Analysis
ഗുജറാത്ത് വംശഹത്യ: വെറുപ്പിന്റെ രാഷ്ട്രീയം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍
Click the Play button to hear this message in audio format
Analysis

ഗുജറാത്ത് വംശഹത്യ: വെറുപ്പിന്റെ രാഷ്ട്രീയം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍

ശരണ്യ എം ചാരു
|
16 July 2022 7:26 AM GMT

ഗുജറാത്ത് വംശഹത്യ നടന്നിട്ട് ഇരുപത് വര്‍ഷം പിന്നിടുകയാണ്. എന്തായിരുന്നു അന്നത്തെ കലാപത്തിന് കാരണം? ആരാണ് കലാപം ഉണ്ടാക്കിയത്? എന്തിന് വേണ്ടിയാണ് കലാപകാരികള്‍ മുസ്‌ലിംകളെ മാത്രം ഇത്ര നികൃഷ്ടമായി ആക്രമിച്ചു കൊലപ്പെടുത്തിയത്? എന്തിനാണ് അക്രമിക്കപ്പെട്ട പാവങ്ങള്‍ക്ക് സഹായം ചെയ്തവരെ ഒക്കെ ഭരണകൂടം നിരന്തരം വേട്ടയാടുന്നത്? മറവികളിലേക്ക് ചൂഴ്ന്നു പോകാന്‍ അനുവദിക്കാതെ, ഫാസിസ്റ്റ് ഭരണകൂടത്തോട് ചോദ്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. | ഗുജറാത്ത് ഫാക്ട്‌സ്- ഭാഗം 01

എല്ലാ കാലത്തും ഈ രാജ്യത്തിനകത്തുണ്ടായിരുന്ന കലാപ ശ്രമങ്ങളെ അതിജീവിച്ചു കൊണ്ട് ആധുനിക മതനിരപേക്ഷമായ ഒരിന്ത്യയായി നാം പരിണാമം പ്രാപിച്ചതിന് ശേഷം നടന്ന ഏറ്റവും വലിയ വംശഹത്യയാണ് ഗുജറാത്ത് കലാപം. ഇന്ത്യ ഏതെങ്കിലും ഒരു മതത്തിന്റേത് അല്ല എന്നും, ഇന്ത്യ ഇവിടത്തെ മുഴുവന്‍ ജനവിഭാഗങ്ങളുടേതുമാണ് എന്നും ഇന്ത്യയെന്നാല്‍ വ്യത്യസ്ത ജാതി-മത-ഭാഷ-സംസ്‌കാരങ്ങളെ ഒരേ പോലെ പിന്തുടരുന്ന ആളുകള്‍ ജീവിക്കുന്ന രാജ്യമാണ് എന്നുമുള്ള വിശാലമായ കാഴ്ചപ്പാടിനെ നിഷേധിച്ചു കൊണ്ടാണ് ഗുജറാത്തില്‍ ഭരണകൂടത്തിന്റെ കൂടി പിന്‍ബലത്തില്‍ കലാപം നടന്നത്. ഒരു ജനതയെ മുഴുവന്‍ വംശഹത്യ ചെയ്ത് നീക്കാനുള്ള ശ്രമം ഭരണകൂടം തന്നെ നടത്തി എന്നതാണ് പ്രധാനം. സ്വാതന്ത്ര്യാനന്തരം വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ പോലും പരസ്പരം കൈവിട്ട് പോകാതെ ഇന്ത്യന്‍ ജനത മുറുകെ പിടിച്ച ഹിന്ദു-മുസ്‌ലിം ഐക്യത്തെ തകര്‍ക്കാന്‍ ഒരു ഭരണകൂടം തന്നെ മുന്നിട്ടിറങ്ങി എന്നതാണ് വാസ്തവം. ഒരു കാലത്തും ഇന്ത്യന്‍ ജനത പരസ്പരം ഭിന്നിച്ചു നില്‍ക്കരുതെന്ന് മരണം വരെ ആഗ്രഹിച്ച ഗാന്ധിജിയുടെ ഗുജറാത്ത് തന്നെ ഇത്തരമൊരു വംശഹത്യയ്ക്ക് വേദി ആയി എന്നത് മറ്റൊരു വിരോധാഭാസം.

