Analysis
ഇസ്രായേല്‍ സേന പിടിച്ചുകൊണ്ടുപോകുന്ന ഫലസ്താന്‍ കുട്ടികള്‍
Analysis

പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ 'ടീനേജ് മെയില്‍സ് ' എന്ന് വിളിച്ച കുട്ടികളെ കുറിച്ച്

ഷിംന സീനത്ത്
|
28 Nov 2023 5:00 AM GMT

ഇസ്രായേല്‍ സേന പിടിച്ചുകൊണ്ടുപോയ മകന്റെ മോചനത്തിനുവേണ്ടി ഫലസ്തീന്‍ ഡോക്ടര്‍ ഹുദാ ദഹബോര്‍ നടത്തിയ പോരാട്ടത്തിന്റെ കഥ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ നതാന്‍ ത്രാലിന്റെ 'എ ഡേ ഇന്‍ ദി ലൈഫ് ഓഫ് ആബെദ് സലാമ' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഇസ്രായോല്‍ സേന അന്യായമായി തടവിലാക്കുന്ന ഫലസ്തീന്‍ കുട്ടികളെ കുറിച്ച്.

പുത്തന്‍ ചിറകുമുളച്ച പോലെ പറന്നുവന്ന് ഉമ്മമാരെ പുല്‍കുന്ന ഫലസ്തീന്‍ കുഞ്ഞുങ്ങളെ ശ്രദ്ധിക്കുകയായിരുന്നു. പതിനാറോ പതിനേഴോ വയസ് കാണും. ചിലപ്പോള്‍ അതിലും കുറവ്. എന്നായിരിക്കുമവര്‍ തടങ്കലിലെത്തിയിട്ടുണ്ടാവുക. എന്തെല്ലാം പീഡനപര്‍വ്വം കടന്നായിരിക്കും അവരീ പ്രകാശത്തിലേക്ക് തിരിച്ചിറങ്ങിയിട്ടുണ്ടാവുക. അന്ത്യചുംബനം നല്‍കി കുഴിമാടത്തിലേക്കയക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് ഭീകരമാണ് അന്താരാഷ്ട്രനിയമങ്ങള്‍ക്ക് പുല്ല് വില കല്‍പിക്കുന്ന ഒരു രാഷ്ട്രം തന്റെ കുട്ടികളെ അറസ്റ്റ് ചെയ്യുന്നത്. പിന്നീടങ്ങോട്ട് മാതാപിതാക്കളുടെ മനസ് ഉലയിലെ ലോഹം പോലെയായിരിക്കും.

ഹാദിയുടെയും സുഹൃത്തുക്കളുടെയും നേരെ ഇസ്രായേല്‍ പൊലീസ് വെടിയുതിര്‍ത്തു. ആണ്‍കുട്ടികളുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിട്ടില്ലെന്നാണ് ദൃക്സാക്ഷി വിവരണം. ഞങ്ങള്‍ കോക്ക് കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ വെറുതെ വെടിയുതിര്‍ത്തതാണെന്നാണ് ഹാദി ഉമ്മയോട് പറഞ്ഞത്. അവന്റെ സുഹൃത്ത് മരണപ്പെട്ടു. ശേഷം, അവനും സുഹൃത്തുക്കളും സൈനികരെ നേരിടാന്‍ തുടങ്ങി.

അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ നതാന്‍ ത്രാലിന്റെ 'എ ഡേ ഇന്‍ ദി ലൈഫ് ഓഫ് ആബെദ് സലാമ' എന്ന പുസ്തകത്തില്‍ ഫലസ്തീന്‍ ഡോക്ടര്‍ ഹുദാ ദഹബോറിന്റെയും മകന്‍ ഹാദിയുടെയും കഥ പറയുന്നുണ്ട്. ഇസ്രായേല്‍ സേന കൊണ്ടുപോയ തന്റെ മകനെ തിരിച്ചു ലഭിക്കാന്‍ ഹുദ നടത്തിയ അലച്ചില്‍. ആ അലച്ചിലിന്റെ പൊള്ളുന്നലിപി ഫലസ്തീനിലെ സകലഉമ്മമാര്‍ക്കും ഹൃദ്യസ്ഥമാണ്. അതേ ലിപി വര്‍ഷങ്ങളായി ശീലിച്ചവരാണ് നാം കണ്ട ആ ഉമ്മമാര്‍. എത്ര ചേര്‍ത്ത് പിടിച്ചിട്ടും മതിവരാത്ത സ്‌നേഹത്തിന്റെ അസാധ്യലയനങ്ങള്‍.


