നാടകം ജീവിതമാക്കിയ മഹാ കുടുംബം
|രാജ്യത്ത് സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന, 138 വര്‍ഷത്തെ പാരമ്പര്യമുള്ള ഒരു തിയറ്റര്‍ ഗ്രൂപ്പിനെ മ്യൂസിയം പീസ് എന്ന നിലയില്‍ നാടകോത്സവത്തിന് പരിചയപ്പെടുത്തുകയായിരുന്നു ഇവരെ ക്ഷണിച്ചതിലൂടെ ലക്ഷ്യം വെച്ചതെന്ന് ഇറ്റ്‌ഫോക്ക് സംഘാടകര്‍ പറയുന്നു. |Itfok2023
മൂവായിരത്തോളം അംഗങ്ങളുള്ള, വടവൃക്ഷം പോലെ വളര്‍ന്ന് പന്തലിച്ച മഹാ നാടക കുടുംബം - തെലുങ്കാനയിലെ സുരഭി തിയറ്റര്‍ ഗ്രൂപ്പ്. മഹാരാഷ്ട്രയില്‍ നിന്ന് പഴയ ആന്ധ്രയിലെ കടപ്പയില്‍ എത്തിയ വനരസ ഗോവിന്ദറാവുവാണ് 1885 ല്‍ സുരഭി തിയറ്റര്‍ രൂപവത്ക്കരിച്ചത്. ഗോവിന്ദറാവുവിന്റെ അഛന്‍ തോല്‍പ്പാവക്കൂത്ത് നടത്തി വരികയായിരുന്നു. ഹൈന്ദവ പുരാണകഥകളാണ് പാവ നാടകത്തിന് തെരഞ്ഞെടുത്തത്. പാവനാടകത്തിനായി അഛന്റെ ടൂറിങ്ങ് നാടക കമ്പനിക്കൊപ്പം ഗോവിന്ദറാവുവും കടപ്പയില്‍ എത്തി. അഛന്റെ കാലശേഷം പാവക്കൂത്ത് ഗോവിന്ദറാവു ഏറ്റെടുത്തു. പിന്നീട് പാവകളുടെ സ്ഥാനത്ത് അഭിനേതാക്കളെ അണിനിരത്തി സുരഭി തിയറ്റര്‍ രൂപവത്കരിച്ചു. കീചകവധമായിരുന്നു പ്രഥമ നാടകം. ഗോവിന്ദറാവുവിന് മൂന്ന് ആണ്‍കുട്ടികള്‍ അടക്കം പത്ത് മക്കളാണ് ഉണ്ടായിരുന്നത്. രണ്ട് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് മക്കള്‍ റാവുവിനൊപ്പം നാടകസംഘത്തില്‍ അംഗങ്ങളായി. അവരുടെ വിവാഹ ശേഷം റാവുവിന്റെ മരുമക്കളും ചേര്‍ന്നു. ആ കുടുംബം വളര്‍ന്നു. സുരഭി കുടുംബം എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു.
കടപ്പയിലടക്കം സുരഭി ഗ്രാമങ്ങളും ഇതേ പേരില്‍ കോളനികളുമുണ്ട്. ഗോവിന്ദറാവു തന്റെ മക്കള്‍ക്ക് വെവ്വേറെ സുരഭി സംഘങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. 1970 വരെ 60 ഓളം സുരഭി സംഘങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴത് 52 ആയി ചുരുങ്ങി. കഴിഞ്ഞ 138 വര്‍ഷമായി ഈ സംഘങ്ങള്‍ പുരാണ കഥകളും പുരാതന ശൈലിയില്‍ തന്നെ അവതരണങ്ങളും നടത്തി വരുന്നു. അഭിനേതാക്കള്‍ വേദിയില്‍ പാടി അഭിനയിക്കുകയാണ് ചെയ്യുക. വിസ്മയിപ്പിക്കുന്ന ഗിമ്മിക്കുകളാണ് അവതരണത്തിന്റെ ഒരു പ്രത്യേകത.