സ്വാതന്ത്ര്യാനന്തരം മത നിരപേക്ഷമായ ഒരു ഭരണഘടന രൂപീകരിക്കുകയും എല്ലാ മതങ്ങള്‍ക്കും, വിശ്വാസങ്ങള്‍ക്കും തുല്യ പ്രാധാന്യവും പരിഗണനയും നല്‍കുമെന്ന് വ്യക്തമായി ബോധ്യപ്പെടുത്തുകയും, അന്ധവിശ്വാസം ജാതി തുടങ്ങിയവ നിര്‍മൂലനം ചെയ്യാന്‍ ശ്രമിച്ചുകൊണ്ട് കുറെകൂടി വിശാലമായ സാമൂഹ്യ സാംസ്‌കാരിക ഇടമായി ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ ഇടയിലാണ് ഹിന്ദുത്വ ഐഡിയോളജി ഇത്തരം ഒരു കലാപം നടത്തിയത് എന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. മതനിരപേക്ഷ ഇന്ത്യയെന്ന പൊതുബോധത്തെ തകര്‍ത്തു കൊണ്ട് എല്ലാ കാലത്തും ഇന്ത്യ ഭരിക്കുക എന്ന ഫാസിസ്റ്റ് രീതി തന്നെയാണ് ഭരണകൂടം ഇതുകൊണ്ട് ലക്ഷ്യമിട്ടത് എന്ന് തീര്‍ച്ച. മറവികള്‍ക്ക് വിട്ട് കൊടുക്കേണ്ട ഒന്നല്ല ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ എല്ലാ കാലത്തും നാണം കെടുത്തിയ ഗുജറാത്ത് കലാപം. മറവിയുടെ പിന്നാമ്പുറങ്ങളില്‍ ഒളിച്ചു വയ്ക്കപ്പെടേണ്ടതല്ല ഗുജറാത്തിലെ ആയിരങ്ങള്‍ അനുഭവിച്ച നരക യാതനകള്‍. വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യുകയും പറഞ്ഞുകൊണ്ടേയിരിക്കുകയും വേണം ആ ദിവസങ്ങളെ കുറിച്ച്. എങ്കില്‍ മാത്രമേ നീതി തേടി ഇപ്പോഴും അലയുന്ന ആളുകള്‍ക്ക് മുന്നോട്ട് നടക്കാനുള്ള ഊര്‍ജം കിട്ടുകയുള്ളൂ. മിണ്ടാതിരിക്കുകയെന്നാല്‍ ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ കീഴ്‌പ്പെടുകയെന്നാണ്, ഹിന്ദുത്വയ്ക്ക് മുന്നില്‍ തോറ്റ് പോവുകയെന്നതാണ്. അത്തരമൊരു നേട്ടവും അവര്‍ക്ക് ഉണ്ടാക്കിക്കൊരുത്..

സബര്‍മതി ട്രെയിനിലെ തീപിടുത്തം ഗുജറാത്തിന്റെ മുഖം മാറ്റുന്നു.