ഓരോ വര്‍ഷവും 500 മുതല്‍ 700 വരെ കുഞ്ഞുങ്ങളെയാണ് ഇസ്രായേല്‍ സേന പിടിച്ചു കൊണ്ടുപോവാറ്. പ്രധാന ആരോപണം കല്ലെറിയലാണ്. ഇരുപത്വര്‍ഷം വരെ തടവ് ലഭിച്ചേക്കാം. 'സേവ് ദി ചില്‍ഡ്രന്‍' റിപ്പോര്‍ട്ട് അനുസരിച്ച് ക്രൂരമായ ശാരീരിക, ലൈംഗീക ആക്രമങ്ങള്‍ ആണ് അവര്‍ ജയിലില്‍ നേരിടുന്നത്. ഭക്ഷണവും വെള്ളവും ഉറക്കവും തടയുന്നു. വളര്‍ന്നു വരുന്ന ഒരു ഫലസ്തീന്‍ കുഞ്ഞ് ഇസ്രായേല്‍ സൈന്യത്തിനെതിരെ കല്ലെടുക്കുന്നതെങ്ങനെയാണെന്നാണ് ഹുദയുടെയും മകന്‍ ഹാദിയുടെയും കഥയിലൂടെ നതാന്‍ ത്രാല്‍ പറഞ്ഞു വെക്കുന്നത്. 1995സെപ്റ്റംബറില്‍ ഭര്‍ത്താവിനും കുഞ്ഞുമക്കള്‍ക്കുമൊപ്പമാണ് ഹുദ വെസ്റ്റ് ബാങ്കിലേക്ക് താമസം മാറുന്നത്. ഓസ്‌ലോ കരാറിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന സമയം. കുഞ്ഞുങ്ങളെ നഗരത്തിനുള്ളിലുള്ള സ്‌കൂളിലയക്കാന്‍ അന്ന് ഹുദക്ക് കഴിഞ്ഞു. എന്നാല്‍, കാലക്രമേണ നിയമങ്ങള്‍ കടുത്തു. ഫലസ്തീന്‍ വംശജര്‍ക്ക് പ്രത്യേകനിയമങ്ങള്‍ വന്നു തുടങ്ങി. ഒരു ദിവസം ഇസ്രായേല്‍ സൈന്യം സ്‌കൂള്‍ ബസ് തടഞ്ഞ് വച്ചു. രാത്രി വരെ കുഞ്ഞുങ്ങളെ ലഭിക്കാതെ ഹുദയും മറ്റ് മാതാപിതാക്കളും അലഞ്ഞു. അന്നനുഭവിച്ച അരക്ഷിതാവസ്ഥയില്‍ കുഞ്ഞുങ്ങളെ മറ്റൊരു സ്‌കൂളിലയക്കാന്‍ ഹുദ തീരുമാനിച്ചു. മൂത്തമകന്‍ ഹാദി വളരെ ശാന്തസ്വഭാവക്കാരന്‍ ആയിരുന്നു. എന്നാല്‍, കുട്ടികള്‍ പോയി തുടങ്ങിയപ്പോഴാണ് പുതിയ സ്‌കൂള്‍ സാഹചര്യം അതിലും മോശമാണെന്നവര്‍ തിരിച്ചറിഞ്ഞത്.


