Analysis
നീങ്കള്‍ കേട്ടുകൊണ്ടിറിപ്പത് റേഡിയോ കോത്തഗിരി 90.4 എഫ്എം
Analysis

നീങ്കള്‍ കേട്ടുകൊണ്ടിറിപ്പത് റേഡിയോ കോത്തഗിരി 90.4 എഫ്എം

അജ്മല്‍ ഡി.എന്‍
|
28 Sep 2024 3:05 AM GMT

ശബ്ദമില്ലാത്തവരുടെ ശബ്ദമാവുകയാണ് റേഡിയോ കോത്തഗിരി.

കോത്തഗിരിയിലെ ദൈനംദിന ജീവിതം ആരംഭിക്കുന്നത് 'നീലഗിരിയില്‍ നീങ്കള്‍ കേട്ടുകൊണ്ടിറിപ്പത് റേഡിയോ കോത്തഗിരി 90.4 എഫ്എം. ഇന്നേക്ക് ...' എന്ന് തുടങ്ങുന്ന റേഡിയോ സന്ദേശം കേട്ടുകൊണ്ടാണ്.

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ കോത്തഗിരി വില്ലേജിലെ പതിനഞ്ച് കി.മീറ്റര്‍ ചുറ്റളവിലാണ് റേഡിയോ കോത്തഗിരി എന്ന കമ്യൂണിറ്റി റേഡിയോ പ്രവര്‍ത്തിക്കുന്നത്. 2013 ല്‍ പ്രവര്‍ത്തനമാരംഭിച്ച റേഡിയോ കോത്തഗിരി, നീലഗിരി ജില്ലയിലെ ആദ്യത്തെ കമ്യൂണിറ്റി റേഡിയോ ആണ്.

നവമാധ്യമങ്ങള്‍ ഉള്‍പ്പെടെ മുഖ്യധാര മാധ്യമങ്ങള്‍ കേള്‍ക്കാനും കാണാനും തയ്യാറാകാത്ത സമൂഹമാണ് ഗോത്ര വിഭാഗം. എന്നാല്‍, റേഡിയോ കോത്തഗിരി നിര്‍വഹിക്കുന്നത് അത്തരത്തിലുള്ള ഗോത്ര വിഭാഗങ്ങളുടെ ശബ്ദം ജനങ്ങളിലേക്കെത്തിക്കുക എന്നതാണ്. നീലഗിരിയിലെ കുടിയേറ്റ തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, കര്‍ഷകര്‍, കാര്‍ഷിക തൊഴിലാളികള്‍, കച്ചവടക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയ മേഖലകളിലും റേഡിയോ കോത്തഗിരി പ്രവര്‍ത്തിക്കുന്നു. കോവിഡ് മാഹാമാരിയുടെ ഘട്ടത്തില്‍ ജനങ്ങളുടെ ആശ്രയമായിരുന്നു റേഡിയോ കോത്തഗിരി.


വിവിധ കമ്യൂണിറ്റികളെ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരിക്കുന്നതിലും പൗരബോധം വളര്‍ത്തിയെടുക്കുന്നതിലും ഇവര്‍ വലിയ പങ്കു വഹിക്കുന്നു. സര്‍ക്കാരും, സര്‍ക്കാരേതര സ്ഥാപനങ്ങളും, വ്യക്തികളും റേഡിയോ കോത്തഗിരിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാറുണ്ട്. ശബ്ദമില്ലാത്തവരുടെ ശബ്ദമാകുക എന്ന മാധ്യമ ധര്‍മമാണ് റേഡിയോ കോത്തഗിരി നിര്‍വഹിക്കുന്നത്.

ഗോത്ര വിഭാഗങ്ങളെയാണ് റേഡിയോ കോത്തഗിരി പ്രധാനമായും ലക്ഷ്യംവെക്കുന്നത്. അതിന്റെ ഭാഗമായി ഗോത്രവിഭാഗങ്ങള്‍ക്കിടയിലെ ദൈനംദിന വാര്‍ത്തകള്‍ അവരിലേക്ക് എത്തിക്കുന്നു. തമിഴില്‍ കൂടാതെ നീലഗിരി ബയോസ്ഫിയര്‍ റിസര്‍വിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന ഗോത്ര വിഭാഗങ്ങളുടെ പ്രാദേശിക ഭാഷകളിലും വാര്‍ത്തകള്‍ സംപ്രേഷണം ചെയുന്നു. അതിലൂടെ കാലക്രമത്തില്‍ അപചയ പാതയില്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ഗോത്രഭാഷകളുടെ പുനര്‍ജീവന്‍ കൂടി സാധ്യമാക്കുകയാണ് റേഡിയോ കോത്തഗിരി. നിലവില്‍ 25 ലധികം ഗ്രാമങ്ങളില്‍ റേഡിയോ കോത്തഗിരിയുടെ സന്ദേശമെത്തുന്നു.