2002 ഫെബ്രുവരി 27, സമയം രാവിലെ 7.15. അയോധ്യയിലെ തീര്‍ത്ഥാടനം കഴിഞ്ഞു തിരികെ വരികയായിരുന്ന നിരവധി കര്‍സേവകര്‍ സഞ്ചരിച്ചിരുന്ന സബര്‍മതി എക്‌സ്പ്രസ് ട്രെയിന്‍ ഗോദ്ര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്നു. തീര്‍ഥാടകരില്‍ ഉണ്ടായിരുന്ന ചിലര്‍ സ്റ്റേഷനില്‍ നിന്ന് മറ്റൊരു ട്രെയിനില്‍ കയറാന്‍ കാത്തു നിന്ന പര്‍ദ ധരിച്ചൊരു മുസ്‌ലിം സ്ത്രീയെയും അവരുടെ മകനേയും ബലം പ്രയോഗിച്ച് സബര്‍മതി എക്‌സ്‌പ്രെസ്സിലെ എസ് 6 കംപാര്‍ട്ട്മെന്റിലേക്ക് കയറ്റുന്നു. അവരും മകനും ട്രെയിനിലെ മറ്റ് സ്ത്രീകളും ബഹളം വച്ചതോടെ ഈ സ്ത്രീയേയും മകനേയും ചിലര്‍ രക്ഷപ്പെടുത്തി മറ്റൊരു കംപാര്‍ട്ട്‌മെന്റിലൂടെ പുറത്തേക്ക് ഇറക്കി വിടുന്നു. ഈ സമയത്തിനുള്ളില്‍ ഗോദ്ര സ്റ്റേഷനില്‍ അനുവദിച്ച സമയം കഴിയുകയും ട്രെയിന്‍ മുന്നോട്ട് നീങ്ങുകയും ചെയ്തു. ബഹളത്തിനിടയില്‍ ആരൊക്കെയോ ട്രെയിനില്‍ തിരികെ കയറിയില്ലെന്ന തോന്നലില്‍ എസ് 6 സിക്‌സ് കംപാര്‍ട്ട്മെന്റിലെ തന്നെ ആരോ ചങ്ങല വലിക്കുന്നു. നീങ്ങി തുടങ്ങിയ ട്രെയിന്‍ ഗോദ്ര സ്റ്റേഷനില്‍ നിന്ന് കുറെ മുന്നോട്ട് പോയി സിഗ്‌നല്‍ ഫാലിയയില്‍ നിര്‍ത്തിയിട്ട അവസ്ഥയില്‍ കിടക്കുന്നു. തറ നിരപ്പില്‍ നിന്ന് ഏകദേശം പതിനഞ്ചടിയോളം ഉയരത്തില്‍ ആയിരുന്നു ട്രെയിന്‍ കിടന്നിരുന്നത്. സമയം ഏകദേശം രാവിലെ 7.25 .... നിര്‍ത്തിയിട്ട ട്രെയിനിന്റെ എസ് 6 സിക്‌സ് കംപാര്‍ട്ട്മെന്റില്‍ തീ പടരുന്നു. ചിലര്‍ ഓടി രക്ഷപ്പെടുന്നു. സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങുന്ന 59 ഓളം ആളുകള്‍ ട്രെയിനിനുള്ളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ മിനിറ്റുകള്‍ക്കുള്ളില്‍ വെന്തു മരിക്കുന്നു. അവിടെ തുടങ്ങുന്നു, പിന്നീട് രാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യയിലേക്ക് നയിച്ച കലാപത്തിന്റെ ആരംഭം.


ട്രെയിനില്‍ തീ പിടിച്ച വാര്‍ത്ത മിനിറ്റുകള്‍ക്കുള്ളില്‍ കാട്ടുതീ പോലെ പരന്നു. ട്രെയിനില്‍ പുറത്തു നിന്നുമാരോ തീയിട്ടതാണെന്നും അത് ചെയ്തത് മുസ്‌ലിം തീവ്രവാദികള്‍ ആണെന്നും ഹിന്ദുക്കളായ കര്‍സേവകരെ കൊല്ലുകയായിരുന്നു ഉദ്ദേശമെന്നും ആളുകള്‍ പരസ്പരം പറഞ്ഞു തുടങ്ങുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ അതുവരെ ഗുജറാത്തില്‍ ഉണ്ടായിരുന്ന സാമൂഹ്യാന്തരീക്ഷത്തെ തകര്‍ത്തു കൊണ്ട് അങ്ങിങ്ങായി അക്രമ സംഭവങ്ങള്‍ ആരംഭിക്കുന്നു. കൂട്ടമായെത്തിയ കലാപകാരികള്‍ കണ്‍മുന്നില്‍ വന്നുപെട്ട സകല മുസ്‌ലിം മനുഷ്യരെയും പച്ചയ്ക്ക് വെട്ടിയും തീയിട്ടും കൊല്ലാന്‍ ആരംഭിക്കുന്നു. വീടുകള്‍, കടകള്‍ എന്നുവേണ്ട സകലതും നശിപ്പിക്കുന്നു. ഫെബ്രുവരി 28 ന് ദേശീയ വ്യാപകമായി വിശ്വഹിന്ദു പരിഷത്ത് ഹര്‍ത്താലിന് ആഹ്വാനവും ചെയ്യുന്നു.


