ഉറങ്ങിപ്പോയ ഉണര്‍ത്തുപാട്ടിന്റെ മറു 'പിറവി'
|തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുമായിരുന്ന ചിത്രമായിരുന്നു ഉണര്‍ത്തുപാട്ട്. ബക്കറിന്റെ ആദ്യ ചിത്രമായ കബനീ നദി ചുവന്നപ്പോഴും, ഉണര്‍ത്തുപാട്ട് പോലെ അടിയന്തരാവസ്ഥയിലെ ഭീകരാവസ്ഥകളെയും ക്രൂരമായ വേട്ടയാടലുകളെയും പ്രതിപാദിക്കുന്ന ചിത്രങ്ങളായിരുന്നു. | ആദം അയൂബിന്റെ സിനിമാ ജീവിതം - വൈഡ് ആംഗിള്‍: ഭാഗം: 41
ബക്കറിന്റെ സിനിമകളില്‍ റിലീസ് ആവാതെ പോയ ഒരു സിനിമയാണ് 'ഉണര്‍ത്തുപാട്ട്'. പക്ഷെ, ഈ സിനിമയിലൂടെ മലയാള സിനിമയ്ക്ക് ഒരു പുതിയ സംവിധായകനെ ലഭിച്ചു - ലെനിന്‍ രാജേന്ദ്രന്‍.
അന്ന്, സിനിമാഭ്രാന്തനായ ലെനിന്‍ രാജേന്ദ്രന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ ജോലി ചെയ്യുന്ന കാലം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ ഏഴു സുഹൃത്തുക്കളും സിനിമാഭ്രാന്തന്മാരാണ്. നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍. കലാമൂല്യമുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവര്‍, ശ്രദ്ധേയമായ പത്തു സിനിമകളുടെ തിരക്കഥകള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുന്നു. അവര്‍ തെരഞ്ഞെടുത്ത പത്തു സിനിമകളില്‍ ഒന്ന് പി.എ ബക്കറിന്റെ 'കബനീ നദി ചുവന്നപ്പോള്‍' അയിരുന്നു. ഈ ആവശ്യവുമായാണ് അവര്‍ ബക്കറിനെ സമീപിക്കുന്നത്. ''ഒരു കാന്തം പോലെ എല്ലാവരെയും തന്നോടൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ കഴിവുള്ള'' (ലെനിന്‍ രാജേന്ദ്രന്റെ വാക്കുകള്‍) ബക്കറിന്റെ വ്യക്തിത്വത്തില്‍ ആകൃഷ്ടരായ ലെനിനും സുഹൃത്തുക്കളും വളരെ പെട്ടെന്ന് തന്നെ ബക്കറിന്റെ അടുത്ത സുഹൃത്തുക്കളായി. തിരിക്കഥകള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു ഇറങ്ങിപ്പുറപ്പെട്ട ആ സുഹൃദ്‌സംഘം അവസാനം ബക്കറിനെക്കൊണ്ട് ഒരു സിനിമ സംവിധാനം ചെയ്യിക്കാം എന്ന തീരുമാനത്തിലെത്തി.
