Analysis
വിപ്ലവം ഭരണകൂടമാകുന്നു
Analysis

വിപ്ലവം ഭരണകൂടമാകുന്നു

പി.ടി നാസര്‍
|
24 Jan 2023 10:39 AM GMT

'കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി കൂടുന്നതുവരെ രാജ്യഭരണം നടത്താന്‍ ഒരു താല്‍ക്കാലിക തൊഴിലാളി - കര്‍ഷക ഗവണ്‍മെന്റ് രൂപീകരിക്കുന്നു എന്ന ആമുഖത്തോടെയാണ് ജനകീയ കമ്മീസാര്‍ കൗണ്‍സിലിന്റെ രൂപീകരണം പ്രഖ്യാപിച്ചത്. കൗണ്‍സിലില്‍ ട്രോട്‌സ്‌കിയുടേയും സ്റ്റാലിന്റേയും വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും അവരുടെ നിലപാടുകളും സോവിയറ്റ് യൂണിയന്റെ ചരിത്രത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. ട്രോട്‌സ്‌കിയെ ആഭ്യന്തര വകുപ്പ് ഏല്‍പ്പിക്കണം എന്നായിരുന്നു ലെനിന്റെ ആഗ്രഹം. ആ നിര്‍ദേശം ലെനിന്‍ മുന്നോട്ടുവെച്ചതുമാണ്. എന്നാല്‍, ട്രോട്‌സ്‌കി അത് നിരസിച്ചു. കാരണം മതപരമാണ്! | ചുവപ്പിലെ പച്ച - ഭാഗം 09

'ഒരു പഴയ കൊടുങ്കാട് വെട്ടിത്തെളിക്കുമ്പോള്‍ ചിന്നിച്ചിതറുന്ന ഓരോ മരപ്പൂളിനെക്കുറിച്ചും ബൂര്‍ഷ്വാസമുദായത്തിന്റെ ചോറ്റുനായ്ക്കള്‍ മോങ്ങുകയും ഓരിയിടുകയും ചെയ്തുകൊള്ളട്ടെ. തൊഴിലാളിവര്‍ഗത്തിന്റെ നേരെ ഓരിയിടാനല്ലെങ്കില്‍ പിന്നെന്തിനാണ് ചോറ്റുനായ്ക്കള്‍? അവ ഒരിയിട്ടുകൊള്ളട്ടെ. നാം നമ്മുടെ വഴിക്ക് പോകും'.

വിപ്ലവത്തിന്റെ രാത്രിയില്‍ ലെനിന്‍ പറഞ്ഞതാണിത്. 1917 ഒക്ടോബര്‍ 25 ന്റെ രാത്രിയില്‍. സ്‌മോള്‍നി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സോവിയറ്റുകളുടെ പ്രതിനിധികളുടെ അഖിലറഷ്യാ കോണ്‍ഗ്രസ് ഇളകി മറിഞ്ഞുകൊണ്ടിരിക്കെ. തുടങ്ങിക്കഴിഞ്ഞ, പാതിവഴി പിന്നിട്ടു കഴിഞ്ഞ, ആ വിപ്ലവം എങ്ങോട്ടാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ആര്‍ക്കും തിട്ടമില്ലാത്ത ആ ഇരമ്പുന്ന രാത്രിയില്‍.

ബൂര്‍ഷ്വാസിയുടെ ചോറ്റുനായ്ക്കള്‍ എന്ന് ലെനിന്‍ ആക്ഷേപിച്ചത് മറ്റാരേയുമായിരുന്നില്ല, മെന്‍ഷേവിക്കുകളെയല്ലാതെ. അക്കൂട്ടരും ഒറ്റയ്ക്കായിരുന്നില്ല. സോഷ്യലിസ്റ്റ് റവലൂഷണറികളും സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ മറ്റെല്ലാ ഗ്രൂപ്പുകളും റെയില്‍വേ തൊഴിലാളി യൂണിയനും കര്‍ഷക സംഘടനകളും ബുന്ദ് പോലുള്ള ട്രേഡ് യൂണിയനുകളുമെല്ലാം ലെനിന്റെ വിപ്ലവത്തിനു നേരെ ശബ്ദമുയര്‍ത്തുന്നുണ്ടായിരുന്നു.