പിന്നീട് ഇന്ത്യ കണ്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കറുത്ത ദിനങ്ങളുടെ നേര്‍ സാക്ഷ്യം. അഞ്ച് ദിവസം നീണ്ടു നിന്ന കലാപത്തില്‍ ഗുജറാത്തില്‍ അങ്ങോളമിങ്ങോളം ആയിരക്കണക്കിന് മുസ് ലിംകള്‍ ക്രൂരമായി കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും പുരുഷന്മാരും എന്നു വേണ്ട മുസ്‌ലിം കടകളും വീടുകളും വ്യവസായ ശാലകളും പോലും തകര്‍ക്കപ്പെട്ടു. വീടുകളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളെല്ലാം മോഷണം പോയി. സ്ത്രീകള്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി. പുരുഷന്മാരെ മാരകമായി വെട്ടി പരിക്കേല്‍പിക്കുകയും ചുട്ട് കൊല്ലുകയും ചെയ്തു. അരക്ഷിതവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍ ദിവസങ്ങളോളം നീണ്ടു. ഒരായുസ്സ് കൊണ്ട് സമ്പാദിച്ച സകലതും ഉപേക്ഷിച്ച് ജീവനും കൊണ്ട് ഗുജറാത്തിലെ മുസ്‌ലിംകള്‍ കലാപകാരികളില്‍ നിന്ന് രക്ഷപ്പെടാന്‍ പരക്കം പാഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകള്‍ ആയിരങ്ങളെ കൊണ്ട് നിറഞ്ഞു. ഗോദ്രയിലും, നാരോദ്യ പാട്യയിലും, സഹീര്‍ ബേക്കറിയിലും ബെസ്റ്റ് ബേക്കറിയിലും, ഗുല്‍ബര്‍ഗ് സൊസൈറ്റിയിലും മനുഷ്യ മാംസം വെന്ത ഗന്ധം മാസങ്ങളോളം നീണ്ടു നിന്നു. എല്ലാം നഷ്ടപ്പെട്ട ഒരു ജനത ജീവിതത്തിന് മുന്നില്‍ ഇനി എന്തെന്നറിയാതെ, വീണ്ടും അക്രമിക്കപ്പെടുമോ എന്ന പേടിയുമായി ഉറങ്ങാന്‍ പോലും സാധിക്കാതെ പകച്ചു നിന്നു.


ഗോദ്രയില്‍ സബര്‍മതി എക്‌സ്പ്രസില്‍ തീ പടര്‍ന്നുണ്ടായ അപകടത്തിന് ശേഷം വൈകിട്ട് മൂന്ന് മണി തികയും മുന്‍പ് തന്നെ ബറോഡ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരിക്കുകയായിരുന്ന രണ്ട് മുസ്‌ലിംകളെ വെട്ടി കൊലപ്പെടുത്തിക്കൊണ്ടാണ് ഗുജറാത്തില്‍ കലാപത്തിന് തുടക്കമാകുന്നത്. അന്ന് രാത്രിയോടെ തന്നെ മിക്കവാറും സ്ഥലങ്ങള്‍ അക്രമകാരികള്‍ വളയുകയും പിറ്റേന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ഹര്‍ത്താല്‍ ദിവസം അക്ഷരാര്‍ഥത്തില്‍ ഗുജറാത്ത് കലാപഭൂമിയായി പരിണമിക്കുകയും ചെയ്തു. പൊലീസിന് പോലും നിയന്ത്രിക്കാന്‍ കഴിയാത്ത അത്രയും അക്രമികള്‍ ആയുധങ്ങളുമായി ഒരു നഗരത്തെ ദിവസങ്ങളോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. ഗുജറാത്തിലെ ഒട്ടുമിക്ക മുസ്‌ലിം ഭൂരിപക്ഷ സ്ഥലങ്ങളിലുമായി അക്രമികള്‍ നടത്തിയ നരനായാട്ടില്‍ ദിവസങ്ങള്‍ കൊണ്ട് തന്നെ രണ്ടായിരത്തിനടുത്ത് ആളുകള്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്ക് ഇതിന്റെ അഞ്ചിരട്ടിയാണെന്നാണ് പറയപ്പെടുന്നത്. കാണാതായ ആളുകള്‍, ബോഡി കിട്ടാത്തത് കൊണ്ട് മരണം സ്ഥിതീകരിക്കാത്ത ആളുകള്‍, പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയവരൊക്കെ ഒരു കണക്കിലും ഉള്‍പ്പെടാത്തവരാണ്. അന്നത്തെ ഗുജറാത്തിലെ 30 ജില്ലകളില്‍ 12 ജില്ലകളിലും അതീവ ഗുരുതരമായി കലാപം പൊട്ടി പുറപ്പെടുകയും, എട്ട് ജില്ലകളില്‍ കുറഞ്ഞ തോതില്‍ കലാപം നടക്കുകയും ചെയ്തു. മികച്ച പൊലീസ് സേന പ്രവര്‍ത്തിച്ചിരുന്ന ബാക്കി 10 ജില്ലകള്‍ മാത്രം കലാപത്തിന് ഇടനല്‍കാതെ ശാന്തമായി മുന്നോട്ട് പോയി. 1500 പേരെ കാണാതായി. നിരപരാധികളായ മുസ്‌ലിംകള്‍ക്കൊപ്പം തന്നെ ഒട്ടനവധി ഹിന്ദുക്കളും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 624 ഇസ്‌ലാമിക മത സാംസ്‌കാരിക സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. ദിവസങ്ങള്‍ക്ക് ഉള്ളില്‍ മുസ്‌ലിം ജനതയ്ക്ക് 244 കോടി രൂപയുടെ സാമ്പത്തിക നഷ്ടവും ഹിന്ദുക്കള്‍ക്ക് 31 കോടിയുടെ നഷ്ടവും ഉണ്ടായതായി ഔദ്യോഗിക കണക്ക് പുറത്ത് വന്നു.