ലെനിന്‍ രാജേന്ദ്രന്‍ എഴുതിയ ഒരു തിരക്കഥ സിനിമയാക്കാനായിരുന്നു ലെനിന് താല്‍പര്യം. ബക്കര്‍ ആ തിരക്കഥ വായിച്ചു. പ്രത്യേകിച്ച് അഭിപ്രായം ഒന്നും പറയാതെ അത് മാറ്റിവെച്ചു. എന്നിട്ടു 'സംഘഗാനം' എന്ന തന്റെ സിനിമയുടെ കഥാകൃത്തായ എം. സുകുമാരനെ ഒന്ന് കാണാന്‍ പോകാം എന്ന് പറഞ്ഞു. തിരുവന്തപുരത്ത് പടിഞ്ഞാറേ കോട്ടക്കടുത്തു താമസിക്കുന്ന അദ്ദേഹത്തിന്റെ വീട്ടിലേക്കു ബക്കറും ലെനിനും കൂടി പോയി. പലതും സംസാരിക്കുന്ന കൂട്ടത്തില്‍ സിനിമയാക്കാന്‍ പറ്റിയ സുകുമാരന്റെ കഥ വല്ലതും സജസ്റ്റ് ചെയ്യാമോ എന്ന് ബക്കര്‍ ചോദിച്ചു. സുകുമാരന്‍ തന്റെ 'ആദിമധ്യാന്തം'എന്ന കഥ ചുരുക്കിപ്പറഞ്ഞു. ബക്കര്‍ പിന്നെയൊന്നും ആലോചിച്ചില്ല. അദ്ദേഹം ലെനിനോട് പറഞ്ഞു '' നമുക്കിത് സിനിമയാക്കാം.'' അങ്ങനെ ആദിമധ്യാന്തം എന്ന എം. സുകുമാരന്റെ കഥ ആണ് ഉണര്‍ത്തു പാട്ടാവുന്നത്. സാത്വികനായ ഒരു വൃദ്ധ ബ്രാഹ്മണന്‍, രോഗിയായ ഭാര്യ, വിധവയായ മകള്‍. ഈ ദുരിതക്കയത്തിലും പ്രത്യാശയുടെ പൊന്‍കിരണമായ, പഠിക്കാന്‍ മിടുക്കനായ തന്റെ ഏക മകന്‍ ഒരു നാള്‍ തീവണ്ടിപ്പാളത്തില്‍ മരിച്ചു കിടക്കുന്നു! തന്റെ മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് വിശ്വസിക്കുന്ന ആ വൃദ്ധന്‍ തന്റെ മകന്റെ മരണകാരണങ്ങള്‍ തേടി അലയുന്നു.
ഉണര്‍ത്തുപാട്ട് സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോഴേക്കും നിര്‍മാതാക്കളുടെ കൈയിലുണ്ടായിരുന്ന പണം ഏകദേശം തീര്‍ന്നു. വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും അവര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂത്തിയാക്കി. ഉണര്‍ത്തുപാട്ടിന്റെ സെന്‍സറിങ് കഴിഞ്ഞു, സംസ്ഥാന അവാര്‍ഡിനു അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, അവാര്‍ഡിനു എല്ലാ അര്‍ഹതകളും ഉണ്ടായിരുന്ന ഈ ചിത്രം ജൂറി അവഗണിക്കുകയാണ് ചെയ്തത്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ ആശയം 'പിറവി' എന്ന പേരില്‍ ഷാജി എന്‍. കരുണ്‍ സിനിമയാക്കിയപ്പോള്‍ അത് അവാര്‍ഡുകള്‍ വാരിക്കൂട്ടി.
അടിയന്തരാവസ്ഥക്കാലത്തു അപ്രത്യക്ഷനായ രാജന്‍ എന്ന എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയുടെയും, അവനെ തേടി അലഞ ഈച്ചര വാരിയര്‍ എന്ന വൃദ്ധ പിതാവിന്റെയും ജീവിതങ്ങളുമായി ഈ കഥയ്ക്ക് എന്തെങ്കിലും സാമ്യം ഉണ്ടെങ്കില്‍ അത് യാദൃശ്ചികമല്ല. സുകുമാരന്‍ ഒരിക്കലും തന്റെ കഥകള്‍ക്ക് താന്‍ തന്നെ തിരക്കഥ എഴുതുമെന്ന് വാശി പിടിച്ചിരുന്നില്ല. അദ്ദേഹം ആ ദൗത്യം പൂര്‍ണ്ണമായും സംവിധായകര്‍ക്ക് വിട്ടുനല്‍കുകയാണ് ചെയ്തത്. അതുകൊണ്ടു തന്നെ സംവിധായകര്‍ക്ക് സുകുമാരന്റെ കഥകളുടെ ആത്മാവ് സര്‍ഗാത്മകമായി പുനഃസൃഷ്ടിക്കാന്‍ കഴിഞ്ഞു. സുകുമാരന്റെ മൂര്‍ച്ചയേറിയ ആശയങ്ങള്‍ക്ക് തെല്ലും കോട്ടം തട്ടാതെ തന്നെ അവര്‍ അദ്ദേഹത്തിന്റെ കഥകള്‍ക്ക് ശക്തമായ ദൃശ്യവ്യാഖാനങ്ങള്‍ നല്‍കി. സംഘഗാനത്തിന്റെയും ഉണര്‍ത്തുപാട്ടിന്റെയും കാര്യത്തില്‍ ഇത് എനിക്ക് നേരിട്ട് ബോധ്യമുളള കാര്യങ്ങളാണ്. സംഘഗാനത്തിന്റെ ചിത്രീകരണവേളയില്‍ സുകുമാരന്‍ കോഴിക്കോട് വരികപോലും ഉണ്ടായില്ല. എന്നാല്‍, ഉണര്‍ത്തുപാട്ടിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്തു ആയതുകൊണ്ടും, ബക്കറിന്റെ നിര്‍ബന്ധം മൂലവും ഷൂട്ടിംഗ് നടക്കുമ്പോള്‍ സുകുമാരന്‍ മിക്കവാറും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. മാത്രമല്ല, സുകുമാരന്റെ സാന്നിധ്യവും സഹായവും കൊണ്ട് അഗ്രഹാരം ഉള്‍പ്പടെ പല ലൊക്കേഷനുകളും എളുപ്പത്തില്‍ ഷൂട്ടിങ്ങിനായി ലഭിച്ചു.