ആ കോണ്‍ഗ്രസ്സിന്റെ പൊതുസ്വഭാവം എന്തായിരുന്നുവെന്ന് ജോണ്‍ റീഡ് പലവട്ടം പറയുന്നുണ്ട്. ലെനിന്‍ ഭൂമിയെക്കുറിച്ചുള്ള ഡിക്രി അവതരിപ്പിച്ചതിനു ശേഷമുള്ള കാഴ്ചയിങ്ങനെ: 'ചര്‍ച്ച തുടങ്ങിയില്ല. അപ്പോഴേക്കും ഇടനാഴിയില്‍ തിങ്ങിക്കൂടിയിരുന്ന ആളുകളെ തള്ളിമാറ്റിക്കൊണ്ട് ഒരാള്‍ ക്ഷുഭിതനായി പ്രസംഗവേദിയിലേക്ക് കടന്നുവന്നു. കര്‍ഷക സോവിയറ്റുകളുടെ നിര്‍വ്വാഹകസമിതി അംഗമായ പ്യാനിഹ് ആയിരുന്നു അത്. അയാള്‍ കലിതുള്ളുകയായിരുന്നു.

'ഞങ്ങളുടെ സഖാക്കളെ, മന്ത്രിമാരായ സലാസ്‌കിനേയും മാസ്ലോവിനേയും അറസ്റ്റു ചെയ്തതില്‍ അഖിലറഷ്യാ കര്‍ഷക പ്രതിനിധികളുടെ സോവിയറ്റുകളുടെ നിര്‍വാഹകസമിതി പ്രതിഷേധിക്കുന്നു... സദസ്സിനുനേരെ അയാള്‍ കര്‍ക്കശ സ്വരത്തില്‍ വിളിച്ചു പറഞ്ഞു, 'അവരെ ഉടന്‍ വിട്ടയക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഉടന്‍. ഒരുനിമിഷംപോലും കളയാനില്ല'.

തൊട്ടുപുറകെ മറ്റൊരാള്‍ സംസാരിച്ചു. പപ്രശ്ശമായ താടിയും തീപാറുന്ന കണ്ണുകളുമുള്ള ഒരു പട്ടാളക്കാരന്‍. ' നിങ്ങള്‍ ഇവിടിരുന്ന് കൃഷിക്കാര്‍ക്ക് ഭൂമി കൊടുക്കുന്നതിനെപ്പറ്റി സംസാരിക്കുകയാണ്. അതേസമയം ആ കൃഷിക്കാര്‍ തെരഞ്ഞെടുത്ത പ്രതിനിധികള്‍ക്കെതിരെ മര്‍ദകരേയും അധികാര കയ്യേറ്റക്കാരേയും പോലെയാണ് നിങ്ങള്‍ പെരുമാറുന്നത്. ഒരുകാര്യം പറഞ്ഞേക്കാം ' - അയാള്‍ മുഷ്ടിചുരുട്ടി. 'അവരുടെ തലനാരിഴപോലും തൊട്ടാല്‍ ഇവിടെ ഒരു കലാപം നടക്കും'. ആള്‍ക്കൂട്ടത്തില്‍ അസ്വസ്ഥമായ ഒരു ഇളക്കം കണ്ടു.

അപ്പോള്‍ ട്രോട്‌സ്‌കി എഴുന്നേറ്റു. സോഷ്യലിസ്റ്റ് റവല്യൂഷണറി മന്ത്രിമാരും മെന്‍ഷേവിക് മന്ത്രിമാരുമായ മാസ്ലോവ്, സലാസ്‌കിന്‍, ഗ്വൊസ്‌ദ്യോവ്, മല്യാന്തോവിച്ച് എന്നിവരെ മോചിപ്പിക്കാന്‍ വിപ്ലവസൈനികകമ്മറ്റി തത്വത്തില്‍ തീരുമാനിച്ചതായി ട്രോട്‌സ്‌കി അറിയിച്ചു. എന്നാല്‍ 'കെരന്‍സ്‌ക്കിയുടെ വഞ്ചനാപരമായ ചെയ്തികളില്‍ അവര്‍ക്കുള്ള പങ്കിനെപ്പറ്റി ഞങ്ങള്‍ ഒരന്വേഷണം നടത്തുന്നതുവരെ അവരെ വീട്ടുതടങ്കലില്‍ വെക്കുന്നതാണ് ' എന്നും പ്രഖ്യാപിച്ചു.

