ പഠിച്ചു. അവളുടെ അമ്മയില്‍ നിന്നും. ''എന്റെ ഗ്രേഡുകളിലോ എനിക്ക് വസ്ത്രങ്ങളോ ആഭരണങ്ങളോ വാങ്ങുന്നതിലോ അമ്മയ്ക്ക് പ്രത്യേക താല്‍പ്പര്യങ്ങളൊന്നുമില്ലായിരുന്നു. പക്ഷേ, പുസ്തകങ്ങള്‍ വാങ്ങാന്‍ എന്നെ സ്ഥിരമായി ഡല്‍ഹിയുടെ മധ്യഭാഗത്തുള്ള കൊണാട്ട് പ്ലേസിലെ ഇ.ഡി ഗല്‍ഗോട്ടിയയിലേക്ക് കൊണ്ടുപോകുമായിരുന്നു. സുധ ഒരു ഉദാഹരണം ചൂണ്ടിക്കാട്ടി. ''ചൈനീസ് വിപ്ലവത്തെക്കുറിച്ച് ഒരിക്കല്‍ അമ്മയോട് ചോദിച്ചപ്പോള്‍ അമ്മ എന്നെ ഗല്‍ഗോട്ടിയയിലേക്ക് കൂട്ടിക്കൊണ്ടുപോയി സാംസ്‌കാരിക വിപ്ലവത്തെക്കുറിച്ചുള്ള വില്യം ഹിന്റന്റെ ക്ലാസിക് കൃതിയായ ഫാന്‍ഷെന്‍ വാങ്ങിത്തന്നു. അങ്ങനെ ചരിത്രത്തിലെ മിക്കവാറും എല്ലാ ക്ലാസിക്കുകളും ഇംഗ്ലീഷ് സാഹിത്യവും ശാസ്ത്ര പുസ്തകങ്ങളും എന്റെ പക്കലുണ്ടായിരുന്നു... ഞാന്‍ വളരെ ശാന്തപ്രകൃതയായ വ്യക്തിയായിരുന്നു, അമ്മയുടെ ഏക മകളും, അതുകൊണ്ടുതന്നെ എന്റെ ലോകം പുസ്തകങ്ങളും ചരിത്രവും കൊണ്ട് നിറഞ്ഞതായിരുന്നു''.
ഒരു ദിവസം സുധ വീട്ടില്‍ ഒരു ചെറിയ ലഘുലേഖ കിടക്കുന്നത് കണ്ടെത്തി, അത് അവളെ അവിടെത്തന്നെ പിടിച്ചുനിര്‍ത്തി. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് ആയിരുന്നു അത് പ്രസിദ്ധീകരിച്ചത്, സ്വന്തം രാജ്യത്ത് സമത്വത്തിനായി പോരാടുന്ന നിരവധി ചെറുപ്പക്കാര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അതില്‍ രേഖപ്പെടുത്തിയിരുന്നു.
''ഞാന്‍ ബുക്ക്‌ലെറ്റ് വായിച്ചു, എന്റെ മുറിയിലേക്ക് ഓടി. എന്റെ പിടിവിട്ടുപോയിരുന്നു,'' സുധ പറഞ്ഞു.
'അജിജല്‍ ഹക്ക്. സ്‌കൂള്‍ ടീച്ചര്‍ (ജൂബിലി സ്‌കൂള്‍). വയസ്സ് 32. 1969-ല്‍ അറസ്റ്റിലായി, പൊലീസ് കസ്റ്റഡിയിലും ജയിലില്‍ വച്ചും അതിക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി ശരീരത്തിന്റെ വലതുഭാഗം മുഴുവന്‍ തളര്‍ന്നു. ആശുപത്രിയില്‍ ചികിത്സ വേണമെന്ന് ജയില്‍ ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും തടവുകാര്‍ കൂട്ട നിരാഹാര സമരം നടത്തുന്നതുവരെ പൊലീസ് വിസമ്മതിച്ചു. ഗുരുതരമായ ആന്തരിക പരിക്കുകളും പിന്നീട് അനിവാര്യമായ മരണത്തിലേക്ക് നയിച്ച പൊലീസിന്റെ അവഗണനയും മൂലമുണ്ടായ മോട്ടോര്‍-ന്യൂറോണ്‍ രോഗത്തിന്റെ പിടിയിലാണ് ഹക്കെന്ന് കണ്ടെത്തി. റമാല്‍ റോയ് ചൗധരി. വയസ്സ് 35. 1970 ഒക്ടോബറില്‍ അറസ്റ്റുചെയ്യപ്പെട്ടു. മലദ്വാരത്തില്‍ ബാറ്റണ്‍ തള്ളിക്കയറ്റി മൂന്നാഴ്ചയോളം പീഡിപ്പിക്കപ്പെട്ടു, വൈദ്യുതാഘാതമേല്‍പ്പിച്ച് പൊള്ളിച്ചു. റോയിക്ക് ആന്തരികമായും ബാഹ്യമായും രക്തസ്രാവമുണ്ടായി. മാസങ്ങളോളം അനങ്ങാന്‍ കഴിഞ്ഞില്ല. ജയില്‍ ഡോക്ടര്‍മാര്‍ ജയിലിന് പുറത്ത് ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശുപാര്‍ശ ചെയ്‌തെങ്കിലും ആഭ്യന്തര വകുപ്പ് വിസമ്മതിച്ചു. ഒടുവില്‍ വിട്ടയച്ചു, പക്ഷേ, അടുത്ത ദിവസം മരിച്ചു''. ലഘുലേഖയില്‍ വിശദീകരണങ്ങള്‍ തുടര്‍ന്നു.
