Analysis
ആക്ഷന്‍ ഹീറോ അയ്യന്‍കാളി
Analysis

ആക്ഷന്‍ ഹീറോ അയ്യന്‍കാളി

അനൂപ് വി.ആര്‍
|
28 Aug 2024 2:18 PM GMT

ആധുനിക യൂറോപ്പിന്റെ റോഡുകളില്‍ മുഴുവന്‍ പുതിയ മോട്ടോര്‍ വാഹനങ്ങള്‍ നിറയുന്ന കാലത്താണ്, അയ്യന്‍കാളിയുടെ വില്ല് വണ്ടിയുടെ വേഗം താങ്ങാനുള്ള കരുത്ത് അന്നത്തെ തിരുവിതാംകൂറിന് ഇല്ലാതായി പോയത് - ആഗസ്റ്റ് 28: അയ്യന്‍കാളി ജയന്തി.

ആധുനിക കേരള ചരിത്രത്തില്‍ അയ്യന്‍കാളിയെ എവിടെ 'പ്ലേസ്' ചെയ്യും എന്ന ചോദ്യത്തിന് സാധ്യമാവുന്ന ഒരുപാട് മറുപടികള്‍ ഉണ്ട്. സാമൂഹിക പരിഷ്‌കര്‍ത്താവ്, പ്രക്ഷോഭകന്‍, സമുദായസംഘടനാ സ്ഥാപകന്‍ എന്നിങ്ങനെ ആ നിര നീളും. ഇതൊക്കെ ആയിരുന്നു അയ്യന്‍കാളി. പക്ഷേ, അതുക്കും മേലെ, നമ്മുടെ ചരിത്രത്തിലെ ഏറ്റവും വലിയ 'ആക്ഷന്‍ ഹീറോ' തന്നെയാണ് അയ്യന്‍കാളി. അത്രമേല്‍ അയ്യന്‍കാളി നടത്തിയ ആക്ഷനുകള്‍ നമ്മുടെ ചരിത്രത്തെകൊണ്ട് 'കയ്യടിക്കടാ' എന്ന് പറയിപ്പിച്ചിട്ടുണ്ട്. അതിന്റെ ആഴവും പരപ്പും മനസ്സിലാക്കണമെങ്കില്‍, ഇന്ന് ആഘോഷിക്കപ്പെടുന്ന അയ്യന്‍കാളിയുടെ രണ്ടേരണ്ടു ചിത്രങ്ങള്‍ മാത്രം നോക്കിയാല്‍ മതി. വില്ലുവണ്ടിയില്‍ ഇരിക്കുന്ന അയ്യന്‍കാളിയാണ് ആദ്യത്തേത്. പഞ്ചമിയുടെ കൈപിടിച്ചു നില്‍ക്കുന്ന അയ്യന്‍കാളിയാണ് രണ്ടാമത്തേത്. രണ്ട് ചിത്രങ്ങളും ഒരു ആവൃത്തി കൂടി സൂക്ഷിച്ച് നോക്കിയാല്‍, 'ഇരിക്കുകയും' 'നില്‍ക്കുകയും' ചെയ്യുന്ന അയ്യന്‍കാളി അതില്‍ തന്നെ മുന്നോട്ട് ആയുന്നത് കാണാം. അതായത് നിശ്ചലഛായാഗ്രഹണത്തിന്റെ പരിധിയേയും പരിമിതിയേയും അതിലംഘിക്കുന്നതാണ് അയ്യന്‍കാളിയുടെ 'ആക്ഷന്‍'. ഇനി ചിത്രങ്ങളുടെ വിശകലനത്തിലേക്ക് വരാം.

അയ്യന്‍കാളിയെക്കുറിച്ച് അടുത്തകാലത്ത് തമിഴ് സിനിമാ സംവിധായകന്‍ പാ രഞ്ജിത്ത് ഉള്‍പ്പടെ പലരും സിനിമ അനൗണ്‍സ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ഇതുവരെ അത് സംഭവിക്കാതിരുന്നതിന്റെ കാരണം, മലയാള സിനിമ ഉണ്ടായത് മുതല്‍ ഇപ്പോള്‍ വരെയുള്ള അതിന്റെ ഫ്യൂഡല്‍ മൂലധനവും സംഘാടനവും തന്നെയാണ്.

