Analysis
അദാനിയുടെ തകര്‍ച്ച
Analysis

ആദ്യം റെയ്ഡ്‌, പിന്നീട് ഏറ്റെടുക്കല്‍; കമ്പനികള്‍ സ്വന്തമാക്കുന്ന അദാനി വിദ്യ

ഷെല്‍ഫ് ഡെസ്‌ക്
|
6 April 2023 4:19 PM GMT

എവിടെ, ഏതൊക്കെ സ്ഥാപനങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ്‌ ഉണ്ടാകുന്നുണ്ടോ, ആ സ്ഥാപനങ്ങളെല്ലാം വളരെ പെട്ടന്ന് തന്നെ അദാനിയുടേതായി മാറുന്നത് എങ്ങിനെയെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ ഒന്നാമത്തേത്.

അദാനിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ പണ്ട് ഉന്നയിച്ച വിമര്‍ശനം പുതിയ രൂപത്തില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു പ്രചാരണ ആയുധമാക്കിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരും അദാനിയും തമ്മില്‍ എങ്ങനെയൊക്കെയാണ് ബന്ധപ്പെടുന്നത് എന്നതാണ് കോണ്‍ഗ്രസ് വലിയ ചോദ്യമായി ഉയര്‍ത്തുന്നത്. പ്രധാനമന്ത്രിയും അദാനിയും തമ്മില്‍ എന്ത് ബന്ധമാണൈന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചു. അത് മറ്റൊരു ഭാഷയില്‍ സമൂഹ മാധ്യമങ്ങളും മറ്റും ഏറ്റെടുത്തു കഴിഞ്ഞു. എവിടെ ഏതൊക്കെ സ്ഥാപനങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ്‌ ഉണ്ടാകുന്നുണ്ടോ, ആ റൈഡ് ഉണ്ടാകുന്ന സ്ഥാപനങ്ങള്‍ എല്ലാം വളരെ പെട്ടന്ന് തന്നെ അദാനിയുടേതായി മാറുന്നത് എങ്ങിനെയെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ ഒന്നാമത്തേത്. ഇത്തരം സ്ഥാപനങ്ങളുടെ ഒരു പട്ടികതന്നെ കോണ്‍ഗ്രസ് പുറത്തിറക്കിയിട്ടുണ്ട്.


സിമന്റ് കമ്പനികള്‍ അദാനിയിലേക്ക്

രാജ്യത്തെ ഏറ്റവും വില്‍പനയുള്ള ഒന്നും മൂന്നും സ്ഥാനത്തുള്ള പ്രധാനപ്പെട്ട സിമെന്റ് കമ്പനി ആയ എ.സി.സി, അംബുജ സിമെന്റുകള്‍ ഒരു സ്വിറ്റ്‌സര്‍ലാന്‍ഡ് കമ്പനിയുടെ ഇന്ത്യന്‍ സബ്‌സിഡയറി ആയിട്ടാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഉടമകള്‍ ഹാള്‍സിം എന്ന ഒരു സ്വിസ്സ് കമ്പനിയാണ്. 2020ല്‍ എ.സി.സി, അംബുജ സിമെന്റ് എന്നീ ഈ രണ്ടു കമ്പനികളുടെ പാരന്റ് ഓര്‍ഗനൈസേഷന്‍ ആയ ഹാള്‍സിമിന്റെ ഓഫീസുകളില്‍ കോംപറ്റീഷന്‍ കമീഷന്‍ റൈഡ് നടത്തുന്നു. സിമെന്റ് കമ്പനികള്‍ സംഘടിതമായി ചേര്‍ന്ന് കൃത്രിമമായി സിമെന്റ് വില വര്‍ധിപ്പിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമീഷന്‍ റെയ്ഡ്‌ നടത്തിയത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിമെന്റിന് വില കൂടിയ സാഹചര്യത്തില്‍ സിമെന്റ് കാര്‍ട്ടല്‍ എന്ന സംവിധാനം നിലനില്‍ക്കുന്നു എന്ന ആരോപണവും ഉയര്‍ന്നിരുന്നു.


നിരവധി സിമെന്റ് കമ്പനികളില്‍ റൈഡ് നടന്നെങ്കിലും പ്രധാനമായും റൈഡ് കേന്ദ്രീകരിച്ചത് എ.സി.സി, അംബുജ സിമെന്റു കമ്പനികളില്‍ ആണ്. എന്നാല്‍, 2022 ല്‍ എ.സി.സി, അംബുജ സിമെന്റ് കമ്പനികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു. അതിന് വേണ്ടി അവര്‍ ചെലവഴിച്ചത് 6.4 ബില്യണ്‍ ഡോളര്‍ ആണ്. ഇത് സിമെന്റ് മേഖലയില്‍ അദാനി നടത്തിയ ഇടപെടലായിരുന്നു.

