Analysis
കെ.പി ശശി: പ്രക്ഷോഭകാരിയായ സിനിമാക്കാരന്‍
Analysis

കെ.പി ശശി: പ്രക്ഷോഭകാരിയായ സിനിമാക്കാരന്‍

ബാലചന്ദ്രന്‍ ചിറമ്മല്‍
|
28 Dec 2022 12:38 PM GMT

ഫീച്ചര്‍ സിനിമയിലായാലും ഡോക്യുമെന്ററിയിലായാലും പീഢിതരുടെ പക്ഷത്താണ് ശശി എക്കാലവും നിലകൊണ്ടത്. ആണധികാര വ്യവസ്ഥയെ കുറിച്ച് ഇപ്പോള്‍ നിരവധി സിനിമകള്‍ പുറത്തിറങ്ങുന്നുണ്ടെങ്കിലും ഈ വിഷയത്തില്‍ 1991 ല്‍ തന്നെ സിനിമ പുറത്തിറക്കിയ വിപ്ലവകാരിയാണ് ശശി.

താന്‍ ജീവിച്ചിരുന്ന സമൂഹത്തെ രാഷ്ട്രീയമായി നിരന്തരം പുനര്‍നിര്‍മിക്കാന്‍ ശ്രമിച്ച കലാകാരനാണ് കെ.പി ശശി. അങ്ങിനെ ചെയ്യുമ്പോള്‍ എപ്പോഴും വ്യക്തമായ പക്ഷപാതം അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. സാമൂഹ്യമായും സാമ്പത്തികമായും ലിംഗപരമായും ഒറ്റപ്പെടുത്തലും പീഢനവും അനുഭവിക്കേണ്ടി വരുന്ന മനുഷ്യരുടെ പക്ഷത്താണ് എന്നും അദ്ദേഹം നിലയുറപ്പിച്ചത്.

ശരാശരി മലയാളികള്‍ക്ക് സുപരിചിതനായ സിനിമാക്കാരനല്ല കെ.പി ശശി. മലയാളിയുടെ സിനിമാ മോഹങ്ങളെ കോടികളുടെ കിലുക്കം കൊണ്ട് ദൃശ്യവല്‍ക്കരിച്ച സംവിധായകനല്ല അദ്ദേഹം. വളരെ കുറച്ച് ഫീച്ചര്‍ സിനിമകള്‍ മാത്രം സംവിധാനം ചെയ്ത് സിനിമയില്‍ സ്വയം അടയാളപ്പെടുത്തിയ ശശി പക്ഷെ, തന്റെ നിരവധി ഡോക്യുമെന്ററി സിനിമകളിലൂടെ സാധാരണ മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്ന മൗലികമായ പ്രശ്‌നങ്ങള്‍ ലോകത്തിന് മുന്‍പില്‍ തുറന്ന് വെച്ച സിനിമാക്കാരനാണ്. നിലനില്‍പ്പിനായി മനുഷ്യര്‍ നടത്തുന്ന പോരാട്ടങ്ങളോടൊപ്പം നമുക്ക് ശശിയെ കാണാം. അത് കേരള തീരത്തെ മത്സ്യത്തൊഴിലാളികളുടെ അടുത്തായാലും നര്‍മദയില്‍ കുടിയൊഴിക്കുന്ന സാധാരണ മനുഷ്യരുടെ അടുത്തായാലും കെ.പി ശശി എന്ന സിനിമക്കാരന്‍ തന്റെ കാമറയുമായി അവിടെ ഉണ്ടാവും.

ഇലയും മുള്ളും എന്ന സിനിമ സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന സാമൂഹ്യവും സാമ്പത്തികവും ലൈംഗികവുമായ പ്രശ്‌നങ്ങളെ സ്ത്രീപക്ഷത്ത് നിന്ന് നോക്കി കാണുന്ന മികച്ച ചിത്രമാണ്. പെണ്ണിന്റെ അധ്വാനത്തെ നിരന്തരം ചൂഷണം ചെയ്ത് ജീവിക്കുകയും അവരെ ലൈംഗികമായും മാനസികമായും ശാരീരികമായും പീഢിപ്പിക്കുകയും ചെയ്യുന്ന ആണുങ്ങളുടെ അഹന്തക്കെതിരെയുള്ള ശക്തമായ വിമര്‍ശനമാണ് ഇലയും മുള്ളും മുന്നോട്ട് വെക്കുന്നത്.

