ബി.ബി.സി റെയ്ഡ് മറ്റു മാധ്യമങ്ങള്‍ക്ക് നല്‍കുന്ന സൂചനയാണ് - ജോര്‍ജ് ജോസഫ്
|ഭയത്തിന്റെ നിഴലിലാണ് ഇന്ന് പത്ര പ്രവര്‍ത്തനം നടത്തുന്നത്. ഒരിക്കലും ഭയത്തിന്റെ നിഴലില്‍ നിന്ന്‌കൊണ്ട് ചെയ്യാന്‍ കഴിയുന്ന ഒരു തൊഴിലല്ല പത്രപ്രവര്‍ത്തനം. അപ്പോള്‍ ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ പറയുകയാണ്, ബി.ബി.സിയെ പോലുള്ള ഉന്നതമായ രാജ്യാന്തര മാധ്യമ സ്ഥാപനത്തെ ഞങ്ങള്‍ക്ക് പരിശോധിക്കാനും, റെയ്ഡ് നടത്താനും കഴിഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നേരെയും ഇത് ഉണ്ടായേക്കാമെന്ന്.
ബി.ബി.സിയുടെ ബോംബെയിലും ഡല്‍ഹിയിലുമുള്ള ഓഫീസുകളില്‍ മൂന്ന് ദിവസങ്ങളിലായി നീണ്ട് നിന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡിനെ സര്‍വേ എന്നാണ് അവര്‍ പറയുന്നത്. സര്‍വേ നടന്നതിന് ശേഷം അതിന്റെ ഫലം എന്താണ്? എന്ത് കാര്യത്തിനാണ് സര്‍വേ നടത്തിയത് എന്നുള്ള ഒരു വിശദാംശങ്ങളും ആദായനികുതി വകുപ്പ് നല്‍കിയിട്ടുണ്ടായിരുന്നില്ല. പക്ഷേ, മൂന്ന് ദിവസത്തെ സര്‍വേ പൂര്‍ത്തിയായതിന് ശേഷം ഒരു പത്രകുറിപ്പ് ആദായനികുതി വകുപ്പ് പുറത്തിറക്കുകയുണ്ടായി. നാല് പാരഗ്രാഫിലുള്ള ആ പത്രകുറിപ്പില്‍, വാസ്തവത്തില്‍ എന്താണ് അവര്‍ കണ്ടെത്തിയത് എന്നുള്ള ഒരു വ്യക്തതയും നല്‍കുന്നില്ല. മാധ്യമങ്ങളെല്ലാം എന്തോ വലിയ രീതിയിലുള്ള ക്രമക്കേടുകള്‍ കണ്ടുപിടിച്ചെന്നൊക്കെ അവതരിപ്പിച്ചപ്പോള്‍ അത് സൂക്ഷ്മമായി വായിച്ച് നോക്കുന്ന ആള്‍ക്ക് എന്താണ് അവിടെ റെയ്ഡ് നടത്തി കണ്ടെത്തിയതെന്ന് വ്യക്തമാകുന്ന ഒരു സ്ഥിതിയില്ല. പത്രക്കുറിപ്പിലെ രണ്ടാമത്തെ പാരഗ്രാഫില്‍ പറയുന്ന, ബി.ബി.സിയുടെ ഇന്ത്യയിലെ ഓപ്പറേഷനും അവരുടെ പല ഭാഷകളിലുള്ള ഉള്ളടക്കം രൂപീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങളും വരുമാനവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല എന്നത് മാത്രമാണ് ആകെ അതില്‍ ഉള്ളത്. സ്വാഭാവികമായും പല കമ്പനികളിലും കാണുന്ന കാര്യം തന്നെയാണത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഏത് സമയത്തും ഒരു കമ്പനിയില്‍ ഉണ്ടാകാം.