നാരോദ്യ പാദ്യയിലെ സഹീറ ഷൈക്കിന് കലാപത്തില്‍ നഷ്ട്ടപ്പെട്ടത് അവരുടെ ആറ് വയസ്സുള്ള മകന്‍ അയൂബിനെയാണ്. കണ്‍മുന്നില്‍ മക്കള്‍ കൊലചെയ്യപ്പെടുന്ന ദൃശ്യം നോക്കി നില്‍ക്കേണ്ടി വന്ന ഒട്ടനവധി അമ്മമാരും അച്ചന്മാരുമുണ്ട് ഗുജറാത്തില്‍. മൂന്ന് പെണ്‍ മക്കളെയും കൊണ്ട് ജീവിതം ഒറ്റയ്ക്ക് തുഴയുന്ന സറീനയുടെ ഭര്‍ത്താവിന് കലാപത്തില്‍ ശരീരത്തില്‍ മുഴുവന്‍ പൊള്ളലേല്‍ക്കുകയും കണ്ണുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ കലാപത്തിന്റെ മൂന്നാം ദിവസം അദ്ദേഹം മക്കളെയും ഭാര്യയെയും തനിച്ചാക്കി മരണത്തിന് കീഴ്‌പ്പെട്ടു. ബെസ്റ്റ് ബേക്കറിലെ തീവയ്പ്പ് നേരിട്ട് കണ്ട, അന്നത്തെ പത്തൊമ്പതുകാരി സഹീറ ഷെയ്ക്ക് സാക്ഷ്യം വഹിച്ചത് തന്റെ കുടുംബാംഗങ്ങള്‍ അടക്കമുള്ള പതിനഞ്ചോളം ആളുകള്‍ കത്തിയെരിയുന്ന കാഴ്ചയാണ്. അവള്‍ മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സൈനുല്‍ ആബിദ് എന്ന എഴുപത് വയസ്സ് കഴിഞ്ഞ വൃദ്ധന്റെ മടിയില്‍ കിടന്നാണ് അദ്ദേഹത്തിന്റെ പത്തു വയസ്സുള്ള കൊച്ചുമകന്‍ അബ്ബാസ് മരണപ്പെട്ടത്. അക്രമികളുടെ വെട്ടേറ്റ് വീണ ആ കുട്ടി ചോര വാര്‍ന്ന് മരിക്കുന്നത് നോക്കി നില്‍ക്കാനേ ആ വൃദ്ധനെ കൊണ്ട് സാധിച്ചിരുന്നുള്ളൂ.