നിര്‍മാതാക്കളായ എട്ടു സുഹൃത്തുക്കള്‍ തന്നെയാണ് സിനിമയുടെ മേല്‍നോട്ട ജോലികള്‍ മുഴുവനും ചെയ്തത്. സിനിമയുടെ നിര്‍മാണ നൂലാമാലകള്‍ക്കപ്പുറം സിനിമയുടെ സര്‍ഗാത്മകവും കലാപരവുമായ മേഖലകളില്‍ താല്‍പര്യം ഉണ്ടായിരുന്ന ലെനിന്‍ രാജേന്ദ്രന്‍, തിരക്കഥാ രചനയില്‍ ബക്കറിനൊപ്പം കൂടി. അദ്ദേഹത്തിന്റെ മറ്റു സുഹൃത്തുക്കളായ, ഡിക്രൂസ്, സോമന്‍, മുരളി, തോമസ്, സുകുമാരന്‍ നായര്‍, ജയചന്ദ്രന്‍ എന്നിവര്‍ പ്രൊഡക്ഷന്‍ മാനേജര്‍മാരുടെ ജോലികള്‍ പങ്കിട്ടെടുത്തു. ഒരാള്‍ ഭക്ഷണ കാര്യങ്ങള്‍ നോക്കുമ്പോള്‍, മറ്റൊരാള്‍ക്ക് താമസ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുന്ന ഉത്തരവാദിത്വമാണ്. വേറൊരാള്‍ക്ക് യാത്രക്കുള്ള വാഹനങ്ങളുടെ നിയന്ത്രണമായിരുന്നു. മറ്റൊരാള്‍ക്ക് ലൊക്കേഷന്‍ കണ്ടുപിടിക്കുന്ന ജോലി. ഒരാള്‍ യൂണിറ്റിന്റെ കാര്യങ്ങള്‍ നോക്കിയപ്പോള്‍, മറ്റൊരാള്‍, അഭിനേതാക്കളുടെ കാര്യങ്ങള്‍ നോക്കി. സംവിധാന തല്‍പരനായിരുന്ന ലെനിന്‍ എന്നോടൊപ്പം അസിസ്റ്റന്റായി കൂടി. 'കബനീ നദി ചുവന്നപ്പോള്‍' കഴിഞ്ഞാല്‍ അങ്ങേയറ്റം ചെലവ് ചുരുക്കിയെടുത്ത ഒരു സിനിമയായിരുന്നു ഉണര്‍ത്തുപാട്ട്.
തിരുവനന്തപുരം വലിയശാലയിലെ അഗ്രഹാരം ആയിരുന്നു പ്രധാന ലൊക്കേഷന്‍. വൃദ്ധ ബ്രഹ്മണനായി വേഷമിട്ടത് ശേഷന്‍ എന്ന ബ്രാഹ്മണന്‍ തന്നെയായിരുന്നു. ചന്ദ്രമോഹന്‍, കണ്ണകി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്തത്. കനകലത എന്ന നടി ആദ്യമായി അഭിനയിക്കുന്ന സിനിമയായിരുന്നു ഇത്. ലെനിന്റെ സുഹൃത്തായ യു. ജയചന്ദ്രന്‍ എന്ന പത്രപ്രവര്‍ത്തകനും ചെറുതെങ്കിലും പ്രധാനപ്പെട്ട ഒരു വേഷം ചെയ്തു.