ക്രമക്കേടുകള്‍ക്ക് നോട്ടീസ് കൊടുക്കുകയും അത് പരിഹരിക്കുകയും അതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ഒക്കെ ചെയ്യുന്നത് കോര്‍പ്പറേറ്റ് രംഗത്ത് സ്വാഭാവികമായി നടക്കുന്ന കാര്യമാണ്. വിലനിര്‍ണയത്തിന്റെ കാര്യത്തില്‍ ചില വ്യതിയാനങ്ങള്‍ കാണുന്നുണ്ട്, ചില ജീവനക്കാര്‍, ഇന്ത്യയിലെ ജീവനക്കാരില്‍ നിന്നുമുള്ള ചില ആനുകൂല്യങ്ങള്‍ വിദേശ ജീവനക്കാരിലേക്ക് കടത്തുന്ന സ്ഥിതി വിശേഷമുണ്ട് എന്നിങ്ങനെ വളരെ അവ്യക്തമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. മൂന്ന് ദിവസം മുഴുവന്‍ സമയവും അവരുടെ ഓഫീസില്‍ തമ്പടിച്ച് അന്വേഷണം നടത്തിയിട്ടും, അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ സര്‍വ്വേ നടത്തിയിട്ടും കൃത്യമായി ഒരു വരി പോലും, നിയമ വിരുദ്ധമായ രീതിയില്‍ ഉള്ള ഒരു പിഴവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അസാധാരണമായ രീതിയില്‍ എന്തെങ്കിലും കാര്യങ്ങളോ, ടാക്‌സ് അടക്കാതെ ഇത്ര കോടി രൂപയുടെ ക്രമക്കേട് നടന്നെന്നോ തരത്തിലുള്ള ഒന്നുംതന്നെ ആ പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നില്ല.
പിന്നെ അതില്‍, ജീവനക്കാരുടെ ലാപ്‌ടോപ്പ് പരിശോധിച്ചെന്നും, ജീവനക്കാരുടെ മൊഴിയെടുത്തു എന്നും ഫോണ്‍ നോക്കിയെന്നും തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഏത് കമ്പനിയെ സംബന്ധിച്ചും ഇതൊക്കെ സ്വാഭാവികമായി നടക്കുന്ന കാര്യങ്ങളാണ്. അതില്‍ കവിഞ്ഞ് വളരെ ഗൗരവമായിട്ടുള്ള ഒരു കുറ്റം എന്ന രീതിയില്‍ ഒന്നും കണ്ടെത്താന്‍ ആ സര്‍വേയില്‍ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് അവര്‍ തന്നെ പുറത്തിറക്കിയിട്ടുള്ള പത്ര കുറിപ്പില്‍ വ്യക്തമാക്കുന്നത്. അതിനെ വളരെ പര്‍വതീകരിച്ച് എന്തൊക്കെയോ വലിയ തോതിലുള്ള നികുതി വെട്ടിപ്പ് നടത്തി രാജ്യത്തിന് പുറത്തേക്ക് കോടാനുകോടി രൂപ കടത്തി എന്നതടക്കമുള്ള കാര്യങ്ങളാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. വേണമെങ്കില്‍ നോട്ടീസ് അയച്ച് കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതേ ആദായനികുതി വകുപ്പിന് ഉണ്ടായിരുന്നുള്ളു. ഏത് വിദേശ മാധ്യമമായാലും ഞങ്ങള്‍ അവരെ നിലക്ക് നിര്‍ത്തണമെങ്കില്‍ നിലക്ക് നിര്‍ത്തും എന്ന മുന്നറിയിപ്പാണ് ഇതിലൂടെ അവര്‍ മുന്നോട്ട് വെക്കുന്നത്.