'ഞാന്‍ അമ്മയോട് ചോദിച്ചു, ''അമ്മേ, ഇത് സത്യമാണോ? ആളുകള്‍ പരസ്പരം ഇങ്ങനെ ചെയ്യുമോ?'' അമ്മ പറഞ്ഞു, ''ചെയ്യും. പക്ഷേ, ഇത്തരം കാര്യങ്ങള്‍ വായിക്കാനുള്ള പ്രായം നിനക്കായിട്ടില്ല''.
ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം, ബീഹാര്‍ പ്രളയത്തില്‍ തകര്‍ന്നപ്പോള്‍, സുധയും അവളുടെ സ്‌കൂളിലെ ചങ്ങാതിമാരും ചേര്‍ന്ന്, ജീവിതം താറുമാറാക്കപ്പെട്ട ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വസ്ത്രങ്ങളും ഭക്ഷണവും പണവും സംഘടിപ്പിച്ചു. ഈ വിദ്യാര്‍ഥികളെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ സ്‌കൂളിലെത്തി. എന്നാല്‍, തങ്ങളുടെ ശ്രമങ്ങളെ സുധ സ്വയം വിമര്‍ശിച്ചു, ''പാവപ്പെട്ട ആളുകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നായിരുന്നു ഞങ്ങളുടെ ആശയം. അസമത്വം ന്യായമല്ല, അത് ഉണ്ടാകരുത്, എല്ലാവരേയും തുല്യരാക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍, അത് ജീവകാരുണ്യപരമായ സമീപനമായിരുന്നു. പാവപ്പെട്ട ആളുകള്‍ക്ക് അവരുടേതായ കര്‍തൃത്വം ഉണ്ടെന്നും അവര്‍ സംഘടിതരാകണമെന്നും ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല''.
പിന്നീട്, മധ്യപ്രദേശിലെ ഹോഷംഗബാദില്‍ ഒരു എന്‍.ജി.ഒയുമായി ചേര്‍ന്ന് ഒരു വര്‍ഷം പ്രവര്‍ത്തിച്ചതോടെ ഈ വിമര്‍ശനം ശക്തമായി. സ്‌കൂള്‍ ഉപേക്ഷിച്ച കുട്ടികളെ, പ്രധാനമായും ആടുമാടുകളെ മേയ്ക്കുന്നവരെ, പഠിപ്പിക്കുകയായിരുന്നു അവര്‍. അധ്യാപനപരമായി ആവേശകരമായ ഒരു പരിപാടിയായിരുന്നു അത്. നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളിലേതിനേക്കാള്‍ വേഗത്തില്‍ കുട്ടികള്‍ എഴുതാനും വായിക്കാനും പഠിച്ചു. ഇത് ശ്രദ്ധേയവും സര്‍ഗാത്മകവുമായിരുന്നു. പക്ഷേ, ആത്യന്തികമായി ആ സംഘടന യഥാര്‍ഥത്തില്‍ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരല്ലെന്ന് സുധയ്ക്ക് തോന്നി. സംഘടന നടത്തുന്നവര്‍ മികച്ചതെന്ന് കരുതുന്നത് നല്‍കുകയായിരുന്നു, മറിച്ച്, ഗ്രാമവാസികള്‍ സ്വയം ആവശ്യപ്പെടുന്നതും ഉടമസ്ഥാവകാശം ഏറ്റെടുക്കാന്‍ കഴിയുന്നതുമായതല്ല അതിന്റെ ഘടന. ഉദാഹരണത്തിന് അടിസ്ഥാന ഉപജീവനമാര്‍ഗം പോലുള്ള കാര്യങ്ങള്‍.
ജനങ്ങളോടുള്ള ഈ ഉത്തരവാദിത്തമില്ലായ്മ എന്‍.ജി.ഒകളുടെ പൊതുപ്രശ്നമായി സുധ കണ്ടു തുടങ്ങി. അവര്‍ ആത്യന്തികമായി അവര്‍ക്കും അവരുടെ ഫണ്ടര്‍മാര്‍ക്കും ആവശ്യമുള്ളത് ചെയ്തു; ആളുകള്‍ക്ക് ആവശ്യമുള്ളതായിരുന്നില്ല. അതേസമയം, എന്‍.ജി.ഒ ഉടമകള്‍ക്കും മാനേജര്‍മാര്‍ക്കും തങ്ങളെക്കുറിച്ച് നല്ലതായി തോന്നുന്ന സമയത്ത് അവരുടെ സുഖപ്രദമായ മധ്യവര്‍ഗ ജീവിതം തുടരാം. ഐ.ഐ.ടി കാണ്‍പൂരിലെ പഠനകാലത്തായിരുന്നു സുധ ലോകത്തെക്കുറിച്ചുള്ള ഈ വിമര്‍ശനാത്മക വീക്ഷണം വികസിപ്പിക്കാന്‍ തുടങ്ങിയത്.
(തുടരും)
വിവര്‍ത്തനം: കെ. സഹദേവന്‍