റാവുവിന്റെ പിന്‍തലമുറക്കാരന്‍ ജയചന്ദ്രവര്‍മ രൂപവത്കരിച്ച വെങ്കിടേശ്വര സുരഭി ഗ്രൂപ്പാണ് ഇറ്റ്‌ഫോക്കില്‍ മായാബസാര്‍ അവതരിപ്പിച്ചത്. അവതരണത്തില്‍ അടക്കം സംഘം നിരവധി വെല്ലുവിളികള്‍ നേരിടുന്നു. 'ജയചന്ദ്രവര്‍മയുടെ 57 വയസുള്ള അമ്മ പത്മജവര്‍മയാണ് 'മായാബസാറി'ല്‍ ശ്രീകൃഷ്ണനായി അഭിനയിച്ചത്. പ്രായത്തിന്റെ ചുളിവുകള്‍ ഇവരുടെ ശബ്ദത്തിലും പ്രകടമായിരുന്നു. അരങ്ങില്‍ പാടുന്ന അഭിനേതാക്കള്‍ക്ക് ശബ്ദ ഭംഗിയും ശ്രുതിയും താളവുമൊന്നുമില്ല. പാടി അഭിനയിക്കണമെന്നതുകൊണ്ട് രംഗത്ത് അവര്‍ പാടുന്നു എന്ന് മാത്രം. തന്നെയുമല്ല, കഥയുടെ കാലഘട്ടത്തെക്കുറിച്ച ബോധം ചില അഭിനേതാക്കള്‍ക്കില്ല എന്ന് തോന്നി. പുരാണ കഥാപാത്രങ്ങളില്‍ രണ്ടു പേര്‍ വുഡ്‌ലാന്റ്‌സ് ഷൂവും ബാറ്റ ചെരിപ്പും ധരിച്ചാണ് രംഗത്ത് വന്നത്. മലയാളി പ്രേക്ഷകര്‍ക്ക് ഇത് ദഹിക്കാവുന്നതിനപ്പുറമായാല്‍ അതിശയിക്കേണ്ടതില്ലല്ലൊ. അവര്‍ പ്രതികരിച്ചു. ഇറ്റ്‌ഫോക്ക് സംഘാടകര്‍ക്ക് നേരെയാണ് ചിലര്‍ തിരിഞ്ഞത്.
രാജ്യത്ത് സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന, 138 വര്‍ഷത്തെ പാരമ്പര്യമുള്ള ഒരു തിയറ്റര്‍ ഗ്രൂപ്പിനെ മ്യൂസിയം പീസ് എന്ന നിലയില്‍ നാടകോത്സവത്തിന് പരിചയപ്പെടുത്തുകയായിരുന്നു ഇവരെ ക്ഷണിച്ചതിലൂടെ ലക്ഷ്യം വെച്ചതെന്ന് ഇറ്റ്‌ഫോക്ക് സംഘാടകര്‍ പറയുന്നു. പക്ഷേ, സംഘത്തെ അത്തരത്തില്‍ സംഘാടകര്‍ പരിചയപ്പെടുത്തിയുമില്ല. അതേസമയം, നാടകത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സംവിധായകനും അണിയറ പ്രവര്‍ത്തകരുമാണ് ശ്രദ്ധിക്കേണ്ടതെന്ന് ഇറ്റഫോക്ക് ഡയറക്ടര്‍മാരിലൊരാളായ ദീപന്‍ ശിവരാമന്‍ അഭിപ്രായപ്പെട്ടു. തീര്‍ച്ചയായും സംഗീതവും അഭിനയവുമെല്ലാം മികച്ചതായിരിക്കണം. കാസ്റ്റിങ്ങിലും ശ്രദ്ധിക്കണം. മായാബസാര്‍ ഇതിനു മുമ്പ് ഞാന്‍ നാലു തവണ കണ്ടിട്ടുണ്ട്. ഇത്രയും മോശമായ അവതരണം ഇതാദ്യമാണ് - ദീപന്‍ പറഞ്ഞു.
