Analysis
അരികു ജീവിതങ്ങളെ അനാവരണം ചെയ്യുന്ന നാഗരി സിനിമകള്‍
Analysis

അരികു ജീവിതങ്ങളെ അനാവരണം ചെയ്യുന്ന നാഗരി സിനിമകള്‍

ഹനീന റഹ്മാന്‍
|
4 Oct 2024 4:00 PM GMT

അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന ഒരു കൂട്ടം മനുഷ്യരുടെയും, ആധുനികവത്കരണത്തിന്റെ പുറംമോടിയില്‍ ഇല്ലാതായിത്തീരുന്ന പ്രകൃതി വിഭവങ്ങളുടെയും കഥകള്‍ പറയുകയാണ് നാഗരി സിനിമകള്‍.

പതിവ് സിനിമ സ്‌ക്രീനുകളില്‍ നിറഞ്ഞുനില്‍ക്കുന്ന 'പോളിഷ്ഡ് ' ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ വശങ്ങളാണ് നാഗരി സിനിമകള്‍ ചര്‍ച്ചചെയ്യുന്നത്. ഒരു പൗരന് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെയും, ആധുനിക വത്കരണത്തിന്റെ പുറംമോടിയില്‍ ഇല്ലാതായിത്തീരുന്ന പ്രകൃതി വിഭവങ്ങളുടെയും കഥ പറയുകയാണ് 'akhaa din akhi raath', 'Remember silsako','pipe dream','A work in progress' എന്നീ ഡോകുമന്ററി സിനിമകള്‍. രാജ്യം സന്ദര്‍ശിക്കാന്‍ പ്രമുഖന്മാര്‍ വരുമ്പോള്‍ നീളന്‍ തുണി കൊണ്ടും ഷീറ്റുകള്‍ കൊണ്ടും മറക്കപ്പെടുന്ന ചേരികളുടെയും അനൗപചാരികമായി കുടിയേറി താമസിക്കുന്നവരുടെയും ദുരിതങ്ങള്‍ വരച്ചു കാണിക്കുന്നതില്‍ നാഗരി സിനിമകള്‍ വിജയിച്ചിട്ടുണ്ട്.

അഖാ ദിന്‍ അഖി രാത്

ഗുജറാത്ത് കലാപത്തിന്റെ പരിണിത ഫലമായി നരോദ പാട്യയില്‍ നിന്നും കുടിയിറക്കപ്പെട്ട് അഹമ്മദ്ബാദിലെ 'പിരാന' എന്ന ചവറു കൂനയ്ക്ക് അടിയില്‍ താമസിക്കേണ്ടിവന്ന ജനതയുടെ നിസ്സഹായാവസ്ഥ 'akhaa din akhaa raat' ല്‍ കാണാം. ചപ്പു ചവറുകളും വിഷ രാസവസ്തുക്കളും പുകയും കൊണ്ട് മൂടിയ വാസയോഗ്യമല്ലാത്ത ഈ പ്രദേശം ഇവര്‍ക്ക് നല്‍കിയത് ഭരണകൂടം തന്നെയാണ്. ഒരു മഴ പെയ്താല്‍, മാലിന്യ കൂമ്പാരത്തില്‍ നിന്നുള്ള വെള്ളം തെരുവിലേക്ക് ഒഴുകി കെട്ടിക്കിടക്കുന്നു. അതിനാല്‍ തന്നെ ജലജന്യ രോഗങ്ങളും ഇവിടെ വ്യാപകമാണ്. ഗുജറാത്ത് കലാപത്തിന് ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ മനുഷ്യരുടെ അവസ്ഥയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്ന് ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു.


റിമമ്പര്‍ സില്‍സാക്കോ'

അസമിലെ ഗുഹാവത്തി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന 'സില്‍സാക്കോ' എന്ന തടാകത്തിന് കാലക്രമേണയുണ്ടായ പരിവര്‍ത്തനത്തെ കുറിച്ച് സംസാരിക്കുന്ന സിനിമയാണ് 'Remember silsako'. ഒരു കാലത്ത് ആ പ്രദേശത്തുള്ള ജനതയുടെ പ്രധാന ഉപജീവനമായിരുന്നു സില്‍സാക്കോ. ക്രമരഹിതമായ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇന്ന് അതിന്റെ വ്യാപ്തി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നിത്യ ചെലവിന് മറ്റൊരു മാര്‍ഗവുമില്ലാതിരുന്നവര്‍ സില്‍സാക്കോയില്‍ നിന്നും കിട്ടുന്ന മത്സ്യവിഭവങ്ങളെ ആശ്രയിച്ചായിരുന്നു ജീവിച്ചിരുന്നത്. എന്നാല്‍, കാലാവസ്ഥ വ്യതിയാനവും വികസന പ്രവര്‍ത്തനങ്ങളും മാലിന്യങ്ങളും ഇന്ന് സില്‍സാക്കോയെ മാറ്റി മറിച്ചിരിക്കുന്നു. സില്‍സാക്കോയുടെ അവസ്ഥയെ കുറിച്ച് മാത്രമല്ല, പ്രകൃതി വിഭവങ്ങളുടെ ഭാവിയിലേക്ക് കൂടെയുള്ള എത്തിനോട്ടമാണ് ഈ സിനിമ.