ആ വില്ല് വണ്ടിയില്‍ ഇരിക്കുന്നത് തന്നെയാണ്, അയ്യന്‍കാളിയുടെ സിഗ്‌നേച്ചര്‍ ഫോട്ടോ. വില്ല് വണ്ടി എന്ന് പറഞ്ഞാല്‍ അയ്യന്‍കാളി എന്ന് തന്നെ അര്‍ഥം ആയിട്ടും ഉണ്ട്. ആധുനിക യൂറോപ്പിന്റെ റോഡുകളില്‍ മുഴുവന്‍ പുതിയ മോട്ടോര്‍ വാഹനങ്ങള്‍ നിറയുന്ന കാലത്താണ്, അയ്യന്‍കാളിയുടെ വില്ല് വണ്ടിയുടെ വേഗം താങ്ങാനുള്ള കരുത്ത് അന്നത്തെ തിരുവിതാംകൂറിന് ഇല്ലാതായി പോയത്. ചരിത്രത്തിന്റെ നിശ്ചലാവസ്ഥയെ തന്റെ വേഗം കൊണ്ട് മറികടക്കുകയായിരുന്നു അയ്യന്‍കാളി. ആ സ്പീഡ് ആണ് പുതിയ കേരളത്തിന്റെ ഗതികോര്‍ജം ആയത്. അങ്ങനെയാണ് 'പൊതു' അല്ലാതിരുന്ന നിരത്തുകള്‍ ശരിക്കും പൊതുനിരത്തുകള്‍ ആയത്


'പൊതു' ആവുന്നതിനുള്ള അതേ ത്വരയുടെ പ്രഖ്യാപനം തന്നെയാണ്, പഞ്ചമിയുടെ കൈപിടിച്ച് നില്‍ക്കുന്ന ആ ചിത്രത്തിനും ഉള്ളത്. പൊതുവിദ്യാഭ്യാസം പൊതുസഞ്ചാരത്തേക്കാള്‍ എത്ര പ്രയാസകരമായിരുന്നു അന്ന് എന്ന്, അന്നത്തെ ഏറ്റവും വലിയ പുരോഗമനവാദിയായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വാക്കുകള്‍ മാത്രം നോക്കിയാല്‍ മതി. പുലയക്കുട്ടികളെ മറ്റുള്ളവരുടെ കുട്ടികളുടെ ഒപ്പം പഠിപ്പിക്കുന്നത് കുതിരയേയും പോത്തിനേയും ഒരു നുകത്തില്‍ കെട്ടുന്നതാണെന്ന് എഴുതിയത്, കാറല്‍ മാര്‍ക്‌സിന്റെ ജീവചരിത്രം ആദ്യമായി മലയാളത്തില്‍ ആക്കിയ സാക്ഷാല്‍ രാമകൃഷ്ണപിള്ള ആവുമ്പോള്‍, മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ? അതുകൊണ്ടാണ് ഊരൂട്ടമ്പലം സ്‌കൂളിലേക്ക് പഞ്ചമിയുടെ കൈയും പിടിച്ചുള്ള അയ്യന്‍കാളിയുടെ ആ കടന്ന് വരവ് ഒരേസമയം ക്ലാസും മാസും ആവുന്നത്.


സത്യത്തില്‍ ഒരു സൂപ്പര്‍ സിനിമയുടെ എല്ലാ ചേരുവകളേക്കാളും, സിനിമാറ്റിക് ആണ് അയ്യന്‍കാളിയുടെ ആക്ഷനുകള്‍ എല്ലാം തന്നെ. അയ്യന്‍കാളിയെക്കുറിച്ച് അടുത്തകാലത്ത് തമിഴ് സിനിമാ സംവിധായകന്‍ പാ രഞ്ജിത്ത് ഉള്‍പ്പടെ പലരും സിനിമ അനൗണ്‍സ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ഇതുവരെ അത് സംഭവിക്കാതിരുന്നതിന്റെ കാരണം, മലയാള സിനിമ ഉണ്ടായത് മുതല്‍ ഇപ്പോള്‍ വരെയുള്ള അതിന്റെ ഫ്യൂഡല്‍ മൂലധനവും സംഘാടനവും തന്നെയാണ്. ഇപ്പോള്‍ അയ്യന്‍കാളി ഉണ്ടെങ്കില്‍ ആ വില്ല് വണ്ടി (ഫെരാരി കാര്‍) അമ്മയുടെ ഓഫീസിന് മുന്നിലും എത്തിയേനെ. അതെന്തായാലും, സിനിമ സംഭവിച്ചാലും ഇല്ലെങ്കിലും, അയ്യന്‍കാളി ആക്ഷന്‍ ഹീറോ തന്നെയാണ്. കാലം 'കയ്യടിക്കടാ' എന്ന് പറഞ്ഞ്‌കൊണ്ടിരിക്കുകയും ചെയ്യും.


Similar Posts