അവതരണത്തിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ നിരവധി പ്രതിസന്ധികള്‍ താന്‍ നേരിടുന്നുണ്ടെന്ന് സംവിധായകന്‍ ജയചന്ദ്രവര്‍മ പറയുന്നു. സുരഭി തിയറ്ററിനെക്കുറിച്ചും ഭാവിയെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു:
നിരവധി പ്രതിസന്ധികളിലൂടെയാണ് ഞങ്ങള്‍ കടന്നു പോകുന്നത്. 1980കളില്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടറായിരുന്ന കെ.വി. രമണാചാരിയാണ് ഇന്നത്തെ സുരഭി തലമുറയെ രക്ഷിച്ചത്. അല്ലായിരുന്നെങ്കില്‍ 40 വര്‍ഷം മുമ്പ് ഇത് നിലച്ചേനെ. അദ്ദേഹം ഞങ്ങളെ ഒരു തരത്തില്‍ പുനരധിവസിപ്പിക്കുകയായിരുന്നു. ഞങ്ങള്‍ക്കായി പ്രത്യേകം കോളനിയുണ്ടാക്കി. വീടുകള്‍ നല്‍കി. മറ്റു പിന്തുണയുമേകി.
എന്റെ മുത്തഛന്‍ ആര്‍. നാഗേശ്വരറാവു സ്ഥാപിച്ച ടൂറിങ്ങ് തിയറ്റര്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഓരോ പ്രദേശത്തും നിശ്ചിത ദിവസത്തേക്ക് ടെന്റ് കെട്ടിയായിരുന്നു അവതരണം. ടിക്കറ്റ് വെച്ചാണ് കളിച്ചിരുന്നത്. വലിയ വരുമാനവുമായിരുന്നു. ആഴ്ചയില്‍ അഞ്ച് കളികള്‍ ഉണ്ടാകുമായിരുന്നു. കൊറോണക്കു തൊട്ടുമുമ്പ് അത് മൂന്നായി ചുരുങ്ങി. കൊറോണ വന്നതോടെ തിയറ്റര്‍ അടച്ചു പൂട്ടേണ്ടി വന്നു.
ഞങ്ങളുടെ ജീവിതമാണ് നാടകം. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രതികരണം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. അവര്‍ക്കുവേണ്ടത് കൊടുക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും. പ്രേക്ഷകര്‍ സുരഭിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് പുരാണ നാടകങ്ങളാണ്. ബി.വി കാരന്തിന്റെ സംവിധാനത്തില്‍ മൂന്ന് സാമൂഹിക നാടകം ചെയ്തു. പക്ഷേ, പരാജയമായിരുന്നു. പുരാണനാടകമല്ല എന്നതായിരുന്നു കാരണം.
സംവിധായകന്‍ ജയചന്ദ്രവര്‍മ
ഒരു പുരാണ നാടകം തയാറാക്കാന്‍ ചുരുങ്ങിയത് അഞ്ച് ലക്ഷം ചെലവുണ്ട്. പക്ഷേ, ഇപ്പോള്‍ കുടുംബാംഗങ്ങളില്‍ പലരും അഭിനയരംഗത്തേക്ക് വരാന്‍ തയാറാവുന്നില്ല. അതാണ് ഞങ്ങള്‍ നേരിടുന്ന വലിയ പ്രതിസന്ധി. ഇറ്റ്‌ഫോക്കില്‍ പ്രത്യേക അവതരണത്തിനായി ഞങ്ങളെ ക്ഷണിച്ചതാണ്. അതിനായി നാടകം സജ്ജമാക്കാന്‍ ഞാന്‍ പലരെയും സമീപിച്ചു. അവരാരും തയാറായില്ല. അങ്ങിനെ വന്നപ്പോഴാണ് അമ്മയെ അഭിനിയിപ്പിക്കേണ്ടി വന്നത്. പുതുതലമുറക്ക് അര്‍പ്പണബോധമില്ലാത്തതാണ് പ്രശ്‌നം. വലിയ തെറ്റുകള്‍ ഞാന്‍ വരുത്തിയിട്ടുണ്ട്. ഞാനതില്‍ ബോധവാനുമാണ്. നിലവിലെ അഭിനേതാക്കളെ മാറ്റല്‍ പ്രയാസമാണ്. പക്ഷേ, എന്റെ അവസാന ശ്വാസം വരെയും ഈ സംഘത്തെ നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിക്കും.