പൈപ്പ് ഡ്രീം

പേര് സൂചിപ്പിക്കുന്നത് പോലെതന്നെ, ഒരു പ്രദേശത്തിന്റെ വെള്ളത്തിനായുള്ള സ്വപ്നത്തേയും, അതിനുവേണ്ടി തന്റെ ജീവിതം തന്നെ സമര്‍പ്പിക്കുകയും ചെയ്ത 'ജയ് മാതി' എന്ന വ്യക്തിയെ കുറിച്ച് പറയുന്ന സിനിമയാണ് 'പൈപ്പ് ഡ്രീം'. മുംബൈയിലെ ഒരു ചേരി പ്രദേശത്തു താമസിക്കുന്ന ജയ് മാതി തന്റെ നാട്ടിലെ ജനങ്ങള്‍ക്ക് വ്യവസ്ഥാപിതമായി കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി മുപ്പത് വര്‍ഷമായി പോരാടുകയാണ്. അധികൃതരുടെ ഭാഗത്തു നിന്ന് എപ്പോഴെങ്കിലും കിട്ടുന്ന ഒരു മറുപടി, അത് തന്റെ ആവശ്യങ്ങള്‍ക്ക് പ്രതികൂലമായ മറുപടിയാണെങ്കില്‍ കൂടി തനിക്ക് സന്തോഷമാണെന്നാണ് ജയ് മാതി പറയുന്നത്. അത്രതോളം അവഗണനയാണ് അവര്‍ അധികൃതരില്‍ നിന്നും നേരിടുന്നത്. ഒരുപാട് പേര്‍ അധികാരികള്‍ക്കും മറ്റും പണം കൊടുത്തുകൊണ്ട് വീടുകളില്‍ വെള്ളമെത്തിക്കുന്നുണ്ട്. എന്നാല്‍, കുടിവെള്ളം മനുഷ്യന്റെ അവകാശമാണെന്നും അത് പോരാടി നേടിയെടുക്കേണ്ടതാണെന്നും ആണ് ജയ് മാതി പറയുന്നത്. മുപ്പത് വര്‍ഷത്തിനിടയില്‍ ചെറിയതോതിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ ജയ ്മാതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് കഴിഞ്ഞിട്ടുണ്ട്.


എ വര്‍ക്ക് ഇന്‍ പ്രോഗ്രസ്സ്

ഭോപ്പാലില്‍ നഗര വികസനത്തിന്റെ ഭാഗമായി വന്ന കെട്ടിട നിര്‍മാണ അവശിഷ്ടങ്ങള്‍, അവിടെയുള്ള സാധാരണക്കാര്‍ എങ്ങനെ ഉപയോഗപ്രദമാകുന്നു എന്നാണ് 'A work in progress' എന്ന സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള അവശിഷ്ടങ്ങളുടെ പുനഃചംക്രമണത്തിനായി സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള സംവിധാനം രാജ്യത്തുള്ള ആകെ മാലിന്യങ്ങളുടെ ഒരു ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളു. ബാക്കി വരുന്നവയെ ഇവിടുത്തെ ജനങ്ങള്‍ എത്ര മനോഹരമാണ് തങ്ങളുടെ നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്നത് എന്ന് നമുക്ക് കാണാന്‍ പറ്റും.


പിരാന എന്ന ചവറു കൂനയെ കുറിച്ചും അവിടുത്തെ മനുഷ്യരെ കുറിച്ചും ഒരുപക്ഷെ നാം ആദ്യമായിട്ടായിരിക്കും കേള്‍ക്കുന്നത്. സില്‍സാക്കോയും ജയ് മാതിയും ഇന്ന് നമ്മുടെ ശ്രദ്ധയില്‍ പതിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ അരികുവത്കരിക്കപ്പെട്ട ജനങ്ങളുടെ നിസ്സഹായാവസ്ഥയെ പുറത്തു കൊണ്ടുവരുന്നതില്‍ നാഗരി സിനിമകള്‍ വലിയ പങ്കുവഹിക്കുന്നു.

Similar Posts