കുട്ടികളുടെ മുന്നിലിട്ട് പോലും ഉറ്റവരെ കൊന്ന് കളയുകയും സ്ത്രീകള്‍ ഓടി പോകാതിരിക്കാന്‍ വിവസ്ത്രയാക്കുകയും പിനീട് കൂട്ടത്തോടെ പീഡിപ്പിക്കുകയും എന്നിട്ടും കലിയടങ്ങാതെ വെട്ടിക്കൊലപ്പെടുത്തി. ബോഡി പോലും കിട്ടാതിരിക്കാന്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു. ചിലയിടങ്ങളിലൊക്കെ മനുഷ്യരെ ജീവനോട് ചുട്ടു കൊന്നു. നാരോദ്യ പാദ്യയിലും ഗുല്‍ബര്‍ഗ് സൊസൈറ്റിലും മാത്രം നടന്ന അക്രമ സംഭവങ്ങളില്‍ ആയിരത്തോളം ആളുകള്‍ കൊല്ലപ്പെടുകയും സ്ത്രീകള്‍ അക്രമിക്കപ്പെടുകയും നൂറോളം വീടുകള്‍ പൂര്‍ണ്ണമായും തകരുകയും ചെയ്തു. ജവാന്‍ മൈദാനിയുടെ വിവിധയിടങ്ങളില്‍ നിന്ന് മാത്രം നൂറ്റി അമ്പത്തില്‍ അതികം ആളുകളുടെ ശവ ശരീരങ്ങള്‍ ചിതറിക്കിടുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകളും ഫോട്ടോകളും പുറത്ത് വന്നത് കലാപത്തിന്റെ ഭീകരത തെളിയിക്കുന്നതായിരുന്നു. ശരീരം വെട്ടി പരിക്കേല്‍പിക്കുക, കയ്യും കാലും അറുത്തു മാറ്റുക, സ്ത്രീകളെ പീഡിപ്പിക്കുക, ഭര്‍ഭിണിയുടെ വയറുകീറി പോലും കുഞ്ഞിനെ പുറത്തെടുക്കുക, നരക തുല്യമായ യാതനയും വേദനയും നല്‍കിയ ശേഷം ജയ് ശ്രീറാം വിളിക്കാന്‍ പറയുക തുടങ്ങി ആ ദിവസങ്ങളില്‍ അരങ്ങേറിയ കൊടിയ പീഡനങ്ങള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധ്യമല്ലാത്ത കാര്യങ്ങള്‍. ഒരുപാട് പേര്‍ സ്വന്തം നാടും വീടുമുപേക്ഷിച്ചുപോയി, ജീവിതം ഒന്നില്‍ നിന്ന് തുടങ്ങാന്‍ ശ്രമം നടത്തി. എത്രയോ പേര്‍ക്ക് കുടുംബം നഷ്ടപ്പെട്ടു. അത്രതന്നെയാളുകള്‍ക്ക് അച്ഛനെ അമ്മയെ സഹോദരങ്ങളെ ബന്ധുക്കളെ നഷ്ട്ടപ്പെട്ടു. എത്രയോ കുട്ടികള്‍ അനാഥരായി.