ഡോക്ടര്‍ ഹുദാ ദഹബോര്‍ കുടുംബത്തോടൊപ്പം

സ്‌കൂളിന് വെളിയില്‍ മിക്ക സമയവും ഇസ്രായേല്‍ പൊലീസ് ഉണ്ടാകും. കുട്ടികളെ പ്രകോപിപ്പിക്കലാണ് അവരുടെ തൊഴില്‍. കുഞ്ഞുങ്ങളെ തടയല്‍, മതിലിനു ചേര്‍ത്ത് നിര്‍ത്തല്‍, അനാവശ്യമായി തല്ലല്‍ ഇത്യാദി പ്രകടനങ്ങള്‍. ഇതില്‍ പ്രകോപിതരാകുന്ന വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യും. ഫലസ്തീന്‍ ജനതയെ മാനസികമായി തകര്‍ത്തു കളയാനുള്ള നയപരമായ തന്ത്രമാണിത്. പ്രകോപിതനായ ഒരു വിദ്യാര്‍ഥി ടാങ്കിനു നേരെ കല്ലെറിയുന്നതും തല്‍ക്ഷണം സൈന്യം വെടിവെച്ചു കൊല്ലുന്നതും ഒരിക്കല്‍ ഹുദ നേര്‍സാക്ഷിയായി. UNRWA യുടെ ഡോക്ടര്‍ കൂടിയായ അവര്‍ കുട്ടിയെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും ഇസ്രായേല്‍ പട്ടാളം അനുവദിച്ചില്ല. ചോരവാര്‍ന്ന് മരിച്ചു. അതവളില്‍ വലിയ സമ്മര്‍ദം ജനിപ്പിച്ചു. എപ്പോള്‍ വേണമെങ്കിലും തന്റെ കുഞ്ഞുങ്ങള്‍ക്കും വെടിയേല്‍ക്കാമെന്ന ചിന്ത വലിയ രീതിയില്‍ ബാധിച്ചു. 2004 മെയ് ഇല്‍ അവള്‍ ഭയന്നത് തന്നെ സംഭവിച്ചു. ഹാദിയുടെയും സുഹൃത്തുക്കളുടെയും നേരെ ഇസ്രായേല്‍ പൊലീസ് വെടിയുതിര്‍ത്തു. ആണ്‍കുട്ടികളുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിട്ടില്ലെന്നാണ് ദൃക്സാക്ഷി വിവരണം. ഞങ്ങള്‍ കോക്ക് കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ വെറുതെ വെടിയുതിര്‍ത്തതാണെന്നാണ് ഹാദി ഉമ്മയോട് പറഞ്ഞത്. അവന്റെ സുഹൃത്ത് മരണപ്പെട്ടു. ശേഷം, അവനും സുഹൃത്തുക്കളും സൈനികരെ നേരിടാന്‍ തുടങ്ങി.