പ്യാനിഹ് അലറി: 'ഇവിടെ നടക്കുന്നതുപോലുള്ള കാര്യങ്ങള്‍ ഇതുവരെ ഒരൊറ്റ വിപ്ലവത്തിലും കണ്ടിട്ടില്ല' - ട്രോട്‌സ്‌ക്കി തിരിച്ചടിച്ചു: 'നിങ്ങള്‍ക്ക് തെറ്റുപറ്റി, ഇത്തരം കാര്യങ്ങള്‍ ഈ വിപ്ലവത്തില്‍ത്തന്നെ നമ്മള്‍ കണ്ടിട്ടുണ്ട്. ജൂലൈ ദിവസങ്ങളില്‍ ഞങ്ങളുടെ നൂറുക്കണക്കിന് സഖാക്കളെ അറസ്റ്റുചെയ്തു, ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതനുസരിച്ച് സഖാവ് കൊല്ലന്തായിയെ വിട്ടയച്ചപ്പോള്‍ സാറിസ്റ്റ് രഹസ്യപ്പോലീസിലെ രണ്ട് ഏജന്റുമാരെ അവരുടെ വീട്ടുപടിക്കല്‍ നിര്‍ത്തി' - കര്‍ഷകര്‍ മുറുമുറുത്തുകൊണ്ട് പിന്‍വാങ്ങിയപ്പോള്‍ പുറകില്‍ പരിഹാസപൂര്‍ണമായ ചൂളംവിളികള്‍ കേട്ടു.

പ്രസംഗങ്ങള്‍ തുടരുകയാണ്. ഭൂമിയെക്കുറിച്ചുള്ള ഡിക്രി കുറച്ചുമുമ്പ് ലെനിന്‍ അവതരിപ്പിച്ചതേയുള്ളു. അതിനെക്കുറിച്ചാണ് ചര്‍ച്ച. ഇടതുപക്ഷ സോഷ്യലിസ്റ്റ് റവലൂഷണറികളുടെ പ്രതിനിധിയാണ് സംസാരിക്കുന്നത്. ഭൂമി സംബന്ധിച്ചുള്ള ഡിക്രി തങ്ങളുടെ പാര്‍ട്ടി ചര്‍ച്ചചെയ്യുന്നതിന് മുമ്പ് അതേക്കുറിച്ചുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ലെന്ന് അയാള്‍ പറഞ്ഞു.

ആദ്യം തങ്ങളുടെ പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യണമെന്നാണ് സാര്‍വദേശീയവാദി മെന്‍ഷേവിക്കുകളുടെ പ്രതിനിധിയും പറഞ്ഞത്. കര്‍ഷകര്‍ക്കിടയിലെ അരാജകവാദികളായ മാക്‌സിമലിസ്റ്റുകളുടെ നേതാവാണ് പിന്നെ പ്രസംഗിച്ചത്. 'ചപ്പടാച്ചിയൊന്നും കൂടാതെ ആദ്യ ദിവസംതന്നെ ഇതുപോലൊരുകാര്യം നടപ്പില്‍ വരുത്തിയ രാഷ്ട്രീയപാര്‍ട്ടി അഭിനന്ദനമര്‍ഹിക്കുന്നു'- അയാള്‍ പ്രഖ്യാപിച്ചു.

പിന്നാലെ, നീണ്ട മുടിയും ബൂട്ട്‌സും ആട്ടിന്‍തോല്‍ക്കോട്ടുമൊക്കെ അണിഞ്ഞ, ഒരു കര്‍ഷകന്റെ എല്ലാ ലക്ഷണങ്ങളുമുള്ള ഒരാള്‍ പ്രസംഗവേദിയില്‍ കയറി. എന്നിട്ട് ചോദിച്ചു: 'പുറത്ത് ചില കാഡറ്റ് കക്ഷിക്കാര്‍ കറങ്ങിനടപ്പുണ്ട്. നിങ്ങള്‍ സോഷ്യലിസ്റ്റുകാരായ ഞങ്ങളുടെ കൃഷിക്കാരെ അറസ്റ്റു ചെയ്യുന്നുണ്ടല്ലോ. എന്തുകൊണ്ട് അവരെ അറസ്റ്റു ചെയ്യുന്നില്ല?' - ഇത് കര്‍ഷകര്‍ക്കിടയില്‍ ചൂടുപിടിച്ച ഒരു തര്‍ക്കം ഇളക്കിവിട്ടു. തലേന്നുരാത്രി പട്ടാളക്കാരുടെ ഇടയില്‍ നടന്ന തര്‍ക്കംപോലെ തന്നെ - എന്നാണ് ജോണ്‍ റീഡിന്റെ ദൃക്‌സാക്ഷി വിവരണം.