വിദേശ മാധ്യമങ്ങള്‍ക്കെതിരെ നടപടികള്‍ വരുമ്പോള്‍ സ്വാഭാവികമായിട്ടും ഇന്ത്യയിലെ മാധ്യമങ്ങള്‍ ഭയപ്പെട്ട് നില്‍ക്കുന്ന ഒരു സ്ഥിതിയിലേക്ക് പോകും. തൊണ്ണൂറ്റഞ്ച് ശതമാനത്തിന് മുകളിലുമുള്ള ഔദ്യോഗിക രീതിയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെ അവസ്ഥ ഇന്ന് നമുക്ക് അറിയാം. ഭയത്തിന്റെ നിഴലിലാണ് ഇന്ന് പത്ര പ്രവര്‍ത്തനം നടത്തുന്നത്. ഒരിക്കലും ഭയത്തിന്റെ നിഴലില്‍ നിന്ന്‌കൊണ്ട് ചെയ്യാന്‍ കഴിയുന്ന ഒരു തൊഴിലല്ല പത്രപ്രവര്‍ത്തനം. അപ്പോള്‍ ഇന്ത്യയിലെ മാധ്യമ സ്ഥാപനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ പറയുകയാണ്, ബി.ബി.സിയെ പോലുള്ള ഉന്നതമായ രാജ്യാന്തര മാധ്യമ സ്ഥാപനത്തെ ഞങ്ങള്‍ക്ക് പരിശോധിക്കാനും, റെയ്ഡ് നടത്താനും കഴിഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നേരെയും ഇത് ഉണ്ടായേക്കാമെന്ന്. മറ്റാരും ഇനി ഭരണകൂടത്തിനെതിരായി ഒന്നിനും മുതിരേണ്ട എന്ന തരത്തിലുള്ള ഒരു സന്ദേശം കൃത്യമായിട്ട് ബി.ബി.സിക്കും, മറ്റു സ്ഥാപനങ്ങള്‍ക്കും കൊടുക്കുയാണ് ഭരണകൂടം ചെയ്യുന്നത്.
കൃത്യമായ രീതിയിലുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന് ആദായ നികുതി വകുപ്പ് സ്വയംതന്നെ സമ്മതിക്കുകയാണ്. സ്വയം ഇളിഭ്യരാകുന്ന ഒരു പത്രക്കുറിപ്പാണ് ആദായ നികുതി വകുപ്പ് പുറത്തുവിട്ടിട്ടുള്ളതെന്നതാണ് വസ്തുത. വേണമെങ്കില്‍ ആദായ നികുതി വകുപ്പിന് ഒരു പത്ര സമ്മേളനമൊക്കെ നടത്തി റെയ്ഡിനെ പറ്റി വിശദീകരിക്കാമായിരുന്നു. പക്ഷേ, ചോദ്യങ്ങള്‍ ഉയര്‍ന്ന് വരുമ്പോള്‍ പറയാന്‍ മറുപടി ഇല്ലാത്തത് കൊണ്ട് അവ്യക്തമായി നാല് പാരഗ്രാഫിലൂടെ ഒരു പത്രകുറിപ്പ് നല്‍കി തങ്ങളുടെ മൂന്ന് ദിവസത്തെ മാധ്യമ വേട്ട അവസാനിപ്പിക്കുകയാണ് ആദായ നികുതി വകുപ്പ് ചെയ്തത്. ഒരുപക്ഷേ ഇനി ഇ.ഡി വരാം. മറ്റേതെങ്കിലും ഏജന്‍സികള്‍ വരാം. മാധ്യമങ്ങളെ നിലക്ക് നിര്‍ത്തുക എന്ന കൃത്യമായ രീതിയില്‍, ഞങ്ങള്‍ക്കെതിരെ ആര് പ്രതികരിച്ചാലും ഇങ്ങനെയുള്ള അനുഭവത്തിന് സാധ്യതയുണ്ട് എന്നുള്ള വളരെ വ്യക്തമായ സന്ദേശമാണ് ഭരണകൂടം ഇതിലൂടെ കൊടുക്കുന്നത്.
(മീഡിയവണ്‍ ന്യൂസ് ഡീകോഡിനുവേണ്ടി നല്‍കിയ അഭിമുഖത്തില്‍ നിന്ന്)