ഗുല്‍ബര്‍ഗ് സൊസൈറ്റി അക്രമികള്‍ വളയുമ്പോള്‍ ഏകദേശം നൂറില്‍ കൂടുതല്‍ അഭയാര്‍ഥി കുടുംബങ്ങള്‍ മാത്രം ഉണ്ടായിരുന്നു സൊസൈറ്റിക്കകത്ത്. ഓരോ കുടുംബത്തില്‍ നിന്നുമായി ഇതിന്റെ മൂന്നോ നാലോ ഇരട്ടിയാളുകള്‍ ഉണ്ടായിരുന്നതായിട്ടാണ് കണക്കാക്കപ്പെടുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായിരുന്ന ഇഹ്സാന്‍ ജാഫ്രിയുടെ സ്വപ്നമായിരുന്നു ഗുല്‍ബര്‍ഗ് സൊസൈറ്റി. അദ്ദേഹം ഭാര്യയോടൊപ്പം താമസിച്ചിരുന്ന സ്ഥലമായിരുന്നതിനാല്‍ തന്നെ ഉന്നത ബന്ധങ്ങള്‍ ഉള്ള ജാഫ്രിക്ക് തങ്ങളെ സഹായിക്കാന്‍ കഴിയുമെന്നാണ് അഭയാര്‍ഥികളായെത്തിയവര്‍ കരുതിയിരുന്നത്. എന്നാല്‍, ആ പ്രതീക്ഷ അസ്ഥാനതായിരുന്നു. ഗുല്‍ബര്‍ഗ് സൊസൈറ്റി അക്രമികള്‍ വളഞ്ഞത് മുതല്‍ ജാഫ്രി സഹായത്തിനായി ഉന്നത നേതാക്കളെ മുതല്‍ ഒരു കിലോമീറ്റര്‍ ദൂരത്തിലുള്ള പൊലീസ് സ്റ്റേഷനിലേക്ക് വരെ നിരന്തരം വിളിച്ചു. ആരും സഹായത്തിനെത്തിയില്ല. അഞ്ച് മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ വിഫലമാക്കി കൊണ്ട് അക്രമികള്‍ സൊസൈറ്റിയുടെ മതില്‍ തകര്‍ത്ത് അകത്തു കയറി ഗ്യാസ് സിലിണ്ടറും, വാളും, ബോംബും, തോക്കും, പെട്രോളും ഉപയോഗിച്ച് സൊസൈറ്റിയിലെ 69 ഓളം പേരെ ക്രൂരമായി കൊന്ന് തള്ളി. ജാഫ്രിയെ അവര്‍ വെട്ടി പരിക്കേല്‍പിക്കുകയും, വസ്ത്രങ്ങള്‍ വലിച്ചു കീറുകയും, കയ്യും കാലും വെട്ടിയും തലക്കടിച്ചും തറയിലൂടെ വലിച്ചിഴച്ചു. ഒടുവില്‍ പാതി ജീവനോടെ കത്തിച്ചു. പൊലീസ് എത്തി അക്രമികളെ തുരത്തി ജാഫ്രിയുടെ ഭാര്യ സക്കിയ ജാഫ്രി അടക്കമുള്ള ബാക്കി ആളുകളെ രക്ഷിക്കുമ്പോള്‍ സമയം വൈകിട്ട് ഏകദേശം 4.30 കഴിഞ്ഞിരുന്നു എന്ന് രക്ഷപ്പെട്ട ആളുകള്‍ പിന്നീട് മൊഴി നല്‍കി. പുറത്ത് വന്ന ഫോണ്‍ രേഖകള്‍ അടക്കമുള്ള തെളിവുകള്‍ പ്രകാരം ഇഹ്‌സാന്‍ ജാഫ്രി അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ പോലും ഫോണില്‍ ബന്ധപ്പെട്ടിരുന്നുവത്രെ. പക്ഷെ, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മോദി അത് നിഷേധിച്ചു. ജാഫ്രിയെ അറിയുകയേ ഇല്ലെന്ന് പറഞ്ഞു. പൊലീസിന്റെയും സര്‍ക്കാരിന്റെയും മനഃപൂര്‍വ്വമായ അനാസ്ഥ കാരണം കൊല ചെയ്യപ്പെട്ട ജാഫ്രിക്ക് വേണ്ടി പിന്നീട് സാകിയ ജാഫ്രി നടത്തിയ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം ചരിത്രമല്ല, ഇന്നും തുടരുന്ന യാഥാര്‍ത്ഥ്യമാണ്.