ഈ തര്‍ക്കങ്ങള്‍ക്കിടയിലാണ് പുതിയ നിയമങ്ങള്‍ പിറക്കുന്നത്. വിപ്ലവ സര്‍ക്കാറിന്റെ മന്ത്രിസഭ, സോവ്‌നാര്‍കോം പിറന്നതുതന്നെ ഈ കോലാഹലങ്ങള്‍ക്കിടയിലാണല്ലോ. രാത്രി രണ്ടു മണിക്കാണ് ഭൂമിയെക്കുറിച്ചുള്ള ഡിക്രി വോട്ടിനിട്ടത്. അതു കഴിഞ്ഞ് രണ്ടരക്കാണ് ഗവണ്‍മെന്റിന്റെ രൂപീകരണം സംബന്ധിച്ച ഡിക്രി കാമിനോവ് വായിച്ചത്. 'കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി കൂടുന്നതുവരെ രാജ്യഭരണം നടത്താന്‍ ഒരു താല്‍ക്കാലിക തൊഴിലാളി - കര്‍ഷക ഗവണ്‍മെന്റ് രൂപീകരിക്കുന്നു എന്ന ആമുഖത്തോടെയാണ് ജനകീയ കമ്മീസാര്‍ കൗണ്‍സിലിന്റെ രൂപീകരണം പ്രഖ്യാപിച്ചത്.

കൗണ്‍സിലിന്റെ പൂര്‍ണരൂപം ഇതാണ്:

ചെയര്‍മാന്‍ - ലെനിന്‍

ആഭ്യന്തരം - റീക്കോവ്

കൃഷി - വി.പി മില്യൂത്തിന്‍

തൊഴില്‍-ഷല്യാപ്നിക്കവ്

വാണിജ്യം - വി.പി നൊഗീന്‍

വിദ്യഭ്യാസം - ലുനച്ചാര്‍സ്‌കി

ധനകാര്യം - സ്‌ക്വര്‍ത്സോവ്

വിദേശകാര്യം - ട്രോട്‌സ്‌കി

നീതിന്യായം - ലൊമോവ്

ഭക്ഷ്യം - തെയോദോറോവിച്ച്

തപാല്‍ - ആവിലോവ്

ദേശീയജനവിഭാഗങ്ങളുടെ കാര്യം - സ്റ്റാലിന്‍

ഇതില്‍, ട്രോട്‌സ്‌കിയുടേയും സ്റ്റാലിന്റേയും വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും അവരുടെ നിലപാടുകളും സോവിയറ്റ് യൂണിയന്റെ ചരിത്രത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്.

ട്രോട്‌സ്‌കിയെ ആഭ്യന്തര വകുപ്പ് ഏല്‍പ്പിക്കണം എന്നായിരുന്നു ലെനിന്റെ ആഗ്രഹം. ആ നിര്‍ദേശം ലെനിന്‍ മുന്നോട്ടുവെച്ചതുമാണ്. എന്നാല്‍, ട്രോട്‌സ്‌കി അത് നിരസിച്ചു. കാരണം മതപരമാണ്!

'ജൂതവിരോധം വ്യാപകമായുള്ള ഒരു സമൂഹത്തില്‍ ഒരു ജൂതന്‍ പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് അനുചിതമായിരിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. ജൂതന്മാര്‍ റഷ്യക്കാരെ അടിച്ചമര്‍ത്തുന്നതായി കരുതപ്പെടുമ്പോള്‍ അത് കൂട്ടക്കുരുതിയുടെ അന്തരീക്ഷം സൃഷ്ടിച്ചേക്കാം. താന്‍ വ്യക്തിപരമായല്ല; രാഷ്ട്രീയമായ തീരുമാനമാണ് എടുക്കുന്നതെന്ന് ട്രോട്‌സ്‌കി നിര്‍ബന്ധം പിടിച്ചു '- എന്ന് ട്രോട്‌സ്‌കിയുടെ ജീവചരിത്രത്തില്‍ റോബര്‍ട്ട് സര്‍വീസ് വിശദീകരിക്കുന്നുണ്ട്.


വിപ്ലവത്തിന് മുമ്പ് സര്‍ ഭരണകാലത്ത് റഷ്യന്‍ ഓര്‍ത്തോഡോക്‌സ് സഭ റഷ്യയുടെ ഔദ്യോഗിക സഭ ആയിരുന്നുവല്ലോ. എന്നുവെച്ചാല്‍ ക്രൈസ്തവ ആധിപത്യമുള്ള രാജ്യമായിരുന്നു റഷ്യ. അപ്പോള്‍ ജൂതന്മാര്‍ പരിഗണിക്കപ്പെട്ടില്ല. ഇപ്പോള്‍ സാഹചര്യം മാറുകയാണ്. ജൂതപ്രശ്‌നവും.