മാധ്യമ മേഖലയില്‍ അദാനി ഇടപെടല്‍

മാധ്യമ മേഖലയില്‍ അദാനി നടത്തിയ ഇടപെടല്‍ എന്‍.ഡി.ടി.വിയിലൂടെയായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ 2014ല്‍ എന്‍.ഡി.ടി.വിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും (ഇ.ഡി), ഐ.ടി വിഭാഗത്തിന്റെയും അന്വേഷണം നടന്നിരുന്നു. കേന്ദ്ര ഏജന്‍സികളുടെ ഈ റെയ്ഡിനു കാരണം, എന്‍.ഡി.ടി.വിയുടെ പാരന്റ് കമ്പനിയായ രാധിക റോയ്-പ്രണയ് റോയ് ഗ്രൂപ്പ് വായ്പ എടുക്കുകയും അത് മറ്റൊരു ഷെല്‍ കമ്പനിയിലേക്ക് മാറ്റുകയും ചെയ്തു എന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ഐ.ടി വിഭാഗത്തിന്റെയും റെയ്ഡുകള്‍ക്ക്‌ പുറമെ 2017 ല്‍ എന്‍.ഡി.ടി.വി ഓഫീസില്‍ സി.ബി.ഐ റെയ്ഡും നടന്നു. അതിനെതിരെ രാജ്യ വ്യാപകമായി വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ നടക്കുകയും ചെയ്തു. എഡിറ്റേഴ്‌സ് ഗില്‍ഡ് പോലുള്ള സംഘടനകള്‍ അതിനെ ശക്തമായി അപലപിച്ചിരുന്നു.



2017 ല്‍ നടന്ന സി.ബി.ഐ റെയ്ഡിനു ശേഷം 2022 ല്‍ വളരെ തന്ത്രപരമായി അദാനി ഗ്രൂപ്പ് എന്‍.ഡി.ടി.വി ഏറ്റെടുക്കുന്നതാണ് പിന്നീട് കാണുന്നത്. ആദ്യം എന്‍.ഡി.ടി.വിക്ക് വായ്പ നല്‍കിയ കമ്പനിയെ അദാനി ഏറ്റെടുക്കുന്നു. പിന്നീട്, എന്‍.ഡി.ടി.വിക്ക് വായ്പ നല്‍കുമ്പോള്‍ ഉണ്ടാക്കിയ കരാറിലെ 'വായ്പ'യെ, ഷെയര്‍ ആക്കി മാറ്റാന്‍ വായ്പ നല്‍കപ്പെടുന്നവര്‍ക്ക് സാധിക്കും എന്ന ഒരു ക്ലോസ് പ്രകാരം അദാനി ഗ്രൂപ്പ് എന്‍.ഡി.ടി.വി ഏറ്റെടുക്കുന്നു. അതോടെ രാധിക റോയ്-പ്രണയ് റോയ് ഗ്രൂപ്പ് എന്‍.ഡി.ടി.വിയില്‍ നിന്ന് പുറത്താവുകയും ചെയ്തു. എന്‍.ഡി.ടി.വി ഒരു അദാനി ബ്രോഡ്കാസ്റ്റിംഗ് ചാനല്‍ ആയി മാറുകയും ചെയ്തു.

ജി.വി.കെ ഗ്രൂപ്പ്

ആന്ധ്രാപ്രദേശ് ആസ്ഥാനമായ പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയാണ് ജി.വി.കെ ഗ്രൂപ്പ്. വിമാനത്താവളങ്ങളുടെ വികസനമാണ് കമ്പനിയുടെ പ്രധാനപ്പെട്ട ഒരു മേഖല. ജി.വി.കെ ഗ്രൂപ്പ് നടത്തിവരുന്ന ഒരു പ്രധന വിമാനത്താവളമാണ് മുംബൈ അന്തരാഷ്ട്ര വിമാനത്താവളം. 51 ശതമാനം ജി.വി.കെ ഗ്രൂപ്പിനും 49 ശതമാനം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കുമാണ് കമ്പനിയിലെ ഓഹരി.


വിമാനത്താവളത്തിന്റെ എയര്‍പോര്‍ട്ട് ഓപറേഷന്റെ വരുമാനത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് പങ്കുണ്ടെന്നിരിക്കെ ജി.വി.കെ ഗ്രൂപ്പിന്റെ വരുമാനം മറ്റു കമ്പനിയിലേക്ക് കൊണ്ടുപോയി എന്ന പരാതി ഉയര്‍ന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ജി.വി.കെ ഗൂപ്പിന്റെ ഹൈദരാബാദിലെ ഓഫീസുകളില്‍ ഇ.ഡിയുടെ റെയ്ഡ് നടന്നു. 2020 ജൂലൈയില്‍ കോവിഡ് കാലത്താണ് ജി.വി.കെ ഗ്രൂപ്പില്‍ റൈഡ് നടക്കുന്നത്. പിന്നീട് നേരത്തെ എന്‍.ഡി.ടി.വിയില്‍ സംഭവിച്ചതുപോലെ ജി.വി.കെ ഗ്രൂപ്പിന് നല്‍കിയ വായ്പ അവര്‍ ഷെയര്‍ ആക്കി മാറ്റുകയും മുംബൈ അന്തരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന്റെ കൈവശം എത്തുകയും ചെയ്തു. 2021ല്‍ ജി.വി.കെ ഗ്രൂപ്പ് അദാനി ഏറ്റെടുക്കുകയും ചെയ്തു.