ഷൂട്ടിംഗ് കഴിഞ്ഞപ്പോഴേക്കും നിര്‍മാതാക്കളുടെ കൈയിലുണ്ടായിരുന്ന പണം ഏകദേശം തീര്‍ന്നു. വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും അവര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂത്തിയാക്കി. ഉണര്‍ത്തുപാട്ടിന്റെ സെന്‍സറിങ് കഴിഞ്ഞു, സംസ്ഥാന അവാര്‍ഡിനു അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, അവാര്‍ഡിനു എല്ലാ അര്‍ഹതകളും ഉണ്ടായിരുന്ന ഈ ചിത്രം ജൂറി അവഗണിക്കുകയാണ് ചെയ്തത്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ ആശയം 'പിറവി' എന്ന പേരില്‍ ഷാജി എന്‍. കരുണ്‍ സിനിമയാക്കിയപ്പോള്‍ അത് അവാര്‍ഡുകള്‍ വാരിക്കൂട്ടി. പിറവിക്കു തിരക്കഥ എഴുതിയ എസ്. ജയചന്ദ്രന്‍ നായര്‍, എം. സുകുമാരന്റെ കഥ മോഷ്ടിച്ച് എന്ന് പറയാനാവില്ല, കാരണം രണ്ടു പേരും ഒരു യഥാര്‍ഥ സംഭവത്തെ ആധാരമാക്കിയാണ് കഥകള്‍ എഴുതിയത്. ഉണര്‍ത്തുപാട്ടില്‍ ശേഷന്‍ അവതരിപ്പിച്ച വൃദ്ധ ബ്രാഹ്മണന്റെ വേഷം, പിറവിയില്‍ ചെയ്തത് പ്രേംജി ആയിരുന്നു. ഷാജി എന്‍. കരുണിന്റെ കന്നി സംവിധാന സംരംഭമായിരുന്നു പിറവി.
തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുമായിരുന്ന ഒരു ചിത്രമായിരുന്നു ഉണര്‍ത്തുപാട്ട്. ബക്കറിന്റെ ആദ്യ ചിത്രമായ കബനീ നദി ചുവന്നപ്പോഴും, ഉണര്‍ത്തുപാട്ട് പോലെ അടിയന്തരാവസ്ഥയിലെ ഭീകരാവസ്ഥകളെയും ക്രൂരമായ വേട്ടയാടലുകളെയും പ്രതിപാദിക്കുന്ന ചിത്രങ്ങളായിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുടെ അസ്തമയ കാലമായിരുന്ന എണ്‍പതുകളുടെ ആരംഭത്തില്‍ ഇറങ്ങിയ ഈ ചിത്രത്തിന്റെ ഒരു പ്രിന്റ് പോലും ഇന്ന് ലഭ്യമല്ല. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലാബുകള്‍ ഒക്കെ അടച്ചുപൂട്ടിയതോടെ, പല ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുടെയും പ്രിന്റുകളും നെഗറ്റീവുകളും ഒക്കെ നഷ്ടമായി.
അഗ്രഹാരത്തിലെ ഇടുങ്ങിയ തെരുവുകളിലൂടെ പ്രഭാതത്തില്‍ ഉണര്‍ത്തുപാട്ടും (ഭജന) പാടിക്കൊണ്ട് നടന്നു നീങ്ങുന്ന ഒരു കൂട്ടം ബ്രാഹ്മണരുടെ ദൃശ്യത്തില്‍ നിന്നാണ് ഉണര്‍ത്തുപാട് എന്ന സിനിമ ആരംഭിക്കുന്നത്. തീപ്പിടിച്ച മനസ്സുമായി ജീവിച്ച എം. സുകുമാരന്റെ ജീവിത ദൗത്യം തന്നെ ഉറങ്ങുന്നവരെ ഉണര്‍ത്തുക എന്നതായിരുന്നു. പുറമെ ശാന്തനും സൗമ്യനും മിണ്ടാപ്രാണിയുമൊക്കെ ആയിരുന്ന എം. സുകുമാരന്റെ ഉള്ളില്‍ പുകയുന്ന ഒരു അഗ്‌നിപര്‍വതം ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ കഥകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. നിര്‍ഭാഗ്യവശാല്‍ 'ഉണര്‍ത്തുപാട്ട്' എന്ന സിനിമ മറ്റുള്ളവരെ ഉണര്‍ത്തുന്നതിനു മുന്‍പ് സ്വയം ഉറങ്ങിപ്പോയ ഒരു സിനിമയായിരുന്നു.