' റഷ്യയോട് ദേശാഭിമാനപരമായ കൂറില്ലാത്ത ഒരു വംശമായാണ് റഷ്യയിലെ ജൂതന്മാരെ ജൂതവിരുദ്ധര്‍ കണ്ടിരുന്നത്. രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനേക്കാള്‍ ലോകവിപ്ലവം വ്യാപിപ്പിക്കുക എന്നതില്‍ താല്‍പര്യമുണ്ടായിരുന്ന ഒരു സര്‍ക്കാറിന്റെ വിദേശകാര്യമന്ത്രിയായതിലൂടെ 'ജൂതപ്രശ്‌ന'' ത്തിന്റെ വ്യാപകമായി പ്രചാരത്തിലിരുന്ന ഒരു സ്ഥിരം മാതൃകയാണ് ട്രോട്‌സ്‌ക്കിയുടേതെന്ന് എല്ലാവരും കരുതി. വിപ്ലവ ഭരണകൂടത്തില്‍ എന്തെങ്കിലും സുപ്രധാന ജോലി സ്വീകരിച്ചിരുന്നുവെങ്കില്‍ റഷ്യയിലേയും വിദേശത്തേയും തീവ്രദേശീയവാദികള്‍ക്കിടയില്‍ വെറുപ്പിന് പാത്രമാകുമായിരുന്നു എന്നതായിരുന്നു സത്യം. അന്നത്തെ അവസ്ഥയില്‍ അദ്ദേഹം ഭൂമിയിലെ ഏറ്റവും വിശ്രൂതനായ ജൂതനായി മാറിക്കഴിഞ്ഞിരുന്നു. റഷ്യയിലെ അമേരിക്കയുടെ റെഡ്‌ക്രോസ് തലവന്‍ കേണല്‍ റെയ്മണ്ട് റോബിന്‍സ് സവിശേഷമായ രീതിയില്‍ അത് വിവരിക്കുകയുണ്ടായി. മോസ്‌ക്കോവിലെ ബ്രിട്ടീഷ് നയതന്ത്ര സംഘത്തിന്റെ തലവന്‍ റോബര്‍ട്ട് ലോക്ഹാര്‍ട്ടുമായി സംസാരിക്കുന്നതിനിടെ അദ്ദേഹം ട്രോട്‌സ്‌കിയെ 'നാലാംതരം

നായിന്റെമോനാണെങ്കിലും ക്രിസ്തുവിന് ശേഷമുള്ള ഏറ്റവും മഹാനായ ജൂതന്‍' എന്ന് വിശേഷിപ്പിച്ചു. ഇതിനു പുറമെ ആനുപാതിക പ്രാതിനിധ്യത്തിലേറെ ജൂതന്മാരുണ്ടായിരുന്ന സോവ്‌നാര്‍കോമിലെ ഏറ്റവും പ്രസിദ്ധനായ ജൂതനും ട്രോട്‌സ്‌കിയായിരുന്നു. ബോള്‍ഷേവിക് കേന്ദ്ര നേതൃത്വത്തിലും ഇതു തന്നെയായിരുന്നു അവസ്ഥ. പ്രതിഭാധനന്മാരായ ജൂതന്മാരുടെ സേവനം വേണ്ടെന്നു വെച്ചിരുന്നെങ്കില്‍ ലെനിന് മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയുമായിരുന്നില്ല' - എന്നാണ് റോബര്‍ട്ട് സര്‍വീസ് നിരീക്ഷിക്കുന്നത്.

റഷ്യയിലെ ജൂതപ്രശ്‌നം വിപ്ലവത്തിന്റെ പശ്ചാത്തലത്തിലും പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് ജൂതന്‍ എന്ന വിശേഷണം വംശീയതയേക്കാള്‍ മതവിശ്വാസത്തെ പ്രകടമാക്കുന്നതായിരുന്നു. ഈ അടിസ്ഥാനത്തിലാണ് പൊലീസ് റിപ്പോര്‍ട്ടുകളും 1897 ലെ സെന്‍സസും തയ്യാറാക്കിയത്. എന്നാല്‍, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ഒട്ടേറെ ജൂതന്മാര്‍ മതവിശ്വാസം ഉപക്ഷിച്ചു. ചിലര്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നു. ഒട്ടനേകംപേര്‍ നിരീശ്വരവാദികളായി. റഷ്യന്‍ രാജകീയ നിയമമനുസരിച്ച് ക്രിസ്തുമതം സ്വീകരിച്ചാല്‍ അവര്‍ ജൂതന്മാരല്ലെന്ന് കണക്കാക്കുമായിരുന്നു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ ചേരുന്നതിലൂടെ അവര്‍ക്ക് റഷ്യക്കാരെന്ന അംഗീകാരം കിട്ടി.