ദി ക്വിന്റ്

രാഘവ് ബഹ്ല്‍ തുടങ്ങിയ സ്ഥാപനമാണ് ക്വിന്റ്. വളരെ പ്രശാസ്തമായ മീഡിയ എന്റര്‍പ്രെണര്‍ ആയിരുന്നു രാഘവ് ബഹ്ല്‍. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിവിഷന്‍ ശൃംഖലയായ ന്യൂസ് 18 അദ്ദേഹത്തിന്റേതായിരുന്നു. പിന്നീട് റിയലന്‍സ് ഗ്രൂപ്പ് അത് അദ്ദേഹത്തില്‍ നിന്ന് ഏറ്റെടുക്കുകയും ചെയ്തു. അദ്ദേഹം പിന്നീട് ഒരു ടെലിവിഷന്‍ ചാനലിന് ലൈസന്‍സിന് അപേക്ഷിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അതിന് അനുമതി നല്‍കിയില്ല. അതിനു ശേഷം രാഘവ് ബഹ്ല്‍ തുടങ്ങിയതാണ് ക്വിന്റ് എന്ന വെബ്‌സൈറ്റ്. ക്വിന്റ് എസ്സെന്‍ഷ്യല്‍, ബ്ലുംബെര്‍ഗ് ക്വിന്റ് എന്ന സബ്‌സിഡിയറീസ്, അതോടൊപ്പം ക്വിന്റ് ടൈപ്പ് എന്ന വെബ് ഡെവലപ്പ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു.




ഈ സ്ഥാപനങ്ങളില്‍ എല്ലാം 2018 ഒക്ടോബര്‍ 12 ന് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ക്വിന്റ് എഡിറ്റര്‍ രാഘവ് ബഹ്‌ലിന്റെയും സി.ഇ.ഒ ആയ റിതു കപൂറിന്റെയും വസതികളിലും മറ്റുള്ള ഓഫീസുകളിലും ആദായ നികുതി വകുപ്പ് റൈഡ് നടന്നു. ഇവരുടെ തന്നെ മറ്റൊരു സ്ഥാപനമായ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂസ് മിനിറ്റിലും റെയ്ഡ് നടന്നിരുന്നു. അതിനെല്ലാമെതിരെ പ്രതിപക്ഷവും മാധ്യമ രംഗത്തുള്ള നിരവധി പേരും പ്രതിഷേധം നടത്തിയിരുന്നു. തുടര്‍ന്ന് അദാനി ഗ്രൂപ് ക്വിന്റ് ഗ്രൂപ്പിന്റെ 49 ശതമാനം ഏറ്റെടുത്തു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. കഴിഞ്ഞ ഫെബ്രുവരി 27 നാണ് ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കി ക്വിന്റ് പൂര്‍ണമായും അദാനിയുടെ കൈകളില്‍ എത്തിയത്.

കൃഷ്ണപട്ടണം പോര്‍ട്ട്

2018 ഒക്ടോബര്‍ 10ന് കൃഷ്ണപട്ടണം പോര്‍ട്ട് കമ്പനിയുടെ ഉടമകളായ നവയുഗയുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടക്കുന്നു. നവയുഗ ആന്ധ്രാപ്രദേശിലെ പ്രധാനപ്പെട്ട ഒരു ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനിയാണ്. അവരുടെ ഓഫീസിലും കൃഷ്ണപട്ടണം പോര്‍ട്ട് ഓഫീസിലും റൈഡ് നടന്നു. വ്യാപകമായ റെയ്ഡുകള്‍ക്ക് ശേഷം രണ്ടു വര്‍ഷത്തിനുള്ളില്‍ 2020 ല്‍ ഏപ്രില്‍ 6ന് കൃഷ്ണപട്ടണം പോര്‍ട്ട് അദാനി ഏറ്റെടുക്കുന്നു.


അദാനി ഏറ്റെടുക്കാന്‍ പോകുന്ന എല്ലാ സ്ഥാപനങ്ങളിലും ഒന്നും രണ്ടും വര്‍ഷങ്ങള്‍ക്കിടയില്‍റെയ്ഡുകള്‍ നടക്കുന്നു. റെയ്ഡുകള്‍ക്കു ശേഷം ഈ കമ്പനികള്‍ അദാനി ഏറ്റെടുക്കുകയും ചെയ്യുന്നു. ഇത് തികച്ചും ആകസ്മികമല്ല എന്നും അദാനിക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനമാണിത് എന്നുമുള്ള വ്യാഖ്യാനവും ആരോപണവുമാണ് ഉയര്‍ന്ന് വരുന്നത്.

തയ്യാറാക്കിയത്: അമീന പി.കെ

അവലംബം: മീഡിയവണ്‍ ഡീകോഡ്



Similar Posts