അതിനിടയില്‍ റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫര്‍ ആയിരുന്ന അര്‍കോ ദത്ത കലാപത്തിന്റെ ഭീകരത തെളിയിക്കുന്ന കൂപ്പു കൈകളുമായി ജീവന് വേണ്ടി അപേക്ഷിക്കുന്ന കുത്തബുദ്ദീന്‍ അന്‍സാരിയുടെ നിസ്സഹായത നിറഞ്ഞ ഒരു ഫോട്ടോ പുറത്ത് വിട്ടു. അത് ലോകമേറ്റെടുത്തു. ഗുജറാത്ത് കലാപത്തിന്റെ മുഖമായി മാറി ഇതോടെ അന്‍സാരിയെന്ന തയ്യല്‍ക്കാരന്‍. ജീവന്‍ ബാക്കി കിട്ടി ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും തിരികെ വന്ന അന്‍സാരിക്ക് പക്ഷെ, അദ്ദേഹത്തിന്റെ സ്വകാര്യത നഷ്ടപ്പെട്ടു. ലോകം മുഴുവന്‍ ഏറ്റെടുത്ത തന്റെ മുഖം അയാള്‍ക്ക് മുന്നോട്ടുള്ള ജീവിതത്തിന് ബാധ്യത ആയി. അദ്ദേഹം ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ഓടികൊണ്ടേയിരിക്കുകയും വര്‍ഷങ്ങള്‍ നീണ്ട ഒളിവ് ജീവിതം നയിക്കുകയും ചെയ്തു. ഇപ്പോഴും തന്നെ ആരും തിരിച്ചറിയരുതേ എന്ന പ്രാര്‍ഥനയോടെ ആണ് അന്‍സാരി തന്റെ ഓരോ ദിവസവും തുടങ്ങുന്നത് തന്നെ.


കലാപത്തിന്റെ മറ്റൊരു മുഖമായിരുന്നു ബില്‍ക്കീസ് ബാനു. കലാപം നടക്കുമ്പോള്‍ അവള്‍ക്ക് പത്തൊമ്പത് വയസ്സായിരുന്നു പ്രായം. അഞ്ചു മാസം ഗര്‍ഭിണി ആയിരുന്നു. മൂന്ന് വയസ്സുള്ള മൂത്ത മകള്‍ സലോഹയെ അടക്കം കുടുംബത്തിലെ പതിനാല് പേരെ അവളുടെ മുന്നിലിട്ടാണ് അക്രമികള്‍ കൊന്ന് കളഞ്ഞത്. അഞ്ച് മാസം ഗര്‍ഭിണിയായ അവളെ അവളുടെ കൂടെ കളിച്ചു വളര്‍ന്ന അവള്‍ക്ക് നേരില്‍ അറിയാവുന്ന പരിചയാക്കാരായ ആളുകള്‍ തന്നെ ഒരു ദയവുമില്ലാതെ ബലാത്സംഘം ചെയ്തു. പക്ഷെ, അവള്‍ക്ക് ജീവന്‍ ബാക്കി കിട്ടി. വയറ്റില്‍ ഉണ്ടായിരുന്ന കുഞ്ഞിന് അവള്‍ നാല് മാസങ്ങള്‍ക്ക് ശേഷം ജന്മം നല്‍കി. പിന്നീട് അവളുടെ ജീവിതം അവളൊരു പോരാട്ടമാക്കുന്നതാണ് ലോകം കണ്ടത്. മുഖം മറയ്ക്കാതെയവള്‍ ലോകത്തിന് മുന്നിലവളുടെ കഥ പറഞ്ഞു. നീതി തേടി കോടതികള്‍ കയറി ഇറങ്ങി. ഒടുവില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിന് ശേഷം അവളെ പീഡിപ്പിക്കുകയും മറ്റുള്ളവരെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ 2008 ജനുവരി 18 ന് ഇരുപത് പ്രതികളില്‍ 13 പേരെ മുംബൈ സെഷന്‍സ് കോടതി ജഡ്ജി സാല്‍വി ശിക്ഷിച്ചു. ആ വിധി ഇന്ത്യന്‍ ചരിത്രത്തില്‍ ഇടം പിടിച്ചെങ്കിലും തീരെ എളുപ്പമായിരുന്നില്ല ബാനുവിന് അതിലേക്കുള്ള ദൂരം. കേസ് നടന്ന സമയങ്ങളില്‍ ഒക്കെയും ജീവനും കയ്യില്‍ പിടിച്ചു ബാനു ഒരു വീട്ടില്‍ നിന്ന് മറ്റ് വീടുകളിലേക്ക് ഓടിക്കൊണ്ടേ ഇരുന്നു. ഒളിവ് ജീവിതത്തിനും, നിയമ യുദ്ധത്തിനും ശക്തി പകര്‍ന്ന് കൊണ്ട് അവളുടെ ഭര്‍ത്താവ് യാക്കൂബ് റസൂല്‍ അവള്‍ക്കൊപ്പം നിരന്തരം പോരാട്ടം നടത്തി കൂടെ നിന്നു.

(തുടരും)

Similar Posts