നേരെമറിച്ച് സോവിയറ്റ് ഭരണത്തില്‍ ജൂതന്‍ എന്നത് ദേശീയതയുടെ അടയാളമായി മാറി. ജൂതമതത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും മാതാപിതാക്കള്‍ ജൂതരാണെങ്കില്‍ അവരെ ജൂതന്മാരായി കണക്കാക്കി. 1897 ലെ സെന്‍സസ്‌കാലത്ത് റഷ്യന്‍ സാമ്രാജ്യത്തില്‍ 52 ലക്ഷം ജൂതന്മാരുണ്ടായിരുന്നു. മറ്റ് ദേശീയജനവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള വിപുലമായ ഭൂപ്രദേശങ്ങള്‍ ഉണ്ടായിരുന്നു. ജൂതന്മാര്‍ക്ക് അതില്ലായിരുന്നു. അതുകൊണ്ട് അവരെ ഒരു ദേശീയജനവിഭാഗമായി കരുതാന്‍ ചില മാര്‍ക്‌സിസ്റ്റുകാര്‍ക്ക് മടിയുണ്ടായിരുന്നു. ട്രോട്‌സ്‌കിയുടെ ജീവചരിത്രത്തില്‍ റോബര്‍ട്ട് സര്‍വീസ് ഇതൊക്കെയും വിശദമാക്കുന്നുണ്ട്. അതില്‍ 'ട്രോട്‌സ്‌കിയും ജൂതന്മാരും' എന്നൊരു അധ്യായം തന്നെയുണ്ട്.

റഷ്യയിലെ ജൂതന്മാരെക്കുറിച്ച് മാത്രമല്ല, റഷ്യയിലെ വിപ്ലവ പാര്‍ട്ടികളെക്കുറിച്ചും മനസിലാക്കാന്‍ ഈ വിശദീകരണം അത്യാവശ്യമാണ്. 'വിജാതീയരായ അധികാരികളുടെ മുന്നില്‍ തങ്ങളുടെ മാതാപിതാക്കള്‍ക്ക് കുമ്പിടുകയും തലചൊറിയുകയും ചെയ്യേണ്ടിവന്ന അവസ്ഥകളില്‍നിന്ന് മാറി സ്വയം തലയുയര്‍ത്തി നില്‍ക്കാന്‍ കഴിഞ്ഞ വിദ്യാസമ്പന്നരായ ആയിരക്കണക്കിന് ജൂതന്മാരില്‍ ഒരാളായിരുന്നു ട്രോട്‌സ്‌കി. സ്വപ്നങ്ങളുള്ള യുവാക്കള്‍ക്ക് മുന്നേറാന്‍ രണ്ട് വഴികളുണ്ടായിരുന്നു. ഒന്ന്, നിയമവിധേയമായി. രണ്ടാമത്, നിയമവിരുദ്ധമായി. യൂറോപ്പിന്റെ മറ്റുഭാഗങ്ങളില്‍ എന്നപോലെ റഷ്യയിലും ജൂതന്മാര്‍ക്ക് ഉയര്‍ന്ന തൊഴിലുകളിലും കലാരംഗത്തും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ജൂതകുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നാണ് റഷ്യന്‍ സാമ്രാജ്യത്തിലെ പ്രമുഖ ഡോക്ടര്‍മാരും അഭിഭാഷകരും ഉയര്‍ന്നുവന്നത്. കലയിലും ശാസ്ത്രവിഷയങ്ങളിലും ജൂതന്മാരുടെ സംഭാവന വര്‍ധിച്ചുവന്നു.

വിപ്ലവ പാര്‍ട്ടികളില്‍ ചേരുകയായിരുന്നു രണ്ടാമത്തെ മാര്‍ഗം. ജൂത വിശ്വാസത്തിന്റെ കര്‍ക്കശമായ പരിശീലനത്തിലൂടെ കടന്നുവന്ന യുവാക്കള്‍ക്ക് മാര്‍ക്‌സിസ്റ്റ് പ്രമാണങ്ങളുടെ മതേതരവിശ്വാസം അനുയോജ്യമായി തോന്നി. മാര്‍ക്‌സിസത്തിലും ജൂതമതത്തിലും തലനാരിഴ കീറിയുള്ള തര്‍ക്കങ്ങള്‍ സാധാരണമായിരുന്നു. വിഭാഗീയശത്രുതകള്‍ ജൂതജീവിതത്തിന്റേയും ഒരു സവിശേഷതയായിരുന്നു. മുമ്പ് തീര്‍ത്തും മതപ്രതിഭാസമായിരുന്നു നല്ലനാളെയിലുള്ള വിശ്വാസം. അത് വിപ്ലവസോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലും കടന്നു കൂടി.