കീസ്റ്റോണ്‍ ഫൗണ്ടേഷന്‍

റേഡിയോ കോത്തഗിരിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കോത്തഗിരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന keystone foundation എന്ന എന്‍ജിഒ ആണ്. ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ എക്കാലത്തും അവഗണനയും, അപരവത്കരണവും നേരിടുന്ന വിഭാഗങ്ങളില്‍ ഒന്നാണ് ഗോത്ര വിഭാഗങ്ങള്‍. കാലങ്ങളായി സമൂഹത്തിന്റ മുഖ്യധാരയില്‍ നിന്ന് അവഗണിച്ച് മാറ്റിനിര്‍ത്തപ്പെടുന്ന ഇത്തരം ഗോത്ര വിഭാഗങ്ങള്‍ക്കായി നിലകൊള്ളുന്ന ഒരു എന്‍ജിഒ ആണ് keystone foundation. കേരളത്തില്‍ വയനാട് ജില്ലയിലെ വിവിധ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും കീസ്റ്റോണ്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗോത്ര വിഭാഗത്തിലെ ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങളെ മെച്ചപ്പെടുത്തല്‍, പരമ്പരാഗത ഗോത്രഭാഷകള്‍ക്കൊപ്പം മറ്റു ഭാഷകള്‍ പഠിപ്പിക്കല്‍, ഗോത്രജനതയെ വനാവകാശങ്ങളെ കുറിച്ച് ബോധവാന്മാരാക്കല്‍, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങി ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനും ശക്തീകരണത്തിനും ആയി നിരവധി പദ്ധതികളാണ് ഇവര്‍ നടപ്പാക്കിക്കെണ്ടിരിക്കുന്നത്.

ജനാധിപത്യ സമൂഹങ്ങള്‍, സര്‍വതല സ്പര്‍ശിയായ സാമൂഹിക പുരോഗതി കൈവരിച്ചതായി അവകാശപ്പെടുമ്പോഴും അതിന്റെ പരിധിക്കുള്ളില്‍ പെടാതെ പോകുന്ന ഒരു പറ്റം മനുഷ്യര്‍ക്കും, അവരുടെ ശബ്ദങ്ങളെ അവഗണിക്കുന്ന സര്‍ക്കാരുകള്‍ക്കും ഇടയില്‍ ഇടനിലകരായി നിന്ന് ലഭേഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് കീസ്റ്റോണ്‍ ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള എന്‍ജിഒകള്‍.


അവര്‍ പ്രവര്‍ത്തിക്കുന്ന സമൂഹങ്ങളിലെ ആരോഗ്യ-വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക, ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുക, നൂതന ആശയങ്ങളെ ഉള്‍കൊള്ളാന്‍ പാകത്തില്‍ ജനങ്ങളെ മാറ്റിയെടുക്കുക, പലകാരണങ്ങളാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സാമൂഹത്തിന്റ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തുക എന്നിങ്ങനെയുള്ള നിരവധിയായ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് എന്‍ജിഒകളുടെ പ്രവര്‍ത്തനം.

നിരവധികളായ പദ്ധതികളിലൂടെ ഗോത്രവിഭാഗ ജനതക്കിടയില്‍ നിരന്തരവും, നിര്‍ണായകവുമായ ഇടപെടലുകള്‍ നടത്തികൊണ്ടിരിക്കുന്ന keystone foundation ന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് 'റേഡിയോ കോത്തഗിരി'എന്ന പേരില്‍ ആരഭിച്ച കമ്യൂണിറ്റി റേഡിയോ. അപരിഷ്‌കൃതത്വത്തിന്റെയും അപരവിദ്വേഷത്തിന്റെയും ചാപ്പ കുത്തി പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെടുന്ന സമൂഹങ്ങളെ ചേര്‍ത്ത് പിടിക്കുന്ന, അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന മഹത്തായ ദൗത്യമാണ് കീസ്റ്റോണ്‍ ഫൗണ്ടേഷനും റേഡിയോ കോത്തഗിരിയും നിര്‍വഹിക്കുന്നത്.

Similar Posts