സുഹൃത്ത് മരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ തന്റെ പതിനഞ്ചാം വയസില്‍ അവനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. ആരോപണമെന്താണെന്ന് തനിക്കറിയണമെന്നുള്ള ഹുദയുടെ ആവശ്യം ഒട്ടും പരിഗണിക്കാതെ അവര്‍ ഹാദിയെ കൊണ്ടുപോയി. ഹുദ പല ഡിറ്റെന്‍ഷന്‍ സെന്ററുകളാില്‍ മകനെ അന്വേഷിച്ചു നടന്നു. ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിഞ്ഞില്ല. നാളുകള്‍ക്കു ശേഷം വക്കീലിന്റെ സഹായത്തോടെ ഹാദിയെ പാര്‍പ്പിച്ച ഡിറ്റെന്‍ഷന്‍ സെന്റര്‍ കണ്ടെത്താന്‍ കഴിഞ്ഞു. പിന്നീടങ്ങോട്ട് ക്ലേശത്തിന്റെ നാളുകളായിരുന്നു. കോടതി കയറി ഇറങ്ങല്‍. ഒരിക്കല്‍ കോടതി മുറിയില്‍വച്ച് കണ്ട മുഖത്തെ പൊള്ളിയ പാട് അവളെ ശ്വാസം മുട്ടിച്ചു. ദേഹമാകെ തല്ലിച്ചതച്ചിരുന്നു. അവന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അവളുറക്കെ പറഞ്ഞു. യാതൊരു ദയയും ലഭിച്ചില്ല. കല്ലെറിഞ്ഞെന്നതാണ് അവനെതിരെയുള്ള ആരോപണം. പത്തൊന്‍പത് മാസം ജയിലില്‍ കിടക്കാനാണ് ശിക്ഷ വിധിച്ചത്. സഹപാഠികളെ വച്ച് നോക്കുമ്പോള്‍ താരതമ്യേന കുറഞ്ഞ ശിക്ഷയായിരുന്നു അത്. 24 മണിക്കൂര്‍ യാത്ര ചെയ്ത് ഹുദ തന്റെ മകനെ സന്ദര്‍ശിക്കുന്നത് പതിവാക്കി. നാല്‍പത് മിനിറ്റാണ് സമയം അനുവദിക്കുക. ഒരു ഗ്ലാസ് പാര്‍ട്ടീഷന്റെ ഇരുഭാഗത്തുമായിട്ടാണ് നില്‍പ്. സംസാരിക്കാന്‍ ചെറിയ ദ്വാരമിടയിലുണ്ടാകും. 12നും 15നുമിടയില്‍ പ്രായമുള്ള ഒരുപാട് കുട്ടികള്‍.ഹുദക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അവിടുത്തെ വൈകാരിക രംഗങ്ങള്‍. കുട്ടികളെ തൊടാന്‍ അനുവാദമില്ലായിരുന്നു.ഓരോ ഫലസ്തീന്‍ ഭവനങ്ങളേയും ചൂഴ്ന്നിറങ്ങി നിലകൊള്ളുന്ന കൊടിയ യാതന കണ്ടനുഭവിച്ചു. പല കുടുംബവും ദരിദ്രരായിരുന്നു. അഭിഭാഷകരെ വെക്കാനുള്ള പണമില്ലാത്തതിനാല്‍ വര്‍ഷങ്ങളോളം പീഡനമനുഭവിക്കുന്നവര്‍. ഹുദ തനിക്ക് കഴിയുന്ന രീതിയിലൊക്കെ മറ്റു കുഞ്ഞുങ്ങള്‍ക്കും സഹായമെത്തിച്ചു നല്‍കി.


ഇസ്രായേല്‍ സൈന്യത്തില്‍ നിന്ന് ഫലസ്തീന്‍ ജനതയനുഭവിക്കുന്ന ക്രൂരത നതാന്‍ ത്രാലിന്റെ ഭാഷയില്‍ വായിക്കുമ്പോള്‍ ഉള്ള് പൊള്ളിച്ചുകളയും. നഷ്ടബാല്യത്തില്‍നിന്നും തീവ്രയാതനയില്‍ നിന്നുമിറങ്ങിയോടി വരുന്ന കുഞ്ഞുങ്ങളെ ഒന്ന് കൂടി പോയിനോക്കി. അവരൊന്നും പഴയതുപോലെ ആയിരിക്കില്ല. ഒരു തീയിലും പൊട്ടാത്ത പുറംതോട് നേടിയിട്ടുണ്ടാവുമവര്‍. ചെറുപ്രായത്തില്‍ തന്നെ കഠിന പരീക്ഷണങ്ങളിലൂടെ അകക്കാമ്പ് വേവിച്ചെടുത്തവര്‍. തങ്ങളുടെ മണ്ണിനു വേണ്ടി മരണം വരെ പോരാടുന്ന നിര്‍ഭയക്കൂട്ടം ഉണ്ടാകുന്നതിങ്ങനെയാണ്. പോരാടുകയല്ലാതെ മുന്‍പില്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല. ഗാസ വിട്ടോടിത്തുടങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ അഭയാര്‍ഥിയായി ഓടേണ്ടിവരുമെന്നവര്‍ക്കറിയാം.



Similar Posts