ജൂതത്തൊഴിലാളികള്‍ക്ക് സ്വന്തമായി 'ബുന്ദ്' എന്ന തൊഴിലാളിയൂണിയന്‍ ഉണ്ടായിരുന്നതായി കണ്ടല്ലോ. 1903ലെ രണ്ടാം പാര്‍ട്ടികോണ്‍ഗ്രസ്സില്‍ നിന്ന് ബുന്ദിസ്റ്റുകള്‍ ഇറങ്ങിപ്പോയെങ്കിലും 1906ലെ നാലാം കോണ്‍ഗ്രസ്സില്‍ ലെനിന്റെ ബോള്‍ഷെവിക്കുകള്‍ അടക്കം എല്ലാവിഭാഗങ്ങളും ബുന്ദിസ്റ്റുകളെ പാര്‍ട്ടിയുടെ അവിഭാജ്യഭാഗമായി അംഗീകരിച്ചിട്ടുണ്ട്.

1917 ലെ ഫെബ്രുവരി വിപ്ലവത്തിനും ഒക്ടോബര്‍ വിപ്ലവത്തിനും ഇടയിലുള്ള അഴകൊഴമ്പന്‍ സാഹചര്യത്തില്‍ ബുന്ദിന് നല്ലതോതില്‍ രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നു. ബോള്‍ഷേവിക്കുകള്‍ അധികാരം പിടിച്ചെടുക്കുന്നതുവരെ സോവിയറ്റുകളില്‍ ആധിപത്യം ചെലുത്തിയിരുന്നത് സോഷ്യലിസ്റ്റുകളുടെ ഐക്യമുന്നണിയായിരുന്നുവല്ലോ. എല്ലാ സോഷ്യലിസ്റ്റ് വിപ്ലവപാര്‍ട്ടികളിലും ആ ഘട്ടത്തില്‍ ജൂതന്മാര്‍ക്ക് നല്ല സ്വാധീനമുണ്ടായിരുന്നു. മുന്നണിയുടെ നായകനിരയിലുണ്ടായിരുന്ന മാര്‍ക് ലിബര്‍ പ്രമുഖനായൊരു ജൂത നേതാവായിരുന്നു. മെന്‍ഷേവിക് നേതൃനിരയില്‍ ഫെദോര്‍ദാനും യൂലി മാര്‍ട്ടോവുമുണ്ട്. സോഷ്യലിസ്റ്റ് റെവല്യൂഷണറി പാര്‍ട്ടി നേതൃത്വത്തില്‍ അബ്രാം ഗോട്‌സ് ഉണ്ട്. ചുരുക്കത്തില്‍, ജൂതന്മാര്‍ക്ക് അത് നല്ലകാലമായിരുന്നു.

അത് തകര്‍ത്തുകൊണ്ട് ബോള്‍ഷെവിക്കുകള്‍ അധികാരം പിടിച്ചടക്കിയത് ജൂത മതനേതൃത്വത്തിന് ആശങ്കയുണ്ടാക്കി. ബോള്‍ഷേവിക്കുകളുമായി ഒരുതരത്തിലും ബന്ധപ്പെടരുത് എന്ന് നിര്‍ദ്ദേശിക്കാനായി ഒരു പ്രതിനിധിസംഘത്തെ ജൂത മതനേതാക്കള്‍ ഒരിക്കല്‍ ട്രോട്‌സ്‌കിയുടെ അടുത്തേക്ക് അയക്കുകപോലുമുണ്ടായി. ജൂത പുരോഹിതനായ റാബി മാസി മോസ്‌ക്കോവില്‍വെച്ച് ഒരിക്കല്‍ പറഞ്ഞു: 'പണയക്കരാര്‍ ഒപ്പിടുന്നത് ലെവ് ദാവീദോവിച്ച് ട്രോട്‌സ്‌കിയാണ്. പക്ഷേ അതിന് വില കൊടുക്കേണ്ടിവരുന്നത് ലീയ്ബാ ബ്രോണ്‍സ്റ്റീനായിരിക്കും'. ട്രോട്‌സ്‌കിയുടെ ജനനസമയത്തിട്ട ജൂതപ്പേരാണ് 'ലീയ്ബാ ബ്രോണ്‍സ്റ്റീന്‍'. ജനിച്ചപ്പോള്‍ മതപരമായ ആചാരങ്ങളോടെ ഇട്ട പേര്. 23 വയസ്സുവരെ അങ്ങനെയാണ് അറിയപ്പെട്ടിരുന്നതും. പിന്നീടാണ് ട്രോട്‌സ്‌കി എന്ന തൂലികാനാമം സ്വീകരിച്ചത്.

ഇത്രയും ജൂതന്മാരുടെ കാര്യം. സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് രാജ്യത്തെ ഔദ്യോഗിക മതമായിരുന്ന റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കാര്യം പറയാതെതന്നെ അറിയാമല്ലോ! ക്രിസ്തുമതം എന്ന വാക്കിന്റെ പര്യായമായിരുന്നു റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ എന്നത്. 1914 ല്‍ 55,173 പള്ളികളും 25,953 ചാപ്പലുകളുമുണ്ട് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക്. 11,26,29 വികാരിമാരും ഡീക്കന്മാരും. 550 മഠങ്ങള്‍, 475 കന്യാസ്ത്രീ മഠങ്ങള്‍, അങ്ങനെയങ്ങനെ വലിയൊരു സ്ഥാപനമായിരുന്നു റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ. വന്‍തോതില്‍ ഭൂസ്വത്തുള്ള സ്ഥാപനം.