കെ. ദാമോദരന്റെ മകന്‍ എന്ന നിലയിലപ്പുറം സ്വന്തം അസ്തിത്വം ഉറപ്പിച്ച ശശി ജെ.എന്‍.യുവിലെ പഠനത്തിന് ശേഷം കാര്‍ട്ടൂണിസ്റ്റായാണ് ജീവിതം ആരംഭിച്ചത്. പിന്നീട് അദ്ദേഹം സിനിമയിലേക്ക് തിരിയുകയായിരുന്നു. 8 എം.എം സിനിമാ പരീക്ഷണങ്ങളിലൂടെ 1982 ല്‍ തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമാ ജീവിതം 2009 ല്‍ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള എ ക്ലൈമറ്റ് കോള്‍ ഫ്രം ദ കോസ്റ്റ് വരെ നീണ്ടു. അതിനിടയില്‍ തൃശൂരില്‍ അരങ്ങേറിയ വിബ്ജിയോര്‍ ചലച്ചിത്രമേളയുടെ (ViBGYOR Film Festival) മുഖ്യസംഘാടകനായും ശശി പ്രവര്‍ത്തിച്ചു. ഒരോ വര്‍ഷം മനുഷ്യനെയും ലോകത്തെയും ബാധിക്കുന്ന വ്യത്യസ്തമായ വിഷയങ്ങളെ അധികരിച്ചുള്ള ലഘുചിത്രങ്ങളും ഡോക്യുമെന്ററികളുമാണ് വിബ്ജിയോറില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.


ഫീച്ചര്‍ സിനിമയിലായാലും ഡോക്യുമെന്ററിയിലായാലും പീഢിതരുടെ പക്ഷത്താണ് ശശി എക്കാലവും നിലകൊണ്ടത്. ആണധികാര വ്യവസ്ഥയെ കുറിച്ച് ഇപ്പോള്‍ നിരവധി സിനിമകള്‍ പുറത്തിറങ്ങുന്നുണ്ടെങ്കിലും ഈ വിഷയത്തില്‍ 1991 ല്‍ തന്നെ സിനിമ പുറത്തിറക്കിയ വിപ്ലവകാരിയാണ് ശശി. ഇലയും മുള്ളും എന്ന പേരില്‍ പുറത്തിറങ്ങിയ ഈ സിനിമ സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന സാമൂഹ്യവും സാമ്പത്തികവും ലൈംഗികവുമായ പ്രശ്‌നങ്ങളെ സ്ത്രീപക്ഷത്ത് നിന്ന് നോക്കി കാണുന്ന മികച്ച ചിത്രമാണ്. പെണ്ണിന്റെ അധ്വാനത്തെ നിരന്തരം ചൂഷണം ചെയ്ത് ജീവിക്കുകയും അവരെ ലൈംഗികമായും മാനസികമായും ശാരീരികമായും പീഢിപ്പിക്കുകയും ചെയ്യുന്ന ആണുങ്ങളുടെ അഹന്തക്കെതിരെയുള്ള ശക്തമായ വിമര്‍ശനമാണ് ഇലയും മുള്ളും മുന്നോട്ട് വെക്കുന്നത്. നിരവധി മേളകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി.


അദ്ദേഹത്തിന്റെ ഏക് അലഗ് മൗസം എന്ന സിനിമ എച്ച്.ഐ.വി ബാധിതരുടെ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. സാമൂഹ്യമായി ഒരു കാലത്ത് ബഹിഷ്‌കരിക്കപ്പെട്ട എച്ച്.ഐ.വി ബാധിതരെ സാമൂഹ്യമായി സംയോജിപ്പിക്കാന്‍ ഈ സിനിമ സഹായിച്ചിട്ടുണ്ടാവണം. ശ്ശ് സൈലന്‍സ് പ്ലീസ് എന്നീ ഫീച്ചര്‍ സിനിമ കൂടി ശശിയുടേതായിട്ടുണ്ട്. 1984 ല്‍ ദൂരദര്‍ശന് വേണ്ടി സയന്‍സ് റ്റു പീപ്പിള്‍ (`Science to People') എന്ന ഡോക്യുമെന്ററി സിനിമ നിര്‍മിച്ച് കൊണ്ടാണ് കെ.പി ശശി സിനിമയിലേക്ക് കടന്ന് വന്നത്. കേരളത്തിലെ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തെ കുറിച്ചുള്ളതാണ് ഈ ചിത്രം. പിന്നീട് ട്രോളിങ്ങ് ഉയര്‍ത്തുന്ന പരിസ്ഥിതി പ്രശ്‌നത്തെ കുറിച്ചും ഇതിനെതിരെ തീരദേശ ജനത നടത്തിയ പോരാട്ടങ്ങളെ കുറിച്ചും വി.ഹു മെയ്ക്ക് ഹിസ്റ്ററി, ദാറ്റ് ആംഗ്രി അറേബിയന്‍ സീ (We Who Make History' and `That Angry Arabian Sea) എന്നീ ഡോക്യുമെന്ററികള്‍ 1985 ല്‍ പുറത്തിറക്കിയത്.


ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡിന്റെ കീഴില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ മൂലം ഉണ്ടാകുന്ന റേഡിയേഷന്റെ അപകടത്തെ കുറിച്ചുള്ള ലിവിങ്ങ് ഇന്‍ ഫിയര്‍, നിരോധിക്കപ്പെട്ട മരുന്നുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്ന ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരെയുള്ള ഇന്‍ ദ നെയിം ഓഫ് മെഡിസിന്‍, നര്‍മദ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എ വാലി റെഫ്യൂസസ് റ്റു ഡൈ, ഗുജറാത്തിലെ ഭൂകമ്പബാധിതരുടെ പ്രശ്‌നങ്ങളെ കുറിച്ചുള്ള വോയിസസ് ഫ്രം എ ഡിസാസ്റ്റര്‍, കാശിപ്പൂരിലെ ആദിവാസികള്‍ ബോക്‌സൈറ്റ് ഖനനത്തിനെതിരെ നടത്തിയ പ്രക്ഷോഭത്തെ അധികരിച്ച് നിര്‍മിച്ച ഡവലപ്‌മെന്റ് അറ്റ് ഗണ്‍പോയിന്റ്, വെള്ളത്തിന്റെ സ്വകാര്യവല്‍ക്കരണത്തെ കുറിച്ചുള്ള ദ സോഴ്‌സ് ഓഫ് ലൈഫ് ഫോര്‍ സെയില്‍, 2005 ലെ നോബല്‍ പുരസ്‌കാരം ലഭിച്ച വനിതകളുടെ പ്രസ്ഥാനത്തെ കുറിച്ചുള്ള റീഡിഫൈനിങ്ങ് പീസ്-വിമന്‍ ലീഡ് ദ വെയ്, 2004 ലെ സുനാമിയെ അതിജീവിക്കന്‍ കഴിഞ്ഞ മനുഷ്യരുടെ ജീവിതപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ദ ടൈം ആഫ്റ്റര്‍ സുനാമി, ഫാബ്രിക്കേറ്റഡ്!, വോയ്‌സസ് ഫ്രം ദ റൂയിന്‍സ് തുടങ്ങി തോട്ടം തൊഴിലാളികളുടെയും തീരദേശവാസികളുടെയും കുറിച്ചുമൊക്കെ നിരവധി ഡോക്യുമെന്ററികള്‍ അദ്ദേഹത്തിന്റെ വകയായുണ്ട്. അമേരിക്ക-അമേരിക്ക, ഗാവോ ചോഡാബി നഹി എന്നീ മ്യൂസിക് വീഡിയോകളും ഏറെ ചര്‍ച്ചചെയ്യപ്പെട്ടവയാണ്. മനുഷ്യര്‍, പ്രത്യേകിച്ചും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ശശി കാണിച്ച താല്‍പര്യം എടുത്ത് പറയേണ്ടതാണ്. അദ്ദേഹത്തിന്റെ അപ്പുക്കുട്ടന്‍ ഇന്‍ ടൈംസ് എന്ന ഹ്രസ്വചിത്രം ഏഷ്യാനെറ്റ് 30 ലധികം തവണ ടെലികാസ്റ്റ് ചെയ്തിട്ടുണ്ടത്രേ.


സിനിമയില്‍ മാത്രമല്ല കാര്‍ട്ടൂണിലും സ്വന്തം സമരോല്‍സുകത പ്രകടിപ്പിച്ച കലാകാരനാണ് അദ്ദേഹം. ഇന്‍ പോസ്റ്റേര്‍സ് എന്ന പുസ്തകം സമകാലീന സാമൂഹ്യപ്രശ്‌നങ്ങളെ കീറിമുറിക്കുന്ന മികച്ച കാര്‍ട്ടൂണുകളുടെ സമാഹാരമാണ്. കീടനാശിനികളെ സംബന്ധിച്ച് അദ്ദേഹം രചിച്ച വെന്‍ ദ ബേര്‍ഡ്‌സ് സ്റ്റോപ്പ് സിങ്ങിങ്ങ് എന്ന പുസ്തകവും പ്രസിദ്ധമാണ്. കീടനാശിനികള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് ഒരു പഠനവും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ശശിയുടെ ആകസ്മികമായ മരണം ഇന്ത്യയിലെങ്ങും നടക്കുന്ന ജനകീയ പോരാട്ടങ്ങള്‍ക്ക് വലിയ നഷ്ടമായിരിക്കും എന്ന് തീര്‍ച്ച.

Similar Posts