നിക്കോളസ് ചക്രവര്‍ത്തിയെ സ്ഥാനഭൃഷ്ടനാക്കിയതിന് പിന്നാലെ പെട്രോഗാര്‍ഡ് സോവിയറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബോള്‍ഷേവിക്കുകള്‍ ഭൂരിപക്ഷം നേടിയതോടെ നില മാറി. പാര്‍ട്ടിയും സഭയും നേര്‍ക്കുനേര്‍ വന്നുകഴിഞ്ഞു. വിപ്ലവത്തിനിടയില്‍ ലെനിന്‍ ഭൂമിയെക്കുറിച്ചുള്ള ഡിക്രി അവതരിപ്പിച്ചതോടെ പിരിമുറുക്കം കൂടി.

അതിന്റെ രണ്ടാം ഖണ്ഡിക ഇങ്ങനെയാണ്: 'കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലി കൂടുന്നതുവരെ ജന്മിമാരുടെ എസ്റ്റേറ്റുകളും രാജകുടംബത്തിന്റേയും മഠങ്ങളുടേയും പള്ളികളുടേയും വക എല്ലാ ഭൂമിയും അവയിലുള്ള കന്നുകാലികളും ഉപകരണങ്ങളും കെട്ടിടങ്ങളും വസ്തുവകകളും വേളൊസ്തുകളിലെ ഭൂസമിതികളിലേക്കും ജില്ലകളിലെ കര്‍ഷകപ്രതിനിധി സോവിയറ്റുകളിലേക്കും കൈമാറിയിരിക്കുന്നു'. സ്വാഭാവികമായും സഭ ബോള്‍ഷേവിക്കുകളോടും വിപ്ലവത്തോടും എന്ത് നിലപാട് എടുക്കുമെന്ന് ഉറപ്പിക്കാമല്ലോ.


ജൂതന്മാരും ക്രിസ്ത്യാനികളും വിപ്ലവത്തിന്റെ ശത്രുപക്ഷത്താണ്. പിന്നെയുള്ള വലിയ മതവിഭാഗം മുസ്‌ലിംകളാണ്. 25,000 മുസ്‌ലിം പള്ളികളുണ്ട് വിപ്ലവകാലത്ത്. രാജ്യത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തും മുസ്‌ലിംകളുണ്ട്. അവരോട് ബോള്‍ഷേവിക് നേതൃത്വം കൈക്കൊണ്ട സമീപനം മറ്റൊന്നായിരുന്നു.

ഈ പശ്ചാത്തലത്തില്‍ വേണം, വിപ്ലവഗവണ്‍മെന്റിന്റെ ആദ്യദിനങ്ങളിലെ തീരുമാനങ്ങളും അതിന്‍പ്രകാരം ഇറങ്ങിയ അഭ്യര്‍ഥനകളും പ്രഖ്യാപനങ്ങളുമെല്ലാം കാണാന്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 1917 ഡിസംബര്‍ 17ന് കമ്മീസാര്‍മാരുടെ കൗണ്‍സില്‍ പുറപ്പെടുവിച്ച അഭ്യര്‍ഥനയാണ്: ''റഷ്യയിലേയും കിഴക്കന്‍ രാജ്യങ്ങളിലേയും മുസ്‌ലിംകളോട് ' എന്ന തലക്കെട്ടില്‍ വന്ന അഭ്യര്‍ഥന.

അത് പുറത്തുവന്നതോടെ ബോള്‍ഷേവിക് വിപ്ലവത്തിന്റെ ചരിത്രം മാറുകയാണ്. ചുവപ്പില്‍ പച്ച കലര്‍ത്തുകയാണ്.

(തുടരും)

.........................................

1. ലോകത്തെ പിടിച്ചുകുലുക്കിയ പത്തു ദിവസങ്ങള്‍ - ജോണ്‍റീഡ്

2. ലെനിന്‍ ജീവചരിത്രം - ജി.ഡി ഒബീച്ക്കിന്‍

3. ട്രോട്‌സ്‌കി ജീവചരിത്രം - റോബര്‍ട്ട് സര്‍വീസ്,വിവര്‍ത്തനം - പി.റ്റി തോമസ്

4. USSR sixty years of the union 1922 - 1982- Progress Publishers moscow.

Similar Posts